കേരളത്തിലെ പോളിടെക്നിക്കുകളുടെ പേര് പോളിടെക്നിക്ക് കോളേജ് എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരമാനിച്ചു... ഞാന്‍ അടക്കമുള്ള പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്കു അത്രയും നാള് ഉണ്ടായിരുന്ന അഹങ്കാരം മൂടിന് തീ പിടിപ്പിച്ചു വിട്ടത് പോലെ ആകാശത്തേക്ക് ഉയര്‍ന്നു നെഗളിപ്പ് എന്ന നിലയിലേക്കും അവിടെ നിന്നും മൂത്ത് കുന്തള്ളിപ്പ് എന്ന അവസ്ഥയിലേക്കും എത്തി.......
+2 നു പഠിക്കാന്‍ പോവുന്നവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു "നിങ്ങളിപ്പോഴും സ്കൂളിലാ പഠിക്കുന്നത് അല്ലെ ? ഞങ്ങളിപ്പോള്‍ കോളേജിലാ കൊലക്കുന്നത് !!!!!"
ചേര്‍ത്തല പോളിയുടെ ഏറ്റവും വലിയ പ്രത്യേകത ആണ് സുസജ്ജമായ ലാബുകളും അനുബന്ധ സൗകര്യങ്ങളും....
ക്രിക്കറ്റ് കളി ലൈവ് ആയി ടിവിയില്‍ കാണാന്‍ ഇലക്ട്രോണിക്സ് ലാബ് ....
കമ്പ്യൂടര് എന്ന വസ്തു തണുപ്പിച്ചു വെക്കാന്‍ കമ്പ്യൂടര് ലാബ് വിത്ത് ഏസി.....
പിച്ചാത്തി , വടിവാള്‍ , ഉറുമി എന്നിവ ഉണ്ടാക്കുവാനും പരിശീലനം നടത്താനും വര്‍ക്ക്ഷോപ്പ് .....
ഇതിനിടയില്‍ മരോട്ടിക്ക തിന്ന കാക്കകളെ പോലെ കറങ്ങി നടക്കുന്ന ലാബ് ഇന്‍സ്ട്രക്ടര്‍മാര്‍....
ഇവിടെ എല്ലാം എന്തെങ്കിലും ഒറ്റയ്ക്ക് ചെയ്യാന്‍ ആരും സമ്മതിക്കില്ല....എല്ലാം ഓരോ ഗ്രൂപ്പ് അല്ലെങ്കില്‍ ടീം ആയിട്ടാണ് പരിപാടി . ആദ്യത്തെ വര്‍ഷം കംപ്യുട്ടര്‍ ലാബില്‍ പ്രവേശനം ഇല്ല.ഫിസിക്സ് , കെമിസ്ട്രി , ഇലക്ട്രോണിക്സ് ലാബുകളില്‍ ജിന്‍സും ജോസഫും ജോണിയും ഞാനും ഒരു ഗ്രൂപ്പ്. വര്‍ക്ക് ഷോപ്പില്‍ ജിന്‍സും ഞാനും മാത്രം ആയി ഒരു ടീം ...
ആദ്യത്തെ മൂന്നു ലാബുകളിലും ജോണി പണി ചെയ്തു റിസള്‍ട്ട് ഉണ്ടാക്കും . ബാക്കി ഉള്ളവര്‍ അത് എഴുതി എടുത്തു ടീച്ചറിന്റെ കയ്യില്‍ നിന്നും സൈന്‍ വാങ്ങിക്കും .
ഒരു ദിവസം ഞങ്ങളെല്ലാം കൂടി ഇലക്ട്രോണിക്സ് ലാബില്‍ ഇരിക്കുകയാണ് . എക്സ്പെരിമെന്റ്സ് ഒന്നും ചെയ്യാനില്ല..
പെട്ടെന്ന് ജോണി ഒരു വയറു കഷ്ണം എടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ചോദിച്ചു "തീ വരുന്നത് കാണണോ ?"
ഈച്ചയും അടിച്ചിരുന്ന ഞങ്ങള്‍ക്ക് എന്തെങ്കിലും കണ്ടാല്‍ മതിയാരുന്നു. പക്ഷെ ഞങ്ങള്‍ മറുപടി പറയുന്നതിന് മുന്‍പ് തന്നെ ജോണി ആ വയറിന്റെ ഒരു അറ്റം പ്ലഗ്ഗിന്റെ ഒരു ഹോളിലെക്കും അടുത്ത അറ്റം മറ്റേ ഹോളിലെക്കും കേറ്റി വെച്ചിട്ട് , ഒന്നും മിണ്ടാതെ സ്വിച്ചിട്ടു .
പ്ടോ എന്നൊരൊച്ച മയിന്‍ സ്വിചിരിക്കുന്ന ഭാഗത്ത് നിന്നു കേട്ടു. അതിനൊപ്പം എന്തോ മറിഞ്ഞു വീഴുന്ന ശബ്ദവും. അതിനു പുറകെ മുഖത്തും ഷര്‍ട്ടിലും കരിയും പുകയുമായി ഞങ്ങളുടെ ലാബ് ഇന്‍സ്ട്രക്ടര്‍ പാഞ്ഞു വന്നു താറാവ് കരയുന്നത് പോലെ ചോദിച്ചു .
"ആരാടോ സ്വിചിട്ടത് .....?
ഞാനും ടീച്ചറും കൂടി അവിടെ കണക്ഷന് കൊടുക്കുവാരുന്നു......
അതിനിടയില്‍ ആരാടോ സ്വിചിട്ടത് ? "
ഫിസിക്സ് ലാബ് . അന്ന് ജോണി വന്നില്ല .
ജോണിയുടെ കോര്‍ക്ക് ഊരി പോയിരിക്കുകയാണെന്നും
അറബികടളിലകി വരുന്നേ.... ആകാശത്തമ്പിളി വന്നെ....
എന്ന പാട്ടും പാടി ജോണി കക്കൂസില്‍ താമസമാക്കി എന്നും ജോസഫ് പറഞ്ഞു .
ഇന്ന് ലാബില്‍ പലതും നടക്കും എന്ന് ടീച്ചറിനോട് മുന്നറിയിപ്പ് കൊടുത്തു കൊണ്ട് ഞാനും ജിന്‍സും
അപ്പുറത്ത് നിന്ന് പ്രവീണ്‍ സിമ്പിള്‍ പെന്‍ഡുലം ആട്ടി കളിക്കുന്നു. ആട്ടലിന്റെ ശക്തിയില്‍ പെന്‍ഡുലത്തിന്റെ ബോള്‍ പറിഞ്ഞു ദൂരെ പോയി .
ടീച്ചര്‍ വന്നു പ്രവീണിനോട് പറഞ്ഞു "പ്രവീണ്‍ ! ഇങ്ങനെ ആട്ടാന്‍ ഇത് ഊഞ്ഞാല് അല്ല "
ടുണിങ്ങ് ഫോര്‍ക്കില്‍ റബര്‍ വെച്ചുണ്ടാക്കിയ ചെറിയ ചുറ്റിക കൊണ്ട് അടിച്ചു കൊണ്ട് ലിജോയി ജോസഫിനോട് പറഞ്ഞു "ഇതിനു ഒച്ച പോര "
ജോസഫ് ആ ടുണിങ്ങ് ഫോര്‍ക്ക് വാങ്ങി ഭിത്തിക്കിട്ടടിച്ചു.
ടാം)))))).....
പള്ളിയില്‍ മണി അടിക്കുന്ന പോലെ ഉള്ള ശബ്ദം കേട്ടപ്പോള്‍ ലിജോയി സന്തോഷത്തോടെ തിരിച്ചു പോയി .
കാല്കുലേറ്റര് ഇല്ലാത്തതു കൊണ്ട് മജീഷും നിനുവും കൂടെ അപ്പുറത്ത് നിന്ന് കയ്യും കാലും വെച്ച് കണക്കു കൂട്ടുന്നു
പയറ്റിക്കാല് മുക്കാല്‍ ....ഏഴരകാല് നാലേകാല്‍ ...പതിമൂന്നര കാല് മൂന്നേമുക്കാല്‍ ....എണ്കാല് ...? ....പണ്ടാരമടങ്ങാന്‍ ...പന്ത്രണ്ടരകാല് ഒന്നേകാല്‍....
ഇവിടെ ഞാന്‍ അടക്കമുള്ള സംഘം ഒരു സിമ്പിള്‍ ബാലന്‍സ് വെച്ചോണ്ട് മുക്ര ഇടുകയാണ്.
അതിന്റെ ഒരു വശത്ത് ഭാരം തൂക്കി ഇട്ട ശേഷം അപ്പുറത്ത് ഭാരം അഡ്ജസ്റ്റ് ചെയ്തു ബാലന്‍സ് ചെയ്യണം. സാധാരണ കടകളില്‍ കാണുന്ന ത്രാസ്സിന്റെ അതെ പ്രവര്‍ത്തനം തന്നെ.പക്ഷെ എങ്ങനെ ഒക്കെ തൂക്കിയിട്ടും ഇതിന്റെ ഒരു വശം താഴ്ന്നു തന്നെ കിടക്കുന്നു.
ഭാരം മാറ്റി നോക്കി . എന്നിട്ടും മാറ്റം ഒന്നും ഇല്ല . പിന്നെ അങ്ങോട്ട് വാശി ആയി .
എങ്കില്‍ ഇത് ഇനി പൊക്കി നിര്‍ത്തിയിട്ടെ ഇനി ബാക്കി പരിപാടി നോക്കുന്നുള്ളൂ എന്ന് പരസ്പരം പ്രതിജ്ഞ എടുത്തു കൊണ്ട് ഞങ്ങള്‍ പ്രയത്നം തുടങ്ങി. വല്യ പ്രയോജനം ഒന്നും കിട്ടാതെ വന്നപ്പോള്‍ അവസാനം ഒരു നിര്‍ദ്ദേശം വന്നു .
"താഴ്ന്നു നില്ക്കുന്ന ഭാഗത്ത് ഷക്കീലയുടെ ഒരു പടം വെക്കാം . എപ്പോള്‍ പൊങ്ങി എന്ന് ചോദിച്ചാല്‍ മതി "
വര്‍ക്ക്ഷോപ്പ്. സകലമാന പോക്രിത്തരത്തിനും പറ്റിയ സ്ഥലം. എപ്പോളും ഇരുട്ട് മൂടിയ ഒരു അവസ്ഥ ആയിരുന്നു വര്‍ക്ക്ഷോപ്പിനുള്ളില്‍.
അറുപതു മീറ്ററോളം നീളവും ഇരുപതു മീറ്ററോളം വീതിയും ഉള്ള കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറാനും ഇറങ്ങാനും ആകെ ഉള്ളത് ഒരു വാതില്‍ .പിന്നെ ഉള്ളത് രണ്ടു ഷട്ടറുകള്‍ ആണ് .അത് തുറക്കുന്നത് മലയാള വര്‍ഷാരംഭത്തില്‍ വര്‍ക്ക് ഷോപ്പ് വൃത്തിയാക്കാന്‍ വേണ്ടി മാത്രം. ഒരു ഭംഗിക്ക് അവിടെയും ഇവിടെയും നൂറു വാട്ടിന്റെ ബള്‍ബ് കത്തിച്ചിട്ടുണ്ടാകും.
ലാബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ അവിടെ ഉള്ള ചില സാറന്മാര് അഥവാ ലാബ് ഇന്സ്ട്രകടര്മാര് ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള് പത്തി വിടര്‍ത്തി നില്ക്കുന്ന പോലെ നില്ക്കും . അല്ലാത്തപ്പോള്‍ ചീട്ടുകളിക്കുക, വെല്‍ഡിംഗ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന തീയില്‍ നിന്നും ബീഡി കത്തിച്ചു വലിക്കുക, ലോകത്തിന്റെ അവസ്ഥ ഉന്മത്തപരമായ താണ്ഡവത്തില്‍ നിന്നും പ്രപഞ്ചനാളികളിലെക്കുള്ള പരിഛെദനപരമായ അനര്‍ഗ്ഗ നിര്‍ഗ്ഗള പ്രവാഹത്തിലെക്ക് കൂപ്പു കുത്തുന്നതിനെ കുറിച്ച് ഘോരഘോരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുക തുടങ്ങിയ ചെറിയ ചെറിയ കലാപരിപാടികള്‍ അവര്‍ നടത്തി പോന്നു.
ഞാനും ജിന്‍സും അടങ്ങുന്ന ടീം ആണ് ലാബ് ചെയ്യുവാന്‍ ചെല്ലുന്നവരില്‍ ഏറ്റവും കിടിലം. രണ്ടിനും ഒരു പിണ്ണാക്കും ചെയ്യാന്‍ അറിയില്ല. ഞങ്ങള്‍ക്ക് കിട്ടിയ എക്സ്പെരിമന്റ് വെല്‍ഡിംഗ് . അഞ്ച് ഇഞ്ച് നീളവും ഒരു ഇഞ്ച് വീതിയും ഒരു സെന്റിമീറ്റര്‍ ഘനവും ഉള്ള രണ്ടു ഇരുമ്പു തകിടുകള്‍ വെള്‍ഡ് ചെയ്തു അഞ്ച് ഇഞ്ച് നീളവും രണ്ടു ഇഞ്ച് വീതിയും ഉള്ള ഒറ്റ തകിട് ആക്കി മാറ്റണം. ഇതിനു വേണ്ട അവശ്യ വസ്തുക്കള്‍
* വെല്‍ഡിംഗ് മെഷീന് - ഒരെണ്ണം
* മേല്‍ പറഞ്ഞ അളവിലുള്ള ഇരുമ്പു തകിടുകള്‍ - രണ്ടെണ്ണം
* വെല്‍ഡിംഗ് ടോങ്ങ്സ് - ഒരെണ്ണം
* വെല്‍ഡിംഗ് മാസ്ക്- ഒരെണ്ണം
* വെല്‍ഡിംഗ് റോഡ് - കിട്ടാവുന്ന അത്രയും
ചങ്കുറപ്പുള്ള രണ്ടു ആള്ക്കാര് - ഇവിടെയാണ് പ്രശ്നം
ഞങ്ങള്‍ പുലികള്‍ എന്ന് പറഞ്ഞു നടക്കുന്നു എങ്കിലും രണ്ടിനും വെല്‍ഡിംഗ് എന്ന് കേള്‍ക്കുന്നത് തന്നെ ചതുര്‍ഥി ആയിരുന്നു.പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല .ചുമ്മാ ഒരു പേടി . അത്രയും ദിവസം ഇത് ചെയ്യാതെ മുങ്ങി നടന്ന ഞങ്ങളെ സാറന്മാര് ഓടിച്ചിട്ട് പിടിച്ചു തന്ന പണി ആയിരുന്നു വെല്‍ഡിംഗ് എക്സ്പെരിമന്റ് .
ഇത് ചെയ്യേണ്ടത് എങ്ങനെ എന്നാല്‍ , ആദ്യം ഈ രണ്ടു ഇരുമ്പു തകിടുകള്‍ എടുത്തു ഒരു ഇരുമ്പു മേശമേല്‍ അടുപ്പിച്ചു വെക്കും. അപ്പോള്‍ കണ്ടാല്‍ അഞ്ച് ഇഞ്ച് നീളവും രണ്ടു ഇഞ്ച് വീതിയും ഉള്ള ഒറ്റ തകിട് ആണെന്ന് തോന്നും. ഇനി അത് വെല്‍ഡിംഗ് ടോങ്ങ്സ് കൊണ്ട് ചേര്‍ത്ത് പിടിക്കും. വെല്‍ഡു ചെയ്യുമ്പോള്‍ അകന്നു പോവാതിരിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം ഇരുമ്പു തകിടുകളുടെ മദ്ധ്യ ഭാഗത്ത് കൂടെ ഒരു അറ്റത്ത് നിന്നും മറ്റേ അറ്റം വരെ ആണ് വെള്‍ഡ് ചെയ്യേണ്ടത് . കാണാന്‍ നല്ല രസം ഒക്കെയാ.വിഷുവിനു പൂത്തിരി കത്തിക്കുന്നത് പോലെ നല്ല ഭംഗി ഒക്കെയാ.
ഞാന്‍ ആദ്യം ചെയ്യാന്‍ കയറി .ജിന്‍സ് ടോങ്ങ്സ് കൊണ്ട് രണ്ടു തകിടുകളെയും അടുപ്പിച്ചു പിടിച്ചു.ചെകുത്താന് കുരിശു കണ്ടത് പോലെ അവന്റെ പുറകിലേക്ക് തല തിരിച്ചു പിടിച്ചു കൊണ്ടാണ് അവന് നില്‍ക്കുന്നത് തന്നെ. . വെള്‍ഡ് ചെയ്യുന്ന ഭാഗത്തേക്ക് നോക്കുന്നത് പോലും ഇല്ല.
വെള്‍ഡ് ചെയ്യുന്നതിന് മുന്‍പ് വെല്‍ഡിംഗ് റോഡ് ഇരുമ്പു മേശമേല്‍ മുട്ടിച്ചു ഒന്ന് സ്പാര്‍ക്ക് ചെയ്യണം. ഞാന്‍ സ്പാര്‍ക്ക് ചെയ്തു രണ്ടു വെല്‍ഡിംഗ് റോഡ് തീര്‍ന്നു. കാരണം ഒന്ന് സ്പാര്‍ക്ക് ചെയ്യുമ്പോള്‍ അത് അവിടെ ഒട്ടിപിടിക്കും. പിന്നെ അത് പറിച്ചെടുത്തിട്ട് വേണം രണ്ടാമത് സ്പാര്‍ക്ക് ചെയ്യാന്‍ .
വെല്‍ഡിംഗ് മാസ്ക് എടുത്തു വെച്ച് വെള്‍ഡ് ചെയ്യേണ്ട ഭാഗം ഒന്ന് നോക്കി.മൊത്തം ഇരുട്ട് .
"സാറേ ഒന്നും കാണാന്‍ പറ്റുന്നില്ല "
"കുഴപ്പമില്ല.... വെല്‍ഡിംഗ് തുടങ്ങി കഴിയുമ്പോള്‍ എല്ലാം കാണാന്‍ പറ്റും "
തുടര്‍ന്ന് അതി മാരകമായ വെല്‍ഡിംഗ് തുടങ്ങി.
മൊത്തം പുകയും തീയും മാത്രം.
വെല്‍ഡിംഗ് റോഡ് ആറെണ്ണം ആയപ്പോള്‍ ലാബ് ഇന്‍സ്ട്രക്ടര്‍ പറഞ്ഞു
"ഇത് അവസാനത്തെ റോഡ് ആണ് . ഇനി തരില്ല "
ഞാന്‍ അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ മനസ്സില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു .
"എന്റെ ദൈവങ്ങളെ !!! ഇത്തവണ എങ്കിലും ശരിക്ക് ചെയ്യാന്‍ സാധിക്കണേ"
ഇത് കേട്ടു പോളിയുടെ തെക്ക് വശത്ത് നിന്ന മാവ് ഒടിഞ്ഞു വീണു . മാനം ഇരുണ്ടു കൂടി . അപ്പുറത്തെ വീട്ടിലെ അടുപ്പില്‍ പെറ്റ് കിടന്ന പൂച്ച കാറിക്കൊണ്ട് വടക്കോട്ടോടി.
തുടര്‍ന്ന് വീണ്ടും വെല്‍ഡിംഗ് !!!!
ഇത്രയും നേരം കണ്ണടച്ച് പിടിച്ചു നില്‍ക്കുകയായിരുന്ന ജിന്‍സിനോട് ഞാന്‍ വിളിച്ചു പറഞ്ഞു
അളിയാ.... ഇത്തവണ എല്ലാം ശരി ആയി.
വെല്‍ഡിംഗ് കഴിഞ്ഞു ഇരുമ്പു തകിട് എടുക്കാന്‍ നോക്കിയപ്പോള്‍ അത് അനങ്ങുന്നില്ല .
സൂക്ഷിച്ചു നോക്കിയപ്പോള്‍ വെല്‍ഡിംഗ് നല്ലത് പോലെ ചെയ്യാന്‍ സാധിച്ചു .
വെള്‍ഡ് ചെയ്തു വെച്ചിരിക്കുന്നത് ഇരുമ്പു തകിടും മേശയും തമ്മില്‍ ......
ഞാന്‍ ലാബ് ഇന്‍സ്ട്രക്ടര്‍ സാറിനെ ഒന്ന് നോക്കി. അങ്ങേരാണെങ്കില്‍ എന്റെ പരാക്രമങ്ങള്‍ എല്ലാം കണ്ടു നട്ടപാതിരാക്ക് മട്ടന്‍ ബിരിയാണി തട്ടിയവനെ പോലെ അന്തം വിട്ടു നില്‍ക്കുകയാണ്. പുള്ളിക്കാരന് എന്തൊക്കെയോ പറയണം എന്നുണ്ട് . പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല . പക്ഷെ എല്ലാം മുഖത്ത് നിന്ന് വായിച്ചെടുക്കാം .
തുടര്‍ന്ന് ജിന്‍സ് തന്റെ കുല ദൈവങ്ങളെ എല്ലാം വണങ്ങി മാമാങ്കത്തിന് ഇറങ്ങി.ടോങ്ങ്സ് പിടിച്ചിരിക്കുന്നത് ഞാന്‍ എന്ന വ്യത്യാസം മാത്രം.ലാബ് ഇന്‍സ്ട്രക്ടര്‍ പഴയ സ്ഥാനത്ത് പഴയ മുഖഭാവത്തോടെ നില്ക്കുന്നു.എന്റെ നില്‍പ്പ് നേരത്തെ ജിന്‍സ് നിന്നത് പോലെ തന്നെ .
ഇത്തവണ എട്ടാമത്തെ വെല്‍ഡിംഗ് റോഡ് ആയപ്പോള്‍ ലാബ് ഇന്‍സ്ട്രക്ടര്‍ പഴയ ഡയലോഗ് വിട്ടു
"ഇത് അവസാനത്തെ റോഡ് ആണ് . ഇനി തരില്ല "
ബാക്കി ഒന്നും കാണാന്‍ കരുത്തില്ലാത്തത് കൊണ്ടാവാം അങ്ങേരു ഇട്ടേച്ചു പോയി
ജിന്‍സ് അതോടു കൂടി കമിഴ്ന്നടിച്ചു താഴേക്കു വീണു
ഞാന്‍ ചെന്ന് താങ്ങി പൊക്കി "എന്ത് പറ്റിയെടാ ?"
"ഭൂമി ദേവിയെ വണങ്ങിയതാ . അതും കൂടിയേ ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ "
ഇത്തവണ തീയും പുകയും കുറെ കൂടുതല്‍ ഉണ്ടായിരുന്നു . കാരണം വെല്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല
പുകക്കിടയിലൂടെ ഞാന്‍ വിളിച്ചു ചോദിച്ചു "ഡാ എന്തായി ?ശരിയാകുമോ ? ഞാന്‍ ഒന്നും കണ്ടില്ല "
"ഞാനും ...ഞാന്‍ കണ്ണടച്ച് പിടിച്ചിരിക്കുവാരുന്നു "
ഈശ്വരാ...!!!!!
ഇതിനിടയില്‍ എപ്പോളോ ലാബ് ഇന്‍സ്ട്രക്ടര്‍ അവിടെ വന്നു നില്ക്കുന്നുണ്ടായിരുന്നു
"എവിടെ വെള്‍ഡ് ചെയ്ത പീസ് കാണിച്ചേ "
അതു കാണിക്കാന്‍ പോയ ജിന്‍സിനെ ലാബ് ഇന്‍സ്ട്രക്ടര്‍ മുച്ചൂടും തെറി പറയുന്നത് കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്
"നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല . നിന്നെയും അവനെയുമൊക്കെ പടച്ചു വിട്ടവന്മാരെ പറഞ്ഞാല്‍ മതി "
അപ്പൊ എന്നെയും കൂടി ചേര്‍ത്ത് പറയുവാ .... ഞാന്‍ പുകക്കിടയില്‍ മുങ്ങി
അല്പം കഴിഞ്ഞു ഞാന്‍ ജിന്‍സിനോട് ചോദിച്ചു "എന്താടാ പ്രശ്നം ?"
ജിന്‍സ് ഒന്നും മിണ്ടാതെ അവന് വെള്‍ഡ് ചെയ്ത പീസ് എടുത്തു കാണിച്ചു . നല്ല പെര്‍ഫെക്റ്റ് വെല്‍ഡിംഗ്.
പക്ഷെ വെള്‍ഡ് ചെയ്തു വെച്ചിരിക്കുന്നത് പീസും ടോങ്ങ്സും തമ്മിലാണ് എന്ന വ്യത്യാസം മാത്രം !!!!!!
<<<<<<<<<<<<<<<<<<<<<<ദി ഡിപ്ലോമറ്റ് -3>>>>>>>>>>>>>>>>>>>>>
(ഫിസിക്സ് ലാബിലെ ആശയം മുന്‍പോട്ടു വെച്ച വ്യക്തി ഞാന്‍ അല്ല. നിങ്ങള്‍ വിശ്വസിക്കണം .ഞാന്‍ ആ ടൈപ്പ് അല്ല )
21 comments:
ഇരട്ട ചങ്ക് ഉള്ളവരെന്നു പേര് കേട്ടവന്മാരുടെ മണ്ടത്തരങ്ങള്‍.......
ദി ഡിപ്ലോമറ്റ് -3
ചങ്കുറപ്പ് ഉണ്ടെങ്കില്‍ അഭിപ്രായം പറഞ്ഞിട്ട് പോ....
നന്നായിട്ട്ണ്ട്രാ....
mone....... gymaa ethu bakki randinekallum super.
Macha...
Nannayittundu...
Ippol nammukku mathramalla abadhangal pattiyathennumanasilayi.....
..
കലക്കിലോ ചുള്ളാ...അടിപൊളി പോസ്റ്റ് !!!!!
ഗംഭീരമായിട്ടുണ്ട്.
ഞാനിത്രയും കരുതിയില്ല.
നന്നായി രസിച്ചു വായിച്ചു.
കൂടുതൽ വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.
aliya kidilan....
രാത്രി 12 മനിക്കാണു കയറിയത്. വിശദമായ വായനയ്ക്കായി പിന്നെ വരാം.
ഒറ്റയാനെ ഉന്നം തെറ്റാത്ത തോക്കുകളെ സൂക്ഷിക്കണേ
ഹേയ്! തകര്‍പ്പന്‍. :) ഇരട്ടചങ്കന്മാരുടെ വെരട്ടു പരീക്ഷണങ്ങള്‍!! തകര്പ്പനായിട്ടുണ്ട്
nice...:)
നന്നായിട്ടുണ്ട്.
പ്രത്യേകിച്ച്
അറബികടളിലകി വരുന്നേ.... ആകാശത്തമ്പിളി വന്നെ....
:)
Entammoo.. Fabulous Ottayan...
ഇത്രേം സംഭവങ്ങളുള്ള സ്ഥിതിക്ക് വെവ്വേറെ പോസ്റ്റുകളാക്കാമായിരുന്നു. നല്ല എഴുത്താണ്.
അടിപൊളി ഗട്യേ....ഇടിവെട്ട് പോസ്റ്റ്..ചിരിച്ചു ചിരിച്ചു ചത്തു...ഏറ്റവും ഇഷ്ടപ്പെട്ടത് സിമ്പിള്‍ ബാലന്‍സ് തന്നെ...
എനിക്ക് തോന്നിയത് ഇതിനെ രണ്ടു പാര്‍ട്ടായി ഇടാമായിരുന്നു എന്നാണ്...അല്ലെങ്കീ ഓരോ സംഭവവും ഓരോ പോസ്ടാക്കാമായിരുന്നു...ഇനി കുറെ കഴിയുമ്പോള്‍, ആശയ ദാരിദ്ര്യം വരും ഗട്യേ...
ബൂലോകത്തെ ഒരു പുലിയാവാന്‍ എല്ലാ വിധ ആശംസകളും നേരുന്നു...
ജിന്‍സ് അതോടു കൂടി കമിഴ്ന്നടിച്ചു താഴേക്കു വീണു
ഞാന്‍ ചെന്ന് താങ്ങി പൊക്കി "എന്ത് പറ്റിയെടാ ?"
"ഭൂമി ദേവിയെ വണങ്ങിയതാ . അതും കൂടിയേ ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ "
അടിപൊളി! ശരിയ്ക്കു ചിരിച്ചു. :)
ഒറ്റയാനേ..തകർത്തുമറിച്ച്!!!
നല്ല ഭാവിയുണ്ട്. വീണ്ടും ഇതുപോലെ ചിരിപ്പിക്കുക :)
ആശംസകൾ
കിടിലന്‍..എല്ലാ പോസ്റ്റും വായിച്ചു.എല്ലാം സൂപ്പര്‍
kollam
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും നന്ദി
ഗംഭീരം
തുടക്കം ഇത്തിരി വിരസത തോണിയെങ്കിലും
പിന്നീട് അടിപൊളി
ചിരിച്ചു വശായി
ഈ പോസ്റ്റ് ഇപ്പോഴാ വായിച്ചത്.. ഭായിയുടെ കമന്റ് വഴി :) ചിരിച്ച് ചിരിച്ച് ഒരു വിധമായി
Post a Comment