Wednesday, July 18, 2012

നടവഴികള്‍ - അമ്പലപ്പുഴ

ചുമ്മാ ഇരുന്നപ്പോള്‍ ഒരു ഭൂതോദയം ...എന്നാല്‍ പിന്നെ അങ്ങ് പോയേക്കാം എന്ന് കരുതി ....
അപ്പച്ചിയുടെ മോന്‍ മത്തായിയെ വിളിച്ചു പറഞ്ഞു..."
ഞാന്‍ അങ്ങ് വരുവാ...കുറച്ചു പായസം  വാങ്ങിയേക്ക്" എന്ന് .അമ്പലപ്പുഴയിലാ മത്തായിയുടെ വീട് .അങ്ങനെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ....

ഇറങ്ങിയപ്പോള്‍ തന്നെ അമ്മ ചോദിച്ചു " ഈ ആഴ്ച തന്നെ തിരിച്ചു വരുവോ ആവോ ?"
പുച്ഛം....ഭൂലോക പുച്ഛം . ഞാന്‍ ആ പുച്ഛം മുഴുവന്‍ ഏറ്റു വാങ്ങി തിരിഞ്ഞു നോക്കാതെ നടന്നു .

അമ്പലപ്പുഴ .....
ഈ നാട് ഇഷ്ടപ്പെടാന്‍ ഒരു പാട് കാരണങ്ങള്‍ ഉണ്ട് . എന്തിനും കൂട്ട് നില്‍ക്കുന്ന ഒരുപാട് സുഹൃത്തുക്കള്‍ , കളിച്ച് നടക്കാന്‍ ഒരുപാടു പാടവും പറമ്പുകളും . പോയി കെട്ടി മറിഞ്ഞു കുളിക്കാന്‍ തോടുകള്‍ .  എല്ലാത്തിനും പുറമേ ആദ്യ പ്രണയവും .

നനഞ്ഞ പാടവരമ്പിലൂടെ എന്റെ കൈ പിടിച്ച് നടന്ന ,  അമ്പലത്തില്‍ പോവാന്‍ കൂട്ട് വന്ന ,  ഒരു കുടക്കീഴില്‍ മഴ നനഞ്ഞ  ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു എനിക്ക് ഈ ഗ്രാമത്തില്‍ . ഒരു ബാല്യവും കൌമാരവും പ്രണയത്തില്‍ കുതിര്‍ന്നു ആ പുഴക്കരയിലും  വയല്‍ വരമ്പത്തും കിടപ്പുണ്ടാവും. 


അമ്പലപ്പുഴ അമ്പലത്തിനും കിഴക്ക് ,ആമയിട ഗ്രാമത്തില്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായി പാടത്തിനു അരികില്‍  ആണ് മത്തായിയുടെ വീട് . ആദ്യം  ചെറിയ റോഡിലൂടെ , റോഡു കഴിഞ്ഞുള്ള  ഇടവഴികളിലൂടെ നടന്നാല്‍  മത്തായിയുടെ വീട്ടിലെത്താം .. പാടങ്ങളെ പകുത്തു കൊണ്ടുള്ള ഈ റോഡിലൂടെ നടക്കുമ്പോള്‍ ഞാന്‍ പണ്ട്  കൊയ്തുപാട്ടുകള്‍ കേട്ടിട്ടുണ്ട്   . ചിങ്ങമാസത്തില്‍ ഈ പാടത്ത് സ്വര്‍ണ്ണ നിറത്തില്‍ കതിരുകളുമായി  നെല്‍ചെടികള്‍ ഉണ്ടാവും . മഴകാലത്ത് വെള്ളം നിറഞ്ഞു കായല്‍ പോലെ തുടക്കവും അവസാനവും എവിടെ എന്ന് കാണിക്കാതെയും , വേനലില്‍ വറ്റി വരണ്ടു മൈതാനം പോലെയും . വേനലവധിക്ക് അങ്ങനെ ഉറച്ച ചെളിയില്‍ ആണ് ഞങ്ങള്‍ ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നത്.
  
അമ്പലപ്പുഴ ക്ഷേത്രം 
വീട്ടില്‍ ചെന്ന് കയറുന്നതിനു മുമ്പേ മത്തായി പുറത്ത് ഇറങ്ങി വന്നു പറഞ്ഞു
വാ പോവാം ...
എങ്ങോട്ട് ?
അമ്പലത്തില്‍ .
എന്നാത്തിനാ ഇപ്പൊ അമ്പലത്തില്‍ പോണേ   ??
നിനക്ക് പായസം വേണ്ടേ ?
നീ വാങ്ങിയില്ലേ ?
വിളിച്ചു പറഞ്ഞാരുന്നു ...ഭാഗ്യം ഉണ്ടേല്‍ കിട്ടും ...
ഭാഗ്യം ഇപ്പോള്‍ ഉണ്ടയായിട്ടാണോ കിട്ടുന്നത് ?

അങ്ങനെ അവന്റെ കൂടെ അമ്പലത്തില്‍  പോയി തൊഴുതു. കളിത്തട്ടില്‍ കുഞ്ചന്റെ മിഴാവ് കാണാം . ചാക്യാരുടെ പകയുടെ ഫലം കൊണ്ടാവണം അടുത്ത കാലം വരെ അമ്പലപ്പുഴ അമ്പലത്തില്‍ ഓട്ടം തുള്ളല്‍ അവതരിപ്പിക്കാറില്ലായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വീണ്ടും അവതരിപ്പിക്കാന്‍ പോവുന്നു എന്നൊരു വാര്‍ത്ത കേട്ടിരുന്നു . 

ഞങ്ങള്‍ പായസവും വാങ്ങി തിരികെ പോന്നു...
കളിത്തട്ട് . ഇവിടെയാണ് കുഞ്ചന്‍ നമ്പ്യാര്‍
ചാക്യാര്‍ കൂത്തിന് മിഴാവ് വായിച്ചിരുന്നത്
അമ്പലപ്പുഴ പാല്‍പായസം ഉണ്ടാക്കുമ്പോള്‍  അഞ്ചു മണിക്കൂറും പായസം അടുപ്പിനു മുകളില്‍ കത്തുന്ന ചൂടില്‍ വേവുകയായിരിക്കും . ആദ്യ മൂന്നു മണിക്കൂര്‍ സമയം പാല്‍ മാത്രം തിളപ്പിക്കും... അതിനു ശേഷം ആണ് പഞ്ചസാരയും അരിയും ചേര്‍ക്കുന്നത് . പായസം ഉണ്ടാകേണ്ടി വരുന്ന ഈ പ്രവൃത്തിക്കും അനുബന്ധ പരിപാടികള്‍ക്കും എല്ലാമായി ഏഴ് മണിക്കൂറോളം സമയം എടുക്കുന്നുണ്ട് .

ഇപ്പോള്‍ ഒരു ലിറ്റര്‍ പാല്പായസത്തിനു നൂറു രൂപയാണ് വില. ക്ഷേത്രത്തിലെ വഴിപാട് കൌണ്ടറില്‍ നമുക്ക് പായസം ബുക്ക്‌ ചെയ്യാം . പായസം വാങ്ങുവാനുള്ള പാത്രം നമ്മള്‍ തന്നെ കൊണ്ട്  ചെല്ലണം .

ഊണിനു മുമ്പ് ഒരു റൌണ്ട് കുടിച്ചു ...

മീന്‍ കറി..മീന്‍ വറുത്തത് ...മോര് ..എന്തൊക്കെയോ തോരന്‍ ..ഊണ് മോശമില്ലാരുന്നു .....എല്ലാത്തിന്റെയും പുറമേ കുറെ പായസവുംകുടിച്ചു കഴിഞ്ഞപ്പോള്‍ തൃപ്തിയായി ....
കിഴക്ക് വശത്തെ കാവിനു സമീപം നില്‍ക്കുന്ന പുളിമരത്തിനു താഴെ പോയി കുറച്ചു സമയം ഇരുന്നു ...ഉണര്‍ന്നപ്പോള്‍ ആണ് മനസ്സിലായത് ഞാന്‍ മരത്തില്‍ ചാരി ഇരുന്നു ഉറങ്ങുകയായിരുന്നു എന്ന് ...

ഒരിക്കല്‍ പുളിങ്കുന്നില്‍ വെച്ച് കണ്ട ഒരു ചെത്തുകാരന്‍ ചേട്ടന്‍ .
പേര്  പറഞ്ഞിരുന്നു അന്ന്. മറന്നു പോയി. 
ഇടവഴിയിലൂടെ ഒരാള്‍ ചെത്ത് കുടവുമായിട്ട് പോവുന്നു 


അന്തി  ചെത്താന്‍ സമയമായില്ല , പിന്നെ ... ???
പരിചയമുള്ള ആളല്ല ...പുളിയുടെ അപ്പുറത്ത് നില്‍ക്കുന്ന തെങ്ങിന്റെ മുകളിലോട്ടു നോക്കിയപ്പോള്‍ മാട്ടം  ഇരിക്കുന്നു ...
 മനുഷ്യനെ പ്രലോഭിപ്പിക്കാനായിട്ട് ഓരോന്ന് ഉണ്ടാക്കി വെച്ചോളും.....

വീട്ടില്‍ ചെന്നപ്പോള്‍ മത്തായി സിമന്റ് തറയില്‍ കിടന്നു ഉറങ്ങുന്നു ...വിളിച്ച് പൊക്കി 
"എടാ കള്ള്   കിട്ടാന്‍ എന്താ വഴി ???"
"ഷാപ്പില്‍ പോയാല്‍ മതി "
"പ്ഫാ ...അപ്പച്ചനോട് ചോദിച്ചാല്‍ കിട്ടത്തില്ലേ ?"
അച്ഛനോട് ചോദിച്ചാല്‍ കിട്ടുന്നത് ചെത്ത്   കത്തിയുടെ വെട്ടാരിക്കും ...


അപ്പച്ചന്‍ ചെത്തുകാരന്‍ ആണെന്ന് മാത്രമേ ഉള്ളൂ..   കള്ള്   കുടിക്കില്ല. മത്തായിയും അത് പോലെ തന്നെ. അവനും കുടിക്കില്ല . തിന്നും ...ഒരുപാട് തിന്നും . ഒരു മയവുമില്ലാതെ തിന്നു കളയും. അവനോടു വാശി തീര്‍ക്കാനെന്ന പോലെ ഞാനും !!!!!!!!!!


എന്നാല്‍ പിന്നെ കുട്ടാണ്ണനോട് ചോദിച്ചാലോ ?

മിക്കവാറും എല്ലാ ചെത്തുകാരന്മാരും പ്രത്യേകിച്ച് കുട്ടനാട് ഉള്ളവര്‍ , ചെത്തുന്ന കള്ള് മുഴുവന്‍ ഷാപ്പില്‍ കൊടുക്കാറില്ല .  എന്നെ പോലെ ഇങ്ങനെ വഴി തെറ്റിയ പോലെ വന്നു കേറി കള്ള് ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ വേണ്ടീട്ട് കുറച്ചു വീട്ടില്‍ വെച്ചേക്കും . ഷാപ്പില്‍ നിന്നും കിട്ടുന്ന കള്ളിനേക്കാള്‍ നല്ല കള്ള് നമുക്ക് കിട്ടും . അതെ സമയം ചെത്തുകാരന് ഷാപ്പില്‍ നിന്നും കിട്ടുന്നതില്‍ കൂടുതല്‍ പൈസ കിട്ടുകയും ചെയ്യും

കുട്ടാണ്ണന്‍ എന്ന് വിളിക്കുന്ന അയല്‍ക്കാരനും കുടുംബ സുഹൃത്തുമായ ചെത്തുകാരന്‍ ചേട്ടന്റെ കയ്യില്‍ നിന്നും ഒരു ലിറ്റര്‍ കള്ള്‍ വാങ്ങുമ്പോള്‍  പ്രത്യേകം പറഞ്ഞു 

"നാറ്റിക്കരുത്..പ്ലീസ് "

"പോടാ അവിടുന്നു  ... ഇതൊക്കെ ഞാന്‍ ആരോടേലും  പറയുവോ ?"

പൂവരശുകള്‍ അതിരിട്ടിരുന്ന ബാലന്റെ പറമ്പിലെ വലിയ പ്ലാവിന്‍ തണലില്‍ ഇരുന്നു , അവിടെ എങ്ങനെയോ മുളച്ചു പൊന്തിയ കാന്താരിയിലെ ചുവന്ന മുളകിന്റെ എരുവില്‍ കുടിച്ച കള്ളിന് മധുരം തോന്നി .  ഒരു കൂട്ടുകാരന്റെ  പഴയ പ്രണയിനി താമസിച്ചിരുന്ന ആ പറമ്പിലെ ഒറ്റ വീട് ഇപ്പോള്‍ ആള്‍ താമസം  ഇല്ലാതെ പൂട്ടി കിടക്കുന്നുണ്ടായിരുന്നു . 

തിരികെ വീട്ടില്‍ ചെന്നപ്പോള്‍ നാല്  മണി ആവുന്നു  ... ആരും ഒന്നും ചോദിച്ചില്ല ...ഒരു ചായയും കുടിച്ചു വീട്ടില്‍ നിന്നും ഇറങ്ങി ...


എങ്ങോട്ടാടാ രണ്ടും കൂടി ? 

തോട്ടില്‍ കുളിക്കാന്‍ പോകുവാ ...

തിരിച്ചു വരുമ്പോള്‍ തോട് അവിടെ വെച്ചേച്ചു പോരണം ...ഇനി വരുന്നവര്‍ക്കും കുളിക്കേണ്ടതാ ...

പഴയകാലം എല്ലാം  ഓര്‍മ്മയുള്ളത് കൊണ്ടായിരിക്കും അപ്പച്ചി അങ്ങനെ പറഞ്ഞതെന്ന് സമാധാനിച്ചു.

 കുളിക്കാന്‍ പോയതിന്റെ പേരില്‍ നാട്ടുകാരുടെ  വായില്‍ നിന്നും കേള്‍ക്കുന്നതും അപ്പച്ചന്റെ തല്ല് കൊള്ളുന്നതും എനിക്കും മത്തായിക്കും ഒരു പതിവായിരുന്നു .. രാവിലത്തെ കാപ്പി കുടിയും കഴിഞ്ഞു തോട്ടില്‍ കുളിക്കാന്‍ പോയാല്‍ ഉച്ചക്ക് ഊണിന് കേറി വരുന്നത് കാണുമ്പോള്‍ ആരായാലും തല്ലിപ്പോവുമായിരിക്കാം .

കുളിക്കാന്‍ പോയെങ്കിലും തോട്ടരുകിലെത്തി പാടത്തിനും തോടിനും ഇടക്ക് കെട്ടിയ ബണ്ടിലൂടെ കിഴക്കോട്ട്  നടന്നു . ഈ ബണ്ട് എന്ന് കെട്ടിയതാണോ  എന്തോ ...ഞാന്‍ ഈ നാട്ടില്‍ വരുന്ന നാള് മുതലേ ഈ ബണ്ട് ഇവിടുണ്ട് ...ചിലപ്പോള്‍ മഴ നനഞ്ഞു ചളി പുതച്ച് , അല്ലെങ്കില്‍ വേനലില്‍ വെള്ളം വലിഞ്ഞു കരിമ്പാറയുടെ നിറവും ഉറപ്പും കൂടി ...

 ഈ ചെറിയ തോട് ചെന്നു ചേരുന്നത് കരുമാടി തോട്ടിലോട്ടാണ് . അര കിലോമീറ്റര്‍ അപ്പുറത്ത് കരുമാടിക്കുട്ടന്റെ അമ്പലം കാണാം . കുറച്ചു സമയം അവിടെ കെട്ടിയിട്ടിരുന്ന വള്ളത്തില്‍ ഇരുന്നു.
കൊല്ലത്ത് നിന്നും ആലപ്പുഴക്കുള്ള ബോട്ട് അപ്പോള്‍ കരുമാടി തോട്ടിലൂടെ ഞങ്ങളെ കടന്നു പോയി . 


കരുമാടിക്കുട്ടന്റെ മുമ്പിലൂടെ ഒഴുകുന്ന കരുമാടി തോട് .
കരുമാടി തോടിന്റെ പുറകു വശം വലിയ പാടം ആണ് .ചെറിയ തുരുത്ത് , വലിയ തുരുത്ത് എന്നിങ്ങനെ  അറിയപ്പെടുന്ന, കരുമാടി മുതല്‍ മത്തായിയുടെ വീടിന്റെ വാതില്‍ക്കല്‍ ആമയിട  വരെ നീണ്ടു നിവര്‍ന്നു കിടക്കുന്ന പാട ശേഖരം .   കരുമാടി തോടിന്റെ അരികില്‍ നിന്നാല്‍ വീടിനു വാതില്‍ക്കലെ സര്‍പ്പക്കാവും വെള്ള പെയിന്റ് അടിച്ച അതിന്റെ ചെറിയ മതില്കെട്ടും ഇലഞ്ഞി മരവും ഒക്കെ കാണാം .ഞാനും മത്തായിയും ഒരിക്കല്‍ കരുമാടിക്കുട്ടന്റെ എതിര്‍വശത്തുള്ള ഈ പാടം നേരെ മുറിച്ചു കടന്നു വീട്ടിലേക്ക്‌ പോവാന്‍ ഒരു ശ്രമം നടത്തി . പാടത്തിലൂടെ വെള്ളം തെറിപ്പിച്ച് നടന്നു തുടങ്ങി അധികം വൈകുന്നതിനു മുമ്പേ രണ്ടു പേരും വെള്ളം നിറഞ്ഞ ഒരു കുഴിയില്‍ വീണു . കഴുത്തൊപ്പം വെള്ളം ഉണ്ടായിരുന്നു , അല്ലെങ്കില്‍ കഴുത്തൊപ്പം മുങ്ങിയപ്പോള്‍ മനസ്സിലായി തലയും മുങ്ങും എന്ന് . അങ്ങനെ പരിശ്രമം പാതി വഴില്‍ ഉപേക്ഷിച്ചു തിരിച്ചു കയറി , ബണ്ടിലൂടെ നടന്നു നേരം വൈകി വീട്ടിലെത്തി വയറു നിറച്ചു വഴക്കും കേട്ടു കിടന്നുറങ്ങി അന്ന് .


 തോട്ടിലെ കുളിയും കഴിഞ്ഞു അമ്പലത്തിലേക്ക് വീണ്ടും .. തൃപ്പദ തൊഴുതു
 ( തൃപ്പദ തൊഴുന്നതാണ് ഏറ്റവും പുണ്യം ലഭിക്കുന്നതെന്ന് പറയപ്പെടുന്നു ).

പടിഞ്ഞാറെ നടയിലെ തടുകടയിലേക്ക് ...ചൂട് ദോശ , നല്ല എരിവുള്ള തേങ്ങാ ചമ്മന്തി, വറ്റല്‍ മുളക് ഇടിച്ചു എണ്ണയില്‍  ചാലിച്ചത്,എല്ലാത്തിനും പുറമേ ചുക്കും കുരുമുളകും ഇട്ടുണ്ടാക്കിയ നല്ല കാപ്പി .

വീട്ടില്‍ ചെന്നപ്പോള്‍ വീടിനു വാതില്‍ക്കല്‍ അപ്പച്ചി നില്‍ക്കുന്നു .

നീയൊക്കെ കളള്  കുടിക്കും അല്ലേടാ ???

"ഓടിക്കോടാ..." എന്ന് ആരോ പുറകില്‍ നിന്നും പറഞ്ഞു . തിരിഞ്ഞു നോക്കിയപ്പോള്‍ മത്തായി കണ്ടം ചാടി ഓടുന്നു . നിമിഷനേരം കൊണ്ട് അവന്‍  മുങ്ങി . മിടുക്കന്‍

തല ചൊറിഞ്ഞു നിന്ന്, വഴക്ക് മുഴുവനും ഏറ്റ് വാങ്ങാനും കുട്ടാണ്ണനെ മനസ്സില്‍ തെറി വിളിക്കാനും മാത്രമേ എനിക്ക് കഴിഞ്ഞുള്ളു.

അപ്പച്ചന്‍ വരട്ടെടാ ...നിനക്കൊക്കെ മേടിച്ചു തരാം .

ഹോ .... ഇച്ചിരി വഴക്ക് കേട്ടാലെന്നാ ...കള്ള് ഇനി വീട്ടില്‍ കിട്ടും ... എന്റെ  ടൈം ബെസ്റ്റ്‌ ടൈം തന്നെ

ഈ സന്തോഷവര്‍ത്തമാനം പറയാന്‍ ഞാന്‍ മത്തായിയെ  തിരക്കി ചെന്നപ്പോള്‍ , അവന്‍ പാടത്തിനരുകില്‍ നിന്നു പല്ല് കുത്തുന്നു .

എന്തായി ??

ഡാ അപ്പച്ചന്‍ വരുമ്പോള്‍ കള്ള്  മേടിച്ചു തരാം എന്ന് പറഞ്ഞു ..

ഉവ്വ ...കള്ള് കുടിച്ചതിന്റെ പേരില്‍ ഇനി അച്ഛന്റെ കയ്യീന്ന് തല്ല് മേടിച്ചു തരാമെന്നാ പറഞ്ഞത്  ...
ദൈവമേ ...ഇനി അപ്പച്ചന്റെ വക തല്ലും ഉണ്ടോ ...??

രാത്രി അപ്പച്ചന്‍ വീട്ടില്‍ എത്തി കുറെ സമയം കഴിഞ്ഞാണ് ഞങ്ങള്‍ രണ്ടും വീട്ടില്‍ കേറിയത്‌ ...അത് കൊണ്ടു വഴക്ക് കേട്ടില്ല ..ഷാപ്പില്‍ നിന്നും കൊണ്ടു വന്ന  താറാവ് കറിയും കൂട്ടി ഒരു ഊണ് കിട്ടി ...

പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റ്‌, ഒരു ഓര്‍മ്മയുടെ പുതുക്കല്‍ എന്നത് പോലെ പാടം മുറിച്ചു നടന്നു തോട്ടില്‍ പോയി കുളിച്ചു.



ഒരിക്കല്‍ ആ പാടത്ത് കിടന്നു ഞാനും മത്തായിയും തല്ലുണ്ടാക്കിയിട്ടുണ്ട് . മീന്‍ പിടിക്കാന്‍ ആരോ കെട്ടിയ ചിറ രണ്ടു പേരും കൂടി പൊളിച്ചു കളഞ്ഞിട്ടുണ്ട് . ചിറ പൊളിച്ചപ്പോള്‍ കിട്ടിയ ഒരു മരക്കഷണം അടുപ്പില്‍ കത്തിക്കാം എന്ന് പറഞ്ഞോണ്ട് കൊണ്ടു വന്നതിനു രണ്ടു പേര്‍ക്കും വഴക്ക് കേട്ടിരുന്നു.  ഈ പാടത്ത് നിലമുഴാന്‍ കൊണ്ടു വന്ന പോത്തിന്റെ പുറത്ത് കേറിയിട്ടുണ്ട് .  ആദ്യമായിട്ട് കൊയ്ത്തും മെതിയും അടുത്ത് കണ്ടതും ഈ പാടത്ത് തന്നെ .


കുളി കഴിഞ്ഞു തിരിച്ചു വന്നത്   നാട്ടു വഴിയിലൂടെ .  ഭക്ഷണം കഴിച്ചു , വീട്ടില്‍ നിന്നും ഇറങ്ങി .

ഇനിയെന്നാ തിരികെ ?
ഞാന്‍ ഒന്നും പറഞ്ഞില്ല .
നേരെ വീട്ടിലോട്ടാണോ ??
അല്ല ..ആദ്യം കരുമാടിക്ക് ..അത് കഴിഞ്ഞേ ഉള്ളൂ എങ്ങോട്ടായാലും...
നീ എപ്പോള്‍ വന്നാലും പോവുന്നുണ്ടല്ലോ അങ്ങോട്ട്‌ ..എന്തോ കാണാനാ ??

കരുമാടിക്കുട്ടനെ കാണാന്‍ !!!


നീ എല്ലാ തവണയും കാണാന്‍ മാത്രം എന്താ ഇത്രക്കും പ്രത്യേകത ???

വണ്ടി കരുമാടിയിലെ പാലം ഓടി കയറുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു
മുമ്പ് അതെ പാലത്തിലൂടെ സൈക്കിളില്‍ മത്തായിയെ ലോഡ്  വെച്ച് ചവിട്ടി  കയറ്റാന്‍ പാടുപെടുന്ന  ഒരു നരന്തു പയ്യന്റെ ചിത്രം മനസ്സില്‍ തെളിഞ്ഞു . കരുമാടി പാലത്തിനു നല്ല ഉയരമാണ് . ഒരിക്കല് വെല്ലുവിളി ഏറ്റെടുത്തു ‍, ഒരേ ഒരു തവണ മാത്രമാണ് ഞാന്‍ മത്തായിയെയും സൈക്കിളില്‍ ലോഡ് വെച്ച് കരുമാടി പാലം
ചവിട്ടി കയറ്റിയിട്ടുള്ളത് . അന്ന് ഞാന്‍ ശരണം വിളിച്ച് പോയി . അതിനു മുമ്പും അതിനു ശേഷവും കയറ്റം പകുതി ആവുമ്പോള്‍ അവന്‍ ഇറങ്ങി തള്ളുമായിരുന്നു. . മത്തായി പണ്ടേ ഹിടുംബനായിരുന്നു . ഞാന്‍ ഒരു എലുമ്പനും.

 കരുമാടിക്കുട്ടന്റെ അടുത്തായി രണ്ടു അമ്പലങ്ങള്‍ ഉണ്ട്. ഒന്ന് ശങ്കര നാരായണ മൂര്‍ത്തീ ക്ഷേത്രം . ഈ ക്ഷേത്രത്തിനു മുമ്പിലെ കല്‍വിളക്ക്‌ തെക്ക് ദിശയിലേക്കു നീങ്ങുന്നുണ്ട് എന്ന് പറയുന്നു . നടവാതിലിനു നേരെ നിര്‍ത്തിയിരുന്ന ആ വിളക്ക് ഇപ്പോള്‍ അര മീറ്റര്‍ എങ്കിലും തെക്ക് ഭാഗത്തേക്ക് മാറിയാണ് നില്‍ക്കുന്നത് എന്ന് നമുക്ക് വ്യക്തമായി കാണുകയും ചെയ്യാം .
കല്‍വിളക്ക്‌ കുറച്ചു ഭാഗം ഇടത്തേക്ക് മാറിയാണ് നില്‍ക്കുന്നത്
എന്ന് കാണാം .
(ചിത്രത്തിന് കടപ്പാട്Ranjith Still photography).

 അടുത്തത് കാമപുരത്ത് കാവ് ഭദ്രകാളി ക്ഷേത്രം .    രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ നൂറു മീറ്റര്‍ പോലും അകലമില്ല .  ഈ രണ്ടു ക്ഷേത്രങ്ങളും "ആയിരപ്പറ" എന്ന സിനിമയില്‍ കാണിക്കുന്നുണ്ട് .

കാമപുരത്ത് കാവ് ഭദ്രകാളി ക്ഷേത്രം .
വിശാലമായ പാടത്തിനു അരികിലാണ് ഈ രണ്ടു അമ്പലങ്ങളും . രണ്ടു അമ്പലത്തിനും ഓരോ കുളങ്ങള്‍ , ആല്‍മരങ്ങള്‍ , ഭദ്രകാളി ക്ഷേത്രത്തിനു പുറകില്‍ ഒരു വലിയ പന . ഒരു കളിത്തട്ടും ഉണ്ട് അരികിലായി.
കരുമാടിയിലെ കളിത്തട്ട് . അകലെ  ശങ്കര നാരായണ മൂര്‍ത്തീ ക്ഷേത്രം കാണാം 

ദേവീ ക്ഷേത്രത്തിനു മുമ്പിലൂടെ കിടക്കുന്ന റോഡിലൂടെ അമ്പതു മീറ്റര്‍ മുന്നോട്ടു പോയാല്‍ കുട്ടന്റെ അമ്പലം കാണാം.


കരുമാടി കുട്ടന്‍ ഒരു ബുദ്ധ പ്രതിമ ആണ് . പത്താം നൂറ്റാണ്ടിലേത്‌ എന്ന് പറയുന്ന ഒരു ബുദ്ധ പ്രതിമ . പണ്ട് അമ്പലപ്പുഴ , കുട്ടനാട് , തകഴി എന്നീ പ്രദേശങ്ങള്‍ എല്ലാം ബുദ്ധമതത്തിന്റെ ശക്തി കേന്ദ്രങ്ങളായിരുന്നു . പിന്നീട് ബ്രാഹ്മിണാധിപത്യം വന്ന കാലത്ത് ബുദ്ധ പ്രതിമകള്‍ നശിപ്പിക്കപ്പെട്ടു എന്നുമൊക്കെയാണ് ചരിത്രം . കരുമാടി തോട്ടില്‍ കിടക്കുകയായിരുന്ന ഈ ബുദ്ധപ്രതിമയെ കണ്ടെത്തി ഈ തോടിനരികെ പ്രതിഷ്ടിച്ചത് നവീന കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ ആണ് . ഇതൊക്കെ വളര്‍ന്നു വലുതായപ്പോള്‍ മനസ്സിലായ കാര്യം . ചെറുപ്പത്തില്‍ അത് എന്നെ സംബന്ധിച്ചിടത്തോളം അമ്പലത്തില്‍ നിന്നും ഉരുളി അടിച്ചോണ്ട് പോയി എന്ന കാരണം കൊണ്ടു ദൈവം ശപിച്ചു കല്ലാക്കി മാറ്റിയ ഏതോ കള്ളന്‍ ആയിരുന്നു . അതും പോരാഞ്ഞിട്ട് കല്ലായി മാറിയ കള്ളനെ ആന കുത്തുകയും ചെയ്തു എന്നാണ് എന്നോട് ആ നാട്ടിലെ അമ്മൂമ്മമാര്‍ പറഞ്ഞ് തന്നിരുന്നത് . ആന കുത്തി പോയതാണ് കള്ളന്റെ പകുതി ഭാഗം . സത്യത്തെക്കാള്‍ ഏറെ രസം കഥകള്‍ക്ക് ആവുന്നത് കൊണ്ടാവും ഇപ്പോളും ആ കഥകള്‍ വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം.

കരുമാടിക്കുട്ടന്‍ 

എന്തായാലും ആലപ്പുഴ കൊല്ലം ദേശീയ ജലപാതക്ക് അരികില്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ദര്‍ശനവുമായി ഇരിക്കുന്ന കരുമാടിയിലെ ഈ കുട്ടന് ഇപ്പോള്‍ ഒരു ദൈവിക പരിവേഷം ഉണ്ട്. പുനര്‍ജന്മത്തില്‍ ഏതു മതസ്ഥന്‍ ആണെന്ന് മാത്രം അറിയില്ല . കത്തിയെരിഞ്ഞ്‌ തീര്‍ന്നു പോയ നെയ്‌ തിരികളായും പൂക്കളായും ആരുടെയ്ക്കെയോ പ്രാര്‍ഥനകള്‍ കരുമാടി കുട്ടന്റെ മുമ്പില്‍ എന്നും ഉണ്ടാവും .

 തകഴിക്കു പോവാമെന്നു പറഞ്ഞത് മത്തായി ആണ് . പാടങ്ങള്‍ക്ക് നടുവിലൂടെ  ഒരു നേര്‍ രേഖ വരച്ചത് പോലെ ആണ് കരുമാടിയില്‍ നിന്നും തകഴിക്കുള്ള റോഡ്‌ .  തകഴി വരെ സൈക്കിളില്‍ പോവുന്നത് ആയിരുന്നു എന്റെയും മത്തായിയുടെയും സ്ഥിരം ജോലി . അതിനു പ്രത്യേകിച്ച് കാരണം ഒന്നും വേണമെന്ന് നിര്‍ബന്ധമില്ലായിരുന്നു . ചുമ്മാ അങ്ങ് പോവും . കരുമാടിയില്‍ നിന്നും തകഴിയിലേക്ക്  ഞാനും മത്തായിയും മത്സരിച്ച് സൈക്കിള്‍ ചവിട്ടിയിട്ടുണ്ട്   .  പോവുന്ന വഴി റെയില്‍വേ ട്രാക്കിനു സമീപത്തായിട്ടു  തകഴി ശിവശങ്കരപ്പിള്ളയുടെ വീട് കാണാം .


ആമയിട പോലെ തന്നെ അല്ലെങ്കില്‍ അതിലേറെ കുട്ടനാടാണ് തകഴി . നാല് വശത്തും തോടുകളും വരമ്പുകളും ചെറിയ ചിറകളും  കൊയ്തുകഴിഞ്ഞു വെള്ളം കയറ്റി ഇട്ടിരിക്കുന്ന പാടങ്ങളില്‍ താറാവുകളും തല മാത്രം പൊക്കി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന പോത്തുകളും ഒറ്റക്കാലില്‍ നില്‍ക്കുന്ന കൊക്കുകളും കുളക്കോഴികളും സ്ഥിരം കാഴ്ചയാണ് തകഴിയില്‍ . തകഴിയിലാണ് കുട്ടനാട്ടിലെ ഏക റെയില്‍വേ സ്റ്റേഷന്‍ . തകഴിയിലും ഉണ്ട് പ്രശസ്തമായ ഒരു അമ്പലം.
 ശ്രീ ധര്‍മശാസ്താക്ഷേത്രം. ഇത് വരെ ഞാന്‍ അവിടെ പോയിട്ടില്ല.

ജങ്കാര്‍ സര്‍വീസ്‌ .
2007 ഡിസംബറില്‍ , തകഴി പാലം ജനങ്ങള്‍ക്ക്‌  തുറന്നു കൊടുക്കുന്നതിനു മുമ്പ്
അതിനു മുകളില്‍ നിന്നും എടുത്ത ചിത്രം 

തകഴി അവസാനിക്കുന്നത് അല്ലെങ്കില്‍ തകഴി എന്ന് പറയുന്നത് പമ്പയാറിന്റെ കരയില്‍ ആണ്. അവിടെ നിറഞ്ഞൊഴുകുന്ന പമ്പയാറിനെ കാണാം നമുക്ക്. മഴക്കാലത്ത് ഇരു കരകളെയും മുക്കി കലങ്ങി പൊന്തി പമ്പ രൗദ്ര ഭാവത്തിലോഴുകും .  നാലഞ്ചു കൊല്ലം മുമ്പ് വരെ തകഴിയില്‍ നിന്നും അക്കരെയിലേക്ക് സര്‍ക്കാര്‍ വക സൌജന്യ ജങ്കാര്‍ സര്‍വീസ് ഉണ്ടായിരുന്നു .  ഞാനും മത്തായിയും കൂടി മിക്കവാറും തകഴി വരെ വന്നു , സൈക്കിള്‍ എവിടെയെങ്കിലും പൂട്ടി വെച്ച് ജങ്കാറില്‍ കയറി അപ്പുറത്ത് ഇറങ്ങി അവിടെ ഉള്ള ഒരു മാടക്കടയിലെ പഴംപൊരിയും നെയ്യപ്പവും ചായയും കഴിച്ചിട്ട് തിരികെ പോരുമായിരുന്നു . ഇപ്പോള്‍ ആ കട അവിടെ ഇല്ല . ജങ്കാര്‍ സര്‍വ്വീസും നിര്‍ത്തലാക്കി .‍ രണ്ടു കരകളെയും ബന്ധിച്ചു കൊണ്ടു പാലം വന്നു . പാലത്തിന്റെ അടിയിലൂടെ ഹൌസ്ബോട്ടുകളും ചെറിയ വള്ളങ്ങളും പതിയെ നീങ്ങുന്നത്‌ കാണാം .
തകഴി പാലത്തില്‍ നിന്നും 2011 ല്‍ എടുത്ത ഒരു  ദൃശ്യം 
തകഴി പാലത്തില്‍ നിന്നപ്പോള്‍ ഫോണ്‍ റിംഗ് ചെയ്തു ...  പുളിങ്കുന്നില്‍ നിന്നും അടവി വിളിക്കുന്നു .
മൊബൈല്‍ ലൌഡ് സ്പീക്കറില്‍ ഇട്ടു .

ഹലോ പറയുന്നതിന് മുമ്പ് തന്നെ ഇങ്ങോട്ട് ഒരു ചോദ്യം വന്നു . 
നീ എവിടാ ??
അമ്പലപ്പുഴയില്‍ ...
നീ എപ്പോളാ ഇങ്ങോട്ട് വരുന്നേ ? " 

ഞാന്‍ നോക്കിയപ്പോള്‍ മത്തായി ചിരിക്കുന്നു 

പുളിങ്കുന്നില്‍ പോയാല്‍ ഒരുപാട് സാധ്യതകള്‍ ഉണ്ട് . മാത്രമല്ല കുറെ നാളായി അങ്ങോട്ട്‌ പോയിട്ട്  
ബൈക്കില്‍ കയറി ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു

"പൂതത്തിനെയും വിളിക്കാം"

പൂതം ഞങ്ങളുടെ രണ്ടു പേരുടെയും അനിയനാണ് .

തകഴി --> പച്ച --> എടത്വ --> ചക്കുളത്ത് കാവ് --> കിടങ്ങറ --> പുളിങ്കുന്ന്

തുടരും .....





 








19 comments:

Thommy said...

Good one...

ജന്മസുകൃതം said...

തുടരു.....

പട്ടേപ്പാടം റാംജി said...

വളരെ വിശദമായ ചിത്രങ്ങളും വിവരണങ്ങളും ആ നാട്ടിലൂടെ സഞ്ചരിക്കുന്ന അനുഭവം.
കള്ളു കിട്ടിയില്ലെങ്കില്‍ അപ്പച്ചനോട് തന്നെ ചോദിക്കണം. ഹ ഹ

വീകെ said...

അമ്പലപ്പുഴ പാൽ‌പ്പായസം മോശമായില്ല. നല്ല മധുരവുമുണ്ടായിരുന്നു.ഇനിയും വരാം.

കൂട്ടത്തിൽ ചോദിക്കട്ടെ,
“മിക്കവാറും എല്ലാ ചെത്തുകാരന്മാരും പ്രത്യേകിച്ച് കുട്ടനാട് ഉള്ളവര്‍ , ചെത്തുന്ന കള്ള് മുഴുവന്‍ ഷാപ്പില്‍ കൊടുക്കാറില്ല . എന്നെ പോലെ ഇങ്ങനെ വഴി തെറ്റിയ പോലെ വന്നു കേറി കള്ള് ചോദിക്കുന്നവര്‍ക്ക് കൊടുക്കാന്‍ വേണ്ടീട്ട് കുറച്ചു വീട്ടില്‍ വെച്ചേക്കും . ഷാപ്പില്‍ നിന്നും കിട്ടുന്ന കള്ളിനേക്കാള്‍ നല്ല കള്ള് നമുക്ക് കിട്ടും . അതെ സമയം ചെത്തുകാരന് ഷാപ്പില്‍ നിന്നും കിട്ടുന്നതില്‍ കൂടുതല്‍ പൈസ കിട്ടുകയും ചെയ്യും..”
ഇത് വായിച്ച് ഏതെങ്കിലും കള്ളു കോണ്ട്രാക്ടർമാർ പരിശോധനക്ക് വന്ന് കള്ളക്കള്ള് കണ്ടെത്തി ആ പാവം ചെത്തുകാരുടെ കഞ്ഞികുടി മുട്ടിക്കുമോ...?!!

കുഞ്ഞൂസ് (Kunjuss) said...

മനോഹരമായ ചിത്രങ്ങളും വിവരണവും ....

ശ്രീ said...

ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നന്നായിട്ടുണ്ട്.

Sidheek Thozhiyoor said...

നല്ല മധുരമുള്ള പോസ്റ്റ്, നല്ല വിവരണം.

vineetha said...

Good one

Echmukutty said...

ഇത്രയൊക്കെ ഭംഗിയായി എഴുതാനറിയുന്നവർ വല്ലപ്പോഴും ഒരു പോസ്റ്റിട്ടാൽ മതിയോ? പോരാ എന്നാണു എന്റെ അഭിപ്രായം.......

Unknown said...

@Thommy
നന്ദി
@ ലീല എം ചന്ദ്രന്‍..
തുടരുന്നതാണ് ...വന്നതിനും വായിച്ചതിനും നന്ദി
@ പട്ടേപ്പാടം റാംജി
ചോദിച്ചാല്‍ എപ്പോള്‍ തല്ലു കിട്ടിയെന്നു ചോദിച്ചാല്‍ മതി

@വീ കെ:
കമെന്റിനു നന്ദി ...
കള്ള കള്ള് പിടിച്ച അറിവൊന്നും എനിക്ക് ഇത് വരെ ഇല്ലാട്ടോ ...
അങ്ങനെ സാധ്യത ഇല്ല. കാരണം ചെത്താനുള്ള തെങ്ങ് തേടി പിടിക്കുന്നതും അതിനുള്ള മാസവാടക കൊടുക്കുനതും ചെത്തുകാരനാണ് . അയാള്‍ക്ക് തന്നെ ആണ് ചെത്തി ഇറക്കുന്ന കള്ളിലും അവകാശം . പിന്നെ മിക്ക ഷാപ്പുകാരും അവിടേക്ക് എല്ലാ ദിവസവും കൊടുക്കേണ്ട കള്ളിന്റെ മിനിമം അളവ് ചെത്തുകാരോട് പറയാറുണ്ട്‌

@കുഞ്ഞൂസ് : .വന്നതിനും വായിച്ചതിനും നന്ദി

@ശ്രീ : .വന്നതിനും വായിച്ചതിനും നന്ദി

@സിദ്ധീക്ക് തൊഴിയൂര്‍: : സന്തോഷം

@വിനീത : താങ്ക്സ്

@എച്മു : ഇനി തുടര്‍ച്ചയായി എഴുതുവാന്‍ ശ്രമിക്കാം കേട്ടോ .. :)

RK said...

ഞാനും വന്നിട്ടുണ്ട് അമ്പലപ്പുഴയില്‍ പക്ഷേ പായസം കഴിക്കാന്‍ പറ്റിയില്ല ,പെട്ടെന്നുള്ള യാത്രയായിരുന്നു

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

very good

Unknown said...

തുടരും ന്നുള്ളെടത്തെ ത്തിയ സമയത്ത് നിങ്ങളെ എന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഞാന്‍ വല്ലോം ചെയ്തുപോകുമായിരുന്നു, സത്യം. അത്രേം ഭയങ്കര ഇന്ട്രസ്ട്ടോടെ നല്ലൊരു ഫ്ലോ ആയി അങ്ങനെ പോകുന്നതിന്റെ ഇടയ്ക്ക് കൊണ്ട് തുടരും വെച്ചത് എനിയ്ക്ക് ലവലേശം ഇഷ്ടപ്പെട്ടിട്ടില്ല. ടാലെന്റെഡ് ആയൊരു എഴുത്തുകാരനാണ്‌ നിങ്ങള്‍., ഇനിയും ഇനിയും എഴുതുക. ആഖ്യാന ശൈലി മുതിര്‍ന്ന എഴുത്തുകാരോട് കിടപിടിക്കാന്‍ പോന്നതാണെന്നു തോന്നുന്നു. പൊന്നും കുടത്തിനു തൊട്ട പൊട്ടു പോലെ ചേര്‍ത്ത ചിത്രങ്ങളും വളരെ നന്നായി. എല്ലാ ഭാവുകങ്ങളും നേരുന്നു.

jayanEvoor said...

സ്വയമ്പൻ പോസ്റ്റ്!
കൊടു കൈ!

ബാക്കികൂടെ എഴുതനിയാ!!

പിങ്കി said...

Eagerly waiting for the rest...
Ishttapettu nalla vivaranam... :):):)

Unknown said...

good one..

Fyzie Rahim said...

എഴുത്ത് ഒരുപാടിഷ്ട്ടമായി. അതുവഴിയെ എല്ലാം ഞാനും നടന്നു,നിങ്ങളോടൊപ്പം സൈക്കിള്‍ ചവിട്ടി, മത്തായിയോടു തമാശ പറഞ്ഞ് ബണ്ടിലൂടെ നടന്നു അപ്പച്ചിയുടെ വഴക്ക് കേട്ടു... അങ്ങനെയങ്ങനെ....

chithrakaran:ചിത്രകാരന്‍ said...

മനോഹരമായ നാടിന്റെ വങ്മയചിത്രം.

Blog27999 said...

Did you realize there's a 12 word phrase you can communicate to your partner... that will induce intense feelings of love and impulsive attraction to you deep within his heart?

That's because deep inside these 12 words is a "secret signal" that fuels a man's impulse to love, please and look after you with his entire heart...

12 Words Who Trigger A Man's Desire Response

This impulse is so hardwired into a man's brain that it will drive him to try harder than ever before to take care of you.

Matter of fact, fueling this influential impulse is absolutely binding to achieving the best ever relationship with your man that the second you send your man a "Secret Signal"...

...You will instantly notice him expose his mind and soul to you in such a way he haven't experienced before and he will recognize you as the one and only woman in the world who has ever truly attracted him.

Pages

Flickr