Friday, August 13, 2010

ദി ഡിപ്ലോമറ്റ് : വാളുപുര

ഓണം...
ചേര്‍ത്തല പോളിയിലെ ഓണത്തിന് ആഘോഷങ്ങള്‍ ഒരുപാടുണ്ട് .
അത്തപൂക്കള മത്സരം , വടം വലി മത്സരം തുടങ്ങി ഒരു മത്സര പരമ്പര തന്നെ അവിടെ നടക്കാറുണ്ട്.ഇതിനെല്ലാം സമ്മാനവും ഉണ്ട്.
എല്ലാ കോളേജിലെയും പോലെ തന്നെ ഓണം എന്ന് പറയുന്നത് പലരുടെയും മനസ്സ് തുറന്നു കാണിക്കുവാനും കൂടി ഉള്ള അവസരം ആണ്.
ഇതിനെല്ലാം പുറമേ കുട്ടിയും കോലും കളി ,മുണ്ട് പറിക്കല്‍ ‍, വെള്ളമടിയും അനുബന്ധ പരിപാടികളും തുടങ്ങിയവയും നടക്കാറുണ്ട് .പക്ഷെ ഇതിനൊന്നും സമ്മാനം ഇല്ല എന്ന് മാത്രം .


                                            അങ്ങനെ ഞങ്ങള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആയിരിക്കെ ഉള്ള ഓണാഘോഷം. ജുനിയെര്‍സ് ആയതിനാല്‍ വലിയ റോള്‍ ഒന്നും ഞങ്ങള്‍ക്ക് അവിടെ ഇല്ല. അത്തപ്പൂക്കളം ഇടാനുള്ള  പൂക്കള്‍ ഒരുക്കുക , വടം വലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക അങ്ങനെ ഉള്ള ചെറിയ പരിപാടികള്‍ മാത്രം.
    
                                                        ഇതിനിടയില്‍ ഒരു സംഘം ഷെയര്‍ ഇടുന്നുണ്ടായിരുന്നു. വടിവാള്‍ ,ശരവണന്‍ , പ്രവീണ്‍ , വിപ്ലവന്‍ (വയലാറിന്റെ സ്വന്തം പുത്രന്‍ ), മഷീജ് തുടങ്ങിയ ഒരു സംഘം.അവസാനം ഒത്തു കിട്ടിയ കാശെല്ലാം കൂട്ടി എടുത്തു കൊണ്ട് ശരവണന്‍ ചേര്‍ത്തലയിലേക്ക്‌  വെച്ച് പിടിച്ചു .
അരമണിക്കൂറിനുള്ളില്‍ കയ്യില്‍ ഒരു കുപ്പിയും പൊതിഞ്ഞു പിടിച്ചു കൊണ്ട് അദ്ദേഹം തിരികെ എത്തി.
ശരവണനെ കണ്ടതും വടിവാള്‍ വിളിച്ചു ചോദിച്ചു
കിട്ടിയോ ?
കിട്ടി...
നല്ലതാണോ ?
കൂടിയതാ...
ഏതാ സാധനം ?
കാണ്ടാമൃഗം (Rhino Rum )
ഇത് കൂടിയതാണോ ?
പിന്നെ അല്ലാണ്ട് ...സല്‍സയെക്കാളും നല്ലതാ .സല്‍സയുടെ ഫുള്ളിനു  115 രൂപയല്ലേ ഉള്ളൂ . ഇതിനു 130 ആയി .
ബാക്കി 7 രൂപ എന്തിയെ ?
എന്റെ തന്ത അല്ലടാ ബസ്സ്‌ സര്‍വ്വീസ് നടത്തുന്നത് . അവര്‍ക്ക് കാശു കൊടുക്കണം .
അളിയാ...ഞാന്‍ അത് മറന്നു പോയി...നീ എന്നോട് ക്ഷമി...
ഇപ്പോഴേക്കും ബാക്കി ഉള്ള സംഘാംഗങ്ങള്‍ എല്ലാം അവിടെ എത്തി.
എല്ലാവരും കൂടി പോളിയുടെ  പുറകിലെ സത്യമംഗലം വനത്തിലേക്ക് കയറി.
അപ്പോള്‍ ആണ് വേറെ ഏതോ സംഘത്തിലെ ഒരുത്തന്‍ ഒരു  സോഡകുപ്പിയുമായി  തിരികെ പോവുന്നത് വിപ്ലവന്‍ കണ്ടത് .
ഗ്രൗണ്ടില്‍ കിടന്ന ഒരു കുപ്പിയും പെറുക്കി എടുത്തു കയ്യില്‍ പിടിച്ചു "വെള്ളം എടുക്കണം" എന്ന് പറഞ്ഞു കൊണ്ട് വിപ്ലവന്‍ പൈപ്പിന്റെ അരികത്തേക്ക് ഓടി .
         
ഡിസ്പോസിബിള്‍ ഗ്ലാസ്‌ , വെള്ളം എല്ലാം എത്തിയതോട് കൂടി പരിപാടി തുടങ്ങി.
വെള്ളം ഒഴിച്ചത് കൊണ്ട് ഏകദേശം കരി ഓയിലിന്റെ കളര്‍ കിട്ടിയിരുന്നു കാണ്ടാമൃഗത്തിന്.
"ആദ്യത്തെത് ഗണപതിക്ക്‌" എന്ന് പറഞ്ഞു കൊണ്ട് പ്രവീണിന് കൊടുത്തു .         
രണ്ടാമത്തേത്  ശരവണന്.
ടച്ചിങ്ങ്സ് ഒന്നും ഇല്ലേ ?
പ്രവീണ്‍ ഒരു പിടി മണല് വാരി ശരവണന് കൊടുത്തിട്ട് പറഞ്ഞു
"ഇതേ ഉള്ളൂ...മണല് തൊട്ടു അടിച്ചോ ..."
അര മണിക്കൂര്‍ .....സംഘത്തിലെ എല്ലാവര്‍ക്കും കാലില്‍ വീല് പിടിപ്പിച്ചു കിട്ടി.


    സത്യമംഗലം വനത്തിലെ കശുമാവിന്റെ ചോട്ടിലെ ചൊരിമണലില്‍ കിടന്നു വടിവാള്‍ കാണ്ടാമൃഗത്തിനെ പുകഴ്ത്തി കവിത പാടി.


"130 രൂപയ്ക്കു ഇത്രയും നല്ല സാധനം കിട്ടുമോ ?" എന്ന് പരസ്പരം ചോദിച്ചു കൊണ്ട് പ്രവീണും മഷീജും നിലത്തു കുത്തിയിരുന്നു.


"മണം മാറാന്‍ നല്ലതാ..." എന്ന് സ്വയം പറഞ്ഞു കൊണ്ട് വിപ്ളവന്‍ കുറെ മാവിന്റെ ഇല പറിച്ചു തിന്നു.


 ശരവണന്‍ അപ്പോള്‍ ഒരു കശുമാവില്‍ ചാരി നിന്ന് പൂര തെറി പറയുകയായിരുന്നു
 "പണ്ടാരം...ഒന്നും ആയില്ല....വെറുതെ കാശ് കളഞ്ഞു ....ശ്ശെ...#%$%......ഇനി എന്ത്  ചെയ്യുമെടെയ് ? "


പക്ഷെ കണ്ണും ചെവിയും അടിച്ചു പോയ ബാക്കി ഉള്ളവര്‍ അത് കേട്ടത് പോലും ഇല്ല .            പിന്നെ ആഘോഷങ്ങള്‍ക്കിടയിലേക്ക് കയറിയ സംഘാംഗങ്ങള്‍ പലവഴിയെ ചിതറി പോയി. പക്ഷെ ശരവണന്‍ വടിവാളിനെയും വിപ്ലവനെയും കൂട്ടിനു വിളിച്ച് പുറത്തേക്കു പോവുന്നത് കണ്ടവരുണ്ട് .
             
                          പിന്നെ കേള്‍ക്കുന്നത് ശരവണനും സംഘവും കോളേജിന് പുറത്ത് ,ഹൈവേ സൈഡിലെ പഴയ ഒരു തട്ടുകടയില്‍ നില്‍ക്കുന്നു എന്നാണ് . ആ തട്ടുകട ലാഭത്തിന്റെ കൂടുതല്‍ കാരണം അതിന്റെ ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയതാണ് . നീല ടാര്‍പോളിന്‍ കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കിയ അതില്‍ ഒരു പൊളിഞ്ഞ ഡെസ്കും  കിടപ്പുണ്ടായിരുന്നു.   
    
അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത് അവിടെ ആരും നില്‍ക്കുന്നില്ല . എല്ലാവരും കിടക്കുകയാണ് .


                സംഭവങ്ങളുടെ കിടപ്പുവശം ഇപ്രകാരം - കാണ്ടാമൃഗവുമായി രാവിലെ നടത്തിയ ബലപരീക്ഷണത്തില്‍ ഒന്നും പറ്റിയില്ല എന്നുള്ള ശരവണന്റെ പരാതിയില്‍ മനം നൊന്തു  വടിവാളും വിപ്ലവനും ശരവണനെ പോളിയുടെ പുറകിലെ ഷാപ്പില്‍ കൊണ്ട് കുടിയിരുത്തി. ഒരു കുപ്പി കള്ള് വാങ്ങി എല്ലാവരും കൂടി കുടിച്ച് , പോരുന്നതിനു മുമ്പായിട്ട് "കാശ് കൊടുത്തതല്ലേ ? വെറുതെ എന്തിനാ നമ്മള്‍ ഇത് കളയുന്നത് ?"  എന്ന് ചോദിച്ചു കൊണ്ട് കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്ന കള്ളിന്റെ മട്ടും കൂടി ശരവണന്‍ അകത്താക്കി .
                        
                                        പക്ഷെ ഷാപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ തലയില്‍ ഉണ്ടായിരുന്ന ബോധം അവിടെ വെച്ചിട്ടാണ് എല്ലാവരും അവിടെ നിന്നും പോന്നത്. പോളിയില്‍ വാള് വെച്ചാല്‍  സസ്പെന്‍ഷനില്‍ കുറഞ്ഞ ഒന്നും കിട്ടാന്‍ ഇല്ല എന്ന തിരിച്ചറിവ് മുന്‍പേ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് പോളിയുടെ കോമ്പൌണ്ടിലേക്ക് കയറാന്‍ തോന്നിയില്ല. നേരെ തട്ടുകടയില്‍ പോയി ചുരുണ്ട് കൂടി .


                തട്ടുകടയില്‍ ചെന്ന് കയറുമ്പോള്‍ കാണുന്ന കാഴ്ച ശരവണന്‍ ലോകത്തോടും കുടിച്ച കള്ളിനോടും തോല്‍വി സമ്മതിച്ച് തിരുവയര്‍ ഒഴിഞ്ഞു  പൊളിഞ്ഞ ഡെസ്കില്‍ കിടക്കുന്നതാണ് .ചുമ്മാ ഒരു കമ്പനിക്ക് എന്ന പോലെ വടിവാളും കൂടെ കിടപ്പുണ്ട്. രണ്ടു പേര്‍ക്ക് കിടക്കാനുള്ള സ്ഥലമേ ഡെസ്കില്‍ ഉള്ളൂ .ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം വിപ്ളവന്‍ തട്ടുകടയിലെ ഒരു മൂലയില്‍ ഇരിക്കുകയാണോ , കിടക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ബാക്കി ഉള്ളവര്‍ക്ക് ദര്‍ശനം കൊടുക്കുന്നുണ്ട്.
ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാല്‍ വാള് വെക്കുന്നതില്‍ ശരവണന് കയ്യും കണക്കും ഒന്നും ഇല്ലായിരുന്നു.
                                                                            
                                                                    അടുത്തുള്ള കടയില്‍ നിന്നും മോരും നാരങ്ങ വെള്ളവും എത്തി .ഇട്ടു മൂടാന്‍ ആവശ്യത്തിനു മണല്‍ തട്ടുകടക്കുള്ളില്‍ ഉണ്ടായിരുന്നതിനാല്‍ വാള് മറവു ചെയ്യല്‍ എന്ന കര്‍മ്മവും പെട്ടെന്ന് കഴിഞ്ഞു.
"അവസാനത്തെ വാളില്‍ മഞ്ഞ കളര്‍ ഉണ്ടായിരുന്നു. അത് കൊണ്ട് ഇനി വാള് വെക്കില്ല  "എന്ന ശരവണന്റെ ഉറപ്പില്‍ അദ്ദേഹത്തിനെയും കൂടെ ഉള്ളവരെയും പോളിയിലേക്ക് ആനയിച്ചു .  പടവുകള്‍ കയറുമ്പോള്‍ ഒന്നാം നിലയിലെ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും പ്രവീണിന്റെ മുഴങ്ങുന്ന ശബ്ദം ഒരു പാട്ടായി കേള്‍ക്കാമായിരുന്നു


കാന്താ.... ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
പൂരം എനിക്കൊന്നു കാണണം കാന്താ............
പൂരം അതിലൊന്ന് കൂടണം കാന്താ ...
കാന്താ  കാന്താ....
ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
.
.
.

                ഒരു ഓണാഘോഷത്തിന്റെ മുഴുവന്‍ വാളും ഉള്‍ക്കൊണ്ട് , ഇനിയും വരാനിരിക്കുന്ന ആഘോഷങ്ങളിലെ സംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ നിലകൊണ്ട ആ തട്ടുകടയെ അന്ന്  മുതല്‍ ഞങ്ങള്‍  വാളുപുര എന്ന് വിളിച്ചു
***********************************************************************
ആഘോഷ പാട്ട് ( പ്രവീണ്‍ വേര്‍ഷന്‍ )


കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
പൂരം എനിക്കൊന്നു കാണണം കാന്താ............
പൂരം അതിലൊന്ന് കൂടണം കാന്താ ...
കാന്താ  കാന്താ....
ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍


തിമില എനിക്കൊന്നു കാണണം കാന്താ..
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ...
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
മദ്ദളം എനിക്കൊന്നു കാണണം കാന്താ
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ
ഒരു വെടി എനിക്കൊന്നു വെക്കണം കാന്താ.
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
പൂരം എനിക്കൊന്നു കാണണം കാന്താ
പൂരം അതിലൊന്ന് കൂടണം കാന്താ
തിമില എനിക്കൊന്നു കാണണം കാന്ത
തിമിലയിലെനിക്കൊന്നു കൊട്ടണംകാന്താ
മദ്ദളം എനിക്കൊന്നു കാണണം കാന്താ
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ..
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍


Pages

Flickr