Wednesday, March 31, 2010

ദി ഡിപ്ലോമറ്റ്

ഡാ നിനക്ക് ചേര്‍ത്തല പോളിടെക്നികില്‍   നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിരിക്കുന്നു
അമ്മ പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി .
അഡ്മിഷന്‍ കാര്‍ഡ് കണ്ടപ്പോള്‍ ആ സന്തോഷം അങ്ങ് പോയി . അപ്ലൈ ചെയ്തത് കമ്പ്യുടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സിനു , കിട്ടിയത് ഇലക്ട്രോണിക്സ് ആന്‍ഡ്‌ ഇന്സ്ട്രമെന്റെഷന്‍  ......
മ്ലേച്ചം...ഭയാനകം...ഭീഭത്സം.....

എന്റെ പട്ടി പഠിക്കും   ഇലക്ട്രോണിക്സ്.....

ഞാന്‍ പോണില്ല ...!!!!!
എന്റെ മറുപടി കേട്ട അമ്മ ഞെട്ടി.
പിന്നെ പറഞ്ഞു "പോണില്ലേല്‍ വേണ്ട , അത്രയും കാശ് കയ്യില്‍ ഇരിക്കുമല്ലോ ..."
ഞാന്‍ ആലോചിച്ചപ്പോള്‍ പോവതിരിക്കുന്നതാ  നല്ലത് . +2 നു ആണെങ്കില്‍ പത്ത്  വരെ പഠിച്ച കൂട്ട് കെട്ടെല്ലാം വന്നു ചാടിയിട്ടുണ്ട്‌  .
ശ്രുതിയെ കുറിച്ച്  ഓര്‍ത്തപ്പോള്‍ പിന്നെ ഡിപ്ലോമ എന്നുള്ളതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ട അവശ്യം പോലും ഇല്ല എന്ന് തോന്നി .
                                        ശ്രുതിയെ ഇന്നലെ ആണ് ആദ്യം ആയി കാണുന്നത്. അതായതു +1 ന്റെ ക്ലാസ് തുടങ്ങുന്ന അന്ന് . വെളുത്ത് മെലിഞ്ഞു ഉയരമുള്ള , ചുരുണ്ട മുടി ഉള്ള ഒരു സുന്ദരി പെണ്ണ് .ആദ്യ ദര്‍ശനത്തില്‍ തന്നെ ഞാന്‍ അവളില്‍ അനുരാഗ ബദ്ധനായി പോയി   
അപ്പോള്‍ തന്നെ അടുത്ത് നിന്ന മെബിന്റെയും മനുവിന്റെയും തലയില്‍ അടിച്ചു ഞാന്‍ സത്യം ചെയ്തു 
"ഇത് വരെ ഉള്ള കേസ് പോലെ ഒന്നും അല്ല , ഇവളെ ഞാന്‍ കെട്ടിയിരിക്കും ".
                                        ചിത്രയുടെ പുറകെ നടന്നു ഏറ്റവും അവസാനം  അവള്‍ നിര്‍ദാഷിണ്യം "ഊ..... ഊഞ്ഞാല് കെട്ടിക്കോ "എന്ന് പറഞ്ഞ കാര്യം അവന്മാര്‍ക്കെല്ലാം അറിയാവുന്നതാണ് .
ഇനി ഇതിലാണ് ഒരു പ്രതീക്ഷ. 
ഇത് ഞാന്‍ തകര്‍ക്കും, കൊലക്കും എന്നൊക്കെ പറയുന്നുണ്ടെങ്കിലും 
"അവളെന്നെ നോക്കുമോ...? നോക്കിയാല്‍ തന്നെ അവള്‍ വീഴുമോ...?" എന്നൊക്കെ ഉള്ള   ചെറിയ സന്ദേഹങ്ങള്‍  എനിക്കില്ലാണ്ടില്ല.
 രാത്രി ആയപ്പോള്‍ ബാബു അണ്ണനും ഉദയപ്പന്‍ അണ്ണനും കൂടി വന്നു .
"എടാ ഇലക്ട്രോണിക്സ് ആണിപ്പോള്‍ ലോകം നിയന്ത്രിക്കുന്നത്‌ . ഇലക്ട്രോണിക്സ് വസ്തുക്കള്‍ ഇല്ലാത്ത ഒരു ലോകത്തെ കുറിച് നീ ഒന്നാലോചിച്ചു നൊക്കൂ..
പിന്നെ ഇന്സ്ട്രമെന്റെഷന്‍....നമ്മള്‍ ഉപയോഗിക്കുന്ന കത്തി, പിച്ചാത്തി , അരുവാള്‍ , സൂചി, കമ്പിപ്പാര, കത്രിക, പേന തുടങ്ങി ഇത്യാതി വസ്തുക്കള്‍ എല്ല്ലാം ഇന്‍സ്ടമെന്റല്ലേ......? ഇതൊന്നും ഇല്ലാണ്ട് നീ എങ്ങനെ ജീവിക്കും....?"
"അത് നേരാ....."
 " ഇലക്ട്രോണിക്സ് ആന്‍ഡ്‌ ഇന്സ്ട്രമെന്റെഷന്‍  നല്ല കോഴ്സ്  ആണ്  വെറുതെ, കിട്ടിയ ചാന്‍സ് കളയേണ്ട...."
"പോയി പഠിക്കാമല്ലേ...?"
"പോയി ജോയിന്‍ ചെയ്യ്.....നിനക്ക് എന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കും  "

സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ കഴിഞ്ഞ്‌ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കുന്ന ബാബു അണ്ണന്‍ അങ്ങനെ പറഞ്ഞപ്പോള്‍  പിന്നെ ഉറപ്പിച്ചു .
ഡിപ്ലോമ പഠിച്ചിട്ടു തന്നെ ബാക്കി കാര്യം 
                                          എന്ത് കൊണ്ടാണ് ബാബു അണ്ണന്‍ അന്ന് അങ്ങനെ പറഞ്ഞത് എന്നെനിക്കിപ്പോളും  അറിയില്ല.ഞാന്‍ +2 പഠിച്ചു കഴിഞ്ഞാലും ഡിപ്ലോമക്ക്   പോവേണ്ടി വരും (+2നു അത്യാവശ്യം മാര്‍ക്ക്‌ ഇല്ലെങ്കില്‍  വേറെ എങ്ങും സീറ്റ്‌ കിട്ടില്ല എന്നത് ഒരു പരമമായ സത്യം ആണല്ലോ ) എന്നുള്ള ഉത്തമ ബോധ്യം ഉണ്ടായിരുന്നതിനാലാണോ അതോ വേറെ എന്തെങ്കിലും കാര്യം ഉള്ളത് കൊണ്ടാണോ എന്നെനിക്കറിയില്ല 

അങ്ങനെ അച്ഛനോട് ഞാന്‍ കാര്യം പറഞ്ഞു . പുള്ളിക്കാരന് വലിയ താല്പര്യം ഇല്ല .

"+2 കഴിഞ്ഞ്‌ പോരെ ഈ വക അങ്കം വെട്ട് ഒക്കെ ? അടിസ്ഥാന യോഗ്യത +2 ആക്കാന്‍ പോവുന്നു എന്ന് പത്രത്തില്‍ വായിച്ചിരുന്നു ..."


സാധ്യമല്ല......അസംഭവ്യം...എനിക്കിപ്പോള്‍ തന്നെ  ഡിപ്ലോമക്ക് പഠിക്കണം (ഇത് ഞാന്‍ മനസ്സില്‍ പറഞ്ഞതാണ് . ഇത്  നേരെ പറഞ്ഞാല്‍  കാര്‍ന്നോരു എന്നെ ഭിത്തിയില്‍  ചേര്‍ത്ത് നിര്‍ത്തി അടിവയറ്റിനു ചവിട്ടും )

ബാബു അണ്ണന്റെ വാക്കുകളെല്ലാം ഒന്ന് കൂടി അച്ഛനെ പറഞ്ഞു കേള്‍പ്പിച്ചു . മക്കളുടെ ആഗ്രഹങ്ങള്‍ക്ക് വലിയ വില തരുന്ന ഒരുവന്റെ മകനായി പിറന്നത് കൊണ്ട് അധികം ഒന്നും  പറയേണ്ടി വന്നില്ല .കലവൂര്‍ സ്കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് , ടി സി എന്നിവ വാങ്ങി വരാന്‍ അച്ഛന്റെ വക അനുവാദം കിട്ടി. 

പിറ്റേന്ന് ഒരു നോട്ടു ബുക്ക്‌ പോലും എടുക്കാണ്ട്,  സ്കൂളില്‍ ചെന്ന് പ്രിന്‍സിപ്പല്‍ അമ്മച്ചിയോട്‌ കാര്യം പറഞ്ഞു .
"അച്ഛനെയും വിളിച്ചോണ്ട് വരൂ ..ഞാന്‍ സംസാരിക്കാം "

പിറ്റേന്ന് രാവിലെ അച്ഛനെയും വിളിച്ചോണ്ട് ചെന്ന് അപ്ലിക്കേഷന്‍ എഴുതികൊടുത്തു  

സര്‍ട്ടിഫിക്കറ്റ്സും ടി സി യും തരുമ്പോള്‍ പ്രിന്‍സിപ്പല്‍ അമ്മച്ചി പറഞ്ഞു 

"പി ടി എ ഫണ്ട് തിരികെ തരില്ല ... ഇനി ഇവിടെ സീറ്റും തരില്ല "

"വേണ്ട....." അവര്‍ക്ക് ഞാന്‍ പരമ പുച്ഛം കൊടുത്തു .
(പി ടി എ ഫണ്ട് വകയില്‍ അച്ഛന് 1500 രൂപ നഷ്ടം )

അവിടെ നിന്നു തിരിച്ചു പോരുമ്പോള്‍ മനസ്സിലൊരു നീറല്‍ ഉണ്ടായിരുന്നു , സ്കൂളിലും  ടൂഷന്‍  ക്ലാസ്സിലും ആയി  കൂടെ പഠിച്ചവരും ബന്ധുവായ മനുവും അടക്കം ഇരുപതോളം കുട്ടുകാര്‍  ഉണ്ടായിരുന്നു കലവൂര്‍ സ്കൂളില്‍ +2 നു പഠിക്കാന്‍ . സീനിയര്‍ കൂട്ടുകാര്  വേറെയും....


ശ്രുതി ഒരു നനുത്ത ഓര്‍മ മാത്രമായി കൂടെ പോന്നു.....

അടുത്ത ദിവസം നട്ടുച്ചയ്ക്ക്, കൃത്യം പന്ത്രണ്ട് മണിക്ക് ചെല്ലാന്‍ ആണ് അഡ്മിഷന്‍ കാര്‍ഡില്‍ പറഞ്ഞിരിക്കുന്നത് . ആ  ദിവസം രാവിലെ പതിനൊന്നു മണിയോടെ അച്ഛന്‍ എന്നെയും ചുമന്നോണ്ട് ബജാജ് 4S ചാമ്പ്യനില്‍ ചേര്‍ത്തലക്ക്  നൂറില്‍ വെച്ച് പിടിച്ചു .

ജോയിന്‍ ചെയ്യാന്‍ വന്നിരിക്കുന്നവരില്‍ എനിക്ക് പരിചയം ഉള്ളവര്‍ ആരും ഇല്ല .മണി പന്തണ്ട് കഴിഞ്ഞ്‌ ഒരു മണിക്കൂര്‍ ആയിട്ടും  എന്നെ വിളിക്കുന്ന ഭാവം ഒന്നും കാണുന്നില്ല .
സ്ഥലം ഇത് തന്നെ ആണോ എന്നുള്ള സംശയം വരെ തോന്നി....

                         ഓഫീസിന്റെ അടുത്ത് ഉള്ള പ്രിന്‍സിപ്പലിന്റെ റൂമിലേക്കാണ്  ജോയിന്‍ ചെയ്യാന്‍ വരുന്നവരെല്ലാം കയറി പോവുകയും ഇറങ്ങി വരുകയും ചെയ്യുന്നത് . അവിടെ തൂക്കി ഇട്ടിരിക്കുന്ന രണ്ടു ബോര്‍ഡുകളും ഒരു പാട് തവണ വായിച്ചെങ്കിലും പിന്നെയും ഒന്ന് കൂടി നോക്കി 

സി കെ ഉണ്ണി 
പ്രിന്‍സിപ്പാള്‍ .
മൊത്തം ഇംഗ്ലീഷ് ഭാഷയിലാണ് എഴുതിയിരിക്കുന്നത്  
കൊള്ളാം നല്ല പേര് . വല്ല നമ്പൂതിരി ഇല്ലത്തെയും ഏറ്റവും  അവസാനത്തെ സന്തതി ആയിരിക്കും പ്രിന്‍സിപ്പല്‍ .
ആ പേര് മനസ്സിലിട്ടു കറക്കി K കഴിഞ്ഞുള്ള കുത്ത് മാറ്റിയിട്ടു ഒന്ന് കൂടി  വായിച്ചു നോക്കി .
കിടിലം ...ഇതാണ് പേര് ...ഇങ്ങനെ വേണം പേരിടാന്‍ ....

റേഷന്‍ കടയുടെ വാതില്‍ക്കല്‍ മണ്ണെണ്ണ വാങ്ങാന്‍ നില്‍ക്കുന്ന പോലെ നില്ക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി .
നേരം വെളുത്തപ്പോള്‍ എന്തോ കഴിച്ചതാണ് . വിശന്നിട്ടു വയറ്റില്‍ പെരുമ്പറ കൊട്ടി മടുത്തിട്ട് ഇപ്പോള്‍ മൃദംഗം, മദ്ദളം, തകില്‍ , മിഴാവ് , ചെണ്ട , ചെണ്ടയില്‍ തന്നെ ശിങ്കാരി , പഞ്ചാരി , ഡബില്‍ , ട്രിപ്പിള്‍ വിത്ത് ഇലത്താളം അടിക്കാന്‍ തുടങ്ങിയിരിക്കുന്നു...
മണി രണ്ടര കഴിഞ്ഞു ....വയറ്റില്‍ കൂടി രാജധാനി പാഞ്ഞു പോകുന്നു ...കണ്ണില്‍ കൂടി പുക വരാന്‍ തുടങ്ങി....ഞാന്‍ ദയനീയമായി അച്ഛനെ നോക്കി ....
അച്ഛന്‍ എന്നെ നോക്കുന്നതെ ഇല്ല...വേറെ എന്തൊക്കെയോ ആലോചിച്ചു നില്‍ക്കുന്നു...

 അല്പം കഴിഞ്ഞപ്പോള്‍ ഒരു ചേട്ടന്‍ പാഞ്ഞു വന്നു എന്റെ പേര് വിളിച്ചു...
അതു ശരി..എന്നാല്‍ പിന്നെ ഇന്ന് കൊലച്ചിട്ടെ  ബാക്കി കാര്യം ഉള്ളൂ എന്ന് കരുതിക്കൊണ്ട് നെഞ്ചും വിരിച്ചു ഞാന്‍ അകത്തേക്ക് കേറി.

പൊക്കം കുറഞ്ഞു മുക്കാലും കഷണ്ടിയായ ഒരു മനുഷ്യന്‍ ഘന ഗംഭീരനായി ഒരു മേശക്കു പുറകില്‍ ഇരിക്കുന്നു ...കൂടെ ഒന്ന് രണ്ടു പേരുണ്ട് .
ആ പൊക്കം കുറഞ്ഞ ആളായിരുന്നു പ്രിന്‍സിപ്പല്‍ .

" ഇരിക്കൂ...." അദ്ദേഹം പറഞ്ഞു 
കുറെ നേരമായി നില്‍ക്കുന്നു ...ഇരിക്കാന്‍ ഒരു സ്ഥലം കിട്ടി എന്ന് കരുതി ഞാന്‍ ചാടി കയറി ഇരുന്നു. കൂടെ അച്ഛനും 

"പ്രിന്‍സിപ്പലിന്റെ മുന്‍പില്‍ ഇരിക്കാന്‍ പാടുണ്ടോ....?"

അത്രയും നേരം പിടിച്ചു വെച്ചിരുന്ന എയര്‍ എല്ലാം പോയി.....മഞ്ഞയും വെള്ളിയും വീണു പതുക്കെ ഞാന്‍ കസേരയില്‍ നിന്നും എണീറ്റ്‌  നിന്നു . എന്റെ വായില്‍ നല്ല പച്ച തെറി കിടന്നു തിളക്കുവായിരുന്നു ആ സമയത്ത് ....

ഇങ്ങേരെന്നാ പുളുത്താനാ പിന്നെ ഇരിക്കാന്‍ പറഞ്ഞത് ? ഇങ്ങേര്‍ ആരാന്നാ അയാളുടെ വിചാരം...

എനിക്കങ്ങു കലിച്ചിട്ടു നില്ക്കാന്‍ പറ്റാത്ത അവസ്ഥ....

പക്ഷെ ഒന്നും പറയാന്‍ തോന്നിയില്ല....ഇവിടെ സീറ്റ്‌ കിട്ടിയില്ലേല്‍ ഈ വര്‍ഷം ചൊറിയും കുത്തി ഈച്ചയും അടിച്ചു ഞാന്‍ വീട്ടിലിരിക്കേണ്ടി വരും....

"കമ്പ്യുടര്‍ ഹാര്‍ഡ് വെയറിലേക്ക് മാറാന്‍ താല്പര്യം ഉണ്ടോ....?"
"ഉണ്ട്..... "
"ശരി ...അവിടെ പോയി ഫീസ്‌ അടച്ചോളൂ......ബാക്കി കാര്യങ്ങള്‍ അവര്‍ പറഞ്ഞു തരും ...."

അപ്പുറത്തെ ടേബിളില്‍ രണ്ടു പേര്‍ കാശു വാങ്ങാന്‍ ഇരിക്കുന്നു.. കുറെ കാശ് അവര്‍ക്ക്  ദക്ഷിണ വെച്ച് കീഴടങ്ങി ഞാനും അച്ഛനും വിയര്‍ത്തു കുളിച്ചു പുറത്തേക്കിറങ്ങി....

അച്ഛനെന്നെ നോക്കി കുറെ നേരമായി ഒരു മാതിരി ആക്കുന്ന ചിരി ചിരിക്കാന്‍ തുടങ്ങിയിട്ട് .യുണിഫോമിന്റെ കാര്യം പറഞ്ഞപ്പോള്‍ തുടങ്ങിയതാണ്‌ ഈ ചിരി .സ്കൈ ബ്ലൂ ഷര്‍ട്ടും നേവി ബ്ലൂ പാന്റും ആണ് ഞങ്ങളുടെ യുണിഫോം  (അന്ന് പൊളിടെക്നിക്കുകളില്‍ ഏകീകൃത യുണിഫോം സമ്പ്രദായം വന്നിട്ടില്ലാരുന്നു, ഇപ്പോള്‍ കേരളത്തിലെ എല്ലാ പൊളിടെക്നിക്കുകളിലും ഒരേ യുണിഫോം ആണ്   ).     

"പഠിത്തം കഴിഞ്ഞു പണി ഒന്നും കിട്ടില്ലേലും നിനക്ക് ബോട്ടിലെ സ്രാങ്ക്  ആയിട്ട് പോവാം "
(സ്രാങ്കിന്റെ യുണിഫോമും നീലയും നീലയും തന്നെ ആണ് ).

"എന്റെ അപ്പനല്ലേ....ഇങ്ങേരെന്നെ കളിയാക്കിയില്ലേല്‍ പിന്നെ ആരാ ഇതൊക്കെ ചെയ്യാന്‍ " എന്ന് മനസ്സില്‍ കരുതി ഞാന്‍ അങ്ങ് ക്ഷമിച്ചു . അല്ലാണ്ട് കേറി തല്ലാന്‍ പറ്റില്ലല്ലോ !!!!


ഞാനും അച്ഛനും കൂടി വീണ്ടും രഥയാത്ര ആരംഭിച്ചു. ഞങ്ങളുടെ സ്വന്തം ബജാജ് 4S ചാമ്പ്യനില്‍.....വീട്ടിലേക്ക് . വഴിയില്‍ ഒരു  ഹോട്ടല്‍ കണ്ടതോടെ  അച്ഛന്‍  വണ്ടി ഒതുക്കി .

ആ ഹോട്ടലില്‍ കയറി ഇരുന്നു ഒരു തട്ട് തുടങ്ങി . വെയിറ്റര്‍ പൂരത്തെറി പറഞ്ഞു കാണും ഞങ്ങള്‍ പോയി കഴിഞ്ഞപ്പോള്‍ . ബില്ലില്‍ ഇരുന്ന ആളിന് പെരുത്ത സന്തോഷവും തോന്നിക്കാണും.


ക്ലാസ് തുടങ്ങാന്‍ ഒരു മാസം സമയമുണ്ട് ...എന്താ പരിപാടി എന്ന് നോക്കിയാല്‍ എനിക്കൊരു പരിപാടിയുമില്ല...

രാവിലെ എഴുനേല്‍ക്കുന്നു , വീട്ടില്‍ നിന്നും ഉള്ളത്  മുഴുവന്‍ തിന്നുന്നു....പന്ത്രണ്ടു ചപ്പാത്തിയില്‍ കൂടുതല്‍ തരില്ല എന്നുള്ള അമ്മയുടെ അടുക്കള നിയമത്തെ വെല്ലു വിളിച്ചു കൊണ്ട് അച്ഛന്റെ അടുത്ത് പരാതി പറയുന്നു.....അടുക്കളയിലെ അമ്മയുടെ തീരുമാനം അന്തിമം എന്നുള്ള അച്ഛന്റെ പക്ഷാഭേദപരമായ മറുപടി കേട്ട് സങ്കടപ്പെടുന്നു  .. ഉച്ചക്ക് ഊണ് കഴിക്കുമ്പോള്‍ അമ്മ അറിയാതെ വറുത്ത മീന്‍ അടിച്ചു മാറ്റി തിന്നുന്നു .......അടുത്ത ദിവസം രാവിലത്തേക്ക് വാങ്ങി വെച്ചിരിക്കുന്ന മുട്ടകള്‍ എടുത്തു ഓംലൈറ്റ് ഉണ്ടാക്കി തിന്നുന്നു......അച്ഛമ്മയെ കളിയാക്കി തന്തക്കു വിളി കേള്‍ക്കുന്നു..... 

ഒരു അതി ഗംഭീര പ്രണയത്തിനുളള വഴികള്‍ ഉണ്ടാക്കുന്നു....കറങ്ങി നടക്കുന്നു ...കായലില്‍ പോയി ചൂണ്ട ഇടുന്നു....കായലില്‍ കെട്ടി മറിഞ്ഞു കുളിക്കുന്നു....കായല്‍ ഇറമ്പിലെ ഒതളമരത്തിലെ കായകള്‍ എല്ലാം എറിഞ്ഞു ഇടുന്നു ...എന്തെങ്കിലും പുസ്തകം തപ്പി പിടിച്ചു വായിക്കുന്നു.... +2 നു പഠിക്കാന്‍ പോവുന്ന കൂട്ടുകാര്‍ക്കു ആശംസകളും പുച്ഛവും കൊടുക്കുന്നു...വൈകുന്നേരങ്ങളില്‍ റോഡില്‍ കൂടെ പോവുന്ന പെണ്‍കുട്ടികളുടെ എണ്ണം എടുക്കുന്നു.പെമ്പിള്ളേരുടെ  പുറകെ പോവുന്ന കൂട്ടുകാര്‍ക്കു  എസ്കോര്‍ട്ട്  പോവുന്നു....

പുതുതായി മനസ്സില്‍ കയറിയ പ്രണയിനിയെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നു...അവള്‍ എന്റെ വീടിന്റെ അടുത്ത് കൂടെ പോവുമ്പോള്‍ നോക്കി ചിരിക്കുന്നു .....തിരിച്ചു കിട്ടുന്ന ചിരിയില്‍ അത്യാഹ്ലാദം പൂണ്ടു അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു ........അമ്മയോട് പ്രണയത്തെ കുറിച്ച് വാചാലമായി സംസാരിക്കുന്നു....പ്രണയിനിയുടെ വീടിന്റെ പരിസര പ്രദേശങ്ങളില്‍ പുതിയ സുഹൃദ് ബന്ധങ്ങള്‍ സൃഷ്ടിക്കുന്നു..... അവളുടെ അച്ഛനെ കണ്ടു ഞെട്ടുന്നു...അവളുടെ വീടിന്റെ അടുത്തേക്കുള്ള എല്ലാ വഴികളും ഇടവഴികളും കണ്ടു വെക്കുന്നു...അവളുടെ സ്കൂള്‍ ബസ്സ്‌ വരുന്നതും പോവുന്നതും നോക്കി നില്‍ക്കുന്നു....അവളുടെ അമ്മയെ ആദ്യം ആയി കണ്ട അന്ന് തന്നെ അവരെ അമ്മ എന്ന് വിളിച്ചു പരിചയപ്പെടുന്നു........ഇതിനിടയില്‍ വിളിച്ചിട്ടുള്ള എല്ലാ കല്യാണത്തിനും പോയി സഹകരിക്കുകയും വിഭവ സമൃദ്ധമായ സദ്യയും ബിരിയാണിയും തട്ടുകയും ചെയ്യുന്നു ....അവിടെ ഉള്ള പെണ്‍കുട്ടികളുടെ എണ്ണം എടുക്കുന്നു......ഇത് വരെ കാണാത്തതും നാട്ടില്‍ ഉള്ളതല്ല എന്ന് ബോധ്യം ഉള്ള പെമ്പിള്ളാരെ മാത്രം സൈറ്റ് അടിച്ചു കാണിക്കുന്നു.......

വൈകുന്നേരങ്ങളില്‍ ആരെ എങ്കിലും വെടിവെച്ചിട്ട് തട്ടുകടയില്‍ പോയി ഫുഡ്‌ അടിക്കുന്നു....കംപ്യുട്ടര്‍ എന്താണെന്നു ബാക്കി ഉള്ളവരോട് ചോദിക്കുന്നു...അവര്‍ കണ്ണും തള്ളി നില്‍ക്കുമ്പോള്‍ "ഞാന്‍ അതാ ഇനി പഠിക്കാന്‍ പോവുന്നെ..." എന്ന്   അഭിമാനത്തോടെ പറയുന്നു...അത് കേട്ട് അവര്‍ ഞെട്ടുന്നു...... അമ്പലത്തില്‍ ഇന്ന് പായസം ഉണ്ടെന്നു അറിയുന്ന ദിവസങ്ങളില്‍ മാത്രം ഭക്തന്‍ ആവുന്നു.......

തുള്ളിക്കൊരു കുടം പെയ്യുന്ന മഴയില്‍ നനഞ്ഞു കുളിക്കുന്നു...ചാറ്റല്‍ മഴ നനഞ്ഞു പനി പിടിപ്പിക്കുന്നു.....അച്ഛനെന്നെയും ചുമന്നോണ്ട് ഡോക്ടരുടെ അടുത്ത് പോവുന്നു...അയാള്‍ എന്നെ കുത്തി വെക്കുന്നു...മരുന്ന് തന്നവന്‍ എങ്കിലും അയാളെ ഞാന്‍ മനസ്സില്‍ തന്തക്കു വിളിക്കുന്നു.....അമ്മയുടെ കാലുപിടിച്ചു കാശുണ്ടാക്കി സിനിമക്ക് പോവുന്നു...കിലോ മീറ്ററുകളോളം സൈക്കിള്‍ ചവിട്ടി നെഞ്ചിനു നീര് വെപ്പിക്കുന്നു....തലയില്‍ ഒരു കുടം എണ്ണ വെച്ച് കുളിച്ചിട്ടു വെയിലത്തിറങ്ങി നടന്നു നീരിളക്കം  പിടിച്ചു കഴുത്ത്  വേദനയുമായി വീട്ടില്‍ കിടക്കുന്നു....

സ്രാങ്കിന്റെ യുണിഫോം തയ്പ്പിക്കുന്നു....അതു സമയത്ത് തരാത്തതിനാല്‍ തയ്യല്‍ കടക്കാരനോട് സെന്റി അടിച്ചു മരിക്കുന്നു.....രാവിലെ സ്കൂളില്‍ പോവുന്ന കൊച്ചു കുട്ടികളോട് ഇന്ന് സ്കൂളില്ല എന്ന് പറഞ്ഞു തിരികെ വീട്ടിലേക്ക് പറഞ്ഞു വിടുന്നു....ആ കുട്ടിയുടെ അമ്മ വന്നു ഞങ്ങളെ വഴക്ക് പറയുന്നു.....പിറ്റേന്ന് ഇത് തന്നെ ആവര്‍ത്തിക്കുന്നു....കുട്ടിയുടെ അമ്മൂമ്മ വന്നു ഞങ്ങളെ തന്തക്കും തരവഴിക്കും പറയുന്നു...."ഇന്നത്തേക്ക് ഉള്ളത് കിട്ടി " എന്ന് പറഞ്ഞു കൊണ്ട്  വീട്ടില്‍ പോകുന്നു....അച്ഛന്റെ കൂട്ടുകാര്‍ റോഡിലൂടെ വരുമ്പോള്‍ ആദ്യം കാണുന്ന വഴിയെ മുങ്ങുന്നു...... വെറുതെ വീട്ടിലിരുന്നു ബോറടിക്കുന്നു....ടി വി കണ്ടു വീട്ടിലെ കറന്റ് ചാര്‍ജ് കൂട്ടുന്നു....

വീട്ടിലെ ശല്യം സഹിക്ക വയ്യാതെ എന്നെ അമ്മവീട്ടിലും അപ്പച്ചിമാരുടെ വീട്ടിലും പറഞ്ഞുവിടുന്നു..... കസിന്‍ ആയ സജിയുടെ കൂടെ അമ്പലപ്പുഴയിലെ തോടുകള്‍, കുളങ്ങള്‍ എന്നിവ കുത്തിമറിക്കുന്നു.....അമ്പലപ്പുഴ അമ്പലത്തില്‍ തൃപ്പദ തൊഴാന്‍ പോവുന്നു ....അവിടെ കണ്ട വെളുത്ത്  നീണ്ട മുടിയുള്ള സാമാന്യം തരക്കേടില്ലാത്ത ഒരു പെണ്ണിനോട് എന്തോ ഒരു ഇത് തോന്നുന്നു ...അവള്‍ക്ക് വേറെ ലൈന്‍ ഉണ്ടെന്നറിഞ്ഞ് മനസില്‍ നേരിയ വേദന തോന്നുന്നു....
                       
 കൂട്ടുകാരെയും അവരുടെ ചേച്ചിമാരെയും തിരക്കിയതായി മുറപ്പെണ്ണിനോട് പറഞ്ഞു വിടുന്നു.....അവളെ "എല്ല് "എന്ന് വിളിച്ച  പൊറുക്കാനാവാത്ത കുറ്റത്തിന് അവളെന്നെ കുടം വെച്ച് തല്ലുന്നു...അവളുമായി സന്ധിയില്ലാത്ത ശീതയുദ്ധ കരാറില്‍ ഒപ്പിടുന്നു..... മഴയത്ത് കുടയും പിടിച്ചു കുളത്തില്‍ മുങ്ങി കുളിക്കുന്ന സജിയെ കളിയാക്കുന്നു.....ഇത് നാട്ടില്‍ ചെന്നിട്ടു പരീക്ഷിക്കണം എന്ന് മനസ്സില്‍ ഉറപ്പിക്കുന്നു......തകഴിയിലും കരുമാടിയിലും കട്ടക്കുഴിയിലും സൈക്കിളില്‍ പോവുന്നു.......അണച്ച് തള്ളി വീട്ടില്‍ വരുന്ന ഞങ്ങള്‍ക്ക് അപ്പച്ചന്റെ വക വഴക്ക് കിട്ടുന്നു......

എന്നെ കാണാതെ സങ്കടം മൂത്ത് അച്ഛനും അമ്മയും എന്നെ തിരികെ വീട്ടിലേക്ക് വിളിപ്പിക്കുന്നു...... 

അങ്ങനെ ഒരു പണിയും പ്രത്യേകിച്ച് ഇല്ലാണ്ട്  ഞാന്‍ ഒരു മാസം തള്ളി നീക്കി.....

2001  ജൂലൈ മാസത്തിലെ ഒരു വെളുപ്പിന് ഞാന്‍ എന്റെ ഡിപ്ലോമ ജീവിതം ആരംഭിച്ചു.....
               <<<<<<<<<<<<<<<<<<<<ദി ഡിപ്ലോമറ്റ് >>>>>>>>>>>>>>>>>>>>>>
  









Pages

Flickr