Thursday, September 15, 2011

പ്രവേശനപരീക്ഷ

                   അവള്‍ ഇനി ക്രിസ്ത്യാനി ആയിരിക്കുമോ ?
ആണെങ്കിലും കുഴപ്പമില്ല , കല്യാണം കഴിക്കാന്‍ അച്ഛനും അമ്മയും സമ്മതിക്കും.

**************************************************************


ദൈവത്തോടുള്ള കേണപേക്ഷയുടെയും പ്രാര്‍ത്ഥനയുടെയും ഫലം കിട്ടി (അഞ്ചു കൂട് ചന്ദനത്തിരി വാങ്ങി ക്ഷേത്രനടക്കു വെക്കാം എന്നുള്ള കൈക്കൂലി ഓഫര്‍ ദൈവത്തിനു മുമ്പില്‍ ഞാന്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു ) . ഏഴാം ക്ലാസ് പാസ് ആയി . 
നേര്‍ച്ച ഒക്കെ റിസള്‍ട്ട് വന്ന ആഴ്ച തന്നെ നടത്തി . . .

അടുത്ത പ്രശ്നം ഹൈ സ്കൂളില്‍ ചേരണം ...ഏതു സ്കൂളില്‍ ?
ലൂഥറണ്‍ ഹൈ സ്കൂള്‍ അടുത്താണ് ...പക്ഷെ നിലവാരം പോരാ....പിന്നെ അടുത്തുള്ളത് കൊറ്റന്‍കുളങ്ങര സ്കൂള്‍ ആണ്..കൊള്ളാം ..പക്ഷെ അതിലെ ബസ്സ്‌ സര്‍വ്വീസ് ഒന്നും ഇല്ല ..എനിക്ക് സ്വന്തമായി സൈക്കിളും ഇല്ല .

ഇനി ഉള്ളത് മണ്ണഞ്ചേരി സ്കൂള്‍ ആണ് .. എനിക്ക് പറ്റും ...കന്നംതിരിവ് മാത്രം അറിയാവുന്ന പിള്ളേര്‍ എന്നാണ് അവിടെ ഉള്ള വിദ്യാര്‍ഥികളെ കുറിച്ച് പുറം ലോക സംസാരം .. മനു ,വിപിന്‍ , ഷിഹാബ്, ടിന്റപ്പന്‍, ഷമീര്‍ , മൂണാപ്പി തുടങ്ങി ഒരു വന്‍ നിര മണ്ണഞ്ചേരി സ്കൂള്‍ അടുത്ത താവളം എന്ന് ഉറപ്പിച്ചു നടപ്പുണ്ട് ...സീനിയര്‍ തല്ലുകൊള്ളികള്‍ ഇപ്പോള്‍ തന്നെ അവിടെ ഉണ്ട് .

രാവിലെ 8.15 മുതല്‍ ഉച്ചക്ക് 12.30 വരെ മാത്രം ആണ് സ്കൂള്‍ സമയം..ഉച്ചകഴിഞ്ഞ് കിടന്നുറങ്ങാം അല്ലെങ്കില്‍ ക്രിക്കറ്റ് , ഫുട്ബോള്‍ എന്നിവ കളിക്കാം , കായലില്‍ പോയി ചൂണ്ടയിടാം, കക്കാ വാരാന്‍ പോവാം , വേണമെങ്കില്‍ മണ്ണഞ്ചേരി രശ്മിയില്‍ കയറി ഒരു സിനിമ കാണാം... ഒരുപാട് പരിപാടികള്‍ക്ക് സ്കോപ്പ് ഉണ്ട് .

അഞ്ഞൂറ് മീറ്റര്‍ തികച്ചു ദൂരം ഇല്ലാത്ത യു.പ്പി സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള യാത്ര തന്നെ വലിയ ഒരു സംഭവമായിരുന്നു ..സ്കൂള്‍ വിട്ടു വീട്ടില്‍ ചെല്ലുന്നതിനു മുമ്പ് നാട്ടുകാര് വീട്ടില്‍ ചെന്ന് പരാതി പറഞ്ഞിട്ടുണ്ട് ..അപ്പോള്‍ അഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള സ്കൂളില്‍ നിന്നും കൂട്ടുകാരുടെ കൂടെ  വീടുവരെ ഉള്ള യാത്ര കിടിലം ആയിരിക്കും.....

ആകെ ഉള്ള ബുദ്ധിമുട്ട് ശനിയാഴ്ചയും ക്ലാസ് ഉണ്ട് എന്നാണ്...അതൊരു വലിയ പ്രശ്നമല്ല..ക്ലാസ്സില്‍ കയറണോ വേണ്ടേ എന്ന് തീരുമാനിക്കുവാനുള്ള മൌലിക അവകാശം എനിക്കുണ്ട് ....
ഞാന്‍ ആകെ ത്രില്‍ അടിച്ചു നടക്കുവാണ് ..

സ്വപ്നങ്ങളേ.... 

ആ വരാനിരിക്കുന്ന സുന്ദര ദിനങ്ങളെ സ്വപ്നം കണ്ടു കഴിയുമ്പോള്‍ ആണ് അച്ഛന്‍ വളരെ മൃഗീയമായ ഒരു പ്രഖ്യാപനം നടത്തിയത് . നീ മുഹമ്മയിലെ മദര്‍ തെരെസ്സാ ഹൈസ്കൂളിലെ പഠിക്കുന്നുള്ളൂ ...

അങ്ങനെ ഒരു സ്കൂള്‍ ഉണ്ടോ ?
ഉണ്ട് ...
അയല്പക്കത്തുകാരന്‍ ചേറപ്പായി അവിടെ ആണ് പഠിക്കുന്നത് ...അവന്റെ അടുത്ത് നിന്ന് കുറച്ചു ഇന്‍ഫര്‍മേഷന്‍ കിട്ടി ...

ചുമ്മാ ചന്തയില്‍ പോവുന്ന പോലെ അങ്ങോട്ട്‌ ചെന്നാല്‍ അഡ്മിഷന്‍ തരില്ല...ആദ്യം ഒരു പരീക്ഷ ഉണ്ട് ....

പ്രവേശനപരീക്ഷ .....

അത് ജയിക്കുവാണെങ്കില്‍ , സീറ്റ് ബാക്കി ഉണ്ടെകില്‍ , കിട്ടും ....അത്രമാത്രം ...

അവിടുത്തെ സീറ്റിനു ഇത്രയ്ക്കു ഡിമാണ്ട് എന്താ എന്നൊന്നും അന്ന് എനിക്കറിയില്ല..

എനിക്കാണെങ്കില്‍ മുട്ടന്‍ ടെന്‍ഷന്‍ ....അവിടെ എങ്ങാനം അഡ്മിഷന്‍ കിട്ടിയാല്‍ ജീവിതം നായ നക്കി എന്ന് കരുതിയാല്‍ മതി..അടുത്ത കൂട്ടുകാര്‍ ആരും ഉണ്ടാവില്ല എന്നത് കട്ടായം...

എന്നെ ആ സ്കൂളില്‍ മാത്രമേ പഠിപ്പിക്കൂ എന്ന് അച്ഛന്‍ ഒറ്റക്കാലില്‍ നിന്ന് ഒരു പ്രതിജ്ഞയും എടുത്തു ...

തീര്‍ന്നു ...നീയുമായിട്ടുള്ള സര്‍വ്വ ഇടപാടും തീര്‍ന്നു ....അവിടെ പോയി പഠിക്കാന്‍ ചേര്‍ന്നാല്‍ നീയും ഞങ്ങളും തമ്മില്‍ ഇനി മുതല്‍ ഒരു ബന്ധവും ഇല്ല...മണ്ണഞ്ചേരി ഗ്രൂപ്പ് പ്രസ്താവന ഇറക്കി...   

ദൈവേ ...... ഇനി മരിച്ചാല്‍ മതി....             

മനു അതിനിടയില്‍ മണ്ണഞ്ചേരി സ്കൂളില്‍ ചേരാന്‍ ഒരു വഴി പറഞ്ഞു തന്നു. പ്രവേശനപരീക്ഷക്ക്‌ പൊട്ടിയാല്‍ പിന്നെ അഡ്മിഷന്‍ എന്നൊരു സംഭവം പോലും ഉദിക്കുന്നില്ല..പിന്നെ മണ്ണഞ്ചേരി സ്കൂള്‍ മാത്രം ആണ് പെട്ടെന്ന് അഡ്മിഷന്‍ കിട്ടാവുന്ന ഒരു  സ്കൂള്‍ ഉള്ളത് ...

പരീക്ഷക്ക്‌ പൊട്ടുക എന്നൊക്കെ പറഞ്ഞാല്‍ മാനക്കേടല്ലേടെയ്  ?

നിനക്ക് മാനം വേണോ അതോ മണ്ണഞ്ചേരി സ്കൂള്‍ + മണ്ണഞ്ചേരി ഗ്രൂപ്പ് വേണോ ?

എങ്കില്‍ പൊട്ടാം...എപ്പോള്‍ പൊട്ടിയെന്ന് ചോദിച്ചാ മതി !!!!!!!!

                                                അങ്ങനെ സുഹൃത്തുക്കളുടെ എല്ലാം അനുഗ്രഹവും വാങ്ങി, പരീക്ഷയുടെ അന്ന് രാവിലെ ഞാന്‍ ചാവേര്‍ പോരാളിയെ പോലെ അങ്കം വെട്ടാന്‍ ഇറങ്ങി. ഞങ്ങളുടെ രഥം ബജാജ് 4s ചാമ്പ്യന്‍ തെളിക്കാന്‍ അച്ഛന്‍ കൂടെ വന്നു . ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു പരീക്ഷക്ക്‌ ഇറങ്ങുമ്പോള്‍ ഇതിനു തോല്‍ക്കണം എന്ന് മനസ്സില്‍ വിചാരിക്കുന്നത് . നല്ല ഒരു കാര്യത്തിനല്ലേ , കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ സ്വയം അങ്ങ് സമാധാനിച്ചു .

സ്കൂളില്‍ വെച്ച് തന്നയാണ് പരീക്ഷ. അവിടെ ചെന്നപ്പോള്‍ പരിചയമുള്ളവര്‍ ആരെയും കണ്ടില്ല .

ആരെയും കാണുന്നില്ലല്ലൊ എന്നാലൊചിച്ചു നിൽക്കുമ്പൊൾ അതാ ഒടിയൻ വരുന്നു. പുറകെ വാവയും ഉണ്ട്.
സമാധാനമായി ...പരിചയം ഉള്ള ഒരുത്തൻ എങ്കിലും ഉണ്ടല്ലൊ....

അപ്പോൾ ഞാൻ മാത്രമല്ല ...വേറെയും ചാവേറുകൾ ഉണ്ട് എന്ന് മനസ്സിലായതോടെ എന്റെ സങ്കടം കുറചു കുറഞ്ഞു .

അവന്മാർ ആണെങ്കിൽ പരൂക്ഷ എഴുതി ഇവിടെ തന്നെ തല വെചു വീര ചരമം വാങ്ങിക്കും എന്നു ഉറപ്പിച്ചു രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണെന്നു തോന്നി വരവു കണ്ടപ്പോൾ...

പതുക്കെ ചെന്നു ചോദിചു

"ടാ ...ഇവിടെ അഡ്മിഷൻ കിട്ടുവാണെങ്കിൽ ചേരുമൊ ?"
"ഇവിടെ അഡ്മിഷൻ കിട്ടിയാൽ ആരെങ്കിലും ചേരാതിരിക്കുമൊ ...."

"പിന്നെ.... ഇവിടെ സ്വർണ്ണം കുഴച്ചല്ലെ  ചൊറു ഉരുട്ടി തരുന്നത് ...ഒന്നു പോടാപ്പാ"
"നിനക്ക് വേണമെങ്കിൽ ചേർന്നാൽ മതി...ഞങ്ങൾ ഇവിടെ തന്നെ പഠിക്കാൻ ചേരും "

ഇവന്മാരെയൊന്നും വിശ്വസിക്കാൻ കൊള്ളില്ല...പിന്തിരിപ്പൻ മൂരാച്ചികൾ


അത്രയും സമയം അവിടെ നിന്നതും വന്നുകൊണ്ടിരിക്കുന്നതുമായ പെങ്കുട്ടികളെ ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.
പെട്ടെന്നു നോക്കിയപ്പൊൾ കണ്ടതെല്ലാം കിടിലങ്ങൾ...എല്ലാവരും നല്ല ഭംഗിയുള്ളവർ
റോഡിലേക്കു നോക്കിയപ്പോൾ കണ്ടതും ഒരു സുന്ദരികളെ തന്നെ ....കൊള്ളാമല്ലൊ ഈ സ്കൂൾ എന്ന് ആദ്യമായിട്ടു എനിക്കു തോന്നി.
അവിടെ വെച്ചാണു ഞാൻ അവളെ ആദ്യമായി കണ്ടത് .വെള്ളയും തവിട്ടും നിറത്തിൽ ഉള്ള മിഡിയും ടോപ്പും ധരിച്ച് കൂട്ടുകാരുടെ ഒപ്പം അവൾ നടന്നു വരുന്നത് കണ്ടപ്പോൾ തന്നെ മദർ തെരേസാ സ്കൂളിൽ പഠിച്ചാലും കുഴപ്പമൊന്നും വരാനില്ല എന്നു എനിക്കു തോന്നി

ഇവിടെ പഠിക്കുവാണേല്‍ ഇവളെ പ്രേമിക്കാം , എല്ലാ ദിവസവും മുഹമ്മ വരെ ബസ്സില്‍ സഞ്ചരിക്കാം , രണ്ടു നിലയുള്ള സ്കൂളിന്റെ മുകളിലത്തെ നിളയില്‍ ഇരുന്നു പഠിക്കാം 

( മണ്ണഞ്ചേരി സ്കൂള്‍ ആകെ ഒരു നിളയെ ഉള്ളൂ ...അതും ഓടിട്ട കെട്ടിടം ...മദര്‍ തെരേസ സ്കൂള്‍ വാര്‍ത്ത കെട്ടിടം ആണ് ...പഴയ ഓടിട്ട കെട്ടിടം അപ്പുറത്ത് ഉണ്ട്  ...അതിലൊക്കെ ഇരുന്നു ആര് പഠിക്കാന്‍ ???) അങ്ങനെ കുറെ രസം ഉള്ള പരിപാടികള്‍ ഉണ്ട് .
ആകെയുള്ള പ്രശനം മണ്ണഞ്ചേരി ഗ്രൂപ്പുമായിട്ടു ഉടക്കേണ്ടി വരും ...ഇത് പോലെ ഒരു കാര്യത്തിനു വേണ്ടി ആണെന്ന് പറഞ്ഞാല്‍ അവര് സമ്മതിക്കാതിരിക്കില്ല  എന്നൊക്കെ ഞാന്‍ മനസ്സില്‍ കരുതി . അങ്ങനെ പരീക്ഷയില്‍ സ്വയം ചാവേര്‍ ആകാന്‍ ഉള്ള തീരുമാനം ഞാന്‍ ഉപേക്ഷിച്ചു .

പരീക്ഷ കഴിഞ്ഞു ..വല്യ കുഴപ്പമില്ലായിരുന്നു ...ഇന്ത്യന്‍ പ്രസിഡന്റ്‌ ആര് എന്നുള്ള ചോദ്യത്തിനു ഞാന്‍ ഈ . കെ നായനാര്‍ എന്നൊക്കെ എഴുതിയെങ്കിലും എന്റെ പേരും  അഡ്മിഷന്‍ കിട്ടിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു .

സ്കൂളില്‍ ചേര്‍ന്ന് കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം ......


അവള്‍ ഇനി ക്രിസ്ത്യാനി ആയിരിക്കുമോ ?
ആണെങ്കിലും കുഴപ്പമില്ല , കല്യാണം കഴിക്കാന്‍ അച്ഛനും അമ്മയും സമ്മതിക്കും.

അങ്ങനെ  ഞാന്‍ അവിടെ പഠിക്കാന്‍ തുടങ്ങി . എട്ടാം ക്ലാസ്സിനു മൂന്നു ഡിവിഷന്‍ ഉണ്ട് . A ഡിവിഷനും B ഡിവിഷനും പുതിയ കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലും C ഡിവിഷന്‍ പഴയ ഓടിട്ട കെട്ടിടത്തിലും . എന്റെ ഭാഗ്യ കൂടുതല്‍ കൊണ്ട് എന്നെ C ഡിവിഷനില്‍ കൊണ്ടു ഇരുത്തി .

അങ്ങനെ ആകാശത്തിനും ഭൂമിയിലും അല്ലാണ്ട് ഇരുന്നു പഠിക്കാം എന്നുള്ള മോഹത്തിന് ഒരു തീരുമാനം ആയിക്കിട്ടി . (ഒമ്പതാം ക്ലാസ്സും പത്താം ക്ലാസ്സും ഉണ്ടല്ലോ എന്ന് കരുതി ഞാന്‍ അങ്ങ് സമാധാനിച്ചു ).

എല്ലാ വര്‍ഷത്ത്റെയും പോലെ തന്നെ ഈ തവണയും എനിക്ക് അവസാനത്തെ ബെഞ്ചില്‍ ഇടം കിട്ടി . കൂടെ ഉള്ളവന്മാര് മുഴുവന്‍ മുട്ടന്‍ ടീംസ് . മുസ്ലിയാര്‍ , ചിയന്‍ .ബങ്കി, എട്ടാം ക്ലാസ്സില്‍ പഠിച്ചു മതിയായില്ല എന്നത് കൊണ്ടു ഒന്ന് കൂടി പഠിക്കുന്ന പ്രദീപ്‌ ം പേരാണ് എന്റെ കൂടെ ഇരിക്കുന്നവര്‍ .
ക്ലാസുകള്‍ തുടങ്ങി . അവള്‍ എന്റെ ഡിവിഷനില്‍ അല്ല . പുതിയ കെട്ടിടത്തില്‍ മുകളില്‍ ഇരുന്നു പഠിക്കുവായിരിക്കും . എന്റെ ഭാവി കാമുകി, വധു, ഭാര്യ എന്നീ പദവികള്‍ നേരിട്ട് ഏല്‍പ്പിക്കണം എന്ന് കരുതി എങ്കിലും എനിക്ക് അവളെ കാണാന്‍ കൂടി സാധിച്ചില്ല .

                                     അപ്പുറത്തെ കെട്ടിടത്തിലേക്ക് പോവാന്‍ ഒരു മടി അല്ലെങ്കില്‍ ഭയം . അവിടെയാണ് സ്ടാഫ്‌ റൂം . പ്രിസിപ്പലിന്റെ റൂമും അവിടെ തന്നെ . ആവശ്യമില്ലാതെ അതിലെ കറങ്ങി നടക്കുന്നത് കണ്ടാല്‍ തൂത്തുവാരിയിട്ടു അടി തരും സാറന്മാര്‍ .അത് കാരണം ഞാന്‍ അവളെ കാണാന്‍ അവസരം നോക്കി നടന്നു . ഊണ് കഴിക്കുന്ന സമയത്തും ഇന്റര്‍വെല്ലിനും  നോക്കി എങ്കിലും ഞാന്‍ ആരെയും കണ്ടില്ല .

ഇതിനിടയില്‍ ക്ലാസ്സില്‍ കിടന്നു തല്ലുണ്ടാക്കി , ടീച്ചര്‍ പടിപ്പിക്കുന്നതിനിടയില്‍ ചിരിച്ചു , പള്ളിയുടെ മുമ്പില്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ ശ്രമിച്ചു , ബാസ്കെറ്റ് ബാല്‍ ഉപയോഗിച്ച് ഫുട്ബാള്‍ കളിച്ചു  തുടങ്ങിയ കാരണങ്ങള്‍ കൊണ്ടു എനിക്കും കൂട്ടുകാര്‍ക്കും  തുടര്‍ച്ചയായി പൊട്ടീര് കിട്ടികൊണ്ടിരുന്നു .


 അതൊന്നും വല്യ പ്രശ്നമായി തോന്നിയില്ല ...എന്നെ സംബന്ധിച്ചിടത്തോളം അവളെ കാണുക എന്നതായിരുന്നു ഏറ്റവും വലിയ ലക്‌ഷ്യം ...
ക്ളാസ് തുടങ്ങി മാസം ഒന്ന് കഴിഞ്ഞിട്ടും അവളെ കാണാഞ്ഞപ്പോള്‍ ഞാന്‍ എന്റെ മനസ്സ് ബങ്കിയുടെ മുന്നില്‍ തുറന്നു

ഡാ ഞാന്‍ നമ്മുടെ എന്ട്രന്‍സ് പരീക്ഷയുടെ അന്ന് വന്നപ്പോള്‍ ഒരു പെണ്ണിനെ കണ്ടാരുന്നു

എന്നിട്ട്   ?

അവളെ എനിക്ക് ഇഷ്ടപ്പെട്ടളിയാ....

എങ്കില്‍ വാടാ..നമുക്ക് പോയി പറയാം ....ഏതാ അവള്‍ ?

എന്റെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് പോവാനോരുങ്ങിയെ ബങ്കിയെ ഞാന്‍ തടഞ്ഞു നിര്‍ത്തി

പക്ഷെ അവളുടെ പേര് എനിക്കറിയില്ല...

അത് കുഴപ്പമില്ല ...നമ്മുടെ ക്ലാസ്സില്‍ ആണോ ?

അല്ല ...

A ക്ലാസ്സിലാ ? അതോ B യിലോ ?  

അറിയില്ല

അറിയില്ലേ ? പിന്നെ നീ എങ്ങനെയാ ഇപ്പോള്‍ നീ അവളെ കാണുന്നത് ?

കാണുന്നില്ല ഇപ്പോള്‍ ... പരീക്ഷയുടെ അന്ന് കണ്ടതാ ...പിന്നെ കണ്ടിട്ടില്ല ...

അന്ന് വന്നതില്‍ ഏതാ ?

ആ ബ്രൌണ്‍ മിഡിയും വെള്ള ടോപ്പും ഇട്ടു വന്ന വെളുത്ത പെണ്ണ് .... കാണാന്‍ നല്ല രസമുണ്ടായിരുന്നു ...അവളാ ആള് ...

അവളോ ...... അവള്‍ക്കു എന്ട്രന്‍സ് കിട്ടിയില്ലടാ ...അവള്‍ ഇപ്പോള്‍ ചേര്‍ത്തലയിലാ പഠിക്കുന്നത്  .....

എന്റെ തലയ്ക്കു അകത്തു എന്തോ പൊട്ടിച്ചിതറി .... കണ്ണിനു മുമ്പില്‍ നിന്ന് ബങ്കി പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല....
എന്റെ മനസ്സില്‍ മുഴുവന്‍ ഉച്ചകഴിഞ്ഞ് ക്രിക്കറ്റ് കളിക്കുന്ന കൂട്ടുകാരുടെ ആഘോഷങ്ങള്‍ ആയിരുന്നു

**************************************************************
എട്ടാം ക്ലാസ് മാത്രമല്ല ഒമ്പതും പത്തും ഞാന്‍ ആ പഴയ കെട്ടിടത്തില്‍ തന്നെ ഇരുന്നാണ് പഠിച്ചത് .....
************************************************************


പതിമൂന്നു കൊല്ലത്തിനു ശേഷം ഇന്നും എനിക്കറിയില്ല ആരായിരുന്നു ആ പെണ്‍കുട്ടി എന്ന് ...
കണ്ടിരുന്നെങ്കില്‍ ഒരു നന്ദി പറയാമായിരുന്നു .......
ജീവിതത്തിനു ഒരു ലക്ഷ്യമുണ്ടാവണം എന്ന് പഠിപ്പിച്ച ,
നല്ല ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന  .....
ഒരുപാടു നല്ല സുഹൃത്തുക്കളെ തന്ന....

ആ സ്കൂളില്‍ പഠിക്കാന്‍ കാരണമായതിന് .....    

Pages

Flickr