Thursday, April 8, 2010

ദി ഡിപ്ലോമറ്റ് - റിവോള്‍ട്ട്

ഇതൊരു തുടര്‍ച്ചയാണ് . ഈ വധത്തിന്റെ ഒന്നാം ഭാഗം ഇവിടെ വായിക്കുക
 ക്ലാസ് തുടങ്ങാന്‍ ഉണ്ടായിരുന്ന ഒരു മാസത്തെ കാലയളവില്‍ കുറച്ചു കാര്യങ്ങള്‍ കൂടി സംഭവിച്ചു...എന്റെ അയല്‍ക്കാരനും ഉറ്റ സുഹൃത്തും സര്‍വോപരി എന്റെ ചിറ്റപ്പനും ആയ മനുവിനും അയല്‍പക്കത്ത്‌ തന്നെ ഉള്ള മഹേശ്വരിക്കും  എന്റെ കൂടെ തന്നെ അഡ്മിഷന്‍ കിട്ടി  .

വീട്ടുകാര്‍ക്ക് പെരുത്ത്‌ സന്തോഷം...എനിക്കതിന്റെ അപ്പുറത്തെ സന്തോഷം.
പോക്കും വരവും ഒരുമിച്ച്.രാവിലെ എല്ലാം കൂടി ജങ്ക്ഷനില്‍ വന്നു ബസ്സ് കയറി പോവും.
തിരിച്ചു വരുമ്പോളാണ് ബസിന്റെ ഏണിയേല്‍ തൂങ്ങി വരുക . ഉള്ള സ്കൂളും കോളേജും ഓഫീസും എല്ലാം ഉണ്ടാവും വൈകുന്നേരം ബസ്സില്‍ .
                         ക്ലാസ്സില്‍ ഞാന്‍ അടക്കം വളരെ കുറച്ചു പയ്യന്മാരും പയ്യത്തികളും  മാത്രം പത്താം ക്ലാസ് കഴിഞ്ഞു നേരിട്ട് ഡിപ്ലോമ പഠിക്കാന്‍ വന്നിട്ടുള്ളൂ .ബാക്കി ഉള്ളവരെല്ലാം ഗജ പോക്കിരികള്‍. പ്ലസ് ടു, പ്രീ ഡിഗ്രി , ഐ ടി ഐ ,  ഡിഗ്രി , ഇത്രയും വിദ്യാഭ്യാസം ഉള്ളവരും ഇതൊന്നും അല്ലാതെ ജോലിക്ക് പോയിരുന്നവരും അടക്കം ഒരു വന്‍ സംഘം.


എപ്പോളും മുഖത്ത് ഒരു ചിരിയുമായി ജോണി.
ഫുള്‍ ടൈം "പാരകള്‍" പണിതു കൊണ്ട് ജോസഫ്‌ .
ശരീരം കൊണ്ടും പ്രായം കൊണ്ടും മാത്രം വലിയവന്‍ ആയ  പ്രവീണ്‍
തന്ത്രങ്ങളും മന്ത്രങ്ങളുമായി , തന്ത്രി എന്ന് വിളിപ്പേരുള്ള നിനുരാജ് .
ഗുണ്ടാ കഥകളുമായി ലിതീഷ് അഥവാ തലയോലപ്പറമ്പ് തങ്കച്ചന്‍  
ഒന്നിനെ ആയിരമാക്കി പറയുന്ന, കണ്ണുരിന്റെ സ്വന്തം പുത്രന്‍ ജിന്‍സ് 
എന്ത്‌ പറഞ്ഞാലും അതിലെല്ലാം ഒരു ചതഞ്ഞ 'ച' യും 'ത' യും വരുന്ന ,
ഫോര്‍ട്ട്‌ കൊച്ചിക്കാരന്‍ ജിജോ .

മൂത്താപ്പ....ശരവണന്‍ ...............................................................

ഞങ്ങളുടെ ക്ലാസ്സിലെ അവതാരങ്ങളുടെ നിര വലുതായിരുന്നു .
  
                             അങ്ങനെ നല്ല മഴയുടെ അകമ്പടിയോടെ ഞങ്ങളുടെ ക്ലാസ്സുകള്‍ പുരോഗമിച്ചു . ക്ലാസ്സിനു പുറത്തു മഴ പെയ്യുമ്പോള്‍ അകത്തു ഗാനമേള നടക്കും
                               കണ്ടത്തില്‍ മഴ പെയ്യുമ്പോള്‍ 
                               മാക്രികള്‍ ............. രസിക്കുന്നു 
                               ----------- മാക്രികള്‍ ചൊല്ലുന്നു 
                               മഴയത്ത് ---------- എന്ത്‌ രസം 
                               കാരികള്‍ കൂരികള്‍ കാരമകള്‍
                                ---------------------------------
                               ----------------------------------
സ്കൂളില്‍ നിന്നും രക്ഷപെട്ട സന്തോഷം ആയിരുന്നു എനിക്ക് . ട്യുഷന് പോവേണ്ട , എല്ലാ ദിവസവും ചെന്നില്ലേല്‍ ആരും ചോദിക്കുകേല , ക്ലാസ് ടെസ്റിന് മാര്‍ക്ക്‌ കുറഞ്ഞാല്‍ സാറന്മാര് തല്ലുകേല.  അങ്ങനെ പഠനം ഒരു വഴിയും അലമ്പ് അതിന്റെ മൂര്‍ദ്ധന്യതയിലേക്കുള്ള  വഴിയും പോയി കൊണ്ടിരുന്നു.
                                യെദു എന്റെ നാട്ടുകാരനും സീനിയറും എല്ലാ ദിവസവും ഒരുമിച്ച് യാത്ര ചെയ്യുന്നവനും ആണ് . അവന്‍ വഴി പരിചയപ്പെട്ടവര്‍ ആണ് ബാബു , ശ്രീജിത്ത്‌, ശിവന്‍ , വിജീഷ് തുടങ്ങിയവര്‍ .
              ഒരു ദിവസം ഉച്ചക്ക് ഭക്ഷണവും കഴിഞ്ഞു ക്ലാസ് റൂമിന് പുറത്തിറങ്ങിയ ഞാന്‍ യെദുവിനെയും ശിവനെയും ബാബുവിനെയും  സൈക്കിള്‍ ഷെഡിന്റെ അടുത്ത് നില്‍ക്കുന്നത് കണ്ടു അങ്ങോട്ട്‌ ചെന്നു. ബാബുവിനെ കളിയാക്കി ഞാന്‍ തുടങ്ങി വെച്ച ഒരു സംഭാഷണം , എനിക്ക് യാതൊരു പരിചയവും ഇല്ലാത്ത  സീനിയര്‍ ഒരുവന്‍ കയറി പിടിച്ചു.
                                                          ചോര തിളച്ചു ആവി ആയി പോയി കൊണ്ടിരിക്കുന്ന പ്രായം ആയതിനാല്‍ ആവാം  തുടര്‍ന്നുണ്ടായ ഒരു മിനിറ്റില്‍ താഴെ  നീണ്ടു നിന്ന ബഹളത്തില്‍ സീനിയര്‍ മഹാന്‍ രണ്ടു മീറ്റര്‍ ദൂരത്തേക്കു തെറിച്ചു  വീഴുകയും റാഗിങ്ങ് എന്നതിനെ കുറിച് കേട്ട് കേള്‍വി പോലും ഇല്ലാത്ത ഞാന്‍ എന്റെ കാര്യം നോക്കി ക്ലാസ്സിലേക്ക് പോവുകയും ചെയ്തു . വളരെ നല്ല രീതിയില്‍ ഒരു ദിവസം അവസാനിപ്പിച്ച്‌ വീട്ടില്‍ വന്നു കിടന്നുറങ്ങി പിറ്റേന്ന് അത് പോലെ തന്നെ കോളേജില്‍ ചെന്ന എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയതുമില്ല.
                                                പിറ്റേന്ന് ഉച്ച ആയപ്പോള്‍ കുറെ സീനിയര്‍  സിംഹങ്ങള്‍ ഫസ്റ്റ് ഇയര്‍ സി എച് എമ്മിലേക്ക് വന്നു കേറി. ആരുടെ എങ്കിലും മുതുകത്തു കേറാന്‍ ഒരു അവസരം കാത്തിരുന്ന അവര്‍ക്ക്  ഉത്സവം പോലെ ആയിരുന്നു ഞാന്‍ ആയിട്ട് കൊളുത്തി വിട്ട ആ സംഭവം. ഒരു സീനിയര്‍, അതും ഒരേ ബ്രാഞ്ചിലുള്ള(സി എച് എം ) സീനിയറെ തല്ലിയവന്‍ ആയ എന്നെ കാണാന്‍ എലിവാണം കത്തിച്ചു വിട്ടപോലെ വന്നവര്‍ ആയിരുന്നു ആ പുലികള്‍ .
വന്നവരില്‍ പ്രമുഖര്‍ ശ്രീനി , ഫ്രെഡി തുടങ്ങിയവര്‍ . 
ആരാടാ ഞങ്ങളുടെ ബാച്ചില്‍ ഉള്ളവനെ കൈ വെച്ചത് ?
ആരും മിണ്ടുന്നില്ല . 
എന്തിനു മിണ്ടണം ....അവര്‍ ആരും കൈ വെച്ചിട്ടില്ലല്ലോ...ഞാന്‍ ആണെങ്കില്‍ ആ ക്രെഡിറ്റ്  വല്ലവര്‍ക്കും ഫ്രീ ആയിട്ടു കൊടുക്കാന്‍ തയ്യാര്‍ ആയി നില്‍ക്കുന്നു  .

പെട്ടെന്ന് ഏതോ ഒരു സീനിയര്‍ തെണ്ടി എന്നെ വിളിച്ചു പൊക്കി ബാക്കി ഉള്ളവര്‍ക്ക് കാണിച്ചു കൊടുത്തു.
ഇവന്‍ ...ഇവനാ അത് ചെയ്തത് .

എന്റെ ക്ലാസ് മേറ്റ്സ്  എല്ലാവരും എന്നെ തുറിച്ചു നോക്കുന്നു..സീനിയേര്‍സ് എന്നെ കലിച്ചു നോക്കുന്നു . ഇതിനിടയില്‍  ഞാന്‍ വിറച്ചു നില്‍ക്കുന്നു. ആകെ ഒരു അരക്ഷിതാവസ്ഥ.

നീ ആണോടാ മ@#&% അവനെ അടിച്ചത് ? 
ഞാന്‍ ആരെയും അടിച്ചോന്നുമില്ല.  ഞാന്‍ വെറുതെ തള്ളിയതെ ഉള്ളൂ....
പിന്നെ അവന്‍ താഴെ വീണതോ ?
അവനു ആരോഗ്യമില്ലാത്തതിനു ഞാന്‍ എന്ത്‌ ചെയ്യാനാ ?
ഞാന്‍ എന്റെ നിരപരാധിത്വം അവരോടു ഉണര്‍ത്തിച്ചു. അത് കേട്ട് കുറെ സീനിയെര്‍സിനു കരച്ചില്‍ വന്നു .

നിങ്ങള്‍ അവനെ എന്ത്‌ ചെയ്യാന്‍ പോകുവാ ?
ഒരു പരിചയമുള്ള ശബ്ദം കേട്ട് നോക്കിയപ്പോള്‍ അതാ നില്‍ക്കുന്നു എന്റെ ക്ലാസ് മേറ്റ്  ജോസഫ്‌ ഉലഹന്നാന്‍ . 
എനിക്ക് കുറച്ചു ധൈര്യം വന്നു. എന്തായാലും ഞാന്‍ ഒറ്റയ്ക്ക് തല്ലു കൊള്ളില്ല. ഒരാളെങ്കിലും ഉണ്ട് കൂട്ടിന്.
ഞങ്ങള്‍ ഇവനെ ഒന്ന് നല്ല പോലെ കാണാന്‍ വന്നതാ....ഫ്രെഡി പറയുന്നു
അവന്‍ എന്ത്‌ കൊണ്ടാ നിങ്ങളുടെ ബാച്ചിലുള്ള അവനെ കൈ വെച്ചത് എന്ന് തിരക്കിയോ...?
എന്ത്‌ കൊണ്ടായാലും ഇവന്‍ സീനിയറെ തല്ലുമോ ?
ചിലപ്പോള്‍ തല്ലി എന്നിരിക്കും.
സീനിയേര്‍സ് എന്നെ വിട്ടു ജോസെഫിനോടായി  .

എങ്കില്‍ ഇന്ന് ഇവനെ തല്ലിയിട്ടെ ഞങ്ങള്‍ പോവുന്നുള്ളൂ 
ഞാന്‍ നല്ലത് പോലെ ഞെട്ടി. എന്തായാലും എനിക്കിട്ട് അടി കിട്ടും എന്നുള്ളത്  ഉറപ്പിച്ചു .

നിങ്ങള്‍ അവനെ തല്ലുമോ ?
വേറെ ഒരു പരിചയമുള്ള സ്വരം . നോക്കിയപ്പോള്‍ മജീഷ് വളരെ ശാന്ത ഗംഭീരനായി നിന്നു ചോദിക്കുകയാണ് എന്നെ തല്ലുമോ എന്ന്  . 


ഞങ്ങള്‍ തല്ലും.
എങ്കില്‍ ഒന്ന് തല്ല് . ഞങ്ങള്‍ ഒന്ന് കാണട്ടെ !!!!
എടാ തെണ്ടീ........നീ ഒക്കെ കൂടെ എന്റെ ശവം എടുപ്പിക്കും... മജീഷിനെ ഞാന്‍ അറിയാവുന്ന തെറി മുഴുവന്‍ മനസ്സില്‍ വിളിച്ചു .


ഇവനെ തല്ലിയിട്ട് നീ ഒക്കെ ഇവിടെ രണ്ടു കാലേല്‍ നടക്കുമോ ?
സീനിയേര്‍സ് മൊത്തം ഞെട്ടി . 

                                                     അവര്‍ നോക്കിയപ്പോള്‍ തല്ല് കൊള്ളിത്തരം കാണിച്ച ഞാനും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവന്മാരും ലോക്കല്‍സ് . തല്ലാന്‍ വന്നവരെല്ലാം ഹോസ് റ്റലില്‍ താമസിച്ചു പഠിക്കുന്നവരും. 
                                            
              എന്റെ ഭാഗ്യം കൊണ്ടോ അവരുടെ മോശപ്പെട്ട സമയം കൊണ്ടോ ലഞ്ച് ബ്രേക്ക് തീര്‍ന്നതിന്റെ ബെല്‍ അടിച്ചു . സീനിയേര്‍സ് എല്ലാം വന്നപ്പോള്‍ മുതല്‍ എന്നെ അഭിസംഭോദന ചെയ്തു കൊണ്ടിരുന്ന മ , പ , കു തുടങ്ങിയ അക്ഷരങ്ങളിലുള്ള പേരുകള്‍ ഒന്ന് കൂടി  ആവര്‍ത്തിച്ച്‌  തിരിച്ചു പോയി . രക്ഷപെട്ടേ എന്ന് പറഞ്ഞു കൊണ്ട് ഞാന്‍ ശ്വാസം നേരെ വിട്ടു .അങ്ങനെ ഞാന്‍ ക്ലാസ്സില്‍ പ്രസിദ്ധനും സീനിയെര്‍സിനു മുന്നില്‍ കുപ്രസിദ്ധനും ആയി.
                                         
   അങ്ങനെ ആ പ്രശ്നം തീര്‍ന്നു എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് അടുത്ത ദിവസം ഉച്ച ഊണും കഴിഞ്ഞു  അത്യാവശ്യ കാര്യങ്ങള്‍ക്കു പോയ എന്നെയും ജിന്‍സിനെയും കൂടി സീനിയര്‍ സംഹങ്ങള്‍ യുറിന്‍ ഷെഡിന്റെ അടുത്തിട്ടു പൊക്കിയത് .

നീ ഒക്കെ ആരാടാ മ#$$&% കളെ....? സീനിയര്‍ ഒരുത്തന്‍ അലറി.
അങ്ങ് ചേര്‍ത്തല ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നവര്‍ പോലും ഞെട്ടി . അത് പോലത്തെ ഒച്ചയിലാ അവന്‍  അത് ചോദിച്ചത് .ബാക്കി ഉള്ള ചേട്ടന്മാരുടെ വക തെറി പെരുമഴപോലെ പെയ്യുന്നുണ്ടായിരുന്നു .


അന്ന് വര്‍ക്ക്ഷോപ്പ് ഉണ്ടായിരുന്നത് കൊണ്ട്  ഞാന്‍ റൌണ്ട് നെക്ക് ബനിയന്‍ ഇട്ടു അതിനു മുകളില്‍ ഷര്‍ട്ട്‌ ഇട്ടൊണ്ടാണ് ചെന്നത് .


ഇതെന്താടാ വര്‍ക്ഷോപ്പില്‍ ഏ സി ഉണ്ടോടാ മ#$$&%
കഴിഞ്ഞ ദിവസത്തെ അനുഭവം വഴി കിട്ടിയ ധൈര്യം വെച്ച് തിരിച്ചു പറഞ്ഞു  
ഉണ്ട് . 


എങ്കില്‍ വാഡാ പൂ %^%$ മോനെ......എന്നെ കാണിച്ചു താ....
സൌകര്യപെടുകേല....തനിയെ പോയി അങ്ങ് കണ്ടാല്‍ മതി.


അവന്‍ എന്നെ ഒരു ചുമട് തെറി വിളിച്ചു .
ഇതിന്റെ അപ്പുറത്തത്  ഞാന്‍ കെട്ടിട്ടുണ്ടെടാ പുല്ലേ എന്ന് വിളിച്ചു പറയുന്ന മുഖ ഭാവത്തോടെ ഞാന്‍ അതെല്ലാം ഹൃദിസ്ഥമാക്കി .( പിന്നിട് ഉപകരിക്കുമല്ലോ )   


സീനിയേര്‍സ് എന്നെ വിട്ടു ജിന്‍സിനെ പിടിച്ചു
നീ എന്താടാ &%%&^% ഇന്‍ ഷര്‍ട്ട് ചെയ്തിരിക്കുന്നെ  ? നിനക്ക് ഞങ്ങളെ പോലെ നടക്കാന്‍ പറ്റുകേലെ ?
ഞാന്‍ എനിക്ക് തോന്നിയ പോലെ നടക്കും ..നീ ഒക്കെ ആരാ ചോദിയ്ക്കാന്‍ .....?


ജിന്‍സ് മരണ കലിപ്പ് .

സീനിയേര്‍സ് എന്തെങ്കിലും തിരിച്ചു പറയുന്നതിന് മുമ്പ് ജിന്‍സ് ചാടികേറി   പറഞ്ഞു . 
ഞങ്ങളെ ഉപദ്രവിച്ചാല്‍ പ്രിസിപലിന്റെ അടുത്ത് കമ്പ്ലൈന്റ് ചെയ്യും.

അതോടു കൂടി അവന്മാര്‍ തെറി പറയുന്നതിന്റെ ശക്തി അങ്ങ് കൂട്ടി
പ , മ , ത , ക, പഞ്ച  പഞ്ചാര , പട്ടാണി,പയര്‍ , പരബ്രഹ്മ  , പച്ചക്കറികള്‍   (അതില്‍ തന്നെ തക്കാളിക്ക് വളരെ അധികം ഊന്നല്‍ കൊടുത്തു )നട്ട്, ബോള്‍ട്ട് , സ്പാനര്‍ ,റസിസ്റര്‍, ഡയോഡ്, ട്രന്സിസ്ടര്‍, സി ഡി , ഫ്ലോപ്പി തുടങ്ങി പലതും കൂട്ടി അവര്‍ ഞങ്ങളെ വിളിച്ച് സ്നേഹിച്ചു .


ഇതിനെല്ലാം നടുവില്‍ കരിങ്കല്ലിനു  കാറ്റു പിടിച്ചത്  പോലെ ഞാനും ജിന്‍സും  നിര്‍വികാര ബ്രഹ്മങ്ങളായി നിന്നു .


കുറച്ചു സമയം കഴിഞ്ഞു ഫ്രെഡി കൂട്ടുകരൊടു പറഞ്ഞു 
"നിര്‍ത്തെടെയ്.....ഇവന്മാരെ തെറി പറയുന്ന സമയത്ത് വല്ല ചാവാലി പട്ടിയെയും വലിച്ചിട്ടു തല്ലുവാണേല്‍ അതെങ്കിലും നന്നാവും "


>>>>>>>>>>>>>>>>>>> ദി ഡിപ്ലോമറ്റ് - റിവോള്‍ട്ട് <<<<<<<<<<<<<<<<<<<

NB : ഈ സീനിയേര്‍സ് ആണ് പിന്നീട് ഡിപ്ലോമ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കളായി  മാറിയത് .
അവര്‍ പറഞ്ഞു തന്നത് കേട്ടാണ് ഞങ്ങള്‍ ചേര്‍ത്തല പോളിയെ മനസ്സിലാക്കിയത്‌ .
അവരാണ് ഞങ്ങളെ അവരോടൊപ്പം എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ ചേര്‍ത്ത് നിര്‍ത്തിയത്
അവരോടൊപ്പം ആണ് ഞങ്ങള്‍ .....
പാട്ടുകള്‍ പാടിയത്.
തട്ട് പൊളിച്ചത് 
നൃത്തം ചവിട്ടിയത് 
താളം തുള്ളിയത്
കൂവി ആര്‍ത്തത്

ചീട്ടു കളിച്ചത് 
കള്ള് കുടിച്ചത് 
കവിതകള്‍ ചൊല്ലിയത്
വാള് വെച്ചത് 
ഒടുവില്‍ ഞങ്ങളെ പിന്നിലാക്കി പഠനം പൂര്‍ത്തിയാക്കി ലോകത്തിന്റെ വിശാലതയിലേക്ക് പോയപ്പോള്‍...കണ്ണ് നനച്ചത്‌.....

Pages

Flickr