Tuesday, December 4, 2012

നടവഴികള്‍ - പുളിങ്കുന്ന്


പൂതത്തിനെ  വിളിച്ചു പറഞ്ഞു ആദ്യം കിട്ടുന്ന വണ്ടിക്കു പുളിങ്കുന്നിനു പോരാന്‍ .  പുളിങ്കുന്നില്‍ വന്നാല്‍ ഉള്ള കലാപരിപാടി എന്തൊക്കെ ആണെന്ന് അറിയാവുന്നത് കൊണ്ട് അവന്‍ കുളിക്കാന്‍ പോലും നിന്നില്ല . 
പുളിങ്കുന്ന്  ആറ്റിലെ വള്ളം കളി .
അനിയന്റെ ഫേസ് ബുക്കില്‍ നിന്നും കിട്ടിയത്



പുളിങ്കുന്നിന്റെ പ്രത്യേകത പലതാണ് . കുടുംബ വീടിനു വാതില്‍ക്കലെ തോട്. പരിസരത്തുള്ള നാലോളം ഷാപ്പുകള്‍ ,  ആമ വറുത്തതും കള്ള് ഒഴിച്ചുണ്ടാക്കിയ അപ്പവും  കുരുമുളകിട്ടു മൂപ്പിച്ച താറാവ് റോസ്റ്റും.... ഭക്ഷണ വിഭവങ്ങളുടെ ലിസ്റ്റ് കുറെ ഉണ്ട്  .. ഷാപ്പിലെ കള്ള് വേണ്ടെങ്കില്‍ ഏതേലും  ചെത്തുകാരന്റെ വീട്ടില്‍ പോയി വാങ്ങിക്കുകയും ചെയ്യാം .  അവിടെ ഏതു വീട്ടിലും നല്ല മുളകിട്ട മീന്‍ കറിയുണ്ടാവും....
ഞാനും മത്തായിയും തകഴിയില്‍  നിന്നും കിഴക്കോട്ട് യാത്ര തുടങ്ങി .



തകഴി പാലം ഇറങ്ങിക്കഴിഞ്ഞാലും റോഡിനു ഇരുവശവും പാടങ്ങള്‍  ആണ്. കുറച്ചു മുമ്പോട്ടു ചെന്നാല്‍ ഉള്ള സ്ഥലമാണ് പച്ച .  പച്ച  പച്ചയായ ഒരു ഗ്രാമം തന്നെ ആണ് . റോഡരികിലൂടെ പോവുമ്പോള്‍ രണ്ടു വശത്തും നെല്‍ വയലുകള്‍ കാണാം . ഉള്പ്രദേശങ്ങളെ കുറിച്ച് എനിക്ക് വലിയ അറിവ്  ഇല്ല . ചെറു പ്രായത്തില്‍ അമ്പലപ്പുഴയില്‍ നിന്നും എത്തിപ്പെടാവുന്ന ദൂരത്തിനും അപ്പുറത്തായിരുന്നു ഈ സ്ഥലം .    ഒരു ഗ്രാമ പ്രദേശത്ത് കൂടെ തന്നെ ആണ് റോഡു കടന്നു പോവുന്നത് . പോവുന്ന വഴിയില്‍ ഒരു ഹോസ്പിറ്റലും നഴ്സിംഗ് കോളേജും മാത്രമാണ് ശ്രദ്ധിക്കപ്പെടാന്‍ മാത്രം വലിപ്പമുള്ള കെട്ടിടം എന്ന് തന്നെ പറയാം. നല്ല വീടുകള്‍ ഒരുപാടെണ്ണം പൊങ്ങി വന്നിട്ടുണ്ട് ഈ വഴിക്കിരുവശവും . 
                                                പച്ചക്കും കിഴക്കാണ് എടത്വ . എടത്വ എത്തുന്നതിനു മുമ്പ് തന്നെ എടത്വ കോളേജ് കാണാം . വിശാലമായ ക്യാമ്പസ്‌ ഉണ്ട്  കോളേജിന് . റോഡില്‍ നിന്നും അകലെയായി കോളജിന്റെ  കെട്ടിടങ്ങള്‍ കാണാം . മത്തായിയുടെ പ്രണയിനിയും അയല്‍ക്കാരിയും ഇപ്പോള്‍ ഏതോ പട്ടാളക്കാരന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ പെണ്‍കുട്ടി പഠിച്ചിരുന്നത് ഈ കോളേജില്‍ ആയിരുന്നു . ഞാനും മത്തായിയും കൂടി അവളെ കോളേജില്‍ നിന്നും വരുന്ന വഴിതകഴി പാലത്തില്‍ പിടിച്ചു നിര്‍ത്തിയാണ് മത്തായിയുടെ പ്രണയം വെളിപ്പെടുത്തിയത് . അതൊരു നീണ്ട കഥ ആണ് . പിന്നെ പറയാം .

                                            എടത്വയിലെ പള്ളി പ്രസിദ്ധമാണ് . ഇരുനൂറു കൊല്ലത്തില്‍  കൂടുതല്‍ പഴക്കം ഉണ്ട് ഈ  പള്ളിക്ക് . ബ്ലെസ്സിയുടെ കാഴ്ച എന്ന സിനിമയില്‍ കാണിക്കുന്നത് എടത്വ പള്ളിയാണ് . പള്ളിയുടെ മുറ്റത്തേക്ക് കടക്കുന്നത്‌ ഒരു തടി പാലം കയറി വേണം . ആ പാലത്തിലൂടെ ബസ്സ്‌ വരെ കയറി പോവും എന്നുള്ളതാണ് അമ്പരപ്പിക്കുന്നത് . പള്ളിയുടെ മുറ്റത്ത് തന്നെ ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ ഉണ്ട് .

                                                  എടത്വയില്‍ നിന്നും പിന്നെയും മുന്നോട്ട്. കുറച്ചു ദൂരം പോയിക്കഴിഞ്ഞാല്‍ ഒരു പാലമെത്തും . ആ പാലത്തിലൂടെ നേരെ പോവുകയാണെങ്കില്‍ തിരുവല്ലയിലേക്ക് എത്തിച്ചേരാം. ആ പാലത്തിന്റെ ഇടതു വശത്ത് കൂടെ താഴേക്കു പോവുന്ന റോഡിലൂടെ പോയാല്‍ ചക്കുളത്ത് കാവിലെത്താം . ചക്കുളത്ത് കാവില്‍ ഒരിക്കല്‍ മാത്രം പോയിട്ടുണ്ട് . അത് മത്തായിയുടെ കൂടെ തന്നെ ആയിരുന്നു . ഒരു ദിവസം രാവിലെ 5 മണി ആയപ്പോള്‍ അമ്പലപ്പുഴയില്‍ നിന്നും ചക്കുളത്ത് വരെ വന്നു തൊഴുതു .   ഞാന്‍ പെട്ടെന്ന് തൊഴുതിട്ടു ഇറങ്ങി .മത്തായി തൊഴുതു തൊഴുതു ദൈവങ്ങളെ എല്ലാം വെറുപ്പിച്ചിട്ടാണ് ഇറങ്ങിയത്‌ . അവന്‍ പണ്ടേ അങ്ങനെയാണ് . അമ്പലത്തില്‍ പോയാല്‍ ശാന്തിക്കാരനെയും സഹായത്തിനു  നില്‍ക്കുന്നവനെയും കൊണ്ടു മാത്രമല്ല അകത്തു ശ്രീകോവിലിനുള്ളില്‍ ഇരിക്കുന്ന ദേവനെകൊണ്ടും  ഉപദേവന്മാരെ കൊണ്ടു വരെ സ്വന്തം തന്തക്കു വിളിപ്പിക്കും ...അമ്മാതിരി പ്രാര്‍ഥനയാണ് അവന്റെത്‌ .   


ചക്കുളത്ത് നിന്നും നിന്നും പിന്നെയും മുമ്പോട്ട്‌ പോവുമ്പോള്‍ കിടങ്ങറയിലേക്ക് എത്താം . കിടങ്ങറയിലേക്കുള്ള  വഴിക്ക് ഇരു വശവും പാടങ്ങളും തോടുകളും തന്നെയാണ് . കുട്ടനാടിന്റെ ഒരു ഭാഗം തന്നെയാണ് കിടങ്ങറക്കുള്ള വഴികള്‍  . ആ ഭംഗി ആ പ്രദേശങ്ങള്‍ക്ക് ഉണ്ട് താനും . ചെറിയ ഷാപ്പുകളും  തോടും വരമ്പുകളും പാടങ്ങളും കൊറ്റികളും രാത്രി സമയത്ത് പാടങ്ങളില്‍ നിന്നു കേള്‍ക്കുന്ന തവളയുടെ കരച്ചിലും എല്ലാം . ... അനുഭവിക്കാനും രുചിക്കാനും ഒരുപാടുണ്ട് ഇനിയും ഈ ഗ്രാമങ്ങളില്‍...  . ഇതിലെ പോവുന്ന ഓരോ തവണയും ഏതെങ്കിലും വ്യത്യസ്തമായത് കാണുവാനോ രുചിക്കാനോ ശ്രമിക്കാറുണ്ട് .




കിടങ്ങറക്ക്‌ പോവുന്ന വഴി എടുത്ത ഫോട്ടൊ 


കിടങ്ങറയില്‍ എത്തിയ ഞങ്ങള്‍ നേരെ വലത്തേക്ക് തിരിഞ്ഞു പാലം കയറി ഇറങ്ങി . കുട്ടനാട്ടിലെ വലിയ പാലങ്ങളില്‍ ഒന്നാണ് കിടങ്ങറ പാലം . കിടങ്ങറ പാലം ഇറങ്ങി നേരെ പോവുകയാണെങ്കില്‍ ചങ്ങനാശേരിയില്‍ എത്താം . ഞങ്ങള്‍ പാലം ഇറങ്ങി ആദ്യം കാണുന്ന ഇടതു വശത്തേക്കുള്ള റോഡിലൂടെ നേരെ വിട്ടു . വീണ്ടും പാടങ്ങള്‍ ...അതും രണ്ടറ്റവും കാണാന്‍ പോലും പറ്റാത്ത അത്രയും വിസ്താരമുള്ള പാടങ്ങള്‍ക്കു നടുവിലൂടെയാണ്‌ റോഡ്‌ . കുറെ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ റോഡു രണ്ടായി പിരിയും . ഒന്ന് കണ്ണാടിയിലെക്കും മറ്റൊന്ന് ചിങ്ങവനത്തേക്കും പോവുന്നത്. 

ചിങ്ങവനത്തേക്ക് പോവുന്ന റൂട്ടില്‍ ആണ് തട്ടയില്‍ ഷാപ്പ്‌ . ഒരിക്കല്‍ കയറിയിട്ടുണ്ട് കുറെ ഭക്ഷണം  കഴിക്കുകയും ചെയ്തു അന്ന്. , താറാവ്പറവ അങ്ങനെ എന്തൊക്കെയോ...   അവിടുന്ന് കിട്ടുന്ന കള്ളിനെക്കളും ഭക്ഷണത്തേക്കാളും എനിക്കിഷ്ടപ്പെട്ടത് ആ ഷാപ്പ്‌ ഇരിക്കുന്ന സ്ഥലവും അതിന്റെ പരിസരവും എല്ലാം ആണ് . വലിയ ഒരു പാടത്തിനു നടുവിലൂടെ പോവുന്ന റോഡിനരികില്‍ ആണ് ഷാപ്പ്‌ . ഷാപ്പിനെ നിര്‍ത്തിയിരിക്കുന്നത് പാടത്ത് നാട്ടിയ തൂണുകള്‍ക്കു മുകളില്‍ ആയാണ്.  മുമ്പിലും പിന്നിലും പാടശേഖരം . വെള്ളം നിറഞ്ഞു  കിടക്കുന്ന പാടത്ത് ഷാപ്പില്‍ നിന്നോണ്ട്‌ തന്നെ ചൂണ്ട ഇട്ടു മീന്‍ പിടിക്കാം ........





തട്ടയില്‍ ഷാപ്പ്‌ 
                           
ഞങ്ങള്‍ കണ്ണാടിക്കു തിരിച്ചു . കുറച്ചു കൂടി ചെന്നപ്പോള്‍ അങ്ങ് ദൂരെയായി പാടങ്ങള്‍ക്ക് നടുവിലായി  തുരുത്ത് പോലെ , അടവിയുടെയും മട്ടിന്റെയും പൊറ്റയുടെയും വീടുകള്‍ കാണാം .   
                                                    

 

2007 ഡിസംബറില്‍ തകഴിയില്‍ നിന്നും കിടങ്ങറയിലേക്ക് 
പോവുമ്പോള്‍  എടുത്ത ഫോട്ടോ 


 
പുളിങ്കുന്ന് ആറ്റിലെ കടത്ത് വള്ളം 
                                                    ഒരു പത്ത് കൊല്ലം മുമ്പ് വരെ പുളിന്കുന്നിലേക്ക് പോയി തിരികെ എത്തുക എന്ന് പറഞ്ഞാല്‍ എന്തോ വലിയ സംഭവം പോലെ ആയിരുന്നു . 
പുളിങ്കുന്ന് ആറിന്റെ കരയില്‍ വരെ ബസ്സ്‌ കിട്ടും. ഇപ്പോള്‍ ജങ്കാര്‍ സര്‍വ്വീസ് ഉണ്ട് . അതിനോടൊപ്പം തന്നെ കടത്ത് വള്ളവും ഉണ്ട് . ജന്കാര്‍ ഓരോ തവണയും പോയി തിരികെ വരുവാന്‍ ഇരുപതു മിനിട്ട് വരെ സമയം എടുക്കും . കാത്തു നില്ക്കാന്‍ സമയം ഇല്ലാത്തവര്‍ കടത്ത് വള്ളമാണ് ആശ്രയിക്കുക .   അന്ന് ആകെ ഉണ്ടായിരുന്നത് കടത്ത് വള്ളം മാത്രം ആണ് .  കടത്ത് ഇറങ്ങി  അവിടെ നിന്ന് കണ്ണാടിയിലെ  വീട്ടിലേക്ക് ചെല്ലാനും പോരാനും പിന്നെയും വള്ളം കേറി യാത്ര ചെയ്യണം . അല്ലെങ്കില്‍ നാലഞ്ചു കിലോമീറ്റര്‍ ദൂരം തോടിനരികിലൂടെ നടക്കണം. വീട്ടിലെത്തുന്നതിനു മുമ്പ് ഒരിക്കല്‍ എങ്കിലും നമ്മള്‍ ചെളിയില്‍ തെന്നിയിരിക്കും . ഭാഗ്യമുണ്ടെങ്കില്‍ ചെളിയില്‍ തെന്നി തോട്ടിലേക്ക്  വീണെന്നും വരാം. കുറച്ചു വര്‍ഷങ്ങളെ 
ആയുള്ളൂ  കണ്ണാടി വഴി റോഡു വന്നിട്ട് .മുമ്പ് തോട് ആയിരുന്നിടത്ത് ഇപ്പോള്‍  ബസ്സോടുന്ന റോഡാണ് .


പുളിങ്കുന്നിലെ ജങ്കാര്‍ സര്‍വ്വീസ് 

എന്റെ മേല്‍ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്ന  നിയന്ത്രണം ബന്ധു വീടുകളിലേക്കുള്ള  യാത്രകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് കൊണ്ടാവാം പുളിങ്കുന്നിലേക്ക് കുട്ടിക്കാലത്ത് വല്ലപ്പോഴുമൊക്കെയേ വന്നിട്ടുള്ളൂ .  അമ്പലപ്പുഴക്ക്‌ പോയിരുന്നത് പോലും അപൂര്‍വ്വമായിരുന്ന സമയത്ത് പുളിങ്കുന്നിലേക്കുള്ള   യാത്രകളെ ഞാന്‍ ആഗ്രഹിച്ചിട്ടു കൂടി ഇല്ല . അവിടെക്കുള്ള  യാത്രകള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളകള്‍ ഉണ്ടായിരുന്നു  . ഒരു ബന്ധുവിന്റെ വിവാഹത്തിന് മാത്രം അവിടെ മൂന്നു രാത്രികള്‍ ഉറങ്ങി . അല്ലാതെ ഒരിക്കലും ഒരു ദിവസത്തില്‍ കൂടുതല്‍ അവിടെ നിന്നിട്ടില്ല . മാത്രമല്ല  പോവുന്നതും വരുന്നതും എല്ലാം മുതിര്‍ന്ന ആരുടെയെങ്കിലും കൂടെ ആയിരിക്കുകയും ചെയ്യും .  ആ സമയത്ത്  അവിടേക്ക് പോവാനും കാണാനും എനിക്ക് അറിയാവുന്നവര്‍ അല്ലെങ്കില്‍ കൂട്ടുകാരായിട്ട് ആരും ഇല്ലായിരുന്നു . അടവിയും കച്ചിയും എന്നും അവിടെ ഉണ്ടായിരുന്നു എങ്കില്‍ കൂടിയും എനിക്ക് മേല്‍ ഉണ്ടായിരുന്ന പെരുമാറ്റ ചട്ടങ്ങള്‍ അവരുടെ വികൃതികള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സമ്മതിച്ചിരുന്നില്ല . വല്ലപ്പോഴും കാണുന്നവനായ എന്നോട് അവര്‍ക്കും അന്ന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു . പക്ഷെ അവിടെ പോയപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍  എല്ലാം രസകരം ആയിരുന്നു .


  ആദ്യമൊക്കെ പുളിങ്കുന്നില്‍ ചെല്ലുന്ന കാലത്ത് എല്ലാവരും കൂടി തൊട്ടരികില്‍ കുടുംബ വീട്ടിലായിരുന്നു താമസം .

                             അടവി ഇന്നത്തെത് പോലെ തന്നെ അന്നും സംഭവം ആയിരുന്നു . അവന്‍ തല്ല് വാങ്ങിച്ചു കൂട്ടാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല  . അവനെ തല്ലാന്‍ ആണെങ്കില്‍ ആര്‍ക്കും ഒരു മടിയും ഇല്ലതാനും . അത്രയ്ക്കുണ്ട് കയ്യിലിരിപ്പിന്റെ ഗുണം . എനിക്കാണേല്‍ വീട്ടില്‍ നിന്നു പോരുമ്പോള്‍ "എന്തേലും അലമ്പുണ്ടാക്കി എന്നറിഞ്ഞാല്‍ തല്ലി കൊന്നു കളയും" എന്നുള്ള അച്ഛന്റെ ഭീഷണി ആയിരുന്നു എന്ത്‌ ചെയ്യാന്‍ ഒരുങ്ങുമ്പോഴും  ഓര്‍മ്മ വന്നിരുന്നത് .                                         

വീടിനു  മുമ്പിലെ  തോട് . ഈ തോട്ടിലൂടെ സര്‍ക്കാരിന്റെ
 വക ബോട്ട് സര്‍വ്വീസ്  ഉണ്ടായിരുന്നു . 
 സര്‍ക്കാര്‍ സര്‍വീസ് ബോട്ട് പോവുന്ന രണ്ടാള്‍ക്ക്‌ മേല്‍ ആഴമുള്ള തോട്ടില്‍ ഒരു വയസ്സിന്റെ ഇളപ്പമുള്ള അനിയന്‍ അടവി ചാടി മറിഞ്ഞു കുളിക്കുന്നത് അന്ന് നീന്തലറിയാത്ത എനിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളൂ . വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട് അവനോട്  ആ കാര്യത്തിന്. 
ഒരിക്കല്‍ അടവിയുടെ കൂടെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങി നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങിപ്പോയി , കുറെ വെള്ളം കുടിച്ചു , ശ്വാസം എവിടെയോ നഷ്ടപ്പെട്ടത് പോലെ തോന്നി .... എങ്കിലും എങ്ങനെയോ കയ്യും കാലും ഇട്ടടിച്ചു തിരികെ കേറി . അന്ന് നെഞ്ചിലൂടെ ഒരു ഇടിമിന്നല്‍  പാഞ്ഞു പോയ പോലെ തോന്നിയിരുന്നു . മരണം മുന്നിലെത്തിയത് പോലെ... അടുത്ത ദിവസം രാവിലെ  അടവിയും കച്ചിയും തോട്ടില്‍ നീന്തുന്നത് വെറുതെ നോക്കി നിന്ന ഞാന്‍ മറിഞ്ഞടിച്ചു  വെള്ളത്തില്‍ വീണു . അന്നും വെള്ളം കുടിച്ചു . പക്ഷെ ആദ്യം തോന്നിയ അത്രയും ഭയം തോന്നിയില്ല . തലേന്നത്തെ അനുഭവം ധൈര്യം തന്നത് കൊണ്ടാവാം . രണ്ടു തവണയും ആരുടേയും സഹായം കൂടാതെ തന്നെ കരക്ക്‌ കയറി . വീട്ടിലേക്ക് പോരുമ്പോള്‍ എങ്ങനെയും നീന്തല്‍ പഠിക്കണം എന്നുള്ളത് പ്രതിജ്ഞ ആയിരുന്നു .  വീടിനു കിഴക്ക് വശം വിശാലമായ കായല്‍ ഉണ്ടായിരുന്നിട്ടും അഴമുള്ളിടത്ത് നീന്താന്‍ കഴിയില്ല എന്നുള്ളത് ഒരു പോരായ്മ ആയിരുന്നു അന്ന് വരെ.


പുളിങ്കുന്ന് - ഒരു മഴക്കാലത്ത്  




ഒരിക്കല്‍ ഒരു മഴക്കാലത്ത് പുളിങ്കുന്നില്‍ എത്തിയിട്ടുണ്ട് . മുടി മുതല്‍ കാല്‍പാദം വരെ നനഞ്ഞു മഴയുടെ താളത്തിനൊപ്പം നനഞ്ഞു കുതിര്‍ന്നു ഒരു വരവ് . മഴക്കാലത്ത് കുട്ടനാട്ടില്‍ കാണാന്‍ പലതുമുണ്ട് .  പച്ചപ്പിനു മുകളില്‍ വെള്ളം വീഴുന്നതും ആകാശത്ത് നിന്നും ഭൂമിയിലേക്ക്‌ വരച്ച നേര്‍ത്ത വരകള്‍ പോലെ തോടുകളുടെയും കായലിന്റെയും മുകളില്‍ വെള്ളം വന്നു വീഴുന്നതും ചാറ്റ മഴയ്ക്കൊപ്പം ഉള്ള കാറ്റില്‍ നെല്‍ ചെടികള്‍ ചെറുതായി ആടുന്നതും പാടവര‍മ്പുകള്‍ നനയുന്നതും കണ്മുന്നില്‍ വെള്ളം പൊങ്ങുന്നതും എല്ലാം കുട്ടനാട്ടിലെ മഴക്കാല കാഴ്ചകള്‍ ആണ്.

അതെ സമയം ജീവിതം ദുരിതവും . വീടിനു മുമ്പിലും കൃഷിയിടത്തിലുമെല്ലാം വെള്ളം കയറി നിറഞ്ഞു മട വീഴുമോ എന്നുള്ള പേടിയില്‍ , മഴയില്‍ കൃഷി മുങ്ങി പോവുമോ എന്നുള്ള പേടിയില്‍ ഒക്കെ ആണ് കുട്ടനാട്ടുകാരുടെ മഴക്കാല ജീവിതം .



 ഞാനും മത്തായിയും നേരെ ചെന്നു കേറിയത്‌ പൊറ്റയുടെ വീട്ടിലേക്ക്.  അതിന് അപ്പുറത്തായി അടവിയുടെ വീട് . അടവിയുടെ വീട്ടില്‍ നിന്നും ഒരു കള്ളി മുണ്ടും എടുത്തുടുത്തു നേരെ കുടുംബ വീട്ടിലേക്ക് . എല്ലാവരെയും കണ്ടു ഹാജര്‍ വെച്ചു. വന്നിട്ടുണ്ട് എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി കഴിഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങി . തിരികെ റോഡരികില്‍ എത്തി അല്പം കഴിഞ്ഞപ്പോള്‍ പുളിങ്കുന്ന് ജങ്കാറിനരികില്‍  പൂതം  എത്തിയിട്ടുണ്ട് എന്നറിഞ്ഞു  കച്ചി വണ്ടിയുമെടുത്ത് പൂതത്തിനെ വിളിച്ചു കൊണ്ട് തിരികെ വന്നു .



അടവിയോടും കൂട്ടരോടും ഒപ്പമുള്ള ഷാപ്പില്‍ പോക്ക് ,  കുറച്ചു കള്ള് കുറെ അധികം കുട്ടനാടന്‍ ഭക്ഷണംഏതേലും തോട്ടിലൂടെ കുറച്ചു ദൂരം വള്ളം തുഴയല്‍,  തോട്ടരികിലൂടെപാടവരമ്പിലൂടെ ഉള്ള നടത്തം ഇതൊക്കെയാണ് ഇപ്പോള്‍ പുളിങ്കുന്നിലേക്കുള്ള  യാത്രകള്‍ക്ക് ഹരം പകരുന്നത് . 



ഉച്ചക്കുള്ള ഭക്ഷണം ഏതോ വീട്ടില്‍ കേറി തിന്നും ബോട്ട് പുരയില്‍ കിടന്ന ബോട്ടിന്റെ മുകളില്‍ കേറി കിടന്നു മയങ്ങിയും വെറുതെ  അങ്ങോട്ടുമിങ്ങോട്ടും കറങ്ങി  നടന്നും പഴയ ഒറ്റത്തടി പാലത്തില്‍ നിരന്നിരുന്നും  സമയം കളഞ്ഞു . വൈകുന്നേരം ആയപ്പോള്‍ മത്തായി വീട്ടിലേക്കു പോയി.  ഞാനും പൂതവും പിറ്റെന്നത്തെക്ക് പോവാം എന്ന് തീരുമാനിച്ച്  അവിടെ നിന്നു . നേരം ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ എല്ലാ അവന്മാരും വീണ്ടും ഒരുമിച്ചു കൂടി . 


                                  എന്നെയും ബാക്കി ഉള്ളവരെയും കൊണ്ട് പോയത് വ്യാസപുരം ഷാപ്പിലെക്കായിരുന്നു . ഈ ഷാപ്പ്‌ നില്‍ക്കുന്നത് തോടിന്റെ മറുകരയില്‍ ആണ് . ഷാപ്പിന്റെ മറ്റൊരു വശത്ത് കൂടി ചെറിയ ഒരു തോട് കൂടി ഒഴുകുന്നുണ്ട് . മറ്റു രണ്ടു വശങ്ങളും  പാടമാണ്. പാടവരമ്പിലൂടെ നടന്നു വേണം ഷാപ്പിലേക്ക് എത്താന്‍ . നല്ല ഭക്ഷണം .
കള്ളുകുടം...



കുറച്ചു നാളുകള്‍ക്കു മുമ്പ് അടവിക്കു ഒരു കാമുകി ഉണ്ടായിരുന്നു .   തോടിനരികിൽ തന്നെ ആയിരുന്നു ആ പെണ്‍കുട്ടിയുടെ വീട്.  ഈ ഷാപ്പിനു എതിര്‍വശത്ത് തോടിനരികില്‍ എന്നെ നിര്‍ത്തി അല്പം കൂടി മുന്നോട്ടു മാറി തോടിന്റെ കരയില്‍ തന്നെ അവനെ കാത്തു  നിന്ന  കാമുകിയോട് സംസാരിക്കാന്‍ അടവി അങ്ങോട്ട്‌ പോയി .വേറെ ഒന്നും ചെയ്യാനില്ലാത്ത  തോടിന്റെ ഭംഗിയും ആഴവും വെള്ളവും എന്നൊക്കെ ആലോചിച്ചു ഞാൻ കുറെ നേരം തൊട്ടരികില്‍ ഇരുന്നു . വളരെ റൊമാന്റിക് ആയ സ്ഥലവും സമയവും ....  ഏതോ തേങ്ങ വീണു വെള്ളം തെറിച്ച ശബ്ദം ഉണ്ടായതല്ലാതെ ബാക്കി  എല്ലാം നിശബ്ദം ആയിരുന്നു.    കുറച്ചധികം സമയം കഴിഞ്ഞിട്ടും  അവനെ കാണാത്തത് കൊണ്ട്  ചെന്നു നോക്കിയപ്പോള്‍  അവിടെ അവനും ഇല്ല കാമുകിയും ഇല്ല  . തോട്ടരികിലൂടെ തലയും ചൊറിഞ്ഞു തെക്ക് വടക്ക്  നടക്കുന്ന എന്നെ കണ്ടിട്ടാവണം അക്കരെ ഷാപ്പില്‍ നിന്നും അന്ന് രാവിലെ പരിചയപ്പെട്ട ചെത്തുകാരന്‍ ചേട്ടന്‍ "അടവിയെ ആണോ നോക്കുന്നെ ?" എന്ന് വിളിച്ചു ചോദിച്ചത് .



കുട്ടനാട്ടില്‍ എവിടെയോ വെച്ച് എടുത്ത ചിത്രം .
എവിടെ വെച്ച് എന്ന് ഓര്‍ക്കുന്നില്ല 

  
  അതിലെ വള്ളവും കൊണ്ട് പോയ ഒരു ചേട്ടന്‍ തോടിന്റെ മറുകരയില്‍ എത്താന് സഹായിച്ചു . ‍  ഷാപ്പില്‍ ചെന്നപ്പോള്‍ അടവി നനഞ്ഞു കുളിച്ചിരുന്നു കള്ള് കുടിക്കുന്നു .  വെള്ളത്തില്‍ തേങ്ങ വീണതെന്ന് കരുതിയ ശബ്ദം അവന്‍ വെള്ളത്തില്‍ ചാടിയതായിരുന്നു എന്ന് അപ്പോളാണ് മനസ്സിലായത്‌. കാമുകിയോട് സംസാരിക്കാന്‍ പോയവന്‍ എന്തോ പറഞ്ഞു അവളുമായി ഉടക്കി . വഴക്ക് കൂടിയതിന്റെ സങ്കടം തീര്‍ക്കാന്‍ തോട്ടില്‍  ചാടി നീന്തി   ഷാപ്പില്‍ കേറി കടം പറഞ്ഞു കള്ള് കുടിച്ചു കരയുന്ന അടവിയുടെ രൂപം ആണ് ഈ ഷാപ്പ്‌ കാണുമ്പോള്‍ എപ്പോളും ഓര്‍മ്മ വരുന്നത് . വേറെ ഒന്ന് കൂടി ഉണ്ട് . പിന്നൊരിക്കല്‍ ഒരു പോസ്റ്റ്‌ ആയിട്ട് പറയാം )              

                           എല്ലാ പ്രണയങ്ങള്‍ക്കും സംഭവിക്കുന്നത്‌ പോലെ തന്നെ  , അടവിയുടെ പ്രണയവും നിറം മങ്ങി നര  ബാധിച്ചു ഇല്ലാതെയായി . വേറെ ആരെയോ വിവാഹം കഴിച്ചു ആ പെണ്‍കുട്ടി കുടുംബിനി പട്ടം നേടി  . പക്ഷെ തിരിച്ചു കിട്ടാത്ത ഒരു വസന്തം പോലെ അടവി ഇപ്പോളും ആ സമയത്തെ കുറിച്ച് പറയാറുണ്ട്


പഴയ കാമുകിയെ കുറിച്ചുള്ള ഓര്‍മ്മകളും പണ്ടെങ്ങോ സംഭവിച്ച കുറെ തമാശകളും ... രാത്രി ഭക്ഷണം ... ഏതോ സമയത്ത് ഉറക്കം...

നേരം വെളുത്തപ്പോള്‍  കിട്ടിയ ആദ്യത്തെ വണ്ടിക്കു പൂതം  വീട് പിടിച്ചു . തെങ്ങിന്‍ മുകളിലെ മാട്ടത്തിലെ കള്ള്ഷാപ്പിലെ വറ്റ  കറിയും പൊടിമീന്‍ വറുത്തതും എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു അടവി എന്നെ പിടിച്ചു നിര്‍ത്തി . രാവിലെ തന്നെ തോട്ടിലെ കുളിയും കുടുംബ വീട് മുതല്‍ അടവിയുടെ വീട് വരെ പലയിടത്തു നിന്നുമായി ഫുഡ്‌ അടിയും മുറക്ക്  നടന്നു .
 പത്ത് മണിയായപ്പോള്‍ അമ്മ ഇങ്ങോട്ട് വിളിച്ചു ചൂടായി ...മുട്ടന്‍ കലിപ്പ് ....
   

  ഉച്ചക്ക് മുമ്പ് വീട്ടില്‍ വന്നില്ലേല്‍ ഇനി നീ ഇങ്ങോട്ട് വരണ്ട !!!!!

അമ്മയുടെ പ്രസ്താവന കേട്ട് ഞാന്‍ ഞെട്ടി . 

   
  
അതോടെ എല്ലാ പ്ലാനും മാറ്റി വെച്ച് പോവാന്‍ ഒരുങ്ങി . നേര്‍വഴി (പുളിങ്കുന്നില്‍ നിന്നും ബസ്സിനു പോകുവാണേല്‍ ഒരു മണിക്കൂര്‍ കൊണ്ട് വീട്ടിലെത്താം ) പണ്ടേ താല്പര്യം ഇല്ലാത്തത്  കൊണ്ടു  ആലപ്പുഴ വരെ ബോട്ടില്‍ പോവാം എന്ന് തീരുമാനിച്ചു . തട്ടാശ്ശേരിയില്‍ നിന്നും പന്ത്രണ്ടു മണിക്ക് ബോട്ട് ഉണ്ടെന്നു അറിയാമായിരുന്നു. അടവി കൂടെ വരാന്‍ ഇറങ്ങി .
 ഇനിയെന്നാ വരുന്നേ എന്നാ ചോദ്യത്തിനു എന്റെ ഉള്ളില്‍  ഉത്തരം തിരഞ്ഞു ഞാന്‍ മറുപടി പറയാതെ ഇറങ്ങി ... 


കണ്ണാടി വരെ നടന്നു . അവിടെ നിന്നും തട്ടാശ്ശേരിക്ക് ഷെയര്‍ ഓട്ടോ കിട്ടി . തട്ടശ്ശേരിയില്‍ ചെന്നിറങ്ങിയപ്പോള്‍ ആണ് കൂടെ ഉണ്ടായിരുന്ന ഒരു പ്രായമായ അമ്മൂമ്മ ഇപ്പോള്‍ വീണേക്കും എന്ന പോലെ നടക്കുന്നത്  കണ്ടത് . അടവിയും ഞാനും കൂടെ താങ്ങി പിടിച്ചു ഒരു കടയുടെ മുന്നില്‍ ഇരുത്തി . ആശുപത്രിയില്‍ കൊണ്ട് പോവാം എന്ന് പറഞ്ഞു എങ്കിലും വേണ്ട വെള്ളം മതി എന്നവര്‍ പറഞ്ഞു .  കുടിക്കാന്‍ സോഡാ നാരങ്ങാ വാങ്ങി കൊടുത്തു .  മകന്‍ ഇപ്പോള്‍ വിളിക്കാന്‍ വരും , മക്കള്‍ പൊയ്ക്കോ എന്നൊക്കെ അവര് പറയുന്നുണ്ടായിരുന്നു  എങ്കിലും അയാള്‍ ജങ്കാര്‍ ഇറങ്ങി നടന്നു വരുന്നത് വരെ ഞങ്ങള്‍ കൂടെ നിന്നു .

എല്ലാം കഴിഞ്ഞു ബോട്ട് ജെട്ടിയില്‍ എത്തിയപ്പോള്‍ ആലപ്പുഴക്കുള്ള ബോട്ട് അതാ അകന്ന് അകന്ന് പോവുന്നു .വിളിച്ചു കൂവിയിട്ട് കാര്യമില്ലല്ലോ ...ഓടി കേറാന്‍ ബോട്ട് ഓടുന്നത് റോഡിലും അല്ല.. അടുത്ത ബോട്ട് ഒന്നേകാലിനാണ് എന്ന് ജെട്ടിയിലെ കടക്കാരന്‍ പറഞ്ഞു .


ഡസ്പ് ...പൂര ഡസ്പ് ...

ജങ്കാര്‍  കയറി കാവാലം കടവില്‍ ഇറങ്ങി . ഏ ടി എമില്‍ നിന്നും കാശ് എടുത്തു . കടത്ത് വള്ളം കയറി തിരികെ ഇറങ്ങി  നേരെ തട്ടാശ്ശ്ശേരി ഷാപ്പിലോട്ടു കയറി.


(പുളിന്കുന്നിലെത് പോലെ തട്ടാശ്ശേരിയിലും ജങ്കാര്‍ സര്‍വ്വീസ് ആണ് , ഒരു കരയെ തട്ടാശ്ശേരി എന്നും മരുകരയെ കാവാലം എന്നും പറയും ).

ഒരു ഷാപ്പില്‍ നിന്നും കഴിച്ച  പൊടിമീന്‍ വറുത്തത് . 


നല്ല വറ്റ കറിയും പൊറോട്ടയും ... കറിക്ക് ഒടുക്കത്തെ എരിവ് .  ആ പഞ്ചായത്തിലെ മുഴുവന്‍ മുളകും ആ കറിയില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു .   എരിവ് മാറാന്‍ കള്ള് കുടിച്ചാല്‍ മതിയെന്ന് അടവിയുടെ ഭാഷ്യം .  ഷാപ്പില്‍ വെള്ളവും കിട്ടും , പക്ഷെ എല്ലാവരും കള്ളിനോട്  ആയിരിക്കും ആ സമയത്ത് താല്പര്യം കാണിക്കുക. സംശയം ഉള്ളവര്‍ക്ക് സ്വയം പരീക്ഷിക്കാവുന്നതാണ് !!!!

കാശ് കൊടുത്തു പുറത്തിറങ്ങി ബോട്ട് ജെട്ടിയില്‍ വന്നപ്പോള്‍ അടവിക്കു വിശക്കുന്നു എന്ന് പറഞ്ഞു . അവിടെ ഉള്ള  ഹോട്ടലില്‍ കയറി അവന്‍ ഊണ്  കഴിക്കാന്‍ തുടങ്ങി. നാല്പതു രൂപയ്ക്കു മീന്‍ കറിയും ഒഴിച്ച് കൂട്ടാനും എന്തൊക്കെയോ തോരനും ഒക്കെ ആയിട്ട് നല്ല സ്വയമ്പന്‍ ഊണ് ആയിരുന്നു എന്ന് അടവി പറഞ്ഞു . കണ്ടിട്ടും അങ്ങനെയാണ് തോന്നിയത് . ചില്ലലമാരയില്‍ ഇരുന്ന പഴമ്പൊരിയിലാണ് എനിക്ക് താല്പര്യം തോന്നിയത് . വറ്റക്കറിയുടെ എരിവു പോവാന്‍ വേണ്ടിയാണ് അത് കഴിച്ചത് . പഴത്തിന്റെ മധുരത്തില്‍ എരിവു അല്പം കുറഞ്ഞു എങ്കിലും ആ രുചി നാവിനെ അപ്പോഴും ത്രസിപ്പിച്ചിരുന്നു.

തിരികെ വീട്ടിലേക്കു പോവുന്നവഴി ബോട്ടില്‍
നിന്നും എടുത്ത ഫോട്ടോ 
  ഊണ് കഴിഞ്ഞു ക്ഷീണിച്ചു നേരെ ജെട്ടിയില്‍ വന്നിരുന്നു .   അടവി കരിങ്കല്ലിനു കാറ്റ് പിടിച്ചത് പോലെ എന്റെ കൂടെ ഇരി‍പ്പുണ്ടായിരുന്നു .  ഒരുത്തന്‍ നിന്ന് കരിമീന്‍ ചൂണ്ട ഇടുന്നു . ഒന്ന് രണ്ടെണ്ണം കിട്ടിയാല്‍ അവനിന്ന് കുശാല്‍ ആയി .


ബോട്ട് വന്നു , അടവിയോടു യാത്രയും പറഞ്ഞു ബോട്ടില്‍ കയറി ...... ബോട്ട് അകലുന്നതും നോക്കി അടവി കടവില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു .


തിരികെ വീട്ടിലേക്കു പോവുന്നവഴി ബോട്ടില്‍
നിന്നും എടുത്ത ഫോട്ടോ 
കായലില്‍ കാറ്റ് ചൂളമടിക്കുന്നത് പോലെ കേള്‍ക്കാം ചില സമയത്ത് ..... ഒരേ സമയം പല ദിശകളില്‍ നിന്നും കാറ്റ് വീശുന്നത് പോലെയും തോന്നാറുണ്ട് കായലിന്റെ മധ്യത്തില്‍ ...

ലിസ്സിയോ പള്ളി, പതിനാറായിരം ( പതിനാറായിരം പറ നെല്ല് വിതച്ചിരുന്നത് കൊണ്ട് ആ പേര് ) , വട്ടക്കായാല്‍ ... ബോട്ട് ആലപ്പുഴയിലേക്ക് ......


മുരിക്കന്‍ ജോസഫ്‌ പണിത പള്ളി. റാണി , ചിത്തിര തുടങ്ങിയ കായല്‍
പാടശേഖരങ്ങളുടെ അരികില്‍ ആണിത് നില്‍ക്കുന്നത്





ബോട്ടില്‍ അധികം ആള്‍ക്കാരൊന്നും ഇല്ലായിരുന്നു .  കാഴ്ചകള്‍ കാണാന്‍ ഉള്ള സൌകര്യത്തിനു  വേണ്ടി ഒരു സൈഡ് സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു . യാത്രക്കാരില്‍ ഭൂരി ഭാഗവും ഉറക്കമാണ് . അല്ലെങ്കില്‍ ഉറങ്ങാന്‍ ഉള്ള ശ്രമത്തിലും . സ്ഥിരം യാത്രക്കാര്‍ക്ക് കാറ്റും കായല്പരപ്പും ഒന്നും വലിയ കാര്യമല്ല .



കായലിനും അപ്പുറം പച്ച വിരിച്ചു പാടശേഖരങ്ങള്‍ . കുട്ടനാട് ഒരുകാലത്ത്  നെല്ലറ ആയിരുന്നു.കായലിനെയും കായലില്‍ നിലം ഉയര്‍ത്തി കൃഷി നടത്തിയിരുന്നവരെയും കുറിച്ച്  കഥകള്‍ ഒരുപാടുണ്ട് . 


 കായല്‍ രാജാവ് മുരിക്കന്‍ ജോസഫിനെ കുറിച്ചെല്ലാം അറിവ് കിട്ടിയിട്ട് അധികം നാളായിട്ടില്ല എങ്കിലും ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കേള്‍ക്കുന്ന പേരുകള്‍ ആണ് കായല്‍ നിലങ്ങള്‍ ആയ റാണിചിത്തിര ആര്‍ ബ്ളോക്ക്‌ മാര്‍ത്താണ്ഡം എന്നൊക്കെ . ഇന്നും നാട്ടില്‍ നിത്യവും ആര്‍ ബ്ളോക്കില്‍ ജോലിക്ക് പോയി തിരികെ വരുന്നവരെ കാണാം .


 കൃഷി ഇല്ലാതെ നശിച്ച റാണി കായലില്‍ വലയിട്ടു മീന്‍ പിടിക്കുന്നവരില്‍ എന്റെ അയല്‍ക്കാരും ഉള്‍പ്പെടുന്നുണ്ട് . കൃഷി ഇല്ലെങ്കിലും കായല്‍ നിലങ്ങള്‍ അങ്ങനെയും ഇപ്പോഴും അതി ജീവനത്തിനു വഴി ഒരുക്കുന്നുണ്ട് . കായലില്‍ ചെളി കുത്തി പൊക്കി ബണ്ട് കെട്ടി അതിലെ വെള്ളം തേവി കളഞ്ഞു കൃഷി നടത്തി വിജയം കൈവരിച്ച ഒരു ജനതയുടെ ചങ്കുറപ്പാണ് അവിശ്വസനീയം . അവരുടെ അദ്ധ്വാനമാണ് ഇന്ന് ബണ്ട്  തകര്‍ന്നു വെള്ളം കയറി കായലിനേക്കാള്‍ ആഴമുള്ള കായല്‍ നിലം ആയി കിടക്കുന്നത് . 





ഒരു മണിക്കൂര്‍ യാത്ര ഉണ്ട് ആലപ്പുഴയിലേക്ക് .... 

ഇനിയും കാണാത്ത ഒരുപാട് കാഴച്ചകളുമായി വേമ്പനാട് കായല്‍ പരന്നു കിടക്കുന്നു  .  ഓരോ യാത്രയിലും  പുതിയ കാഴ്ചകളുമായി വേമ്പനാട് കായല്‍ എന്നും വരവേല്‍ക്കാരുണ്ട് .  ഇനിയും വരണം എന്നുള്ള നിശ്ചയം ആണ് ഓരോ യാത്രാ അവസാനവും തോന്നാറുള്ളത് . 

ജലപ്പരപ്പിനെ പിന്നില്‍ ഉപേക്ഷിച്ചു ബസ്സില്‍ കയറി വീടെത്തി ...

കിടക്കുന്നതിനു മുമ്പ് മൊബൈലില്‍ തെളിഞ്ഞ കച്ചിയുടെ മെസ്സേജ് കണ്ടു ....
"ഇനിയെന്നാ വരുന്നേ ??? "


                                                      
                                          


    
























Wednesday, July 18, 2012

നടവഴികള്‍ - അമ്പലപ്പുഴ

ചുമ്മാ ഇരുന്നപ്പോള്‍ ഒരു ഭൂതോദയം ...എന്നാല്‍ പിന്നെ അങ്ങ് പോയേക്കാം എന്ന് കരുതി ....
അപ്പച്ചിയുടെ മോന്‍ മത്തായിയെ വിളിച്ചു പറഞ്ഞു..."
ഞാന്‍ അങ്ങ് വരുവാ...കുറച്ചു പായസം  വാങ്ങിയേക്ക്" എന്ന് .അമ്പലപ്പുഴയിലാ മത്തായിയുടെ വീട് .അങ്ങനെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ....

ഇറങ്ങിയപ്പോള്‍ തന്നെ അമ്മ ചോദിച്ചു " ഈ ആഴ്ച തന്നെ തിരിച്ചു വരുവോ ആവോ ?"
പുച്ഛം....ഭൂലോക പുച്ഛം . ഞാന്‍ ആ പുച്ഛം മുഴുവന്‍ ഏറ്റു വാങ്ങി തിരിഞ്ഞു നോക്കാതെ നടന്നു .

അമ്പലപ്പുഴ .....
ഈ നാട് ഇഷ്ടപ്പെടാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ട് . എന്തിനും കൂട്ട് നില്‍ക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ , കളിച്ച് നടക്കാന്‍ ഒരുപാടു പാടവും പറമ്പുകളും . പോയി കെട്ടി മറിഞ്ഞു കുളിക്കാന്‍ തോടുകള്‍ .  എല്ലാത്തിനും പുറമേ ആദ്യ പ്രണയവും .

നനഞ്ഞ പാടവരമ്പിലൂടെ എന്റെ കൈ പിടിച്ച് നടന്ന ,  അമ്പലത്തില്‍ പോവാന്‍ കൂട്ട് വന്ന ,  ഒരു കുടക്കീഴില്‍ മഴ നനഞ്ഞ  ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക് ഈ ഗ്രാമത്തില്‍ . ഒരു ബാല്യവും കൌമാരവും പ്രണയത്തില്‍ കുതിര്‍ന്നു ആ പുഴക്കരയിലും  വയല്‍ വരമ്പത്തും കിടപ്പുണ്ടാവും. 


അമ്പലപ്പുഴ അമ്പലത്തിനും കിഴക്ക് ,ആമയിട ഗ്രാമത്തില്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായി പാടത്തിനു അരികില്‍  ആണ് മത്തായിയുടെ വീട് . ആദ്യം  ചെറിയ റോഡിലൂടെ , റോഡു കഴിഞ്ഞുള്ള  ഇടവഴികളിലൂടെ നടന്നാല്‍  മത്തായിയുടെ വീട്ടിലെത്താം .. പാടങ്ങളെ പകുത്തു കൊണ്ടുള്ള ഈ റോഡിലൂടെ നടക്കുമ്പോള്‍ ഞാന്‍ പണ്ട്  കൊയ്തുപാട്ടുകള്‍ കേട്ടിട്ടുണ്ട്   . ചിങ്ങമാസത്തില്‍ ഈ പാടത്ത് സ്വര്‍ണ്ണ നിറത്തില്‍ കതിരുകളുമായി  നെല്‍ചെടികള്‍ ഉണ്ടാവും . മഴകാലത്ത് വെള്ളം നിറഞ്ഞു കായല്‍ പോലെ തുടക്കവും അവസാനവും എവിടെ എന്ന് കാണിക്കാതെയും , വേനലില്‍ വറ്റി വരണ്ടു മൈതാനം പോലെയും . വേനലവധിക്ക് അങ്ങനെ ഉറച്ച ചെളിയില്‍ ആണ് ഞങ്ങള്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നത്.
  
അമ്പലപ്പുഴ ക്ഷേത്രം 
വീട്ടില്‍ ചെന്ന് കയറുന്നതിനു മുമ്പേ മത്തായി പുറത്ത് ഇറങ്ങി വന്നു പറഞ്ഞു
വാ പോവാം ...
എങ്ങോട്ട് ?
അമ്പലത്തില്‍ .
എന്നാത്തിനാ ഇപ്പൊ അമ്പലത്തില്‍ പോണേ   ??
നിനക്ക് പായസം വേണ്ടേ ?
നീ വാങ്ങിയില്ലേ ?
വിളിച്ചു പറഞ്ഞാരുന്നു ...ഭാഗ്യം ഉണ്ടേല്‍ കിട്ടും ...
ഭാഗ്യം ഇപ്പോള്‍ ഉണ്ടയായിട്ടാണോ കിട്ടുന്നത് ?

അങ്ങനെ അവന്റെ കൂടെ അമ്പലത്തില്‍  പോയി തൊഴുതു. കളിത്തട്ടില്‍ കുഞ്ചന്റെ മിഴാവ് കാണാം . ചാക്യാരുടെ പകയുടെ ഫലം കൊണ്ടാവണം അടുത്ത കാലം വരെ അമ്പലപ്പുഴ അമ്പലത്തില്‍ ഓട്ടം തുള്ളല്‍ അവതരിപ്പിക്കാറില്ലായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വീണ്ടും അവതരിപ്പിക്കാന്‍ പോവുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു . 

ഞങ്ങള്‍ പായസവും വാങ്ങി തിരികെ പോന്നു...
കളിത്തട്ട് . ഇവിടെയാണ് കുഞ്ചന്‍ നമ്പ്യാര്‍
ചാക്യാര്‍ കൂത്തിന് മിഴാവ് വായിച്ചിരുന്നത്
അമ്പലപ്പുഴ പാല്‍പായസം ഉണ്ടാക്കുമ്പോള്‍  അഞ്ചു മണിക്കൂറും പായസം അടുപ്പിനു മുകളില്‍ കത്തുന്ന ചൂടില്‍ വേവുകയായിരിക്കും . ആദ്യ മൂന്നു മണിക്കൂര്‍ സമയം പാല്‍ മാത്രം തിളപ്പിക്കും... അതിനു ശേഷം ആണ് പഞ്ചസാരയും അരിയും ചേര്‍ക്കുന്നത് . പായസം ഉണ്ടാകേണ്ടി വരുന്ന ഈ പ്രവൃത്തിക്കും അനുബന്ധ പരിപാടികള്‍ക്കും എല്ലാമായി ഏഴ് മണിക്കൂറോളം സമയം എടുക്കുന്നുണ്ട് .

ഇപ്പോള്‍ ഒരു ലിറ്റര്‍ പാല്പായസത്തിനു നൂറു രൂപയാണ് വില. ക്ഷേത്രത്തിലെ വഴിപാട് കൌണ്ടറില്‍ നമുക്ക് പായസം ബുക്ക്‌ ചെയ്യാം . പായസം വാങ്ങുവാനുള്ള പാത്രം നമ്മള്‍ തന്നെ കൊണ്ട്  ചെല്ലണം .

ഊണിനു മുമ്പ് ഒരു റൌണ്ട് കുടിച്ചു ...

മീന്‍ കറി..മീന്‍ വറുത്തത് ...മോര് ..എന്തൊക്കെയോ തോരന്‍ ..ഊണ് മോശമില്ലാരുന്നു .....എല്ലാത്തിന്റെയും പുറമേ കുറെ പായസവുംകുടിച്ചു കഴിഞ്ഞപ്പോള്‍ തൃപ്തിയായി ....
കിഴക്ക് വശത്തെ കാവിനു സമീപം നില്‍ക്കുന്ന പുളിമരത്തിനു താഴെ പോയി കുറച്ചു സമയം ഇരുന്നു ...ഉണര്‍ന്നപ്പോള്‍ ആണ് മനസ്സിലായത് ഞാന്‍ മരത്തില്‍ ചാരി ഇരുന്നു ഉറങ്ങുകയായിരുന്നു എന്ന് ...

ഒരിക്കല്‍ പുളിങ്കുന്നില്‍ വെച്ച് കണ്ട ഒരു ചെത്തുകാരന്‍ ചേട്ടന്‍ .
പേര്  പറഞ്ഞിരുന്നു അന്ന്. മറന്നു പോയി. 
ഇടവഴിയിലൂടെ ഒരാള്‍ ചെത്ത് കുടവുമായിട്ട് പോവുന്നു 


അന്തി  ചെത്താന്‍ സമയമായില്ല , പിന്നെ ... ???
പരിചയമുള്ള ആളല്ല ...പുളിയുടെ അപ്പുറത്ത് നില്‍ക്കുന്ന തെങ്ങിന്റെ മുകളിലോട്ടു നോക്കിയപ്പോള്‍ മാട്ടം  ഇരിക്കുന്നു ...
 മനുഷ്യനെ പ്രലോഭിപ്പിക്കാനായിട്ട് ഓരോന്ന് ഉണ്ടാക്കി വെച്ചോളും.....

വീട്ടില്‍ ചെന്നപ്പോള്‍ മത്തായി സിമന്റ് തറയില്‍ കിടന്നു ഉറങ്ങുന്നു ...വിളിച്ച് പൊക്കി 
"എടാ കള്ള്   കിട്ടാന്‍ എന്താ വഴി ???"
"ഷാപ്പില്‍ പോയാല്‍ മതി "
"പ്ഫാ ...അപ്പച്ചനോട് ചോദിച്ചാല്‍ കിട്ടത്തില്ലേ ?"
അച്ഛനോട് ചോദിച്ചാല്‍ കിട്ടുന്നത് ചെത്ത്   കത്തിയുടെ വെട്ടാരിക്കും ...


അപ്പച്ചന്‍ ചെത്തുകാരന്‍ ആണെന്ന് മാത്രമേ ഉള്ളൂ..   കള്ള്   കുടിക്കില്ല. മത്തായിയും അത് പോലെ തന്നെ. അവനും കുടിക്കില്ല . തിന്നും ...ഒരുപാട് തിന്നും . ഒരു മയവുമില്ലാതെ തിന്നു കളയും. അവനോടു വാശി തീര്‍ക്കാനെന്ന പോലെ ഞാനും !!!!!!!!!!


എന്നാല്‍ പിന്നെ കുട്ടാണ്ണനോട് ചോദിച്ചാലോ ?

മിക്കവാറും എല്ലാ ചെത്തുകാരന്മാരും പ്രത്യേകിച്ച് കുട്ടനാട് ഉള്ളവര്‍ , ചെത്തുന്ന കള്ള് മുഴുവന്‍ ഷാപ്പില്‍ കൊടുക്കാറില്ല .  എന്നെ പോലെ ഇങ്ങനെ വഴി തെറ്റിയ പോലെ വന്നു കേറി കള്ള് ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ വേണ്ടീട്ട് കുറച്ചു വീട്ടില്‍ വെച്ചേക്കും . ഷാപ്പില്‍ നിന്നും കിട്ടുന്ന കള്ളിനേക്കാള്‍ നല്ല കള്ള് നമുക്ക് കിട്ടും . അതെ സമയം ചെത്തുകാരന് ഷാപ്പില്‍ നിന്നും കിട്ടുന്നതില്‍ കൂടുതല്‍ പൈസ കിട്ടുകയും ചെയ്യും

കുട്ടാണ്ണന്‍ എന്ന് വിളിക്കുന്ന അയല്‍ക്കാരനും കുടുംബ സുഹൃത്തുമായ ചെത്തുകാരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും ഒരു ലിറ്റര്‍ കള്ള്‍ വാങ്ങുമ്പോള്‍  പ്രത്യേകം പറഞ്ഞു 

"നാറ്റിക്കരുത്..പ്ലീസ് "

"പോടാ അവിടുന്നു  ... ഇതൊക്കെ ഞാന്‍ ആരോടേലും  പറയുവോ ?"

പൂവരശുകള്‍ അതിരിട്ടിരുന്ന ബാലന്റെ പറമ്പിലെ വലിയ പ്ലാവിന്‍ തണലില്‍ ഇരുന്നു , അവിടെ എങ്ങനെയോ മുളച്ചു പൊന്തിയ കാന്താരിയിലെ ചുവന്ന മുളകിന്റെ എരുവില്‍ കുടിച്ച കള്ളിന് മധുരം തോന്നി .  ഒരു കൂട്ടുകാരന്റെ  പഴയ പ്രണയിനി താമസിച്ചിരുന്ന ആ പറമ്പിലെ ഒറ്റ വീട് ഇപ്പോള്‍ ആള്‍ താമസം  ഇല്ലാതെ പൂട്ടി കിടക്കുന്നുണ്ടായിരുന്നു . 

തിരികെ വീട്ടില്‍ ചെന്നപ്പോള്‍ നാല്  മണി ആവുന്നു  ... ആരും ഒന്നും ചോദിച്ചില്ല ...ഒരു ചായയും കുടിച്ചു വീട്ടില്‍ നിന്നും ഇറങ്ങി ...


എങ്ങോട്ടാടാ രണ്ടും കൂടി ? 

തോട്ടില്‍ കുളിക്കാന്‍ പോകുവാ ...

തിരിച്ചു വരുമ്പോള്‍ തോട് അവിടെ വെച്ചേച്ചു പോരണം ...ഇനി വരുന്നവര്‍ക്കും കുളിക്കേണ്ടതാ ...

പഴയകാലം എല്ലാം  ഓര്‍മ്മയുള്ളത് കൊണ്ടായിരിക്കും അപ്പച്ചി അങ്ങനെ പറഞ്ഞതെന്ന് സമാധാനിച്ചു.

 കുളിക്കാന്‍ പോയതിന്റെ പേരില്‍ നാട്ടുകാരുടെ  വായില്‍ നിന്നും കേള്‍ക്കുന്നതും അപ്പച്ചന്റെ തല്ല് കൊള്ളുന്നതും എനിക്കും മത്തായിക്കും ഒരു പതിവായിരുന്നു .. രാവിലത്തെ കാപ്പി കുടിയും കഴിഞ്ഞു തോട്ടില്‍ കുളിക്കാന്‍ പോയാല്‍ ഉച്ചക്ക് ഊണിന് കേറി വരുന്നത് കാണുമ്പോള്‍ ആരായാലും തല്ലിപ്പോവുമായിരിക്കാം .

കുളിക്കാന്‍ പോയെങ്കിലും തോട്ടരുകിലെത്തി പാടത്തിനും തോടിനും ഇടക്ക് കെട്ടിയ ബണ്ടിലൂടെ കിഴക്കോട്ട്  നടന്നു . ഈ ബണ്ട് എന്ന് കെട്ടിയതാണോ  എന്തോ ...ഞാന്‍ ഈ നാട്ടില്‍ വരുന്ന നാള് മുതലേ ഈ ബണ്ട് ഇവിടുണ്ട് ...ചിലപ്പോള്‍ മഴ നനഞ്ഞു ചളി പുതച്ച് , അല്ലെങ്കില്‍ വേനലില്‍ വെള്ളം വലിഞ്ഞു കരിമ്പാറയുടെ നിറവും ഉറപ്പും കൂടി ...

 ഈ ചെറിയ തോട് ചെന്നു ചേരുന്നത് കരുമാടി തോട്ടിലോട്ടാണ് . അര കിലോമീറ്റര്‍ അപ്പുറത്ത് കരുമാടിക്കുട്ടന്റെ അമ്പലം കാണാം . കുറച്ചു സമയം അവിടെ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ ഇരുന്നു.
കൊല്ലത്ത് നിന്നും ആലപ്പുഴക്കുള്ള ബോട്ട് അപ്പോള്‍ കരുമാടി തോട്ടിലൂടെ ഞങ്ങളെ കടന്നു പോയി . 


കരുമാടിക്കുട്ടന്റെ മുമ്പിലൂടെ ഒഴുകുന്ന കരുമാടി തോട് .
കരുമാടി തോടിന്റെ പുറകു വശം വലിയ പാടം ആണ് .ചെറിയ തുരുത്ത് , വലിയ തുരുത്ത് എന്നിങ്ങനെ  അറിയപ്പെടുന്ന, കരുമാടി മുതല്‍ മത്തായിയുടെ വീടിന്റെ വാതില്‍ക്കല്‍ ആമയിട  വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാട ശേഖരം .   കരുമാടി തോടിന്റെ അരികില്‍ നിന്നാല്‍ വീടിനു വാതില്‍ക്കലെ സര്‍പ്പക്കാവും വെള്ള പെയിന്റ് അടിച്ച അതിന്റെ ചെറിയ മതില്കെട്ടും ഇലഞ്ഞി മരവും ഒക്കെ കാണാം .ഞാനും മത്തായിയും ഒരിക്കല്‍ കരുമാടിക്കുട്ടന്റെ എതിര്‍വശത്തുള്ള ഈ പാടം നേരെ മുറിച്ചു കടന്നു വീട്ടിലേക്ക്‌ പോവാന്‍ ഒരു ശ്രമം നടത്തി . പാടത്തിലൂടെ വെള്ളം തെറിപ്പിച്ച് നടന്നു തുടങ്ങി അധികം വൈകുന്നതിനു മുമ്പേ രണ്ടു പേരും വെള്ളം നിറഞ്ഞ ഒരു കുഴിയില്‍ വീണു . കഴുത്തൊപ്പം വെള്ളം ഉണ്ടായിരുന്നു , അല്ലെങ്കില്‍ കഴുത്തൊപ്പം മുങ്ങിയപ്പോള്‍ മനസ്സിലായി തലയും മുങ്ങും എന്ന് . അങ്ങനെ പരിശ്രമം പാതി വഴില്‍ ഉപേക്ഷിച്ചു തിരിച്ചു കയറി , ബണ്ടിലൂടെ നടന്നു നേരം വൈകി വീട്ടിലെത്തി വയറു നിറച്ചു വഴക്കും കേട്ടു കിടന്നുറങ്ങി അന്ന് .


 തോട്ടിലെ കുളിയും കഴിഞ്ഞു അമ്പലത്തിലേക്ക് വീണ്ടും .. തൃപ്പദ തൊഴുതു
 ( തൃപ്പദ തൊഴുന്നതാണ് ഏറ്റവും പുണ്യം ലഭിക്കുന്നതെന്ന് പറയപ്പെടുന്നു ).

പടിഞ്ഞാറെ നടയിലെ തടുകടയിലേക്ക് ...ചൂട് ദോശ , നല്ല എരിവുള്ള തേങ്ങാ ചമ്മന്തി, വറ്റല്‍ മുളക് ഇടിച്ചു എണ്ണയില്‍  ചാലിച്ചത്,എല്ലാത്തിനും പുറമേ ചുക്കും കുരുമുളകും ഇട്ടുണ്ടാക്കിയ നല്ല കാപ്പി .

വീട്ടില്‍ ചെന്നപ്പോള്‍ വീടിനു വാതില്‍ക്കല്‍ അപ്പച്ചി നില്‍ക്കുന്നു .

നീയൊക്കെ കളള്  കുടിക്കും അല്ലേടാ ???

"ഓടിക്കോടാ..." എന്ന് ആരോ പുറകില്‍ നിന്നും പറഞ്ഞു . തിരിഞ്ഞു നോക്കിയപ്പോള്‍ മത്തായി കണ്ടം ചാടി ഓടുന്നു . നിമിഷനേരം കൊണ്ട് അവന്‍  മുങ്ങി . മിടുക്കന്‍

തല ചൊറിഞ്ഞു നിന്ന്, വഴക്ക് മുഴുവനും ഏറ്റ് വാങ്ങാനും കുട്ടാണ്ണനെ മനസ്സില്‍ തെറി വിളിക്കാനും മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

അപ്പച്ചന്‍ വരട്ടെടാ ...നിനക്കൊക്കെ മേടിച്ചു തരാം .

ഹോ .... ഇച്ചിരി വഴക്ക് കേട്ടാലെന്നാ ...കള്ള് ഇനി വീട്ടില്‍ കിട്ടും ... എന്റെ  ടൈം ബെസ്റ്റ്‌ ടൈം തന്നെ

ഈ സന്തോഷവര്‍ത്തമാനം പറയാന്‍ ഞാന്‍ മത്തായിയെ  തിരക്കി ചെന്നപ്പോള്‍ , അവന്‍ പാടത്തിനരുകില്‍ നിന്നു പല്ല് കുത്തുന്നു .

എന്തായി ??

ഡാ അപ്പച്ചന്‍ വരുമ്പോള്‍ കള്ള്  മേടിച്ചു തരാം എന്ന് പറഞ്ഞു ..

ഉവ്വ ...കള്ള് കുടിച്ചതിന്റെ പേരില്‍ ഇനി അച്ഛന്റെ കയ്യീന്ന് തല്ല് മേടിച്ചു തരാമെന്നാ പറഞ്ഞത്  ...
ദൈവമേ ...ഇനി അപ്പച്ചന്റെ വക തല്ലും ഉണ്ടോ ...??

രാത്രി അപ്പച്ചന്‍ വീട്ടില്‍ എത്തി കുറെ സമയം കഴിഞ്ഞാണ് ഞങ്ങള്‍ രണ്ടും വീട്ടില്‍ കേറിയത്‌ ...അത് കൊണ്ടു വഴക്ക് കേട്ടില്ല ..ഷാപ്പില്‍ നിന്നും കൊണ്ടു വന്ന  താറാവ് കറിയും കൂട്ടി ഒരു ഊണ് കിട്ടി ...

പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റ്‌, ഒരു ഓര്‍മ്മയുടെ പുതുക്കല്‍ എന്നത് പോലെ പാടം മുറിച്ചു നടന്നു തോട്ടില്‍ പോയി കുളിച്ചു.



ഒരിക്കല്‍ ആ പാടത്ത് കിടന്നു ഞാനും മത്തായിയും തല്ലുണ്ടാക്കിയിട്ടുണ്ട് . മീന്‍ പിടിക്കാന്‍ ആരോ കെട്ടിയ ചിറ രണ്ടു പേരും കൂടി പൊളിച്ചു കളഞ്ഞിട്ടുണ്ട് . ചിറ പൊളിച്ചപ്പോള്‍ കിട്ടിയ ഒരു മരക്കഷണം അടുപ്പില്‍ കത്തിക്കാം എന്ന് പറഞ്ഞോണ്ട് കൊണ്ടു വന്നതിനു രണ്ടു പേര്‍ക്കും വഴക്ക് കേട്ടിരുന്നു.  ഈ പാടത്ത് നിലമുഴാന്‍ കൊണ്ടു വന്ന പോത്തിന്റെ പുറത്ത് കേറിയിട്ടുണ്ട് .  ആദ്യമായിട്ട് കൊയ്ത്തും മെതിയും അടുത്ത് കണ്ടതും ഈ പാടത്ത് തന്നെ .


കുളി കഴിഞ്ഞു തിരിച്ചു വന്നത്   നാട്ടു വഴിയിലൂടെ .  ഭക്ഷണം കഴിച്ചു , വീട്ടില്‍ നിന്നും ഇറങ്ങി .

ഇനിയെന്നാ തിരികെ ?
ഞാന്‍ ഒന്നും പറഞ്ഞില്ല .
നേരെ വീട്ടിലോട്ടാണോ ??
അല്ല ..ആദ്യം കരുമാടിക്ക് ..അത് കഴിഞ്ഞേ ഉള്ളൂ എങ്ങോട്ടായാലും...
നീ എപ്പോള്‍ വന്നാലും പോവുന്നുണ്ടല്ലോ അങ്ങോട്ട്‌ ..എന്തോ കാണാനാ ??

കരുമാടിക്കുട്ടനെ കാണാന്‍ !!!


നീ എല്ലാ തവണയും കാണാന്‍ മാത്രം എന്താ ഇത്രക്കും പ്രത്യേകത ???

വണ്ടി കരുമാടിയിലെ പാലം ഓടി കയറുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു
മുമ്പ് അതെ പാലത്തിലൂടെ സൈക്കിളില്‍ മത്തായിയെ ലോഡ്  വെച്ച് ചവിട്ടി  കയറ്റാന്‍ പാടുപെടുന്ന  ഒരു നരന്തു പയ്യന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു . കരുമാടി പാലത്തിനു നല്ല ഉയരമാണ് . ഒരിക്കല് വെല്ലുവിളി ഏറ്റെടുത്തു ‍, ഒരേ ഒരു തവണ മാത്രമാണ് ഞാന്‍ മത്തായിയെയും സൈക്കിളില്‍ ലോഡ് വെച്ച് കരുമാടി പാലം
ചവിട്ടി കയറ്റിയിട്ടുള്ളത് . അന്ന് ഞാന്‍ ശരണം വിളിച്ച് പോയി . അതിനു മുമ്പും അതിനു ശേഷവും കയറ്റം പകുതി ആവുമ്പോള്‍ അവന്‍ ഇറങ്ങി തള്ളുമായിരുന്നു. . മത്തായി പണ്ടേ ഹിടുംബനായിരുന്നു . ഞാന്‍ ഒരു എലുമ്പനും.

 കരുമാടിക്കുട്ടന്റെ അടുത്തായി രണ്ടു അമ്പലങ്ങള്‍ ഉണ്ട്. ഒന്ന് ശങ്കര നാരായണ മൂര്‍ത്തീ ക്ഷേത്രം . ഈ ക്ഷേത്രത്തിനു മുമ്പിലെ കല്‍വിളക്ക്‌ തെക്ക് ദിശയിലേക്കു നീങ്ങുന്നുണ്ട് എന്ന് പറയുന്നു . നടവാതിലിനു നേരെ നിര്‍ത്തിയിരുന്ന ആ വിളക്ക് ഇപ്പോള്‍ അര മീറ്റര്‍ എങ്കിലും തെക്ക് ഭാഗത്തേക്ക് മാറിയാണ് നില്‍ക്കുന്നത് എന്ന് നമുക്ക് വ്യക്തമായി കാണുകയും ചെയ്യാം .
കല്‍വിളക്ക്‌ കുറച്ചു ഭാഗം ഇടത്തേക്ക് മാറിയാണ് നില്‍ക്കുന്നത്
എന്ന് കാണാം .
(ചിത്രത്തിന് കടപ്പാട്Ranjith Still photography).

 അടുത്തത് കാമപുരത്ത് കാവ് ഭദ്രകാളി ക്ഷേത്രം .    രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ നൂറു മീറ്റര്‍ പോലും അകലമില്ല .  ഈ രണ്ടു ക്ഷേത്രങ്ങളും "ആയിരപ്പറ" എന്ന സിനിമയില്‍ കാണിക്കുന്നുണ്ട് .

കാമപുരത്ത് കാവ് ഭദ്രകാളി ക്ഷേത്രം .
വിശാലമായ പാടത്തിനു അരികിലാണ് ഈ രണ്ടു അമ്പലങ്ങളും . രണ്ടു അമ്പലത്തിനും ഓരോ കുളങ്ങള്‍ , ആല്‍മരങ്ങള്‍ , ഭദ്രകാളി ക്ഷേത്രത്തിനു പുറകില്‍ ഒരു വലിയ പന . ഒരു കളിത്തട്ടും ഉണ്ട് അരികിലായി.
കരുമാടിയിലെ കളിത്തട്ട് . അകലെ  ശങ്കര നാരായണ മൂര്‍ത്തീ ക്ഷേത്രം കാണാം 

ദേവീ ക്ഷേത്രത്തിനു മുമ്പിലൂടെ കിടക്കുന്ന റോഡിലൂടെ അമ്പതു മീറ്റര്‍ മുന്നോട്ടു പോയാല്‍ കുട്ടന്റെ അമ്പലം കാണാം.


കരുമാടി കുട്ടന്‍ ഒരു ബുദ്ധ പ്രതിമ ആണ് . പത്താം നൂറ്റാണ്ടിലേത്‌ എന്ന് പറയുന്ന ഒരു ബുദ്ധ പ്രതിമ . പണ്ട് അമ്പലപ്പുഴ , കുട്ടനാട് , തകഴി എന്നീ പ്രദേശങ്ങള്‍ എല്ലാം ബുദ്ധമതത്തിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു . പിന്നീട് ബ്രാഹ്മിണാധിപത്യം വന്ന കാലത്ത് ബുദ്ധ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടു എന്നുമൊക്കെയാണ് ചരിത്രം . കരുമാടി തോട്ടില്‍ കിടക്കുകയായിരുന്ന ഈ ബുദ്ധപ്രതിമയെ കണ്ടെത്തി ഈ തോടിനരികെ പ്രതിഷ്ടിച്ചത് നവീന കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ ആണ് . ഇതൊക്കെ വളര്‍ന്നു വലുതായപ്പോള്‍ മനസ്സിലായ കാര്യം . ചെറുപ്പത്തില്‍ അത് എന്നെ സംബന്ധിച്ചിടത്തോളം അമ്പലത്തില്‍ നിന്നും ഉരുളി അടിച്ചോണ്ട് പോയി എന്ന കാരണം കൊണ്ടു ദൈവം ശപിച്ചു കല്ലാക്കി മാറ്റിയ ഏതോ കള്ളന്‍ ആയിരുന്നു . അതും പോരാഞ്ഞിട്ട് കല്ലായി മാറിയ കള്ളനെ ആന കുത്തുകയും ചെയ്തു എന്നാണ് എന്നോട് ആ നാട്ടിലെ അമ്മൂമ്മമാര്‍ പറഞ്ഞ് തന്നിരുന്നത് . ആന കുത്തി പോയതാണ് കള്ളന്റെ പകുതി ഭാഗം . സത്യത്തെക്കാള്‍ ഏറെ രസം കഥകള്‍ക്ക് ആവുന്നത് കൊണ്ടാവും ഇപ്പോളും ആ കഥകള്‍ വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം.

കരുമാടിക്കുട്ടന്‍ 

എന്തായാലും ആലപ്പുഴ കൊല്ലം ദേശീയ ജലപാതക്ക് അരികില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ദര്‍ശനവുമായി ഇരിക്കുന്ന കരുമാടിയിലെ ഈ കുട്ടന് ഇപ്പോള്‍ ഒരു ദൈവിക പരിവേഷം ഉണ്ട്. പുനര്‍ജന്മത്തില്‍ ഏതു മതസ്ഥന്‍ ആണെന്ന് മാത്രം അറിയില്ല . കത്തിയെരിഞ്ഞ്‌ തീര്‍ന്നു പോയ നെയ്‌ തിരികളായും പൂക്കളായും ആരുടെയ്ക്കെയോ പ്രാര്‍ഥനകള്‍ കരുമാടി കുട്ടന്റെ മുമ്പില്‍ എന്നും ഉണ്ടാവും .

 തകഴിക്കു പോവാമെന്നു പറഞ്ഞത് മത്തായി ആണ് . പാടങ്ങള്‍ക്ക് നടുവിലൂടെ  ഒരു നേര്‍ രേഖ വരച്ചത് പോലെ ആണ് കരുമാടിയില്‍ നിന്നും തകഴിക്കുള്ള റോഡ്‌ .  തകഴി വരെ സൈക്കിളില്‍ പോവുന്നത് ആയിരുന്നു എന്റെയും മത്തായിയുടെയും സ്ഥിരം ജോലി . അതിനു പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്ന് നിര്‍ബന്ധമില്ലായിരുന്നു . ചുമ്മാ അങ്ങ് പോവും . കരുമാടിയില്‍ നിന്നും തകഴിയിലേക്ക്  ഞാനും മത്തായിയും മത്സരിച്ച് സൈക്കിള്‍ ചവിട്ടിയിട്ടുണ്ട്   .  പോവുന്ന വഴി റെയില്‍വേ ട്രാക്കിനു സമീപത്തായിട്ടു  തകഴി ശിവശങ്കരപ്പിള്ളയുടെ വീട് കാണാം .


ആമയിട പോലെ തന്നെ അല്ലെങ്കില്‍ അതിലേറെ കുട്ടനാടാണ് തകഴി . നാല് വശത്തും തോടുകളും വരമ്പുകളും ചെറിയ ചിറകളും  കൊയ്തുകഴിഞ്ഞു വെള്ളം കയറ്റി ഇട്ടിരിക്കുന്ന പാടങ്ങളില്‍ താറാവുകളും തല മാത്രം പൊക്കി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന പോത്തുകളും ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്കുകളും കുളക്കോഴികളും സ്ഥിരം കാഴ്ചയാണ് തകഴിയില്‍ . തകഴിയിലാണ് കുട്ടനാട്ടിലെ ഏക റെയില്‍വേ സ്റ്റേഷന്‍ . തകഴിയിലും ഉണ്ട് പ്രശസ്തമായ ഒരു അമ്പലം.
 ശ്രീ ധര്‍മശാസ്താക്ഷേത്രം. ഇത് വരെ ഞാന്‍ അവിടെ പോയിട്ടില്ല.

ജങ്കാര്‍ സര്‍വീസ്‌ .
2007 ഡിസംബറില്‍ , തകഴി പാലം ജനങ്ങള്‍ക്ക്‌  തുറന്നു കൊടുക്കുന്നതിനു മുമ്പ്
അതിനു മുകളില്‍ നിന്നും എടുത്ത ചിത്രം 

തകഴി അവസാനിക്കുന്നത് അല്ലെങ്കില്‍ തകഴി എന്ന് പറയുന്നത് പമ്പയാറിന്റെ കരയില്‍ ആണ്. അവിടെ നിറഞ്ഞൊഴുകുന്ന പമ്പയാറിനെ കാണാം നമുക്ക്. മഴക്കാലത്ത് ഇരു കരകളെയും മുക്കി കലങ്ങി പൊന്തി പമ്പ രൗദ്ര ഭാവത്തിലോഴുകും .  നാലഞ്ചു കൊല്ലം മുമ്പ് വരെ തകഴിയില്‍ നിന്നും അക്കരെയിലേക്ക് സര്‍ക്കാര്‍ വക സൌജന്യ ജങ്കാര്‍ സര്‍വീസ് ഉണ്ടായിരുന്നു .  ഞാനും മത്തായിയും കൂടി മിക്കവാറും തകഴി വരെ വന്നു , സൈക്കിള്‍ എവിടെയെങ്കിലും പൂട്ടി വെച്ച് ജങ്കാറില്‍ കയറി അപ്പുറത്ത് ഇറങ്ങി അവിടെ ഉള്ള ഒരു മാടക്കടയിലെ പഴംപൊരിയും നെയ്യപ്പവും ചായയും കഴിച്ചിട്ട് തിരികെ പോരുമായിരുന്നു . ഇപ്പോള്‍ ആ കട അവിടെ ഇല്ല . ജങ്കാര്‍ സര്‍വ്വീസും നിര്‍ത്തലാക്കി .‍ രണ്ടു കരകളെയും ബന്ധിച്ചു കൊണ്ടു പാലം വന്നു . പാലത്തിന്റെ അടിയിലൂടെ ഹൌസ്ബോട്ടുകളും ചെറിയ വള്ളങ്ങളും പതിയെ നീങ്ങുന്നത്‌ കാണാം .
തകഴി പാലത്തില്‍ നിന്നും 2011 ല്‍ എടുത്ത ഒരു  ദൃശ്യം 
തകഴി പാലത്തില്‍ നിന്നപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു ...  പുളിങ്കുന്നില്‍ നിന്നും അടവി വിളിക്കുന്നു .
മൊബൈല്‍ ലൌഡ് സ്പീക്കറില്‍ ഇട്ടു .

ഹലോ പറയുന്നതിന് മുമ്പ് തന്നെ ഇങ്ങോട്ട് ഒരു ചോദ്യം വന്നു . 
നീ എവിടാ ??
അമ്പലപ്പുഴയില്‍ ...
നീ എപ്പോളാ ഇങ്ങോട്ട് വരുന്നേ ? " 

ഞാന്‍ നോക്കിയപ്പോള്‍ മത്തായി ചിരിക്കുന്നു 

പുളിങ്കുന്നില്‍ പോയാല്‍ ഒരുപാട് സാധ്യതകള്‍ ഉണ്ട് . മാത്രമല്ല കുറെ നാളായി അങ്ങോട്ട്‌ പോയിട്ട്  
ബൈക്കില്‍ കയറി ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു

"പൂതത്തിനെയും വിളിക്കാം"

പൂതം ഞങ്ങളുടെ രണ്ടു പേരുടെയും അനിയനാണ് .

തകഴി --> പച്ച --> എടത്വ --> ചക്കുളത്ത് കാവ് --> കിടങ്ങറ --> പുളിങ്കുന്ന്

തുടരും .....





 








Pages

Flickr