Wednesday, December 8, 2010

ദി ഡിപ്ലോമറ്റ് : കൊലയാളി


 
രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കണ്ണൂരില്‍ കലാപം നടന്നു കഴിഞ്ഞു കുറച്ചു നാള്‍ കഴിഞ്ഞാണ് ഞങ്ങള്‍ ഡിപ്ലോമ പഠനം തുടങ്ങിയത്. പത്ര വാര്‍ത്തകള്‍ നല്‍കിയ അറിവ്  മാത്രം ആയിരുന്നു കണ്ണൂരിനെ കുറിച്ച് ആകെ ഉണ്ടായിരുന്നത് . മുഖ്യധാര പത്രങ്ങളില്‍ എല്ലാം ആ സമയത്ത് മുഴുവന്‍ കണ്ണൂര്‍ എന്ന പേര് പ്രത്യക്ഷപ്പെടുന്നത് കൊലപാതകങ്ങളുടെയും കൊള്ളിവെപ്പിന്റെയും ഹര്‍ത്താലിന്റെയും ബന്ദിന്റെയും സചിത്ര വാര്‍ത്തകളോടെ ആയിരുന്നു.       

                                       ക്ലാസ് തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞാണ് വടിവാള്‍ ഞങ്ങളുടെ ക്ലാസ്സില്‍ വന്നു ചേരുന്നത്.  വടിവാളിന്റെ അഭിപ്രായത്തില്‍ കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു മണ്ഡലകാലം പോലെ തന്നെ ഉള്ള ഒരു സീസണില്‍ ആണ് എന്നായിരുന്നു. കണ്ണൂരുകാര്‍ രാവിലെ പല്ല് തേക്കുന്നത് കവളന്‍ മടല് ഉപയോഗിച്ചാണ്‌ , നാക്ക്‌ വടിക്കുന്നത്‌ വെട്ടുകത്തി വെച്ചാണ്‌ , മുഖം കഴുകാന്‍ ആസിഡ് ആണ് ഉപയോഗിക്കുന്നത് , നഖം വെട്ടാന്‍ അറുപ്പ് മില്ലില്‍ പോവേണ്ട അവസ്ഥയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ആണ് അദ്ദേഹത്തിനു വടിവാള്‍ എന്ന പേര് എല്ലാവരും കൂടി ചാര്‍ത്തി കൊടുത്തത്.
                                               
                            കോളേജില്‍ ചേര്‍ന്ന സമയത്ത് വടിവാള്‍ താമസം അയ്യപ്പന്‍ എന്ന് പേരുള്ള ഒരു വ്യക്തിയുടെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിട്ടായിരുന്നു. ആ വീട്ടില്‍ പേയിംഗ് ഗസ്റ്റ് ആയിട്ട് വടിവാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും. എല്ലാ ദിവസവും കോളേജ് കഴിഞ്ഞാല്‍ വടിവാള്‍ വീട്ടില്‍ പോയി വെറുതെ ഇരിക്കും. ബോര്‍ അടിക്കുമ്പോള്‍ പുറത്തിറങ്ങി ഈച്ചയെ അടിക്കും . പിന്നെയും ബോര്‍ അടിക്കുവാണേല്‍ നേരെ ഹൈവേയിലോട്ടു വന്നു നിന്ന് നാഷണല്‍ പെര്‍മിറ്റ്‌ ലോറികളുടെ എണ്ണം എടുക്കും.
        
                      ഇങ്ങനെ ഉള്ള ഒരു ദിവസം പ്രതേകിച്ചു പരിപാടി ഒന്നും ഇല്ലഞ്ഞത് കൊണ്ട് വൈകിട്ട് നേരത്തെ ഭക്ഷണം കഴിക്കാം എന്ന് കരുതി ഒരു ആറ് മണി ആയപ്പോള്‍ വടിവാള്‍ ടൈറ്റ് ജീന്‍സും കാറ്റര്‍പില്ലറിന്റെ ‍ബൂട്ടും നാലാം ക്ലാസ്സില്‍ പഠിക്കാന്‍ ചേര്‍ന്നപ്പോള്‍ കാര്‍ന്നോര്‍ വാങ്ങി കൊടുത്ത ബനിയനും വലിച്ചു കേറ്റി റൂമിന് പുറത്ത് ഇറങ്ങി.
ഹൈവേയുടെ അരികിലൂടെ " ഞാന്‍ ജനിച്ച്ചില്ലാരുന്നു എങ്കില്‍ ഭൂമിക്കു അത്രയും ഭാരം കുറഞ്ഞു കിട്ടിയേനെ " എന്നൊക്കെ ആത്മഗതം പറഞ്ഞു നടന്നപ്പോള്‍ ആണ് ഒരുത്തന്‍ പുറകില്‍ നിന്നും വടിവാളിനെ മറികടന്നു പാഞ്ഞു പോയത് . ആ പാഞ്ഞു പോയവന്റെ കയ്യില്‍ ഒരു പൊട്ടിയ ബിയര്‍ കുപ്പിയും ഉണ്ടായിരുന്നു. ഒരു നൂറു മീറ്റര്‍ മുമ്പിലായി അതിലും വേഗത്തില്‍ ഒരുത്തന്‍ ജീവനും കൊണ്ട് ഓടുന്നുണ്ടായിരുന്നു. ഇനിയും ഓടിയാല്‍ ജീവന്‍ പുറകെ വരുന്നവന്റെ കയ്യില്‍ ഇരിക്കുന്ന ബിയര്‍ ബോട്ടിലില്‍ തീരും എന്ന് മനസ്സിലായ അവന്‍ ആദ്യം കണ്ട ഒരു മധ്യപ്രദേശ് രജിസ്ട്രേഷന്‍ ഉള്ള ഒരു ലോറിയുടെ ഏണിയില്‍ തൂങ്ങി നാട് വിട്ടു.പക്ഷെ ഇതൊന്നും കാണാന്‍ വടിവാള്‍ അവിടെ ഉണ്ടായില്ല.

                           ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോള്‍ ഈ സംഭവം നടന്നതിനും രണ്ടു കിലോമീറ്റര്‍ പുറകില്‍ ആയി Triple H  താമസിക്കുന്ന
വീട്ടില്‍ ഒരാള്‍ പറന്നു വന്നു നെഞ്ചും തല്ലി വീണു.

ഈ വന്നു വീണതിന്റെ ശബ്ദം കേട്ട് ഞെട്ടി കട്ടിലില്‍ കിടക്കുകയായിരുന്ന Triple H ചാടി എഴുനേറ്റു ലോകത്തോട്‌ മുഴുവന്‍ ദേഷ്യം തീര്‍ക്കാന്‍ എന്ന പോലെ ആരെയൊക്കെയോ കുറെ തെറി വിളിച്ചു .

ഇതിനിടയില്‍ താഴെ വീണയാള്‍ എഴുനേല്‍ക്കാന്‍ പറ്റാതെ നിലത്തു കിടന്നു കൊണ്ട് പറഞ്ഞു

"വെള്‍ ...വെള്ള..."

വെള്ളയോ ?

"വെള്ളം "

Triple H കുളിമുറിയില്‍ പോയി ഒരു മഗ്ഗില്‍ വെള്ളം എടുത്തോണ്ട് വന്നു.

അപ്പോള്‍ ആണ് ആളെ Triple H നു പോലും മനസ്സിലായത് . വന്നു വീണത്‌ വടിവാള്‍ ആയിരുന്നു. എന്തെങ്കിലും പറയാന്‍ സാധിക്കുന്നതിനു മുമ്പ് വടിവാള്‍ Triple H ന്റെ കയ്യില്‍ ഇരുന്ന വെള്ളം മുഴുവന്‍ വാങ്ങി കുടിച്ചു.

"വെള്ളം കുടിക്കാന്‍ ആണോ നീ ഇത്രയും ദൂരം ഓടി വന്നത് ?"

"അതെ"

ഒരുത്തനെ കുത്താന്‍ ഇട്ടോടിക്കുന്നത് കാണാന്‍ പോലും കരുത്തില്ലാതെ വടിവാള്‍ തിരിഞ്ഞോടിയതാണ്. ചെന്ന് കേറിയത്‌  Triple H ന്റെ വീട്ടിലും . പക്ഷെ സത്യം പറഞ്ഞാല്‍ മാനം പോകും എന്ന് എന്നുള്ളത് കൊണ്ട് വടിവാള്‍ അതൊന്നും ആരോടും പറഞ്ഞില്ല
.അന്ന് തിരികെ വീട്ടിലേക്കു പോവാന്‍ വടിവാളിന്റെ ധൈര്യം അനുവദിച്ചില്ല.

അന്ന് രാത്രി  അവിടെ കൂടി Triple H നെ കണ്ണൂരിലെ കഥകള്‍ പറഞ്ഞു കത്തി വെച്ച് കൊന്നു കൊലവിളിച്ച് കുഴിച്ചു മൂടി , പിറ്റേന്ന് രാവിലെ അവന്റെ കബറിടത്തില്‍ അരിയും പൂവും ഇട്ടു നമസ്കരിച്ചു വടിവാള്‍ സ്വന്തം റൂമിലേക്ക്‌ ഇടവഴി കേറി പോന്നു.

ഹൈവേ കാണുന്നത് പോലും വടിവാളിന്റെ നെഞ്ചിടിപ്പ് കൂട്ടും എന്നുള്ളത് കൊണ്ട് ആണ് ഇടവഴി തിരഞ്ഞെടുത്തത് . അല്ലാതെ ആരെയും പേടിച്ചിട്ടൊന്നും അല്ല. 

അന്ന് രാവിലെ റൂമില്‍ പാട്ടും പാടി ആത്മാവിനെ സന്തോഷിപ്പിച്ചിരിക്കുകയായിരുന്ന വടിവാളിനെ തിരക്കി ഒരാള്‍ വന്നു
"സ്റേഷന്‍ വരെ ഒന്ന് വരണം "

"ഞാന്‍ സ്ഥിരമായിട്ട് ട്രെയിനിലാണ് വരാറുള്ളത്  . പക്ഷെ ട്രെയിനിന്റെ എഞ്ചിന്‍ നന്നാക്കാനൊന്നും എനിക്കറിയില്ല."

"റെയില്‍വേ സ്റ്റേഷന്‍ അല്ല . പോലീസ് സ്റ്റേഷനിലോട്ട് വരാനാ പറഞ്ഞത് "

വടിവാള്‍ ഞെട്ടി , പിന്നെ പഴയ ആ ഡ്രസ്സ്‌ വലിച്ചു കേറ്റി സ്റെഷനിലോട്ടു നടന്നു.

ചെന്ന് കേറിയതും CI ചോദിച്ചു " എവിടാ വീട് ?"

"കണ്ണൂരിലെ തലശ് ...." 

"കണ്ണൂരാ ? .....കൊല്ലിവനെ ...ഇവനെ എന്കൌണ്ടര്‍ ചെയ്യ് "

"എന്നെ കൊല്ലാന്‍ പോണേ..... " എന്ന് അലറിവിളിച്ച് പുറത്തേക്ക് ഓടിയ വടിവാളിനെ പാറാവുകാരന്‍ പോലീസ് വട്ടക്കാലിട്ടു വീഴ്ത്തി.

തൂക്കിയെടുത്ത് ലോക്കപ്പിനകത്തേക്ക്  എറിയെപ്പെട്ട വടിവാളിന് കുത്താന്‍ ഓടിച്ചവന് കൂട്ട് നിന്നവന്‍ എന്ന പേരും അതിന്റെ കൂടെ ഒരു കേസും കിട്ടി .

 ഇതിനിടയില്‍ കേസ് കൊടുത്തവനെയും കുത്താന്‍ ഓടിച്ചവനെയും അടക്കമുള്ള ആള്‍ക്കാരെ തിരഞ്ഞു പോലീസ് പോയി . കണ്ണൂരിലുള്ള വടിവാളിന്റെ ബന്ധുക്കളെ അറിയിക്കാന്‍ പോലീസുകാര്‍ സന്മനസ്സു കാട്ടി .

വടിവാളിന്റെ അപ്പനും ഇളയ അളിയനും കൂടി ആദ്യം കിട്ടിയ വണ്ടിക്കു ചേര്‍ത്തലക്ക് പോന്നു. എടൂരിലുള്ള പള്ളിയില്‍ വടിവാളിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ആയിരം മെഴുകുതിരി എരിഞ്ഞു തീര്‍ന്നു .

പുറത്ത് കണ്ടാല്‍ വടിവാളിനെ കണ്ടിച്ചു കളയും എന്ന് നാട്ടുകാര്‍ പോസ്റര്‍ എഴുതി മതിലുകളില്‍ പതിച്ചു. 

ചേര്‍ത്തല പോലീസ് സ്റ്റേഷന്‍ ഭരിച്ചിരുന്ന പോലീസുകാര്‍ വടിവാളിനെ പുതിയ തെറികള്‍ പഠിപ്പിച്ചു കൊടുത്തു. പോലീസുകാര്‍ മടുത്തപ്പോള്‍ അപ്പുറത്തെ ചായകടയിലെ പൊറോട്ട അടിക്കുന്ന ചേട്ടനെ വിളിച്ചു കൊണ്ട് വന്നു നല്ല കുറെ നാടന്‍ തെറി വടിവാളിനെ പറയിപ്പിച്ചു കേള്‍പ്പിച്ചു.  ചേര്‍ത്തല സ്റ്റേഷഷനില്‍ വന്നു കേറിയ അപ്പന്‍ പോലും ലോക്കപ്പില്‍ കേറി വടിവാളിന്റെ തന്തക്കു വിളിച്ചിട്ടാണ് പോലീസേമ്മാനെ കാണാന്‍ ചെന്നത്.

    വടിവാള്‍ തെറ്റൊന്നും ചെയ്ത്ട്ടില്ല എന്ന് പോലീസുകാര്‍ക്ക് ബോധ്യപ്പെട്ടെങ്കിലും നാട്ടുകാരുടെ  ഭീഷണി വകവെക്കാതെ ഇവനെ പുറത്തിറക്കി വിട്ടാല്‍ പിറ്റേ ദിവസം ഇവന്റെ ശവത്തിനു ആ സ്റ്റേഷനില്‍ തന്നെ ഉള്ള പോലീസുകാര്‍ കാവല്‍ നില്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നത് കൊണ്ട് വടിവാളിനെ പകല്‍ സമയം കസ്റ്ടിയില്‍  വെക്കാന്‍ അവര്‍ തീരുമാനിച്ചു . രാത്രി അപ്പനും അളിയനും വന്നു കൂട്ടികൊണ്ട് പോയി അവരുടെ കൂടെ ലോഡ്ജില്‍ താമസിപ്പിച്ചു

പോലീസ് അന്വേഷണം  ഊര്‍ജ്ജിതപ്പെടുത്തി .

വടിവാളിന്റെ അപ്പനും അളിയനും തെക്കോട്ടും വടക്കോട്ടും കിഴക്കോട്ടും പടിഞ്ഞോട്ടും ഓടി.

സംഭവം നടന്നു മൂന്നിന്റെ അന്ന് കുത്താന്‍ ഓടിച്ചവനെയും ജീവനും കൊണ്ട് ഓടിയവനെയും ഒരുമിച്ചു സ്റ്റേഷനില്‍ വരുത്തി.
ചോദ്യം ചെയ്തു വന്നപ്പോള്‍ വാദി പ്രതി ആയി .
സ്ഥലം സര്‍ക്കിള്‍ ഒടുവില്‍ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ് ആക്കി.

നിലത്തു നില്ക്കാന്‍ പോലും സാധിക്കാതെ ഓടിയെങ്കിലും രാഷ്ട്രീയവും മതപരവും ആയ എല്ലാ സ്വാധീനവും ഒരുമിച്ചു ഉപയോഗിച്ചു  വടിവാളിന്റെ തലയില്‍ ഉണ്ടായിരുന്നതും വന്നേക്കാവുന്നതുമായ എല്ലാ ആരോപണവും ഒഴിവാക്കാന്‍ അപ്പന് കഴിഞ്ഞു .

എല്ലാം തീര്‍ന്നു എന്ന് വിശ്വസിച്ച അവരുടെ മുമ്പിലേക്ക് അടുത്ത പ്രശ്നം വന്നു വീണു . കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കോലാഹലങ്ങളുടെ ബാക്കിപത്രം എന്ന പോലെ  ഒരു സസ്പെന്‍ഷന്‍ കോളേജില്‍ നിന്നും അടിച്ചു കൊടുത്തിരുന്നു വടിവാളിന് . അവന്‍ അതറിഞ്ഞിരുന്നില്ല.

C.I ഏമാനെ കൊണ്ട് കോളേജിലേക്ക് വിളിച്ചു പറയിപ്പിച്ചു "കേസ് ഒന്നും ഇല്ല, വടിവാള്‍ നിരപരാധി ആണ്" എന്നൊക്കെ.

എല്ലാം പറഞ്ഞു ശരിയാക്കാം എന്ന് കരുതി വടിവാള്‍ അപ്പനെയും അളിയനെയും കൂട്ടി  കോളേജില്‍ വന്നു.

കോളേജിന്റെ ഗേറ്റ് കടന്നു ചെന്നതും പ്യൂണ്‍ വിളിച്ചു നിര്‍ത്തി  ചോദിച്ചു " ഒരുത്തനെ വീട്ടില്‍ കേറി വെട്ടണം, എന്തോ തരണം .....?"

പ്യൂണിനെ ഒഴിവാക്കി മുന്നോട്ടു നടന്ന വടിവാളിനെ കോളേജിലെ അധികാര അവതാരങ്ങള്‍ ഓരോരുത്തരായി വന്നു ചൊറിഞ്ഞേച്ച് പോയി.

ലാബിലെ ഹെല്‍പ്പര്‍ വന്നു പറഞ്ഞു "കേരളത്തിലെ എല്ലാ പോളിയിലെയും ലാബ്‌ ഹെല്‍പ്പര്‍മാരെ എനിക്കറിയാം , ഞാന്‍ വിചാരിച്ചാല്‍ നീ ഒരു കാലത്തും ലാബ് പാസ്സാവില്ല "

"നഷ്ട്ടപ്പെടാന്‍ കൈവിലങ്ങുകള്‍ മാത്രം" എന്ന് പറഞ്ഞു കൊണ്ട് നേരെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ കയറിയതും ആക്ടിംഗ് പ്രിന്‍സിപ്പല്‍ (ഒറിജിനല്‍ പ്രിന്‍സിപ്പല്‍ ലീവ് ആയിരുന്നു) ഗര്‍ജ്ജിക്കാന്‍ തുടങ്ങി. ഏറ്റവും അവസാനം

"ഗുണ്ടായിസം എല്ലായിടത്തും വിജയിക്കില്ല " എന്ന ഡയലോഗിന്  

"ഗുണ്ടായിസ്സം വിജയിക്കുന്ന സ്ഥലവും ഉണ്ട് " എന്ന് അളിയന്‍ തിരിച്ച് ഗര്‍ജ്ജിച്ചു പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കി  . 

 കാലേല്‍ പിടിച്ചും ആവശ്യമുള്ളിടത്ത് ദേഷ്യം കാണിച്ചും വടിവാളിന്റെ സസ്പെന്‍ഷന്‍ ഒടുവില്‍ അവസാനിപ്പിച്ചു.

പിറ്റേന്ന് മുതല്‍ വടിവാള്‍ കോളേജില്‍ ഹാജരായി കത്തി വെപ്പ്  തുടങ്ങി .

ഈ സംഭവങ്ങള്‍ക്ക് ശേഷം നാട്ടുകാര്‍ വടിവാളിനെ കാണുമ്പോള്‍ വഴിമാറി നടക്കാന്‍ തുടങ്ങി . അവര്‍ക്ക് പേടിയായിരുന്നു , എതിരെ വരുന്നവരെ കണ്ടു പേടിച്ചു വടിവാള്‍ ഓടി വല്ല വണ്ടിയുടെ അടിയിലും കേറി പടമായാല്‍ സമാധാനം പറയാന്‍ നടക്കണം പിന്നെ എന്നത് കൊണ്ട് .

സംഭവങ്ങള്‍ക്ക് പൊടിപ്പും തൊങ്ങലും പിടിപ്പിച്ചു വടിവാള്‍ തന്നെ എല്ലായിടത്തും പറഞ്ഞു നടന്നു. ഇത് സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ വടിവാളിന് അടുത്ത പേര് വീണു
 കൊലയാളി .

പുതിയ പേര് പരസ്യപ്പെടുത്തുവാന്‍ ആരെയും ക്ഷണിക്കേണ്ടി വന്നില്ല. അതിനു വടിവാള് തന്നെ മതിയായിരുന്നു.
 
കുത്താന്‍ ഓടിച്ച്ചവനും ഓടിക്കപ്പെട്ടവനും അവന്റെ കൂട്ടുകാരും ഒന്ന് രണ്ടു അക്ഷരം മാറ്റിയും വിളിക്കാന്‍ തുടങ്ങി.
 

<<<<<<<<<< ദി ഡിപ്ലോമറ്റ് : കൊലയാളി >>>>>>>>>
 
സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു കൂടെ നടന്ന, ഞാന്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും അന്ന് വടിവാളിനെ സഹായിക്കാന്‍ പറ്റിയില്ല ‌എന്നുള്ള ദു:ഖകരമായ സത്യവും ഞാന്‍ ഇവിടെ തുറന്നു പറയുകയാണ്‌. അറിവില്ലായ്മയോ സാഹചര്യങ്ങളോ ആയിരുന്നു അതിന് കാരണം എങ്കിലും നിശ്ചലമായിപ്പോയ ഞങ്ങളുടെ അന്നത്തെ പ്രതികരണാവസ്ഥയെ ഞാന്‍ ഇപ്പോഴും ലജ്ജയോടെ മാത്രമാണ് ഓര്‍ക്കാറുള്ളത്.ഇന്നും ഞങ്ങളുടെ ഒരുമിച്ചുള്ള നില്‍പ്പിനു ഈ സംഭവം ഒരു കാരണം ആയി എങ്കിലും സുഹൃത്തിനെ ആപത്തില്‍ സഹായിക്കാന്‍ ആവാതെ പോയത് ഇന്നും വേദനയാണ്.

വടിവാളിന്റെ പ്രത്യക അനുവാദത്തോടെ ആണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌    

Pages

Flickr