Thursday, October 28, 2010

സാത്താന്‍






സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ടു തന്നെ രജീഷ് തല്ലുകൊള്ളിയാണ്
. വഴിയെ പോകുന്ന അടി അവന്‍ പോയി ഇരന്നു വാങ്ങിക്കും, തലയ്ക്കു മുകളില്‍ കൂടി പോവുന്ന അടി അവന്‍ ഏണി വെച്ച് കയറി നിന്ന് കൊള്ളും,  അവനെ മുന്നില്‍ കണ്ടാല്‍ ആരും തല്ലാതെ പോവില്ല. അതിനുള്ള കാരണങ്ങള്‍ അതിനു മുമ്പ് തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടാവും.
                               
                            എവിടെയും എന്ത് പ്രശ്നം ഒപ്പിക്കാനും അത് കഴിഞ്ഞു ആരും അറിയാതെ മുങ്ങാനും അവനുള്ള കഴിവ് അഭിനന്ദനീയം ആയിരുന്നു എങ്കിലും അവന്‍ ഒപ്പിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി കുറച്ചു ദിവസം കഴിഞ്ഞാലും അവനെ തേടിയെത്തുമായിരുന്നു  . സ്വന്തം ക്ലാസ്സില്‍ നിന്നും സീനിയേര്‍സില്‍ നിന്നും ജൂനിയെഴ്സില്‍ നിന്നും മാത്രമല്ല രജീഷ് അടി വാങ്ങിയിട്ടുള്ളത് .സ്കൂളിലെ പഠിത്തം കഴിഞ്ഞു പോയവര്‍ പോലും അനുജന്മാരുടെ പരാതി പരിഗണിച്ചു രജീഷിനെ സ്കൂള്‍ ഗ്രൌണ്ടില്‍ ചവിട്ടി കൂട്ടിയിട്ടുണ്ട്.


                                     പക്ഷെ യു.പി സ്കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ ചൊറിഞ്ഞു നടന്ന അവന്റെ സ്വഭാവത്തിന് കാതലായ മാറ്റം വന്നു.ഇവന്‍ പഠിക്കാന്‍ ചേര്‍ന്ന ഹൈ സ്കൂളില്‍ അവനെക്കളും വലിയ താപ്പാനകള്‍ ഉണ്ടെന്നു മനസ്സിലാക്കിയിട്ടാണോ അതോ അവിടെ ഉണ്ടായിരുന്നവര്‍ എടുത്തിട്ട് ചവിട്ടിയിട്ടാണോ എന്തോ, രജീഷ് സ്കൂളില്‍ തീര്‍ത്തും മാന്യന്‍ ആണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.അതിനു ശേഷം മുതിര്‍ന്നു യുവാവായപ്പോള്‍ രജീഷ് എല്ലാവരെക്കൊണ്ടും ചിരിപ്പിക്കുവാന്‍ ഉതകുന്ന ഒരുവന്‍ ആയി മാറികഴിഞ്ഞിരുന്നു. നാട്ടില്‍ നാലുപാടും സുഹൃത്തുക്കള്‍,എന്നും വെള്ളമടിയും വാളുവെപ്പും. നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപദ്രവം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ആരും എടുത്തിട്ടു മെതിച്ചില്ല.
                                         
                                       പക്ഷെ വെള്ളം അടിച്ചു കഴിഞ്ഞാല്‍ ആരും അറിയാതെ കുറെ കലാപരിപാടികള്‍ രജീഷ് ഒപ്പിക്കുമായിരുന്നു. എല്ലാ പരിപാടിയും രാത്രി പതിനൊന്നിനു ശേഷം മാത്രം ആയിരിക്കും ചെയ്യുന്നത്. പകല്‍ സമയത്ത് രജീഷ് പച്ചവെള്ളം ചവച്ചു തിന്നുന്ന കൂട്ടത്തില്‍ ഉള്ള ആള്‍ ആണ് .
                                         
                                          അയല്‍പക്കത്തെ വീട്ടില്‍ അടുക്കള ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ടാങ്കിലെ വെള്ളത്തില്‍ ഇറങ്ങി കുളിക്കുക, അതിനു ശേഷം ആ വെള്ളം ഊറ്റി കളയുക, പശുവിന്റെ കയര്‍ അഴിച്ചു വിടുക, പാതിരാത്രി കോളിംഗ് ബെല്‍ അടിച്ചു വീട്ടുകാരെ ഉണര്‍ത്തുക, പട്ടിക്കൂടിനു അടുത്ത് പോയി നിന്ന് ഓരിയിടുക. വിഷുക്കാലം ആയാല്‍ പരിചയമുള്ള വീടിന്റെ എല്ലാം വാതില്‍ക്കല്‍ പാതിരാത്രി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കുക ,കപ്പ (മരച്ചീനി) മാന്തി , അതെടുത്ത് ഉടമസ്ഥന്റെ വീടിനു വാതില്‍ക്കല്‍ കാഴ്ച വെക്കുക, തുടങ്ങിയ നിരുപദ്രവപരമായ ചില തമാശകള്‍ സ്വന്തം സമാധാനത്തിനു വേണ്ടി അദ്ദേഹം ചെയ്തു പോന്നു.  ഈ ചെയ്യുന്നതെല്ലാം ഒറ്റയ്ക്ക് ആണ്. ദൈവംതമ്പുരാനെ പോലും കൂടെ വിളിക്കില്ല , ദൈവം പോലും അറിയുകയും ഇല്ല . പുറത്തു അറിയുന്നത് അവന്‍ തന്നെ അത് പറയുമ്പോള്‍ ആയിരിക്കും . അത്രയ്ക്ക് രഹസ്യ സ്വഭാവം ആയിരുന്നു രജീഷിന്റെ തമാശകള്‍ക്ക് ..
 
                         അച്ഛന്‍ സിഗരറ്റ് വലിക്കുന്നത് രജീഷിനു ഇഷ്ടമല്ല. അത് കൊണ്ട് അച്ഛന്‍ വാങ്ങുന്ന സിഗരറ്റ് അടിച്ചു മാറ്റി വലിക്കും, പക്ഷെ അച്ഛനെ സിഗരറ്റ് വലിക്കാന്‍ സമ്മതിക്കില്ല..അതാണ് രജീഷ്  .


                                                      അങ്ങനെ രജീഷ് നാടടക്കി വാഴുന്ന കാലം.ഒരു ദിവസം വൈകുന്നേരം കൂട്ടുകാരന്‍ ജിസോ വിളിച്ചു ഒരു നാല് പെഗ്ഗ്  കൂടിയ സാധനം  കൊടുത്തു. അത് കഴിച്ചു കഴിഞ്ഞു നേരെ അമ്മവീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ അമ്മാവന്‍ അടിച്ചിട്ട് ബാക്കി വെച്ചിരിക്കുന്ന മിലിട്ടറി ഇരിക്കുന്നു. അമ്മാവന്‍ വരുന്നതിനു മുമ്പ് കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട് വെള്ളം ചേര്‍ക്കാന്‍ പറ്റിയില്ല.അത് കുറെ വലിച്ചു കേറ്റി.. അവിടെ നിന്നും രാത്രിയിലെ അത്താഴവും കഴിച്ചു വീട്ടിലെത്തി. സമയം പത്തു മണി ആവുന്നത്തെ ഉള്ളൂ. ഇപ്പോള്‍ ചെന്നാല്‍ അച്ഛന്‍ പൊക്കും, പ്രശ്നമാകും. അത് കാരണം നേരെ അയല്പക്കത്ത് ബാലന്‍ ചേട്ടന്റെ വീട്ടില്‍ പോയി ടിവി കാണാം എന്ന് തീരുമാനിച്ചു അവിടേക്ക് പോയി . അവിടെ ചെന്നപ്പോള്‍ ബാലന്‍ ചേട്ടന്‍ ഡെയിലി ക്വാട്ടയുടെ അവസാന റൌണ്ടിലേക്ക് കടക്കുന്നു.ഫ്രീ ആയിട്ട് അവിടെ നിന്നും കിട്ടി രണ്ടെണ്ണം.
                        
                                          എല്ലാം കൂടി ആയപ്പോള്‍ "ഭൂമി ഏതാ ? , ആകാശം ഏതാ ?, ഞാന്‍ ആരാണ് ?" തുടങ്ങിയ ചെറിയ സംശയങ്ങള്‍ തോന്നി തുടങ്ങി രജീഷിന്.ടിവിയില്‍ അപ്പോള്‍ കടമറ്റത്ത്‌ കത്തനാര്‍ സീരിയല്‍ നടക്കുകയായിരുന്നു. ആരൊക്കെയോ ഒരു വടിയും കൊണ്ട് തെക്ക് വടക്ക് നടക്കുന്നത് മാത്രം രജീഷ് ടിവിയില്‍ കണ്ടു. ബാക്കി എല്ലാം അജ്ഞാതം അവര്‍ണ്ണനീയം.
                                                          
                                                   ബാലന്‍ ചേട്ടനോട് ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു പുറത്തിറങ്ങിയ രജീഷിന്റെ കാലില്‍ ഒരു കമ്പ് തട്ടി. അതെടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ഇരുട്ടിലൂടെ വീട്ടിലേക്കു നടന്ന രജീഷിന്റെ മുന്നില്‍ ഒരു കറുത്ത രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. മുഖം വ്യക്തമല്ല , പക്ഷെ മുഖത്തിന്‌ അടുത്ത് തീ ജ്വലിക്കുന്നുണ്ട്. ആ തീ മേലേക്കും താഴേക്കും പോവുന്നു.
                                              
                                                                "രണ്ടു കാലില്‍ മര്യാദക്ക് നടക്കാന്‍ പറ്റുമ്പോള്‍ മാത്രമേ ഓടാന്‍ ശ്രമിക്കാവൂ "എന്നുള്ള ആപ്തവാക്യം മനസ്സില്‍ ഓര്‍മിച്ചു കൊണ്ട് ആ ഭീകര രൂപത്തിന് നേരെ രജീഷ് കയ്യില്‍ ഇരുന്ന വടി ഉയര്‍ത്തി ഉച്ചത്തില്‍ അലറി

"സാത്താനെ ....ദൂരെ പോ "

                                                                  കെട്ടുവള്ളത്തിന്റെ പങ്കായം പോലെ ഒരു കൈ അന്തരീക്ഷത്തില്‍ നിന്നും പറന്നു വന്നു രജീഷിന്റെ ചെവിക്കല്ലിന് വീണു. തനിക്ക് അടി കിട്ടിയെന്നും ഇപ്പോള്‍ കിടക്കുന്നത് താഴെ ആണെന്നും മനസ്സിലാക്കാന്‍ പോലും രജീഷിന്റെ ബോധം നിന്നില്ല. അടി വീണതിനു പുറകെ ബോധം അതിന്റെ പാട്ടിനു പോയി.
                                          
                             പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ ആണ് സാത്താന്‍ എന്ന് വിളിച്ചത് സ്വന്തം അച്ഛനെ ആയിരുന്നു എന്നും തീ ആയിട്ട് തോന്നിയത് പുള്ളിക്കാരന്‍ വലിച്ച സിഗരറ്റ് ആയിരുന്നു എന്നും രജീഷ് മനസ്സിലാക്കിയത്‌.


                                       ഭാഗ്യം !!!! വീട്ടുകാര്‍ മാത്രമേ അറിഞ്ഞുള്ളൂ.വേറെ വല്ലവരും അറിഞ്ഞിരുന്നേല്‍ നാണക്കേട് ആയേനെ എന്ന് കരുതിയ രജീഷിനു തെറ്റി. കാര്യങ്ങള്‍ എല്ലാം രജീഷിന്റെ കൈ വിട്ടു പോയിരുന്നു. രാവിലെ രജീഷിന്റെ വീട്ടില്‍ വന്ന ജിസോ ഈ സംഭവം നാട്ടില്‍ പാട്ടാക്കി.

അന്ന് മുതല്‍ രജീഷിനു പുതിയ പേര് വീണു
സാത്താന്‍   


*********************സാത്താന്‍***********************


സാത്താന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ഉണ്ട്. പ്രവാസികള്‍ സൂക്ഷിക്കുക 












































      
  

Friday, August 13, 2010

ദി ഡിപ്ലോമറ്റ് : വാളുപുര

ഓണം...
ചേര്‍ത്തല പോളിയിലെ ഓണത്തിന് ആഘോഷങ്ങള്‍ ഒരുപാടുണ്ട് .
അത്തപൂക്കള മത്സരം , വടം വലി മത്സരം തുടങ്ങി ഒരു മത്സര പരമ്പര തന്നെ അവിടെ നടക്കാറുണ്ട്.ഇതിനെല്ലാം സമ്മാനവും ഉണ്ട്.
എല്ലാ കോളേജിലെയും പോലെ തന്നെ ഓണം എന്ന് പറയുന്നത് പലരുടെയും മനസ്സ് തുറന്നു കാണിക്കുവാനും കൂടി ഉള്ള അവസരം ആണ്.
ഇതിനെല്ലാം പുറമേ കുട്ടിയും കോലും കളി ,മുണ്ട് പറിക്കല്‍ ‍, വെള്ളമടിയും അനുബന്ധ പരിപാടികളും തുടങ്ങിയവയും നടക്കാറുണ്ട് .പക്ഷെ ഇതിനൊന്നും സമ്മാനം ഇല്ല എന്ന് മാത്രം .


                                            അങ്ങനെ ഞങ്ങള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആയിരിക്കെ ഉള്ള ഓണാഘോഷം. ജുനിയെര്‍സ് ആയതിനാല്‍ വലിയ റോള്‍ ഒന്നും ഞങ്ങള്‍ക്ക് അവിടെ ഇല്ല. അത്തപ്പൂക്കളം ഇടാനുള്ള  പൂക്കള്‍ ഒരുക്കുക , വടം വലിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക അങ്ങനെ ഉള്ള ചെറിയ പരിപാടികള്‍ മാത്രം.
    
                                                        ഇതിനിടയില്‍ ഒരു സംഘം ഷെയര്‍ ഇടുന്നുണ്ടായിരുന്നു. വടിവാള്‍ ,ശരവണന്‍ , പ്രവീണ്‍ , വിപ്ലവന്‍ (വയലാറിന്റെ സ്വന്തം പുത്രന്‍ ), മഷീജ് തുടങ്ങിയ ഒരു സംഘം.അവസാനം ഒത്തു കിട്ടിയ കാശെല്ലാം കൂട്ടി എടുത്തു കൊണ്ട് ശരവണന്‍ ചേര്‍ത്തലയിലേക്ക്‌  വെച്ച് പിടിച്ചു .
അരമണിക്കൂറിനുള്ളില്‍ കയ്യില്‍ ഒരു കുപ്പിയും പൊതിഞ്ഞു പിടിച്ചു കൊണ്ട് അദ്ദേഹം തിരികെ എത്തി.
ശരവണനെ കണ്ടതും വടിവാള്‍ വിളിച്ചു ചോദിച്ചു
കിട്ടിയോ ?
കിട്ടി...
നല്ലതാണോ ?
കൂടിയതാ...
ഏതാ സാധനം ?
കാണ്ടാമൃഗം (Rhino Rum )
ഇത് കൂടിയതാണോ ?
പിന്നെ അല്ലാണ്ട് ...സല്‍സയെക്കാളും നല്ലതാ .സല്‍സയുടെ ഫുള്ളിനു  115 രൂപയല്ലേ ഉള്ളൂ . ഇതിനു 130 ആയി .
ബാക്കി 7 രൂപ എന്തിയെ ?
എന്റെ തന്ത അല്ലടാ ബസ്സ്‌ സര്‍വ്വീസ് നടത്തുന്നത് . അവര്‍ക്ക് കാശു കൊടുക്കണം .
അളിയാ...ഞാന്‍ അത് മറന്നു പോയി...നീ എന്നോട് ക്ഷമി...
ഇപ്പോഴേക്കും ബാക്കി ഉള്ള സംഘാംഗങ്ങള്‍ എല്ലാം അവിടെ എത്തി.
എല്ലാവരും കൂടി പോളിയുടെ  പുറകിലെ സത്യമംഗലം വനത്തിലേക്ക് കയറി.
അപ്പോള്‍ ആണ് വേറെ ഏതോ സംഘത്തിലെ ഒരുത്തന്‍ ഒരു  സോഡകുപ്പിയുമായി  തിരികെ പോവുന്നത് വിപ്ലവന്‍ കണ്ടത് .
ഗ്രൗണ്ടില്‍ കിടന്ന ഒരു കുപ്പിയും പെറുക്കി എടുത്തു കയ്യില്‍ പിടിച്ചു "വെള്ളം എടുക്കണം" എന്ന് പറഞ്ഞു കൊണ്ട് വിപ്ലവന്‍ പൈപ്പിന്റെ അരികത്തേക്ക് ഓടി .
         
ഡിസ്പോസിബിള്‍ ഗ്ലാസ്‌ , വെള്ളം എല്ലാം എത്തിയതോട് കൂടി പരിപാടി തുടങ്ങി.
വെള്ളം ഒഴിച്ചത് കൊണ്ട് ഏകദേശം കരി ഓയിലിന്റെ കളര്‍ കിട്ടിയിരുന്നു കാണ്ടാമൃഗത്തിന്.
"ആദ്യത്തെത് ഗണപതിക്ക്‌" എന്ന് പറഞ്ഞു കൊണ്ട് പ്രവീണിന് കൊടുത്തു .         
രണ്ടാമത്തേത്  ശരവണന്.
ടച്ചിങ്ങ്സ് ഒന്നും ഇല്ലേ ?
പ്രവീണ്‍ ഒരു പിടി മണല് വാരി ശരവണന് കൊടുത്തിട്ട് പറഞ്ഞു
"ഇതേ ഉള്ളൂ...മണല് തൊട്ടു അടിച്ചോ ..."
അര മണിക്കൂര്‍ .....സംഘത്തിലെ എല്ലാവര്‍ക്കും കാലില്‍ വീല് പിടിപ്പിച്ചു കിട്ടി.


    സത്യമംഗലം വനത്തിലെ കശുമാവിന്റെ ചോട്ടിലെ ചൊരിമണലില്‍ കിടന്നു വടിവാള്‍ കാണ്ടാമൃഗത്തിനെ പുകഴ്ത്തി കവിത പാടി.


"130 രൂപയ്ക്കു ഇത്രയും നല്ല സാധനം കിട്ടുമോ ?" എന്ന് പരസ്പരം ചോദിച്ചു കൊണ്ട് പ്രവീണും മഷീജും നിലത്തു കുത്തിയിരുന്നു.


"മണം മാറാന്‍ നല്ലതാ..." എന്ന് സ്വയം പറഞ്ഞു കൊണ്ട് വിപ്ളവന്‍ കുറെ മാവിന്റെ ഇല പറിച്ചു തിന്നു.


 ശരവണന്‍ അപ്പോള്‍ ഒരു കശുമാവില്‍ ചാരി നിന്ന് പൂര തെറി പറയുകയായിരുന്നു
 "പണ്ടാരം...ഒന്നും ആയില്ല....വെറുതെ കാശ് കളഞ്ഞു ....ശ്ശെ...#%$%......ഇനി എന്ത്  ചെയ്യുമെടെയ് ? "


പക്ഷെ കണ്ണും ചെവിയും അടിച്ചു പോയ ബാക്കി ഉള്ളവര്‍ അത് കേട്ടത് പോലും ഇല്ല .



            പിന്നെ ആഘോഷങ്ങള്‍ക്കിടയിലേക്ക് കയറിയ സംഘാംഗങ്ങള്‍ പലവഴിയെ ചിതറി പോയി. പക്ഷെ ശരവണന്‍ വടിവാളിനെയും വിപ്ലവനെയും കൂട്ടിനു വിളിച്ച് പുറത്തേക്കു പോവുന്നത് കണ്ടവരുണ്ട് .
             
                          പിന്നെ കേള്‍ക്കുന്നത് ശരവണനും സംഘവും കോളേജിന് പുറത്ത് ,ഹൈവേ സൈഡിലെ പഴയ ഒരു തട്ടുകടയില്‍ നില്‍ക്കുന്നു എന്നാണ് . ആ തട്ടുകട ലാഭത്തിന്റെ കൂടുതല്‍ കാരണം അതിന്റെ ഉടമസ്ഥന്‍ ഉപേക്ഷിച്ചു പോയതാണ് . നീല ടാര്‍പോളിന്‍ കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കിയ അതില്‍ ഒരു പൊളിഞ്ഞ ഡെസ്കും  കിടപ്പുണ്ടായിരുന്നു.   
    
അവിടെ ചെന്നപ്പോള്‍ ആണ് അറിയുന്നത് അവിടെ ആരും നില്‍ക്കുന്നില്ല . എല്ലാവരും കിടക്കുകയാണ് .


                സംഭവങ്ങളുടെ കിടപ്പുവശം ഇപ്രകാരം - കാണ്ടാമൃഗവുമായി രാവിലെ നടത്തിയ ബലപരീക്ഷണത്തില്‍ ഒന്നും പറ്റിയില്ല എന്നുള്ള ശരവണന്റെ പരാതിയില്‍ മനം നൊന്തു  വടിവാളും വിപ്ലവനും ശരവണനെ പോളിയുടെ പുറകിലെ ഷാപ്പില്‍ കൊണ്ട് കുടിയിരുത്തി. ഒരു കുപ്പി കള്ള് വാങ്ങി എല്ലാവരും കൂടി കുടിച്ച് , പോരുന്നതിനു മുമ്പായിട്ട് "കാശ് കൊടുത്തതല്ലേ ? വെറുതെ എന്തിനാ നമ്മള്‍ ഇത് കളയുന്നത് ?"  എന്ന് ചോദിച്ചു കൊണ്ട് കുപ്പിയില്‍ ബാക്കി ഉണ്ടായിരുന്ന കള്ളിന്റെ മട്ടും കൂടി ശരവണന്‍ അകത്താക്കി .
                        
                                        പക്ഷെ ഷാപ്പില്‍ നിന്ന് ഇറങ്ങുമ്പോള്‍ തലയില്‍ ഉണ്ടായിരുന്ന ബോധം അവിടെ വെച്ചിട്ടാണ് എല്ലാവരും അവിടെ നിന്നും പോന്നത്. പോളിയില്‍ വാള് വെച്ചാല്‍  സസ്പെന്‍ഷനില്‍ കുറഞ്ഞ ഒന്നും കിട്ടാന്‍ ഇല്ല എന്ന തിരിച്ചറിവ് മുന്‍പേ ഉണ്ടായിരുന്നതിനാല്‍ അവര്‍ക്ക് പോളിയുടെ കോമ്പൌണ്ടിലേക്ക് കയറാന്‍ തോന്നിയില്ല. നേരെ തട്ടുകടയില്‍ പോയി ചുരുണ്ട് കൂടി .


                തട്ടുകടയില്‍ ചെന്ന് കയറുമ്പോള്‍ കാണുന്ന കാഴ്ച ശരവണന്‍ ലോകത്തോടും കുടിച്ച കള്ളിനോടും തോല്‍വി സമ്മതിച്ച് തിരുവയര്‍ ഒഴിഞ്ഞു  പൊളിഞ്ഞ ഡെസ്കില്‍ കിടക്കുന്നതാണ് .ചുമ്മാ ഒരു കമ്പനിക്ക് എന്ന പോലെ വടിവാളും കൂടെ കിടപ്പുണ്ട്. രണ്ടു പേര്‍ക്ക് കിടക്കാനുള്ള സ്ഥലമേ ഡെസ്കില്‍ ഉള്ളൂ .ആ ഒരൊറ്റ കാരണം കൊണ്ട് മാത്രം വിപ്ളവന്‍ തട്ടുകടയിലെ ഒരു മൂലയില്‍ ഇരിക്കുകയാണോ , കിടക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ ബാക്കി ഉള്ളവര്‍ക്ക് ദര്‍ശനം കൊടുക്കുന്നുണ്ട്.
ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാല്‍ വാള് വെക്കുന്നതില്‍ ശരവണന് കയ്യും കണക്കും ഒന്നും ഇല്ലായിരുന്നു.
                                                                            
                                                                    അടുത്തുള്ള കടയില്‍ നിന്നും മോരും നാരങ്ങ വെള്ളവും എത്തി .ഇട്ടു മൂടാന്‍ ആവശ്യത്തിനു മണല്‍ തട്ടുകടക്കുള്ളില്‍ ഉണ്ടായിരുന്നതിനാല്‍ വാള് മറവു ചെയ്യല്‍ എന്ന കര്‍മ്മവും പെട്ടെന്ന് കഴിഞ്ഞു.
"അവസാനത്തെ വാളില്‍ മഞ്ഞ കളര്‍ ഉണ്ടായിരുന്നു. അത് കൊണ്ട് ഇനി വാള് വെക്കില്ല  "എന്ന ശരവണന്റെ ഉറപ്പില്‍ അദ്ദേഹത്തിനെയും കൂടെ ഉള്ളവരെയും പോളിയിലേക്ക് ആനയിച്ചു .  പടവുകള്‍ കയറുമ്പോള്‍ ഒന്നാം നിലയിലെ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും പ്രവീണിന്റെ മുഴങ്ങുന്ന ശബ്ദം ഒരു പാട്ടായി കേള്‍ക്കാമായിരുന്നു


കാന്താ.... ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
പൂരം എനിക്കൊന്നു കാണണം കാന്താ............
പൂരം അതിലൊന്ന് കൂടണം കാന്താ ...
കാന്താ  കാന്താ....
ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
.
.
.

                ഒരു ഓണാഘോഷത്തിന്റെ മുഴുവന്‍ വാളും ഉള്‍ക്കൊണ്ട് , ഇനിയും വരാനിരിക്കുന്ന ആഘോഷങ്ങളിലെ സംഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ നിലകൊണ്ട ആ തട്ടുകടയെ അന്ന്  മുതല്‍ ഞങ്ങള്‍  വാളുപുര എന്ന് വിളിച്ചു




***********************************************************************
ആഘോഷ പാട്ട് ( പ്രവീണ്‍ വേര്‍ഷന്‍ )


കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍
പൂരം എനിക്കൊന്നു കാണണം കാന്താ............
പൂരം അതിലൊന്ന് കൂടണം കാന്താ ...
കാന്താ  കാന്താ....
ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍


തിമില എനിക്കൊന്നു കാണണം കാന്താ..
തിമിലയിലെനിക്കൊന്നു കൊട്ടണം കാന്താ...
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍




മദ്ദളം എനിക്കൊന്നു കാണണം കാന്താ
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍




വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ
ഒരു വെടി എനിക്കൊന്നു വെക്കണം കാന്താ.
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍




പൂരം എനിക്കൊന്നു കാണണം കാന്താ
പൂരം അതിലൊന്ന് കൂടണം കാന്താ
തിമില എനിക്കൊന്നു കാണണം കാന്ത
തിമിലയിലെനിക്കൊന്നു കൊട്ടണംകാന്താ
മദ്ദളം എനിക്കൊന്നു കാണണം കാന്താ
മദ്ദളം അതിലൊന്ന് കൊട്ടണം കാന്താ...
വെടിക്കെട്ട് എനിക്കൊന്നു കാണണം കാന്താ..
വെടി കുറ്റി അതിലൊന്ന് കൊളുത്തണം കാന്താ..
കാന്താ ഞാനും വരാം തൃശ്ശൂര്‍ പൂരം കാണാന്‍ ‍










Tuesday, June 29, 2010

ദി ഡിപ്ലോമറ്റ് 4 - Triple H ന്റെ കണക്കുകള്‍

 വടിവാള്‍: സ്വദേശം കണ്ണൂരിലെ എടൂര്‍ എന്ന ഗ്രാമം.കത്തി, വെട്ടുകത്തി, പിച്ചാത്തി, വടിവാള്‍, നാക്ക് കൊണ്ട് ഇരപിടിക്കുന്ന ജീവി തുടങ്ങിയവ നാമധേയങ്ങള്‍. ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തണമെങ്കില്‍ ആദ്യം തലശ്ശേരിയില്‍ നിന്നും ഇരിട്ടിയിലെക്കും അവിടെ നിന്നും എടൂരിലേക്കും എത്തണം. അവിടെ വരെ ബസ്സ്‌ കിട്ടും. അതിനു ശേഷം മൂന്നു പുഴ നീന്തണം. നാലാമത്തെ വള്ളിയില്‍ തൂങ്ങി ആടിയാല്‍ വീട്ടിലെത്താം  (വള്ളി പൊട്ടിയില്ല എങ്കില്‍ മാത്രം ). നാഴികക്ക് നാല്‍പതു വള്ളി ഒന്നും ഇല്ല പുള്ളിക്കാരന്റെ വീട്ടിലേക്ക്. രാവിലെ 10.42 നും ഉച്ചകഴിഞ്ഞ് 03.30 നും ഓരോന്ന് വീതം. ഇത് കിട്ടിയാല്‍ ഭാഗ്യം.ഇല്ലെങ്കില്‍ ഒരു ആറ് മണിക്കൂര്‍ മല കയറണം. പുലിയോ കടുവയോ തിന്നില്ല എങ്കില്‍ മാത്രം വീട്ടിലെത്താം. എത്ര വലിയ നിരീശ്വരവാദി ആണേലും ശരണം വിളിച്ചു പോവും ആ യാത്ര കൊണ്ട്.

         വീട്ടില്‍ ഉള്ളത്, തറക്കല്ലുകള്‍ ഇടുന്നതിലെ അപാകതയെ കുറിച്ച് എപ്പോളും സംസാരിക്കുന്ന, ഇങ്ങനെ ഒരു മകന്‍ ജനിക്കാന്‍ മാത്രം എന്ത് പുണ്യമാണ് ഞങ്ങള്‍ ചെയ്യാതിരുന്നത് എന്ന് പരസ്പരം ചോദിക്കുന്ന ഒരു അപ്പനും അമ്മയും. പിന്നെ ഒരു വാണാല് പട്ടിയും.
മകന്‍  ചെന്ന്  കേറുന്നതിനു  പുറകെ കാര്‍ന്നോര് ചോദിക്കും

"എത്ര ദിവസം ഉണ്ടാകും ഇവിടെ ?"

"രണ്ടു ദിവസം അവധിയെ ഉള്ളൂ "

"കര്‍ത്താവെ നീ കാത്തു. നിനക്ക് സ്തുതി "

"പക്ഷെ അവിടെ ചെന്നിട്ട് ഒന്നും ചെയ്യാന്‍ ഇല്ല . ഞാന്‍ ഒരാഴ്ച കഴിഞ്ഞേ പോവുന്നുള്ളൂ "

"എടിയേ...ഞാന്‍ ഇറങ്ങുവാ..ഒരാഴ്ചത്തെ ധ്യാനം കൂടണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കുറച്ചായി "

അടുത്ത സീനില്‍  "കര്‍ത്താവേ...സ്തോത്രം!!!! " എന്ന് വിളിച്ചോണ്ട് റബറു കാട്ടിലൂടെ നൂറു കിലോമീറ്റര്‍ സ്പീഡില്‍ ഓടുന്ന കാര്‍ന്നോരെ കാണാം.

പിന്നെ ഉള്ളത് പാവം അമ്മയാണ്. പുള്ളിക്കാരി ആദ്യം കിട്ടിയ വണ്ടിക്ക് അപ്പോള്‍ തന്നെ ഇളയ മകളുടെ വീട്ടിലേക്കു യാത്രയായിട്ടുണ്ടാവും.

ആദ്യം പറഞ്ഞ വാണാല് പട്ടി അപ്പോള്‍ പൊട്ടിയ തുടലുമായി കര്‍ണാടക അതിര്‍ത്തിയിലെ ഏതെങ്കിലും കുറ്റിക്കാട്ടിലിരുന്നു ഓരിയിടുന്നുണ്ടാവും.

                      ഇദ്ദേഹം ചെന്ന് കേറിയാല്‍ വീടിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കൂടി കാക്ക പോലും പറക്കത്തില്ല. അറിയാതെ ഏതെങ്കിലും ഒരെണ്ണം പറന്നാല്‍ അദ്ദേഹം അതിനെ സ്നേഹത്തോടെ വിളിച്ചു കൂടെ  ഇരുത്തി ചോദിക്കും
"എന്ത് കറുപ്പാണെടാ  ഇത് ?കരി ഓയില്‍ തോറ്റു പോകുവല്ലോ ?     

ആരെയും കിട്ടിയില്ലേല്‍ കണ്ണാടിയില്‍ നോക്കി സ്വയം പറയും
             "പൊക്കവും ഇല്ല , വണ്ണവും ഇല്ല , മുടിയും ഇല്ല , ഉള്ളതാണേല്‍ നരച്ചും പോയി ... ഇങ്ങേരു എന്ത് ഉണ്ടാക്കി വെച്ചിരിക്കുവാ ?"
 കാര്‍ന്നോരപ്പോള്‍ ഏതെങ്കിലും ധ്യാന കേന്ദ്രത്തിലോ കുമ്പസാരക്കൂട്ടിലോ ഇരുന്നു തന്റെ വിധിയെ പഴിക്കുന്നുണ്ടാവും.
                                 
 ഈ മഹാനുഭാവന് നൂറ്, ആയിരം, പതിനായിരം, ലക്ഷം തുടങ്ങിയ സംഖ്യകള്‍ മാത്രമേ അറിയൂ. അതായതു 1 മുതല്‍ 99 വരെ പുള്ളിക്കാരന് അറിയാന്‍ പാടില്ല. നമ്മള്‍ ഒന്ന് എന്ന് പറഞ്ഞാല്‍ അദ്ദേഹം മനസ്സിലാക്കുന്നത്‌ നൂറ് എന്ന് . തിരികെ പറയുമ്പോള്‍, അല്ലെങ്കില്‍ മറ്റാരോടെങ്കിലും പറയുമ്പോള്‍ അത് ആയിരം ആയിട്ടുണ്ടാവും.

                മകന്റെ ഈ കഴിവുകളുടെ കൂടുതല് കൊണ്ട് തന്നെ , ദൂരം അപകടത്തെ കുറയ്ക്കും എന്ന തിരിച്ചറിവിന്റെ ബലത്തില്‍ ആണ് കാര്‍ന്നോര്‍ അവനെ മലബാറില്‍ എങ്ങും ചേര്‍ക്കാതെ ചേര്‍ത്തല പോളിടെക്നിക്കില്‍ കൊണ്ട് പഠിക്കാന്‍ ചേര്‍ത്തത് .
ഞാന്‍ അടക്കമുള്ള നട്ടപ്രാന്തുകളുടെ നടുവിലേക്ക് ഈ സാധനം കൂടി വന്നപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

മൂന്നു വര്‍ഷക്കാലം വടിവാളിന്റെ സഹമുറിയന്‍ ആയിരുന്നു Triple H .
 
  
Triple H  - സുന്ദരന്‍ സുമുഖന്‍ സുശീലന്‍ (ഇവരെല്ലാം അയല്‍ക്കാരാണ് ) . മിതഭാഷി,സംസ്കാരസമ്പന്നന്‍ (വാ തുറന്നാല്‍ മുന്നില്‍ നില്‍ക്കുന്നവന്റെ  തന്തക്കായിരിക്കും പറയുക ) .
          Triple Hന് ചേര്‍ത്തലയില്‍ ഒരു വീട്ടില്‍ താമസം ശരിയാക്കിയ ശേഷം  തൊട്ടടുത്ത കടയില്‍ ചെന്ന് മകനെ ചേര്‍ത്ത് നിര്‍ത്തി അച്ഛന്‍ പറഞ്ഞു "എന്റെ മകനെ ഞാന്‍ നിങ്ങളെ എല്പിക്കുവാ...നോക്കിക്കോണം ". ആ കടയില്‍ നിന്ന് തന്നെ Triple H സിഗരറ്റ് വാങ്ങി കടക്കാരനെ നോക്കി നിര്‍ത്തി വലിച്ചു കാണിച്ചു കൊടുത്തു.
                            
 വെട്ടിയിട്ടാല്‍ പറമ്പില്‍ വീഴേണ്ട തെങ്ങിനെ വടം വെച്ച് വലിച്ചു കെട്ടി വീടിന്റെ നടുമ്പുറത്ത് വീഴിക്കുന്നത് പോലെ ആണ് Triple H നെ ഒരു കാര്യം ഏല്പിക്കുന്നത് . ഉദാഹരണത്തിന് ഒരുത്തന്‍ അദ്ദേഹത്തോട് ചെന്ന് പറയുവാണ്

" എടാ അപ്പുറത്തെ ജൂനിയെര്‍സിന്റെ ക്ലാസ്സില്‍ ഒരു ചരക്കുണ്ട് . ഒന്ന് മുട്ടിയാല്‍ കൊള്ളാമെന്നുണ്ട് "
"വാ ഇപ്പോള്‍ തന്നെ മുട്ടിയേക്കാം"
തുടര്‍ന്നു ആ പെണ്‍കുട്ടിയുടെ ക്ലാസ്സില്‍ ചെന്ന് അവളെ വിളിച്ചു പൊക്കും .

എന്നിട്ട് അവളുടെ ക്ലാസ്മേറ്റ്സിന്റെ മുന്നില്‍ വെച്ച് കൂടെ വന്നവനോട്‌ ചോദിക്കും
"പൂ%#$ മോനെ...ഈ മൈ$% നെ കണ്ടിട്ടാണോ  നീ ചരക്കെന്നു പറഞ്ഞത് ?"

ഈ സ്വഭാവ സവിശേഷത കാരണം Triple H  ന് കുളംകലക്കി എന്നൊരു പേര് വീണു കിട്ടി .

                    Triple H 
താമസിക്കുന്ന വീട്ടില്‍ വ്യത്യസ്തനാവുന്നത്  തന്റെ കണക്കുകള്‍ കൊണ്ടാണ് . ഒരു നാലു രൂപ കിട്ടാന്‍ ഉണ്ടെങ്കില്‍ തരാന്‍ ഉള്ള ആള്‍ക്ക് ആറ് രൂപ കൂടി കൊടുത്തിട്ട് പത്തു രൂപ തിരികെ തരാന്‍ പറയും. ഈ ബുദ്ധി എല്ലാ സ്ഥലങ്ങളിലും പ്രയോഗികമാവുകയും ചെയ്യാറുണ്ട്.

 

അങ്ങനെ കോളേജിലെ യുണിയന്‍ ഉത്ഘാടനം നടക്കുന്ന ദിവസം വന്നു.

                                         രാവിലെ പത്തു മണിയോടെ കാന്റീന്റെ അരികില്‍ വടിവാള്‍ , ജോസഫ്, മജീഷ്, പ്രവീണ്‍ എന്നിവര്‍ അടങ്ങുന്ന ഒരു സംഘം കറങ്ങി നടപ്പുണ്ട്. .പ്രവീണ്‍ അതിലെ  പോവുന്നവരോടെല്ലാം എന്തോ ചോദിക്കുന്നുണ്ട് .
                          സംഭവം ഗൌരവമേറിയതെന്തോ ആണെന്ന് കാണുമ്പൊള്‍ തന്നെ അറിയാം. കാരണം അല്‍പ സമയത്തിനുള്ളില്‍ തന്നെ അവിടെ നിന്ന ആള്‍ക്കാരുടെ അവസ്ഥ മാറി. ഇപ്പോള്‍ മജീഷ് തലയില്‍ കയ്യും വെച്ച് കാന്റീന്റെ വാതില്‍ക്കല്‍ കുത്തി ഇരിക്കുവാണ് . ജോസഫ് കാന്റീന്റെ വാതില്‍ക്കല്‍ മുട്ടുകുത്തി പ്രാര്‍ത്ഥന തുടങ്ങി. വടിവാളാണെങ്കില്‍ വെരുകിനെ പോലെ തെക്ക് വടക്ക് നടക്കുന്നു . പ്രവീണ്‍ പഴയ പരിപാടി തുടരുന്നുണ്ട് .

അപ്പോളാണ് Triple H അതിലെ പാഞ്ഞു വന്ന് വടിവാളിന്റെ അരികില്‍ ഇടിച്ചു നിന്നത്

"എനിക്ക് തരാനുള്ള 10 രൂപ താടാ കോപ്പേ"

എന്റെ കയ്യില്‍ ചില്ലറ ഇല്ല "

"നിന്റെ കയ്യില്‍ എത്ര ഉണ്ട് ?"      

"50 രൂപ "

Triple H നാല്‍പതു രൂപ എടുത്തു കൊടുത്തിട്ട് പറഞ്ഞു

"ഇതാ 40 രൂപ ... ആ 50 ഇങ്ങു താ"

വടിവാള്‍ 40  രൂപ വാങ്ങിയതും ആകാശത്ത് നിന്നും പൊട്ടി വീണത്‌ പോലെ ശരവണന്‍ അവിടെ പ്രത്യക്ഷപ്പെട്ടു .

ഒരുപാടു ആശിച്ചതെന്തോ നേടിയത് പോലെ ജോസഫ്, മജീഷ്, പ്രവീണ്‍ എന്നിവര്‍ അവിടെ നിന്ന് വെളുക്കെ ചിരിക്കുന്നുണ്ടായിരുന്നു .

                                 ഇടി വെട്ടിയവനെ നാട്ടുകാര്‍ ഓടിച്ചിട്ട് വടിവാളിന് വെട്ടി എന്ന അവസ്ഥയില്‍ Triple H നില്‍ക്കുമ്പോള്‍ പോളിയുടെ വാതിക്കല്‍ ഉള്ള ഹൈവേയിലൂടെ ചേര്‍ത്തലയിലേക്ക്‌  ഒരു പ്രൈവറ്റ് ബസ്സ്‌ കടന്നു പോയി. അതിന്റെ പുറകിലെ ഏണിയില്‍ തൂങ്ങി കിടക്കുന്ന ശരവണന്റെ പോക്കറ്റില്‍ വടിവാളിന്റെ ഷെയര്‍ ആയ 90  രൂപ ഉണ്ടായിരുന്നു
 
 

   <<<<<<<<ദി ഡിപ്ലോമറ്റ്  4 - Triple H ന്റെ കണക്കുകള്‍ >>>>>>>>



                      നഷ്ടപ്പെട്ടു പോയി ആ നല്ല ദിനങ്ങള്‍ എന്ന തിരിച്ചറിവ് കണ്ണ് നിറക്കുന്നു എങ്കിലും പോളി ജീവിതത്തിലെ ഓര്‍മകള്‍ക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ചിരിയുടെയും നിറം ചാര്‍ത്തി തന്ന Triple H നും വടിവാളിനും‌ സമര്‍പ്പിക്കുന്നു ഈ പോസ്റ്റ്.






















 
   

Thursday, May 13, 2010

ദി ഡിപ്ലോമറ്റ് -3 : അനുഭവങ്ങള്‍(പരീക്ഷണങ്ങള്‍ ) പാച്ചാളികള്‍

കേരളത്തിലെ പോളിടെക്നിക്കുകളുടെ പേര് പോളിടെക്നിക്ക് കോളേജ് എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരമാനിച്ചു... ഞാന്‍ അടക്കമുള്ള പോളിടെക്നിക്ക് വിദ്യാര്‍ഥികള്‍ക്കു അത്രയും നാള്‍ ഉണ്ടായിരുന്ന അഹങ്കാരം മൂടിന് തീ പിടിപ്പിച്ചു വിട്ടത് പോലെ ആകാശത്തേക്ക്  ഉയര്‍ന്നു  നെഗളിപ്പ് എന്ന നിലയിലേക്കും അവിടെ നിന്നും മൂത്ത് കുന്തള്ളിപ്പ് എന്ന അവസ്ഥയിലേക്കും എത്തി.......

+2 നു പഠിക്കാന്‍ പോവുന്നവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദിച്ചു "നിങ്ങളിപ്പോഴും സ്കൂളിലാ പഠിക്കുന്നത് അല്ലെ ? ഞങ്ങളിപ്പോള്‍ കോളേജിലാ കൊലക്കുന്നത് !!!!!" 

ചേര്‍ത്തല പോളിയുടെ ഏറ്റവും വലിയ പ്രത്യേകത ആണ് സുസജ്ജമായ ലാബുകളും അനുബന്ധ സൗകര്യങ്ങളും.... 

 ക്രിക്കറ്റ് കളി ലൈവ് ആയി  ടിവിയില്‍ കാണാന്‍ ഇലക്ട്രോണിക്സ് ലാബ് ....

കമ്പ്യൂടര്‍  എന്ന വസ്തു തണുപ്പിച്ചു വെക്കാന്‍ കമ്പ്യൂടര്‍ ലാബ് വിത്ത്  ഏസി.....

പിച്ചാത്തി , വടിവാള്‍ , ഉറുമി എന്നിവ ഉണ്ടാക്കുവാനും പരിശീലനം നടത്താനും വര്‍ക്ക്ഷോപ്പ് .....

ഇതിനിടയില്‍  മരോട്ടിക്ക തിന്ന കാക്കകളെ പോലെ കറങ്ങി നടക്കുന്ന ലാബ്‌ ഇന്‍സ്ട്രക്ടര്‍മാര്‍....

                                   ഇവിടെ എല്ലാം എന്തെങ്കിലും ഒറ്റയ്ക്ക് ചെയ്യാന്‍ ആരും സമ്മതിക്കില്ല....എല്ലാം ഓരോ ഗ്രൂപ്പ് അല്ലെങ്കില്‍ ടീം ആയിട്ടാണ് പരിപാടി . ആദ്യത്തെ വര്‍ഷം കംപ്യുട്ടര്‍ ലാബില്‍ പ്രവേശനം ഇല്ല.ഫിസിക്സ് , കെമിസ്ട്രി , ഇലക്ട്രോണിക്സ് ലാബുകളില്‍ ജിന്‍സും ജോസഫും ജോണിയും ഞാനും ഒരു ഗ്രൂപ്പ്. വര്‍ക്ക് ഷോപ്പില്‍  ജിന്‍സും ഞാനും  മാത്രം ആയി ഒരു ടീം ...

ആദ്യത്തെ മൂന്നു ലാബുകളിലും ജോണി പണി ചെയ്തു റിസള്‍ട്ട്‌ ഉണ്ടാക്കും . ബാക്കി ഉള്ളവര്‍ അത് എഴുതി എടുത്തു ടീച്ചറിന്റെ കയ്യില്‍ നിന്നും സൈന്‍ വാങ്ങിക്കും .


               ഒരു ദിവസം ഞങ്ങളെല്ലാം കൂടി  ഇലക്ട്രോണിക്സ് ലാബില്‍ ഇരിക്കുകയാണ് . എക്സ്പെരിമെന്റ്സ് ഒന്നും ചെയ്യാനില്ല..

പെട്ടെന്ന് ജോണി ഒരു വയറു കഷ്ണം എടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ചോദിച്ചു "തീ വരുന്നത് കാണണോ ?"

ഈച്ചയും അടിച്ചിരുന്ന ഞങ്ങള്‍ക്ക് എന്തെങ്കിലും കണ്ടാല്‍ മതിയാരുന്നു. പക്ഷെ ഞങ്ങള്‍ മറുപടി പറയുന്നതിന് മുന്‍പ് തന്നെ ജോണി ആ വയറിന്റെ ഒരു അറ്റം പ്ലഗ്ഗിന്റെ ഒരു ഹോളിലെക്കും അടുത്ത അറ്റം മറ്റേ ഹോളിലെക്കും കേറ്റി വെച്ചിട്ട് , ഒന്നും മിണ്ടാതെ സ്വിച്ചിട്ടു .


പ്‌ടോ എന്നൊരൊച്ച മയിന്‍ സ്വിചിരിക്കുന്ന ഭാഗത്ത്‌ നിന്നു കേട്ടു. അതിനൊപ്പം എന്തോ മറിഞ്ഞു വീഴുന്ന ശബ്ദവും. അതിനു പുറകെ മുഖത്തും ഷര്‍ട്ടിലും കരിയും പുകയുമായി ഞങ്ങളുടെ ലാബ്‌ ഇന്‍സ്ട്രക്ടര്‍ പാഞ്ഞു വന്നു താറാവ് കരയുന്നത് പോലെ  ചോദിച്ചു .


"ആരാടോ സ്വിചിട്ടത് .....?

ഞാനും ടീച്ചറും കൂടി അവിടെ കണക്ഷന്‍ കൊടുക്കുവാരുന്നു......

അതിനിടയില്‍ ആരാടോ സ്വിചിട്ടത്  ? "


ഫിസിക്സ് ലാബ്‌ . അന്ന് ജോണി വന്നില്ല . 

ജോണിയുടെ കോര്‍ക്ക് ഊരി പോയിരിക്കുകയാണെന്നും

അറബികടളിലകി വരുന്നേ.... ആകാശത്തമ്പിളി വന്നെ....

എന്ന പാട്ടും പാടി ജോണി കക്കൂസില്‍ താമസമാക്കി  എന്നും ജോസഫ് പറഞ്ഞു .

ഇന്ന് ലാബില്‍ പലതും നടക്കും എന്ന് ടീച്ചറിനോട് മുന്നറിയിപ്പ് കൊടുത്തു കൊണ്ട് ഞാനും ജിന്‍സും

ജോസഫും കൂടി ലാബില്‍ പണി തുടങ്ങി.
അപ്പുറത്ത് നിന്ന് പ്രവീണ്‍ സിമ്പിള്‍ പെന്‍ഡുലം ആട്ടി കളിക്കുന്നു. ആട്ടലിന്റെ  ശക്തിയില്‍ പെന്‍ഡുലത്തിന്റെ ബോള്‍ പറിഞ്ഞു ദൂരെ പോയി .
ടീച്ചര്‍ വന്നു പ്രവീണിനോട് പറഞ്ഞു "പ്രവീണ്‍ ! ഇങ്ങനെ ആട്ടാന്‍ ഇത് ഊഞ്ഞാല്‍ അല്ല "
ടുണിങ്ങ് ഫോര്‍ക്കില്‍ റബര്‍ വെച്ചുണ്ടാക്കിയ ചെറിയ ചുറ്റിക കൊണ്ട് അടിച്ചു കൊണ്ട് ലിജോ
യി ജോസഫിനോട് പറഞ്ഞു "ഇതിനു ഒച്ച പോര "
ജോസഫ് ആ ടുണിങ്ങ് ഫോര്‍ക്ക് വാങ്ങി ഭിത്തിക്കിട്ടടിച്ചു.
                     ടാം)))))).....
പള്ളിയില്‍ മണി അടിക്കുന്ന പോലെ ഉള്ള ശബ്ദം കേട്ടപ്പോള്‍ ലിജോയി സന്തോഷത്തോടെ തിരിച്ചു പോയി .
കാല്‍കുലേറ്റര്‍  ഇല്ലാത്തതു കൊണ്ട് മജീഷും നിനുവും കൂടെ അപ്പുറത്ത് നിന്ന് കയ്യും കാലും വെച്ച് കണക്കു കൂട്ടുന്നു
                                 പയറ്റിക്കാല് മുക്കാല് ....ഏഴരകാല് നാലേകാല് ...പതിമൂന്നര കാല് മൂന്നേമുക്കാല്‍ ....എണ്‍കാല് ...? ....പണ്ടാരമടങ്ങാന്‍ ...പന്ത്രണ്ടരകാല്‍ ഒന്നേകാല്....

   
 
ഇവിടെ ഞാന്‍ അടക്കമുള്ള സംഘം ഒരു സിമ്പിള്‍ ബാലന്‍സ് വെച്ചോണ്ട് മുക്ര ഇടുകയാണ്.
അതിന്റെ ഒരു വശത്ത് ഭാരം തൂക്കി ഇട്ട ശേഷം അപ്പുറത്ത് ഭാരം അഡ്ജസ്റ്റ് ചെയ്തു ബാലന്‍സ് ചെയ്യണം. സാധാരണ കടകളില്‍ കാണുന്ന ത്രാസ്സിന്റെ അതെ പ്രവര്‍ത്തനം തന്നെ.പക്ഷെ എങ്ങനെ ഒക്കെ തൂക്കിയിട്ടും ഇതിന്റെ ഒരു വശം താഴ്ന്നു തന്നെ കിടക്കുന്നു.
ഭാരം മാറ്റി നോക്കി . എന്നിട്ടും മാറ്റം ഒന്നും ഇല്ല . പിന്നെ അങ്ങോട്ട്‌ വാശി ആയി .
എങ്കില്‍ ഇത് ഇനി പൊക്കി നിര്‍ത്തിയിട്ടെ ഇനി ബാക്കി പരിപാടി നോക്കുന്നുള്ളൂ എന്ന് പരസ്പരം പ്രതിജ്ഞ എടുത്തു കൊണ്ട് ഞങ്ങള്‍ പ്രയത്നം തുടങ്ങി. വല്യ പ്രയോജനം ഒന്നും കിട്ടാതെ വന്നപ്പോള്‍  അവസാനം ഒരു നിര്‍ദ്ദേശം വന്നു . 
"താഴ്ന്നു നില്‍ക്കുന്ന ഭാഗത്ത്‌ ഷക്കീലയുടെ ഒരു പടം വെക്കാം . എപ്പോള്‍ പൊങ്ങി എന്ന് ചോദിച്ചാല്‍ മതി "  
                                          


 

വര്‍ക്ക്ഷോപ്പ്. സകലമാന പോക്രിത്തരത്തിനും പറ്റിയ സ്ഥലം. എപ്പോളും ഇരുട്ട് മൂടിയ ഒരു അവസ്ഥ ആയിരുന്നു വര്‍ക്ക്‌ഷോപ്പിനുള്ളില്‍.
അറുപതു മീറ്ററോളം നീളവും ഇരുപതു മീറ്ററോളം വീതിയും ഉള്ള കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറാനും ഇറങ്ങാനും ആകെ ഉള്ളത് ഒരു വാതില്‍ .പിന്നെ ഉള്ളത് രണ്ടു ഷട്ടറുകള്‍ ആണ് .അത് തുറക്കുന്നത് മലയാള വര്‍ഷാരംഭത്തില്‍ വര്‍ക്ക്‌ ഷോപ്പ് വൃത്തിയാക്കാന്‍ വേണ്ടി മാത്രം. ഒരു ഭംഗിക്ക് അവിടെയും ഇവിടെയും നൂറു വാട്ടിന്റെ ബള്‍ബ് കത്തിച്ചിട്ടുണ്ടാകും.
                                                ലാബ് ചെയ്യാന്‍ ചെല്ലുമ്പോള്‍ അവിടെ ഉള്ള ചില സാറന്മാര് അഥവാ ലാബ്‌ ഇന്സ്ട്രകടര്‍മാര്‍ ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന പോലെ നില്‍ക്കും . അല്ലാത്തപ്പോള്‍ ചീട്ടുകളിക്കുക, വെല്‍ഡിംഗ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന തീയില്‍ നിന്നും ബീഡി കത്തിച്ചു വലിക്കുക, ലോകത്തിന്റെ അവസ്ഥ ഉന്മത്തപരമായ താണ്ഡവത്തില്‍ നിന്നും  പ്രപഞ്ചനാളികളിലെക്കുള്ള പരിഛെദനപരമായ അനര്‍ഗ്ഗ നിര്‍ഗ്ഗള പ്രവാഹത്തിലെക്ക് കൂപ്പു കുത്തുന്നതിനെ കുറിച്ച് ഘോരഘോരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുക തുടങ്ങിയ ചെറിയ ചെറിയ കലാപരിപാടികള്‍ അവര്‍ നടത്തി പോന്നു.

                                      ഞാനും ജിന്‍സും അടങ്ങുന്ന ടീം ആണ് ലാബ്‌ ചെയ്യുവാന്‍ ചെല്ലുന്നവരില്‍ ഏറ്റവും കിടിലം. രണ്ടിനും ഒരു പിണ്ണാക്കും ചെയ്യാന്‍ അറിയില്ല. ഞങ്ങള്‍ക്ക് കിട്ടിയ എക്സ്പെരിമന്റ് വെല്‍ഡിംഗ് . അഞ്ച് ഇഞ്ച്‌ നീളവും ഒരു ഇഞ്ച്‌ വീതിയും ഒരു സെന്റിമീറ്റര്‍ ഘനവും  ഉള്ള രണ്ടു ഇരുമ്പു തകിടുകള്‍ വെള്‍ഡ്‌ ചെയ്തു അഞ്ച് ഇഞ്ച്‌ നീളവും രണ്ടു ഇഞ്ച്‌ വീതിയും  ഉള്ള ഒറ്റ തകിട് ആക്കി മാറ്റണം. ഇതിനു വേണ്ട അവശ്യ വസ്തുക്കള്‍

* വെല്‍ഡിംഗ് മെഷീന്‍ - ഒരെണ്ണം
* മേല്‍ പറഞ്ഞ അളവിലുള്ള ഇരുമ്പു തകിടുകള്‍ - രണ്ടെണ്ണം
* വെല്‍ഡിംഗ് ടോങ്ങ്സ് - ഒരെണ്ണം


 







 




* വെല്‍ഡിംഗ് മാസ്ക്- ഒരെണ്ണം















* വെ
ല്‍ഡിംഗ് റോഡ്‌  - കിട്ടാവുന്ന അത്രയും















ചങ്കുറപ്പുള്ള രണ്ടു ആള്‍ക്കാര്‍  - ഇവിടെയാണ്‌ പ്രശ്നം 

 ഞങ്ങള്‍  പുലികള്‍ എന്ന് പറഞ്ഞു നടക്കുന്നു എങ്കിലും രണ്ടിനും വെല്‍ഡിംഗ് എന്ന് കേള്‍ക്കുന്നത് തന്നെ ചതുര്‍ഥി ആയിരുന്നു.പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല .ചുമ്മാ ഒരു പേടി . അത്രയും ദിവസം ഇത് ചെയ്യാതെ മുങ്ങി നടന്ന ഞങ്ങളെ സാറന്മാര്‍ ഓടിച്ചിട്ട്‌ പിടിച്ചു തന്ന പണി ആയിരുന്നു വെല്‍ഡിംഗ് എക്സ്പെരിമന്റ് .
 


ഇത് ചെയ്യേണ്ടത് എങ്ങനെ എന്നാല്‍ , ആദ്യം ഈ രണ്ടു ഇരുമ്പു തകിടുകള്‍ എടുത്തു ഒരു ഇരുമ്പു മേശമേല്‍ അടുപ്പിച്ചു വെക്കും. അപ്പോള്‍ കണ്ടാല്‍ അഞ്ച് ഇഞ്ച്‌ നീളവും രണ്ടു ഇഞ്ച്‌ വീതിയും  ഉള്ള ഒറ്റ തകിട്  ആണെന്ന് തോന്നും. ഇനി അത്  വെല്‍ഡിംഗ് ടോങ്ങ്സ് കൊണ്ട് ചേര്‍ത്ത് പിടിക്കും. വെല്‍ഡു  ചെയ്യുമ്പോള്‍ അകന്നു പോവാതിരിക്കാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. അതിനു ശേഷം ഇരുമ്പു തകിടുകളുടെ മദ്ധ്യ ഭാഗത്ത്‌ കൂടെ ഒരു അറ്റത്ത്‌ നിന്നും മറ്റേ അറ്റം വരെ ആണ് വെള്‍ഡ്‌ ചെയ്യേണ്ടത് . കാണാന്‍ നല്ല രസം ഒക്കെയാ.വിഷുവിനു പൂത്തിരി കത്തിക്കുന്നത് പോലെ നല്ല ഭംഗി ഒക്കെയാ.

ഞാന്‍ ആദ്യം ചെയ്യാന്‍ കയറി .ജിന്‍സ് ടോങ്ങ്സ് കൊണ്ട് രണ്ടു തകിടുകളെയും അടുപ്പിച്ചു പിടിച്ചു.ചെകുത്താന്‍ കുരിശു കണ്ടത് പോലെ അവന്റെ പുറകിലേക്ക് തല തിരിച്ചു പിടിച്ചു കൊണ്ടാണ് അവന്‍ നില്‍ക്കുന്നത് തന്നെ. . വെള്‍ഡ്‌ ചെയ്യുന്ന ഭാഗത്തേക്ക്‌ നോക്കുന്നത് പോലും ഇല്ല.
വെള്‍ഡ്‌ ചെയ്യുന്നതിന് മുന്‍പ് വെല്‍ഡിംഗ് റോഡ്‌ ഇരുമ്പു മേശമേല്‍ മുട്ടിച്ചു ഒന്ന് സ്പാര്‍ക്ക് ചെയ്യണം. ഞാന്‍ സ്പാര്‍ക്ക് ചെയ്തു രണ്ടു വെല്‍ഡിംഗ് റോഡ്‌  തീര്‍ന്നു. കാരണം ഒന്ന് സ്പാര്‍ക്ക് ചെയ്യുമ്പോള്‍ അത് അവിടെ ഒട്ടിപിടിക്കും. പിന്നെ അത് പറിച്ചെടുത്തിട്ട് വേണം രണ്ടാമത് സ്പാര്‍ക്ക് ചെയ്യാന്‍ .
വെല്‍ഡിംഗ് മാസ്ക് എടുത്തു വെച്ച് വെള്‍ഡ്‌ ചെയ്യേണ്ട ഭാഗം ഒന്ന് നോക്കി.മൊത്തം ഇരുട്ട് .
"സാറേ ഒന്നും കാണാന്‍ പറ്റുന്നില്ല "
"കുഴപ്പമില്ല.... വെല്‍ഡിംഗ് തുടങ്ങി കഴിയുമ്പോള്‍ എല്ലാം കാണാന്‍ പറ്റും "
തുടര്‍ന്ന് അതി മാരകമായ വെല്‍ഡിംഗ് തുടങ്ങി.
മൊത്തം പുകയും തീയും മാത്രം.
വെല്‍ഡിംഗ് റോഡ്‌ ആറെണ്ണം ആയപ്പോള്‍ ലാബ്‌ ഇന്‍സ്ട്രക്ടര്‍ പറഞ്ഞു
"ഇത് അവസാനത്തെ റോഡ്‌ ആണ് . ഇനി തരില്ല "
ഞാന്‍ അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ മനസ്സില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു .
"എന്റെ ദൈവങ്ങളെ !!! ഇത്തവണ എങ്കിലും ശരിക്ക് ചെയ്യാന്‍ സാധിക്കണേ"
ഇത് കേട്ടു പോളിയുടെ തെക്ക് വശത്ത് നിന്ന മാവ് ഒടിഞ്ഞു വീണു . മാനം ഇരുണ്ടു കൂടി . അപ്പുറത്തെ വീട്ടിലെ അടുപ്പില്‍ പെറ്റ് കിടന്ന പൂച്ച കാറിക്കൊണ്ട് വടക്കോട്ടോടി. 
തുടര്‍ന്ന് വീണ്ടും വെല്‍ഡിംഗ് !!!!
ഇത്രയും നേരം കണ്ണടച്ച് പിടിച്ചു നില്‍ക്കുകയായിരുന്ന ജിന്‍സിനോട്  ഞാന്‍ വിളിച്ചു പറഞ്ഞു
അളിയാ.... ഇത്തവണ എല്ലാം ശരി ആയി.
വെല്‍ഡിംഗ് കഴിഞ്ഞു ഇരുമ്പു തകിട് എടുക്കാന്‍ നോക്കിയപ്പോള്‍ അത് അനങ്ങുന്നില്ല .
സൂക്ഷിച്ചു നോക്കിയപ്പോള്‍ വെല്‍ഡിംഗ് നല്ലത് പോലെ ചെയ്യാന്‍ സാധിച്ചു .
വെള്‍ഡ്‌ ചെയ്തു വെച്ചിരിക്കുന്നത് ഇരുമ്പു തകിടും മേശയും തമ്മില്‍ ......

ഞാന്‍ ലാബ്‌ ഇന്‍സ്ട്രക്ടര്‍ സാറിനെ ഒന്ന് നോക്കി. അങ്ങേരാണെങ്കില്‍ എന്റെ പരാക്രമങ്ങള്‍ എല്ലാം കണ്ടു നട്ടപാതിരാക്ക് മട്ടന്‍ ബിരിയാണി തട്ടിയവനെ പോലെ അന്തം വിട്ടു നില്‍ക്കുകയാണ്. പുള്ളിക്കാരന് എന്തൊക്കെയോ പറയണം എന്നുണ്ട് . പക്ഷെ വാക്കുകള്‍ കിട്ടുന്നില്ല . പക്ഷെ എല്ലാം മുഖത്ത് നിന്ന് വായിച്ചെടുക്കാം .   

തുടര്‍ന്ന് ജിന്‍സ് തന്റെ കുല ദൈവങ്ങളെ എല്ലാം വണങ്ങി മാമാങ്കത്തിന് ഇറങ്ങി.ടോങ്ങ്സ് പിടിച്ചിരിക്കുന്നത് ഞാന്‍ എന്ന വ്യത്യാസം മാത്രം.ലാബ്‌ ഇന്‍സ്ട്രക്ടര്‍ പഴയ സ്ഥാനത്ത് പഴയ മുഖഭാവത്തോടെ നില്‍ക്കുന്നു.എന്റെ നില്‍പ്പ് നേരത്തെ ജിന്‍സ് നിന്നത് പോലെ തന്നെ .
ഇത്തവണ എട്ടാമത്തെ വെല്‍ഡിംഗ് റോഡ്‌ ആയപ്പോള്‍ ലാബ്‌ ഇന്‍സ്ട്രക്ടര്‍ പഴയ ഡയലോഗ് വിട്ടു 
"ഇത് അവസാനത്തെ റോഡ്‌ ആണ് . ഇനി തരില്ല "
ബാക്കി ഒന്നും കാണാന്‍ കരുത്തില്ലാത്തത് കൊണ്ടാവാം അങ്ങേരു ഇട്ടേച്ചു പോയി
ജിന്‍സ് അതോടു കൂടി കമിഴ്ന്നടിച്ചു താഴേക്കു വീണു
ഞാന്‍ ചെന്ന് താങ്ങി പൊക്കി "എന്ത് പറ്റിയെടാ ?"
"ഭൂമി ദേവിയെ വണങ്ങിയതാ .  അതും കൂടിയേ ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നുള്ളൂ " 

ഇത്തവണ തീയും പുകയും കുറെ കൂടുതല്‍ ഉണ്ടായിരുന്നു . കാരണം വെല്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ഒന്നും കാണാന്‍ പറ്റുന്നില്ല 
പുകക്കിടയിലൂടെ ഞാന്‍ വിളിച്ചു ചോദിച്ചു "ഡാ എന്തായി ?ശരിയാകുമോ ? ഞാന്‍ ഒന്നും കണ്ടില്ല "
"ഞാനും ...ഞാന്‍ കണ്ണടച്ച് പിടിച്ചിരിക്കുവാരുന്നു "
ഈശ്വരാ...!!!!!
ഇതിനിടയില്‍ എപ്പോളോ ലാബ്‌ ഇന്‍സ്ട്രക്ടര്‍ അവിടെ വന്നു നില്‍ക്കുന്നുണ്ടായിരുന്നു
"എവിടെ വെള്‍ഡ്‌ ചെയ്ത പീസ് കാണിച്ചേ "
അതു കാണിക്കാന്‍ പോയ ജിന്‍സിനെ ലാബ്‌ ഇന്‍സ്ട്രക്ടര്‍ മുച്ചൂടും തെറി പറയുന്നത് കേട്ടാണ് ഞാന്‍ അങ്ങോട്ട്‌ ചെല്ലുന്നത്
"നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല . നിന്നെയും അവനെയുമൊക്കെ പടച്ചു വിട്ടവന്മാരെ പറഞ്ഞാല്‍ മതി "
അപ്പൊ എന്നെയും കൂടി ചേര്‍ത്ത് പറയുവാ .... ഞാന്‍ പുകക്കിടയില്‍ മുങ്ങി
അല്പം കഴിഞ്ഞു ഞാന്‍ ജിന്‍സിനോട് ചോദിച്ചു "എന്താടാ പ്രശ്നം ?"
ജിന്‍സ് ഒന്നും മിണ്ടാതെ  അവന്‍ വെള്‍ഡ്‌ ചെയ്ത പീസ്‌ എടുത്തു കാണിച്ചു . നല്ല പെര്‍ഫെക്റ്റ്  വെല്‍ഡിംഗ്.
പക്ഷെ  വെള്‍ഡ്‌ ചെയ്തു വെച്ചിരിക്കുന്നത് പീസും ടോങ്ങ്സും തമ്മിലാണ് എന്ന വ്യത്യാസം മാത്രം !!!!!!

<<<<<<<<<<<<<<<<<<<<<<ദി ഡിപ്ലോമറ്റ് -3>>>>>>>>>>>>>>>>>>>>>
(ഫിസിക്സ് ലാബിലെ  ആശയം മുന്‍പോട്ടു വെച്ച വ്യക്തി ഞാന്‍ അല്ല. നിങ്ങള്‍ വിശ്വസിക്കണം .ഞാന്‍ ആ ടൈപ്പ് അല്ല )
   













 
 



    

Pages

Flickr