Tuesday, December 30, 2014

22150 പൂനെ - എർണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്ര്സ്സ് 

24th August 2014

രണ്ടര വർഷത്തെ പൂനെ ജീവിതം അവസാനിപ്പിച്ച് തിരികെ പോരുകയായിരുന്നു. ബാങ്ക്ലൂരിൽ ജോയിൻ ചെയ്യാൻ കുറച്ച് ദിവസം കൂടി ഉള്ളതിനാൽ അത്രയും ദിവസം വീട്ടിൽ നിൽക്കാൻ പ്ലാൻ ചെയ്തു. വീടിനടുത്തേക്കൊരു സ്ഥലം മാറ്റം എന്നത് സന്തോഷമുള്ളതായിരുന്നെങ്കിലും പൂനെ വിട്ട് പോരിക എന്നത് സങ്കടകരം തന്നെ ആയിരുന്നു. കൂട്ടുകാരായി ഒരുപാടാളുകൾ ഉണ്ട് അവിടെ. ശനിയും ഞായറും ആയി ഉള്ള ഷട്ടിൽ കളിയും സിനിമാ കാണാൻ പോക്കും ഭക്ഷണം ഉണ്ടാക്കി കഴിക്കലും  ബഹളവും വലിയ രസമുള്ള കാര്യങ്ങൾ തന്നെയാണ് .

പെട്ടെന്നുള്ള യാത്രാ തീരുമാനം ആയിരുന്നെങ്കിലും വെള്ളിയാഴ്ച നോക്കിയപ്പോൾ ഞായറാഴ്ചത്തെ  പൂനെ എർണാകുളം സൂപ്പർ ഫാസ്റ്റ്  (22150) ട്രയിനിൽ ടികറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പെട്ടെന്ന് തന്നെ എല്ലാരോടും പൂനെ യാത്രയെ പറ്റി അനൗൺസ് ചെയ്തു.  ശനിയാഴ്ച വൈകിട്ട് ഒരു പാർട്ടിയും കഴിഞ്ഞ് ക്ഷീണിച്ചവശനായി ഞായറാഴ്ച പെട്ടിയും പെറുക്കി പോവാൻ ഇറങ്ങിയ എന്നോടൊപ്പം യാത്രയയക്കാൻ ഷുക്കൂറും വന്നു.  ബാക്കി ഉള്ളവർ എന്നെ യാത്രയയക്കാൻ തലേന്നത്തെ പാർട്ടിയുടെ ഫലമായി  ഇനിയും ഉയരാത്ത അവരുടെ സ്വന്തം തലകൾ എങ്ങനെയൊ പൊക്കി കഴുത്തിൽ ഉറപ്പിച്ച് അകുർഡി സ്റ്റേഷനിൽ എത്തിയിരുന്നു. എല്ലവരോടും യാത്ര പറഞ്ഞ് ലോക്കലിൽ കയറി പൂനെയിൽ എത്തുമ്പോൾ മണി അഞ്ചായിട്ടില്ല. ആറേ മുക്കാൽ (6.45) കഴിയണം എനിക്ക് പോവണ്ട ട്രയിൻ അനങ്ങണമെങ്കിൽ . മഴക്കാലമായതിനാൽ മൂന്ന് മണിക്കൂർ അധിക സമയം ഉണ്ട് കൊങ്കൺ വഴിയുള്ള വണ്ടികൾക്ക്. ഇപ്പോഴത്തെ സമയക്രമമനുസരിച്ച് പിറ്റെ ദിവസം , അതായത് ആഗസ്റ്റ്‌ 25  രാത്രി പത്തരയോടെ എർണാകുളം സൗത്ത് സ്റ്റേഷനിൽ വണ്ടി എത്തിച്ചേരണം.

പ്ലാറ്റ്ഫോം നോക്കി വെക്കാം എന്ന് കരുതി ഇൻഫർമേഷൻ ബോർഡിൽ നോക്കിയ എന്റെ കണ്ണിൽ ഇരുട്ട് കയറി. പൂനെ - എർണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് എന്നെഴുതിയതിന്റെ വലത് ഭാഗത്ത് 21.40 എന്നെഴുതിയിരിക്കുന്നു. കണക്ക് കൂട്ടി നോക്കി. 12 കഴിഞ്ഞ് എത്രയും കൂടി കൂട്ടിയാൽ ഈ സംഖ്യ എത്തുമെന്ന് കുലങ്കുഷമായി ചിന്തിച്ചു.  ഞാൻ കണ്ണ് തിരുമി ഒന്ന് കൂടി നോക്കി. എന്നിട്ട് ഒന്നൂടെ കണക്ക് കൂട്ടി നോക്കി. എങ്ങനെയെല്ലാം നോക്കിയിട്ടും അത്  ഞാൻ പ്രതീക്ഷിച്ച സമയം അല്ല എന്നുറപ്പായി. അതായത് 9.40 PM നെ വണ്ടി വിടൂ എന്ന്. ഇനിയും നാല് മണിക്കൂർ എങ്കിലും വെയിറ്റ് ചെയ്യേണ്ടി വരുമെന്ന് മനസ്സിലാക്കിയ എന്റെ തലക്ക് മുകളിലൂടെ അഞ്ചാറ് കിളികൾ ഒരുമിച്ച് പറന്ന് പോയി. എങ്ക്വയറിയിൽ പോയി അന്വേഷിച്ചു. കൊങ്കണിൽ എവിടെയോ ഒരു ട്രയിൻ പാളം തെറ്റിയത് കാരണം ആ വഴിയെ പോവുന്ന ബാക്കിയുള്ളവയെല്ലാം ലേറ്റ് ആവുമെന്ന് അറിയിപ്പ് കിട്ടി. സമാധാനമായി !!!

ആദ്യം റയിൽ വേ സ്റ്റേഷന്റെ മുൻഭാഗത്തും പിന്നീട് വെയിറ്റിങ് ഏരിയായിലും ആയി ഞാനും ഷുക്കൂറും കഥ പറഞ്ഞിരുന്നു. ആകെ സന്തോഷം എന്നെ പോലെ തന്നെ പണി കിട്ടിയ ഒരുപാട് മലയാളികൾ എനിക്കൊപ്പം തന്നെ ഇരിക്കുന്നുണ്ട് എന്നതായിരുന്നു . എന്നെ ട്രയിനിനു കയറ്റി വിട്ട് , തൊട്ട് പുറകെ ഉള്ള ലോക്കൽ ട്രയിനിനു കയറി ഫ്ലാറ്റിലേക്ക് പോകാൻ പ്ലാനും ചെയ്ത് വന്ന ഷുക്കൂർ കിട്ടിയ വൻ പണിയുടെ ആഘാതം കാരണം തലയും ചൊറിഞ്ഞിരുന്ന് റയിൽ വേ മന്ത്രി മുതൽ പോർട്ടർമാരുടെ വരെ വക തന്തക്ക് വിളിച്ചു കൊണ്ടിരുന്നു.

പൂനെ റയിൽ വേ സ്റ്റേഷൻ പരിസരം കണ്ടാൽ  അഭയാർഥി ക്യാമ്പ് ആണോ എന്ന് തോന്നും . കെട്ടു കിടക്കയുമായി ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി നാട് വിട്ട് നഗരം തേടി വന്നവരെയും നഗരമുപേക്ഷിച്ച് പോവുന്നവരും ഇനി എന്ത് ചെയ്യണമെന്നറിയാതെ സ്റ്റേഷൻ പരിസരത്ത് തന്നെ കറങ്ങുന്നവരും കുട്ടികളെ തൊട്ടിൽ കെട്ടി ഉറക്കുന്നവരും ഇവർക്കിടയിൽ ചെറുകച്ചവടം നടത്തുന്നവരെയും ആദ്യമായി ഈ നാട്ടിലെത്തി ഭാഷയറിയാതെ ആരോടെന്ത് ചോദിക്കുമെന്ന് സംശയിച്ച് നിൽക്കുന്നവരുമെല്ലാം കൂടി ജനസമുദ്രമാണ് ഈ സ്റ്റേഷൻ പരിസരം .

കഥകളും പറഞ്ഞിരുന്ന് , എട്ടര കഴിഞ്ഞ് ഇൻഫർമേഷൻ ബോർഡിലേക്ക് നോക്കിയ ഞാനും ഷുക്കൂറും ഒന്നും കൂടി ഞെട്ടി. 21.40 എന്നത് മാറ്റി 22.40 എന്നായി. ഒരു മണിക്കൂർ കൂടി വണ്ടി ലേറ്റ് ആവുമെന്ന് മനസ്സിലായ ഷുക്കൂറിന്റെ റിലേ പോയി. മഴയേയും മഴ ദൈവങ്ങളേയും വരെ അവൻ തെറി വിളിക്കാൻ തുടങ്ങി.  പത്ത് മണി കഴിഞ്ഞാൽ ലോക്കൽ ട്രയിൻ കിട്ടാൻ ബുദ്ധിമുട്ടാണെന്നറിയാവുന്നത് കൊണ്ട് അവനെ ഒമ്പതര കഴിഞ്ഞുള്ള ലോക്കലിനു
കയറ്റി വിട്ടു. ട്രയിൻ കാൻസൽ ആയില്ല എന്നത് തന്നെ എനിക്കാശ്വാസം നൽകുന്നതായിരുന്നു. പത്തര വരെ അടുത്തിരുന്നവരോട് കഥയും പറഞ്ഞിരുന്ന്
വണ്ടി എത്തുമെന്നറിയിച്ച പ്ലാറ്റ്ഫോമിലേക്ക് നടന്നു. പുറത്ത് മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു.  10.40 നു വരേണ്ട ട്രയിൻ വന്നത് 11 മണി കഴിഞ്ഞ്. ലഗേജായി ആകെ ഉള്ള പെട്ടിയും ബാഗും പെറുക്കി അകത്ത് കയറ്റി, നനഞ്ഞ സീറ്റുകൾ എല്ലാം പ്ലാറ്റ്ഫോമിലെ കടയിൽ നിന്നും വാങ്ങിയ പേപ്പർ ഉപയോഗിച്ച് തുടച്ചുണക്കി കഴിഞ്ഞാണ് ട്രയിൻ നീങ്ങാൻ തുടങ്ങിയത്.

പനവേൽ വഴി പോവണ്ട ട്രയിൻ പോയത് മറ്റൊരു വഴിക്കാണ്. അവസാനം എർണാകുളം എത്തുമെന്നറിയാവുന്നതിനാൽ എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായില്ല. പക്ഷേ പനവേലിൽ നിന്നും യാത്ര തുടങ്ങാൻ ടികറ്റ് ബുക്ക് ചെയ്തവർ എന്ത് ചെയ്യും എന്നാലോചിച്ചപ്പോൾ ചെറിയ സങ്കടവും തോന്നി. ട്രയിൻ സതാര. - കാരട് - ബെൽഗാം - കാസിൽ റോക്ക് വഴി ഗോവയിൽ എത്തി അവിടെ നിന്നും നോർമൽ റൂട്ട് ആയ മംഗലാപുരം കോഴിക്കോട് വഴി എർണാകുളം പിടിക്കും . റെഗുലർ ടൈമിനേക്കാൾ ഒരു മൂന്ന് മണിക്കൂർ വ്യത്യാസം ഉണ്ടാവും ഗോവ വരെ എത്തുമ്പോൾ. ഗോവ വരെ എത്തുന്നതിനിടയിൽ എങ്ങും നിർത്തണ്ട കാര്യവുമില്ല. അത് കൊണ്ട് ഈ ട്രയിൻ നാളെ രാവിലെ 11 മണി കഴിയുന്നതിനു മുമ്പെ ഗോവയിലെത്തുമെന്ന് മുട്ടൻ കണക്ക് കൂട്ടി ഞാൻ സുഖമായി കിടന്നുറങ്ങി.
രാവിലെ എട്ട് മണി കഴിഞ്ഞ് ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുന്ന സമയത്ത് ഞാൻ എണീറ്റു. ഭക്ഷണം അടുത്ത സ്റ്റേഷനിൽ നിന്നും വാങ്ങാം എന്ന് കരുതി. മഴ കുറഞ്ഞിരുന്നു. ഗോവയിലേക്ക് ഈ വഴിയൊന്നും പോവാത്തത് കാരണം സ്റ്റേഷൻ ഒന്നും പരിചയമുണ്ടായില്ല. അല്പസമയത്തിനുള്ളിൽ ട്രയിൻ വീണ്ടുമെടുത്തു. ഓട്ടത്തിൽ തോൽപ്പിക്കുമെന്ന് പറയുന്ന പോലെ മഴ പുറകെ ഓടി ട്രയിനിനു മീതെ ചിതറി വീണു.

ഭക്ഷണം കഴിക്കാതിരുന്നത് മണ്ടത്തരമായി പോയി എന്ന് പിന്നീട് മനസ്സിലായി. പിന്നീട് നിർത്തിയ മറ്റൊരു സ്റ്റേഷനിലും ഒന്നും കിട്ടാനുണ്ടായിരുന്നില്ല. എല്ലാം ലോക്കൽ സ്റ്റേഷനുകൾ ആയിരുന്നു.  ട്രയിനിൽ പാൻട്രി കാബിൻ ഇല്ലാ എന്നത് വേറേ കാര്യം . ഇതിനിടയിൽ മൊബൈൽ ചാർജ്ജിങ്ങിനു പറ്റിയൊരു സീറ്റ് കണ്ടത്തിയ, അധികം ആളുകൾ ആരും ഇല്ലാത്ത അടുത്ത ബോഗിയിലേക്ക് ഞാൻ ഇരിപ്പ് മാറ്റി. പനവേലിൽ നിന്നും ഗോവ വരെ ഉള്ള സ്റ്റേഷനിൽ നിന്നും കയറേണ്ടവർക്കുള്ള സീറ്റുകൾ ഒഴിഞ്ഞ് കിടന്നിരുന്നു.  ഈ യാത്രക്കിടയിലാണ്  Chasing the Monsoon ( Alexander Frater )  കുറെ ഏറെ വായിച്ച് തീർത്തത്. പുറത്ത് പെയ്യുന്ന മഴയെ നോക്കി യാത്രക്കിടയിൽ ആ പുസ്തകത്തിൽ   നിന്നും വായിക്കാൻ    തുടങ്ങിയ അദ്ധ്യായം എഴുത്തുകാരന്റെ  ഗോവയിലേക്കുള്ള യാത്രയെ പറ്റിയും അവിടുത്തെ  മഴയെ പറ്റിയുമായിരുന്നു എന്നത് യാദൃശ്ചികമായിട്ടാവാം .വഴിയിലുടനീളം കാഴ്ചകൾ ഒരുപാടുണ്ടായിരുന്നു. കുറെ അധികം സമയം കാട്ടിലൂടെ ആയിരുന്നു യാത്ര .മഴ പെയ്തൊഴിഞ്ഞു നനഞ്ഞ  കാട്ടുമരങ്ങൾക്ക് നല്ല ഭംഗി തോന്നിയിരുന്നു.


പതിനൊന്ന് മണിയായിട്ടും ഗോവ എത്താതായപ്പോൾ ഒരു മണിക്കൂർ കൂടി എക്സ്ട്രാ ടൈം നൽകി ഞാൻ കാത്തിരുന്നു. പന്ത്രണ്ട് മണിക്കും ഗോവയിലെത്തില്ല എന്നുറപ്പായ ഞാൻ ഇനി മേലാൽ ഞാൻ ട്രയിനിന്റെ വേഗതയും ഗതിയും നോക്കി കണക്ക് കൂട്ടില്ല എന്നുറപ്പിച്ചു. ഈ പണി ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ചെയ്തിരുന്നെങ്കിൽ ചെറിയൊരു ആസ്ട്രൊ ഫിസിസ്റ്റ് എങ്കിലുമാകാരുന്നു എന്ന് സങ്കടപ്പെട്ട്  എന്റെ കണക്കുകൾ ഇന്ത്യൻ റയിൽവേ ക്കു മുന്നിൽ അർപ്പിച്ച് നിരുപാധികം മാപ്പ് പറഞ്ഞു. ഇടക്കെവിടെയൊ ട്രയിൻ പിടിച്ചിട്ടു. ഇപ്പോൾ പോവും വണ്ടി എന്ന് കരുതി കാത്തിരുന്നത് ഒന്നര മണിക്കൂർ. ട്രയിൻ അനങ്ങിയിയിട്ടില്ല , എന്തിന് , ഒന്ന് ഹോൺ പോലും അടിച്ചില്ല. എല്ലാ യാത്രക്കാരും കട്ട ഡസ്പ് !!!ആഞ്ഞ വെയിലായിരുന്നു ആ സമയത്ത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് മഴ വന്ന് വീണു. പുറത്ത് നിന്നവരെല്ലാം നല്ല പോലെ നനഞ്ഞു. വാതിൽക്കൽ നിന്ന എന്നെ പോലെ ഉള്ളവർ ജസ്റ്റ് രക്ഷപെട്ടു.


ഏറ്റവും സുന്ദരമായ കാഴ്ചകൾ തന്നത് നല്ല പോലെ മഴ പെയ്ത സമയത്ത് കടന്ന് പോയ ബെൽഗാം, കാസിൽ റോക്ക് തുടങ്ങിയ സ്ഥലങ്ങളാണ്. പിന്നീട് ദൂധ് സാഗർ വെള്ളച്ചാട്ടവും നല്ലൊരു കാഴ്ചയായിരുന്നു. ഈ വഴിയിലൂടെ മുമ്പൊരിക്കൽ വന്നിട്ടുണ്ട്. അന്ന് വെള്ളച്ചാട്ടം പോയിട്ട് വെള്ളത്തുള്ളി പോലും ഇല്ലായിരുന്നു . പക്ഷെ നിറമഴയത്ത് ദൂധ് സാഗർ മറ്റൊരു കാഴ്ചയാണെന്ന് മനസ്സിലായി. ഇടക്കിടക്ക്  എവിടെയെല്ലാമോ  നിർത്തി അഞ്ച് മണിയോടെ വണ്ടി ഓടിക്കിതച്ച് ഗോവയിലെത്തി. അവിടുന്ന് പ്ലാറ്റ് ഫോമിൽ വിലക്കാൻ കൊണ്ട് വന്ന  പൊറൊട്ടയും വെജിറ്റബിൽ കറിയും വാങ്ങി  കഴിച്ചു. ആ ദിവസത്തെ ആദ്യഭക്ഷണം. വെള്ളം മാത്രമായിരുന്നു ആ ദിവസം ആകെ കഴിച്ചത്.  ഒരു മണിക്കൂർ സമയം അവിടെയും നിർത്തിയിട്ടു.
പെരുമഴയത്താണ് ഗോവയിൽ നിന്നും യാത്ര വീണ്ടും തുടങ്ങിയത്. രാത്രി പതിനന്നോടെ അവസാന യാത്രക്കാരനായി  ആ ബോഗിയിൽ ഉണ്ടായിരുന്നത് ഞാൻ മാത്രം . തണുത്ത് മരവിച്ചൊരു ബിരിയാണി ഇതിനിടയിൽ ആരോ വിൽക്കാൻ കൊണ്ട് വന്നത് വാങ്ങിക്കഴിച്ചിരുന്നു.

മഴ പെയ്ത  വെള്ളം എങ്ങും ഒഴുകി പോയിട്ടില്ലാത്തതിനാൽ ബോഗിക്കുള്ളിലെ നിലം മുഴുവൻ നനഞ്ഞിരുന്നു. ബാഗും പെട്ടിയുമെല്ലാം എടുത്ത് അവകാശികൾ ഇല്ലാത്ത സീറ്റിൽ വെച്ച് ആ രാത്രിയും ഞാൻ സുഖമായി കിടന്നുറങ്ങി.

രാവിലെ നാലിനു മുമ്പായി ഉറക്കം ഉണരുമ്പോൾ ഷൊർണ്ണൂർ സ്റ്റേഷനിലാണ് . ഒരു ചായയും വാങ്ങിക്കുടിച്ച് വീണ്ടും ഉറങ്ങി. അഞ്ചരക്കും ആറിനും ഇടയിൽ എർണാകുളത്ത് എത്തി. പ്രീ പെയ്ഡ് ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിലെത്തി. 25 രൂപ എഴുതി തന്നിട്ട്, ഓട്ടൊക്കാരൻ ചേട്ടൻ 20 രൂപയെ വാങ്ങിയുള്ളൂ. അത്ഭുതം തോന്നിപ്പോയി.

ആഗസ്റ്റ്‌ 26 ന്  രാവിലെ ഏഴോടെ വീട്ടിലെത്തി.
ഒരു യാത്രയുടെ അവസാനം.

വഴി മാറി,  വന്നു, ലേറ്റ് ആയി , സമയത്ത് ഭക്ഷണം  കിട്ടിയില്ല എന്നിങ്ങനെ കുറ്റങ്ങൾ ഒരുപാടുണ്ട്  എങ്കിലും ആ യാത്ര എനിക്ക് ഇഷ്ടപ്പെട്ടു.. കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ , അതായത് രാത്രി 10.30 ന് എത്തിയിരുന്നെങ്കിൽ പാതിരാത്രി കഴിയാതെ വീട്ടിലെത്തില്ല. പകുതി ഉറക്കവും പോവും കണ്ണ് കാണാത്ത സമയത്ത് കുറച്ചെ ഉള്ളൂ എങ്കിലും ലഗേജ് എല്ലാം വാരിക്കെട്ടി  വീട്ടിൽ ചെന്ന് കയറുന്ന ബുദ്ധിമുട്ട് വേറേയും. പക്ഷേ ഇതൊന്നും ഇല്ലാതെ സുഖമായുറങ്ങി ,ഒരു ദിവസത്തിന്റെ തുടക്കത്തിൽ വീട്ടിൽ എത്തിച്ചേരാൻ പറ്റി.കൂടാതെ ഇത് വരെ കാണാത്ത കാഴ്ചകളിലേക്കും എന്നെക്കൊണ്ടെത്തിച്ചത് ഈ വഴിയും സമയവും തെറ്റിയ യാത്രയായിരുന്നു. 

4 comments:

ഇട്ടിമാളു അഗ്നിമിത്ര said...

ഇത് പോലുള്ള യാത്രകൾ ഇനിയും സംഭവിക്കട്ടെ ന്ന് ആശംസിക്കണോ..:)

നല്ല യാത്രകളും വായനയും നിറഞ്ഞ ഒരുവർഷം ആശംസിക്കുന്നു

keraladasanunni said...

മനോഹരമായ ദൃശ്യങ്ങള്‍ പകര്‍ത്താനായല്ലോ. ഈ യാത്ര നല്‍കിയ ഭാഗ്യം അതാവും 

ajith said...

ഒരിക്കല്‍ മാത്രം കൊങ്കണ്‍ റെയില്‍ വഴി മുംബൈയില്‍ നിന്ന് യാത്ര ചെയ്തിട്ടുണ്ട്. ഭയപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്യുന്ന യാത്ര

ബിലാത്തിപട്ടണം Muralee Mukundan said...

നല്ല ദൃശ്യനുഭങ്ങൾ കാഴ്ച്ചവെച്ച് കൊണ്ട് പൂന മുതൽ കൊച്ചിവരെയുള്ള ഒരു കിണ്ണങ്കാച്ചി തീവണ്ടിയാത്രാവിവരണം...

Pages

Flickr