Thursday, August 21, 2014

നടവഴികൾ - തകഴി - പുളിങ്കുന്ന് (പമ്പയിലൂടെ ഒരു യാത്ര )




ഓരോ യാത്രയും ഓരോ തിരിച്ചറിവാണ് !!!

രാവിലെ അഞ്ചരക്ക്  എണീക്കണമെന്ന് കരുതിയാണ് തലേന്ന് കിടന്നത് . പക്ഷെ ഉണർന്ന്  വന്നപ്പോൾ സമയം ആറ് കഴിഞ്ഞിരുന്നു.  ചെറിയ ചാറ്റൽ  മഴയത്താണ് ആലപ്പുഴയിലേക്ക് ബൈക്കിൽ പോയത് . ബസ് സ്ടാന്റിൽ കൊണ്ട് വണ്ടി വെച്ച് തിരുവനന്തപുരം ഫാസ്റ്റിൽ കയറി അമ്പലപ്പുഴക്ക്‌ ടിക്കറ്റ് എടുത്തു . അമ്പലപ്പുഴയിൽ നിന്ന് ബസ്സും ഓട്ടോയും പിടിച്ച് തകഴിയിൽ എത്തി 

തകഴി വഴി ആലപ്പുഴക്ക് ഒരു ബോട്ട് ഉണ്ട്. തകഴിക്കപ്പുറത്ത് എവിടെയോ പോയി തിരികെ വരുന്ന ബോട്ട് രാവിലെ എട്ട് മണിക്ക് മുമ്പായിട്ട്  തകഴി ജെട്ടിയിൽ എത്തും . കൃത്യസമയം അറിയില്ല. ഈ ബോട്ട് പോയിക്കഴിഞ്ഞാൽ അങ്ങോട്ട്‌ പോയ പോലെ തന്നെ തിരികെ ബസ്സിൽ വീട്ടിലേക്ക് പോരേണ്ടി  വരും . തകഴി വഴി പുളിങ്കുന്നിനു രാവിലെ 8.15 കഴിഞ്ഞ്  ഒരു ബോട്ടുണ്ടെന്നു മത്തായി എന്നോട് പറഞ്ഞിരുന്നു .  ഇതിനെ കുറിച്ച് ആലപ്പുഴ ബോട്ട് ജെട്ടിയിൽ അന്വേഷിച്ചപ്പോൾ അവർക്കങ്ങനെ ഒരു സർവീസിനെ കുറിച്ച് അറിയില്ലാ എന്ന് പറഞ്ഞു .  അത് കൊണ്ട്  ഏക സാധ്യത ആയ തകഴി ആലപ്പുഴ ബോട്ട് മിസ്സ്‌ ആവാതിരിക്കാൻ വേണ്ടിയാണ് അത്യാവശ്യം മഴ പെയ്തു , ആ നനഞ്ഞ വെളുപ്പാൻകാലത്ത്  ഞാൻ തകഴിയിലെത്തിയത് . 

തകഴി പാലം തുടങ്ങുന്നതിനു മുമ്പായിട്ട് ഇടത് വശത്ത് കൂടി ഉള്ളിലേക്ക് കിടക്കുന്ന റോഡിലൂടെ പോവുമ്പോൾ ആദ്യത്തെ വളവിനടുത്ത് പാലത്തിനടിയിൽ  തന്നെയാണ് ബോട്ട് ജെട്ടി .  7.30 നോടടുത്താണ് ബോട്ട് വരാറുള്ളത്  എന്ന് അപ്പറത്തെ കടവിൽ നിന്നു പാല്പാത്രം കഴുകുന്ന ഒരു ചേട്ടൻ പറഞ്ഞു !!!

മഴയുടെ ബലം അറിയാനുണ്ട് . പമ്പയാർ മുന്നില്  നിറഞ്ഞൊഴുകുന്നു . പാലത്തിനു കീഴെ ഒരാൾ കൊച്ചുവള്ളത്തിൽ ഉണ്ട് . വലയെടുക്കുന്ന സമയമേ ആയുള്ളൂ !!! 

ബോട്ട് വരാൻ അല്പം കൂടി സമയം ഉള്ളതു കൊണ്ട് അവിടെ തന്നെ ഇരുന്നു . അല്പം കഴിഞ്ഞ് ഒരു പ്രായമായ സ്ത്രീ കൂടി വന്നു .  വരേണ്ട സമയം കഴിഞ്ഞിട്ടും ബോട്ട്  കാണാഞ്ഞപ്പോൾ എനിക്ക് പിന്നെയും സംശയം ആയി . ഞാൻ എത്തുന്നതിനും മുമ്പേ ബോട്ട് അതിന്റെ വഴിയെ പോയോ എന്ന് . 

വള്ളത്തിൽ വലയുമായിട്ടിരിക്കുന്ന ചേട്ടനോട് വിളിച്ച് ചോദിച്ചു  " ആലപ്പുഴക്കുള്ള ബോട്ട് പോയോ ? " എന്ന്. 
"ഇന്നാ ബോട്ട് ആലപ്പുഴയിൽ നിന്നും വന്നില്ലല്ലോ ... " 
മനസ്സിൽ എന്റെ തന്നെ ഫോട്ടൊ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചിത്രം തെളിഞ്ഞു. ഫോട്ടൊക്കു താഴെ സ്വർണ്ണലിപികളിൽ എഴുതിയിരിക്കുന്നു "സോമസ്ഥാനം കൈവരിച്ചിരിക്കുന്നു"
 . 
"നേരം വെളുക്കുന്നതിനു മുമ്പു തന്നെ പണി ഏറ്റു വാങ്ങിയല്ലൊ " എന്നു കരുതിയപ്പോൾ ആണ് കൂടെ ഉണ്ടായിരുന്ന പ്രായമായ ചേച്ചി പറഞ്ഞത് , ഒരു ബോട്ട് കൂടി വരാൻ ഉണ്ട് , പുളിങ്കുന്നിലേക്ക് എന്ന്. 8.15 നാണ് ബോട്ടെന്ന് അതിലെ പോയ മറ്റൊരു സ്ത്രീ പറഞ്ഞു. ജെട്ടിക്കടുത്ത വീട്ടിലെ ചേട്ടനോട് , വള്ളവും വലയുമായി വന്ന് , വള്ളത്തിൽ തന്നെ ഇരുന്ന് ചായ കുടിക്കുന്നവരോട്, എല്ലാം ചോദിച്ച് ഉറപ്പാക്കി .

വള്ളത്തിൽ ഇരിക്കുന്നവർ ചായ കുടിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവിടെ ഒരു ചായക്കട ഉള്ള കാര്യം മനസ്സിലായത് തന്നെ .കടയുടെ യാതൊരു ലുക്കും ഇല്ലാത്ത ഒരു ചായക്കട. വീടും കടയും എല്ലാം ഒരുമിച്ചാണ്. വിഭവങ്ങൾ ഒന്നും കാഴ്ച വസ്തുവായി വെച്ചു കണ്ടില്ല.  ഒരു ചായ വാങ്ങി കടയുടെ പുറത്ത് നിന്നും കുടിച്ചു . ചെറിയ മഴ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. വലയുമായി വള്ളത്തിൽ ഇരുന്നവർ യാത്ര പറഞ്ഞ്  പോയി.  ആദ്യം കണ്ട വലക്കാരൻ അപ്പോഴും പാലത്തിനടിയിൽ വള്ളത്തിൽ ഇരിപ്പുണ്ടാായിരുന്നു. 

8.15 ന് എത്തുമെന്ന് പറഞ്ഞ ബോട്ടും വന്നില്ലെങ്കിൽ അടുത്ത പരിപാടി എന്താ എന്നാലോചിച്ച് കൊണ്ട് നിൽക്കുമ്പോൾ ആണ് അവിടെ നിന്ന ആരോ പറഞ്ഞത് ബോട്ട് വരുന്നുണ്ടെന്ന് . ക്യാമറ ഇല്ലാത്തതിന്റെ പേരിൽ നഷ്ട്ടബോധം. നല്ലൊരു ഷോട്ട് നഷ്ട്ടപ്പെട്ടു :(.  നിർത്തിയ ബോട്ടിൽ നിന്ന് ഇറങ്ങുന്ന ആൾക്കാരുടെ കൂടെ  ബോട്ടിലെ ശ്രാങ്ക് പെട്ടെന്ന് മുന്നിലേക്ക് വന്ന് നിന്നപ്പോൾ "ഇതെത്ര മണിക്ക് പുളിങ്കുന്നിലേക്ക് എത്തും ചേട്ടാ " എന്നാണ് ആദ്യം ചോദിച്ചത്. 
"ഡാ ... " എന്ന വിളി കേട്ട് ഞെട്ടിയപ്പോഴാണ് ശ്രാങ്കിനെ ഞാൻ ശ്രദ്ധിച്ചത് . പുളിങ്കുന്നിലെ കണ്ണാണ്ണൻ മുന്നിൽ നിന്ന് ചിരിക്കുന്നു. 
പോയി ..എന്റെ ദിവസം പോയി ... എന്നെ ഇന്ന് കുളിപ്പിച്ച് കിടത്താതെ പുള്ളി വിടുകേലാ എന്നുറപ്പായി . 

വാടാ ചായ കുടിക്കാം .
ഞാൻ കുടിച്ചതാ ...
വാടാ എന്റെ കൂടെ ... (കലിപ്പ് )
ഓ..
നമുക്ക് രണ്ട് ഇഡ്ഡിലി തിന്നാം . എന്താ ..
വേണ്ടാ ..ഞാൻ രാവിലെ കഴിച്ചതാ ...
ശരി..ചേട്ടാ രണ്ട് പ്ലേറ്റ് ഇഡ്ഡലി 
ങേ ...ഞാൻ കഴിച്ചതാ ...
ആയിക്കോട്ടെ..ഇതും കൂടി കഴിക്ക് ..

കഴിച്ച് കഴിഞ്ഞ് നേരെ ബോട്ടിലേക്ക് നടന്നു. 

ഒരു ചുണ്ടൻ വള്ളം ബോട്ട് ജെട്ടിക്കരികിൽ കൊണ്ട് അടുപ്പിച്ച് തുഴക്കാർ എല്ലാം ഇറങ്ങുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത് . "നാളെ ചമ്പക്കുളം വള്ളംകളി ആണ്. പുറകിൽ നിന്ന കണ്ണാണ്ണനാണ് പറഞ്ഞത്. "നീ വരുന്നോ ? ഒരു കെട്ടുവള്ളത്തിൽ ഞങ്ങൾ പോവുന്നുണ്ട് " ഞാൻ വരാൻ നോക്കാം എന്ന് പറഞ്ഞു. കാരിച്ചാൽ ചുണ്ടൻ ആയിരുന്നു എന്നു തോന്നുന്നു . കൂട്ടമായി വിരിഞ്ഞ് നിന്ന വയലറ്റ് നിറമുള്ള ആമ്പലുകൾക്കപ്പുറം ആ ചുണ്ടന്റെ പ്രൗഡമായ കിടപ്പിന് ഒരു സൗന്ദര്യം ഉണ്ടായിരുന്നു . 

 8.40 നു എടുക്കേണ്ട ബോട്ട് എടുത്തപ്പോൾ 8.50 . (യാത്രക്കാരുടെ ശ്രദ്ധക്ക് : 8.40 നു തകഴിയിൽ നിന്നും ചമ്പക്കുളം , നെടുമുടി വഴി പുളിങ്കുന്നിലേക്ക് പോവുന്നൊരു ബോട്ട് ഉണ്ട് ) 
നെടുമുടിയിൽ ഇറങ്ങാമെന്നാണ് കരുതിയത് . അടവിയെ വിളിച്ചപ്പോൾ അവനും  പൊറ്റയും വീട്ടിൽ ഉണ്ടെന്ന് പറഞ്ഞതിനാൽ പുളിങ്കുന്നിലേക്ക് ടിക്കറ്റെടുത്തു. ടിക്കറ്റ് ചാർജ്ജ് 12 രൂപ.

ചമ്പക്കുളം സ്കൂളിൽ പഠിക്കുന്നവർ , ആലപ്പുഴക്ക് പോവാൻ ഉള്ളവർ അങ്ങനെ ആറ്റിങ്കരയിൽ താമസിക്കുന്നവർ ഒരുപാട് പേർ ആ ബോട്ടിൽ ഉണ്ടായിരുന്നു. സീറ്റിൽ ഇരിക്കാൻ ഉള്ള കപ്പാസിറ്റി കഴിഞ്ഞ് നിന്ന് യാത്ര ചെയ്യുന്നവർ. ആകെ ശബ്ദമാനം.  യാത്രകളിൽ ബഹളം ഇഷ്ട്ടപ്പെടത്ത എനിക്ക് അത് കൊണ്ട് തന്നെ അത്രക്ക് സന്തോഷം ഒന്നും തോന്നിയില്ല. പമ്പയാറിന്റെ ഒരു വശത്തെ കാഴ്ചകൾ മാത്രമേ കാണാൻ പറ്റിയുള്ളൂ . മറുവശത്തെ കാഴ്ചകൾ ആൾക്കാർ നിൽക്കുന്നതിനാൽ മറഞ്ഞിട്ടുണ്ട് . ബോട്ടിന്റെ ഏകദേശം മുന്നിലാണെങ്കിലും ഡ്രൈവറുടെ കാബിൻ ഏറ്റവും മുന്നിലായത് കാരണം മുന്നിൽ ഉള്ള കാഴ്ചകളും നന്നായി കാണാൻ പറ്റുന്നില്ല. വൻ ഡസ്പ് !!!  എവിടെയൊക്കെയോ ബോട്ട് നിർത്തി. ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. 

ഈ വഴിയിൽ തകഴി കഴിഞ്ഞ് ആകെ പരിചയം തോന്നിയ ആദ്യത്തെ സ്റ്റോപ് ചമ്പക്കുളം ആണ്. അവിടെ എത്തിയപ്പോൾ ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇറങ്ങി. പിന്നീടുള്ള യാത്രയിൽ അകമ്പടിയായിട്ട് മഴ പെയ്യാൻ തുടങ്ങിയത്  സന്തോഷം ഉണ്ടാക്കുന്ന ഒന്നായിരുന്നു. അടുത്ത വലിയ സ്റ്റോപ്പ് ആയ നെടുമുടിയിൽ എത്തിയപ്പോൾ ബാക്കി ഉണ്ടായിരുന്നവരും ഇറങ്ങിപ്പോയി . ഞാൻ ഇറങ്ങുന്നുണ്ടോ എന്ന് കണ്ണാണ്ണൻ ഇതിനിടയിൽ എന്നോട് വിളിച്ച്  ചോദിച്ചിരുന്നു. നെടുമുടിയിൽ നിന്നും ബോട്ടെടുക്കുമ്പോൾ യാത്രക്കാരായി ഞാനടക്കം പത്ത് പേരിൽ താഴെ ആൾക്കാർ മാത്രം . നെടുമുടിക്ക് ശേഷം സ്ഥലങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തോന്നി. ഈ വഴി ആദ്യായിട്ടാണ് യാത്ര ചെയ്യുന്നത്. ബോട്ടിന്റെ ഇടത് വശത്ത് സ്വസ്ഥമായിരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ പിന്നെയും മഴ ആർത്തലച്ച് വന്ന് വീണു. അല്പ സമയത്തിനു ശേഷം തോർന്നെങ്കിലും ആകാശം തെളിയാതെ തന്നെ നിന്നു. ഇരു കരയിലും  കർഷകസംഘങ്ങളുടെ  ഓഫീസ്സുകൾ കാണാം. പിന്നെ പണിതു കൊണ്ടിരിക്കുന്ന റിസോർട്ടുകളും . 

ഇതിനിടയിൽ ഒന്ന് മൂത്രമൊഴിക്കാൻ ബോട്ടിന്റെ ഏറ്റവും പിറകിലേക്ക് ഒന്ന് പോയി. മഴ പെയ്തേക്കും എന്ന് കരുതി കുടയും എടുത്തിരുന്നു. ബാത്രൂമിൽ കയറി വാതിലടച്ച് നിന്നതും മഴ വന്നു തലയിൽ വീണു. അതും നല്ല കല്ല് വാരി എറിയുന്ന കനത്തിൽ ഉള്ള മഴ . കുട തുറക്കാൻ ഉള്ള സാവകാശം പോലും കിട്ടിയില്ല . മൊത്തം നനഞ്ഞു. ഇതിനിടയിൽ എങ്ങനെയോ കുട നിവർത്തി , കാറ്റത്ത് അത് പറന്ന് പോവാതെ പിടിച്ച്  പോയ കാര്യം സാധിച്ച്  നനഞ്ഞ് വിറച്ച് സീറ്റിൽ വന്നിരുന്നു :(


പത്തരയാവുമ്പോൾ പുളിങ്കുന്നിൽ എത്തുമെന്നാണ് കണ്ണാണ്ണൻ പറഞ്ഞത് . പത്ത് മണി കഴിഞ്ഞിട്ടും യാതൊരു പരിചയവും ഇല്ലാത്ത വഴികൾ മാത്രമാണ് ഇപ്പോഴും കണ്മുന്നിൽ. പമ്പയാറിൽ നിന്നും എപ്പോഴോ വേറെ ഏതോ ആറ്റിൽ കയറിയിരുന്നു. ഇരു കരകളിലും കുട്ടനാടിന്റെ സ്ഥിരം കാഴ്ചകൾ കാണാനുണ്ട്. ഉച്ചക്കത്തെ ഊണീനുള്ള മീൻ പിടിക്കാൻ വേൺറ്റി വീടിന്റെ വാതിൽക്കൽ നിന്ന് ആറ്റിലേക്ക്  ചൂണ്ടയിടുന്ന പെണ്ണൂങ്ങളും വലയിടുന്ന  ആണുങ്ങളും പാടത്ത് പണിക്ക് പോവുന്നവരും തെങ്ങ് ചെത്തുന്നവരും അങ്ങനെ കുറെ ഗ്രാമീണ കാഴ്ചകൾ . പഴയൊരു ചുണ്ടൻ വള്ളം ഷെഡ്ഡിൽ കയറ്റി ഇട്ടിരിക്കുന്നത് കണ്ടു. 


അങ്ങകലെ ഒരു പാലവും കൃസ്ത്യൻ പള്ളിയുടെ മുഖപ്പും കണ്ടു. പുളിങ്കുന്ന് എത്താറായി. അത്രയും നേരം ഉണ്ടായിരുന്ന സമാധാനം പോയി. അടവിയുടെയും പൊറ്റയുടെയും കയ്യിൽ നിന്നും എങ്ങനെ രക്ഷപെടും എന്നായി അടുത്ത ചിന്ത. പോയി പെട്ടാൽ ഇന്ന് ഇരുട്ടാതെ വീട്ടിൽ എത്തില്ല. എല്ലാം ആലോചിച്ച് നിന്ന എന്റെ അരികിലേക്ക് കണ്ണാണ്ണൻ വന്ന് പറഞ്ഞു 
" നമ്മളെ വിളിക്കാൻ അടവിയും പൊറ്റയും വരുന്നുണ്ട്  !!!!!" 
പൂർത്തിയായി !!!

പുളിങ്കുന്നിൽ 10.25 ന് തന്നെ ബോട്ട് അടുപ്പിച്ചു. ജെട്ടിയിലേക്ക് ഇറങ്ങിയ എന്നെ സ്വീകരിച്ചത് ചിരിച്ചോണ്ട് നിൽക്കുന്ന അടവിയാണ്. ആദ്യം തന്നെ ഞാൻ പറഞ്ഞ് 
"എടാാ ...എനിക്കിന്ന് കള്ള് കുടിക്കണ്ട ..എന്നെ എങ്ങും കൊണ്ട് പോയി കേറ്റി അലമ്പാക്കരുത് " 
"അതെന്നാ പറ്റി ?"
"ഉച്ചകഴിഞ്ഞ് വലിയമ്മയുടെ വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്  "

"അത് നന്നായി ...ഉച്ച കഴിഞ്ഞ് ഞാൻ കോട്ടയത്തേക്ക് പോവാൻ കരുതി നിൽക്കുവായിരുന്നു" 
ഇതിനിടയിൽ പൊറ്റയും വന്നു. നേരേ വീട്ടിലേക്ക് . രാവിലത്ത ബ്രേക് ഫാസ്റ്റിന്റെ ബാക്കി പുട്ട്, പഴം , ചായ പിന്നെ സൈഡായിട്ട് കുറച്ച് പൊടിമീൻ വറുത്തതും കഴിച്ചു. 
ചിറ്റൻ വല വീശാൻ പോയിട്ട് ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ് വന്നു. അടവി അത് വാങ്ങി വീശിയിട്ട് കിട്ടിയത് എന്തൊക്കെയോ പൊടിൻ മീൻ മാത്രമാണ് . എല്ലാത്തിനേയും വാരി പാടത്തെറിഞ്ഞു. 



സ്ഥിരം കത്തി വെപ്പ്, അവരെ വിളിക്കുന്നില്ല എന്ന് പറഞ്ഞ് രണ്ടവന്മാരുടെയും വക ചെവി പൊട്ടുന്ന തരത്തിൽ ഉള്ള കുറെ തെറി . പൊറ്റയുടെ പുതിയ പ്രണയം അങ്ങനെ കുറെ കാര്യങ്ങൾ എന്തൊക്കെയോ പറഞ്ഞ് ഒരു മണിക്കൂറോളം അവിടെ നിന്നു. പിന്നീട് അതിലെ പോയ ഒരു കാർ തടഞ്ഞ് നിർത്തി ചാടി കയറി കിടങ്ങറയിൽ എത്തി ആദ്യത്തെ ബസ്സിന് ആലപ്പുഴയിലേക്ക് !! 


എനിക്ക് പുറകിൽ അപ്പോൾ മഴ വീണ്ടും ഘനം വെച്ച് തുടങ്ങിയിരുന്നു. 

 നീണ്ട ജലപ്പരപ്പുകളാണ് ഇപ്പോഴും ആവേശം . ഇരു കരകളും അടുത്ത കാണവുന്ന കാഴ്ചകൾക്കും അപ്പുറം കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കായലിന്റെ , കായലിന്റെ അക്കരയിൽ കാണുന്ന ഉയർന്ന തെങ്ങുകളുടെ കാഴ്ചകൾ , അതിനും പുറകിലെ പച്ച പാടങ്ങൾ , കായലിനും പാടത്തിനും മേലെ പെയ്യുന്ന മഴ ഇവയെല്ലാമാണ് കൂടുതലും ഇഷ്ടം.  പക്ഷേ ഈ യാത്രയുടെ അവസാനം, അതു വരെ കണ്ട ഓരോ കാഴ്ചയും ഓരോ ഫ്രെയിമായി മനസ്സിൽ എടുത്ത് നോക്കിയപ്പോൾ ആണ് മനസ്സിലായത്  കായലോളം തന്നെ ഭംഗി ഉണ്ടായിരുന്നു പമ്പയാറിൽ കൂടി ഉള്ള ഈ യാത്രക്കും . പ്രത്യേകിച്ചും മഴ പമ്പയാറിന് നൽകിയ സൗന്ദ ര്യം മറ്റൊന്നായിരുന്നു.  മാത്രമല്ല എന്റെ സ്വന്തം നാട്ടിൽ  ഇനിയും ഒരുപാടു ജലപഥങ്ങൾ കാണാൻ ബാക്കി ഉണ്ട്  എന്ന തിരിച്ചറിവും കൂടിയായിരുന്നു തകഴിയിൽ നിന്നും പുളിങ്കുന്നു വരെ ഉള്ള ഈ ബോട്ട് യാത്ര എനിക്ക് തന്നത്. 

ഇനിയും ഇതേ വഴി വന്ന് പോവാം . അധികം ശബ്ദങ്ങൾ ഒന്നും ഉണ്ടാവില്ല എന്നുറപ്പുള്ള അവധി ദിനങ്ങളിൽ  വെറുതെ ബോട്ടിന്റെ കൈവരിയിൽ തല ചായച്ച് വെച്ച് പമ്പയുടെ ഓളങ്ങൾ കണ്ട് വെറുതെ കാറ്റ് കൊള്ളാൻ വേണ്ടി മാത്രം ഇനിയും ഇതു പോലെ ആരേയും അറിയിക്കാതെ ഒരു യാത്ര പോവണം . 

3 comments:

ajith said...

നല്ല സ്ഥലം!
തകഴി എന്ന് കേട്ട് പരിചയം മാത്രമേയുള്ളു.

പട്ടേപ്പാടം റാംജി said...

ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

കലക്കൻ ദൃശ്യനുഭങ്ങളെ കൂട്ടാക്കി ഒറ്റയാൻ യാത്രകളെ തോഴനാക്കുന്നു...

Pages

Flickr