Monday, October 19, 2015

ഓലപ്പടക്കം

നാളെ വിഷു ആണ്.  
എല്ലാരും ആഘോഷം തുടങ്ങി. എങ്ങും സന്തോഷവും ആവേശവും. നേരം ഇരുട്ടിയതേയുള്ളൂ. നാല് ദിക്കിൽ നിന്നും പടക്കങ്ങൾ പൊട്ടുന്ന ശബ്ദം വന്ന് തുടങ്ങി. വീട്ടിലും ഇരിപ്പുണ്ട് കുറച്ച്. ഇതൊക്കെ എടുത്തോണ്ട് പോയി കത്തിക്കെടാ എന്ന് അച്ഛനും അമ്മയും പറഞ്ഞു. ഞാൻ അനങ്ങാൻ പോയില്ല. ഒരു മൂഡില്ല. മൊത്തത്തിൽ എനിക്കൊരു സമാധാനമില്ലായ്ക. വീടിന് വാതിൽക്കൽ ചുമ്മാ നിന്നു. ബൈക്കെടുത്ത് ഒന്നൂടെ പോയി വന്നാലോ എന്നാലോചിച്ചു.

  "എല്ലാവരുടെ വീട്ടിലും ആഘോഷിക്കുമ്പോൾ നമ്മുടെ വീട് മാത്രം ഒച്ചയും അനക്കവും ഇല്ലാതെ കിടക്കുന്നു.  നീ മാത്രമെന്താ ഇങ്ങനെ മരോട്ടിക്ക തിന്ന കാക്കയെ പോലെ നിൽക്കുന്നേ ?? അവളുമാര് കാത്ത് നിൽക്കുന്ന്, നീ ഒന്ന് ചെന്ന് അതൊക്കെ ഒന്ന് കത്തിച്ച് കാണിച്ച് കൊടുക്ക് " അമ്മ വഴി വഴക്ക് വന്ന് തുടങ്ങി.അനിയത്തിമാര് രണ്ടും എന്നെ നോക്കി നിൽക്കുന്നു. ഞാൻ ചെന്നിട്ട് വേണം പടക്കം പൊട്ടീര് തുടങ്ങാൻ !!  എന്റെ നെഞ്ചിൽ തീയെരിയുന്നത് മാത്രം ആരും അറിഞ്ഞില്ല.
(Image Courtesy : Wikipedia)
അഞ്ചാറ് ഓലപ്പടക്കം കത്തിച്ചെറിഞ്ഞു. ഒരു കവർ പാളിപ്പടക്കം അത് പോലെ തന്നെ പൊട്ടിച്ചു. ചകിരിച്ചോറ് കത്തിച്ച് അതിലും വാരിയിട്ടു കുറെ പടക്കം. ഒരു ഗുണ്ടിന് തീ വെച്ചേച്ച് നൂറേലോടി !! പെങ്ങന്മാർക്ക് വാങ്ങിയ കമ്പിത്തിരി എടുത്ത് കത്തിച്ച് നോക്കി . എനിക്കത്രക്ക് ചിരി ഒന്നും വന്നില്ല. പഴയ അലൂമിനിയം‌ കുടത്തിനകത്ത് കുറെ പടക്കം ഓരോന്നായി കത്തിച്ചിട്ടു. നല്ല ശബ്ദം . പൂക്കുറ്റി നിലത്തിരുന്ന് പൊട്ടി. ചക്രം കെട്ടിത്തൂക്കി തീ കൊളുത്തി. അത് ഭൂമിക്കും ആകാശത്തിനുമിടയിൽ തൂങ്ങി നിന്ന് കറങ്ങി അവസാനിച്ചു.

എന്നിട്ടും ആ വിഷമം മാറുന്നില്ല. ഒരു മാതിരി എരിപിരി സഞ്ചാരം.  പൊട്ടിക്കിടക്കുന്ന പടക്കങ്ങൾക്കും ബഹളത്തിനും നടുവിലൂടെ ഞാൻ വീടിന് വലത്ത് വെച്ചു. മൊത്തത്തിൽ ഒരു പരവേശം. കുറെ പച്ച വെള്ളം കോരി കുടിച്ചു. എന്നിട്ടും അവസ്ഥ പഴയ പോലെ തന്നെ. ഒരു വ്യത്യാസവും ഇല്ല.

പൂതം സൈക്കിളിൽ പാഞ്ഞ് വന്നു. അവന്റെ രണ്ട് സൈഡിലും പടക്കം പൊട്ടുന്നതിന്റെ വെളിച്ചം. തമിഴ് സിനിമയിൽ നായകൻ വിജയ്‌ വരുന്നത് പോലെയുണ്ട് . എന്റെ ആ സൈക്കിൾ ഞാൻ നാട് വിട്ടപ്പോൾ അവന് കൊടുത്തതാ. അതിന് അന്നേ ബ്രേക്ക് ഇല്ലായിരുന്നു.  അവൻ ചാടിയിറങ്ങി സൈക്കിളിനെ വിട്ടുകൊടുത്തു. പാവം സൈക്കിൾ വേലിയേലോട്ട് പാഞ്ഞ് കയറി അവിടെ തന്നെ അഭയം പ്രാപിച്ചു .

അണ്ണാാ... ചേച്ചി വന്നൊട്ടുണ്ട്... പൂതം അലറി !! 
ഏത് ചേച്ചി ??

അണ്ണന്റെ ലൈൻ !!!

ങേ..അവൾ നിന്റെ കൂടെ പഠിച്ചതല്ലേ .. ?

അതേ... എന്നാലും അണ്ണന്റെ ലൈൻ ആവുമ്പോൾ ബഹുമാനിക്കണമല്ലോ...!!
വന്നിട്ട് കണ്ടില്ലേ ??

"ഇല്ലെടാ... വന്ന കാര്യം ഹംസ എന്നെ അറിയിച്ചാരുന്നു." 
ശാകുന്തളത്തിലെ ഹംസം പോലെ ഒരു ദൂതൻ എനിക്കും ഉണ്ടായിരുന്നു. ആ ഹംസം ലോപിച്ച് ഹംസ ആയതാണ്. 

"ഞാൻ അവളുടെ വീട്ടു വാതിൽക്കൽ കൂടെ കുറെ തെക്ക് വടക്ക് വണ്ടിയോടിച്ചത് മിച്ചം. കാണാനൊത്തില്ല."

ഇനിയെന്ത് ചെയ്യും എന്ന് കുലങ്കുഷമായി ഞങ്ങൾ ചിന്തിക്കുന്ന സമയത്താണ് രാഘവൻ സൈക്കിളിൽ വീട്ടിലേക്ക് എത്തിയത്. ആൾക്കാര് ആവേശത്തോടെ പടക്കം പൊട്ടിക്കുവാൻ തുടങ്ങിയത് കാരണം വിജയ് എഫെക്റ്റ് അല്പം കൂടുതലുണ്ട്. 

എന്തായെടേയ് ?? അവളെ കണ്ടില്ലേ ??

ങേ..നീയെങ്ങനറിഞ്ഞ് അവൾ വന്ന കാര്യം ??

റേഷൻ കടയിൽ പോയപ്പോൾ അവൾ വീടിന്റെ വാതിൽക്കൽ നിൽക്കുന്നത് കണ്ടു. ഉച്ചക്ക് എങ്ങാണ്ട് വന്നതാണെന്ന് തോന്നുന്നു. നീയെവിടെ പോയി കിടക്കുവാരുന്ന് ??

പുല്ല്... ഇതിപ്പോൾ അവളെ കാണാത്തൊരാൾ ഞാൻ മാത്രമേ ഉള്ളെന്ന് മനസ്സിലായി. ഒരു നോക്ക് കാണാതെ ഇന്ന് ഉറങ്ങാനും പറ്റില്ല. എന്ത് ചെയ്യും ?

എന്തുചെയ്യുമളിയാ ??
നമുക്ക് അവളുടെ വീട്ടിലോട്ട് ഫോൺ വിളിച്ചാലോ ?? പൂതം ഐഡിയ പറഞ്ഞു.

ഒവ്വ... ഒന്ന് വിളിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല.

അല്ലെങ്കിൽ പിന്നെ... 
പിന്നെ ??

ആ.. എന്തേലുമാവട്ട്...നാളെ കാണാം.

എടാ... എനിക്കിന്ന് കാണണം .. കാണാണ്ട് പറ്റില്ല !!

എങ്ങനെ കാണാനാണ് ?? അവളുടെ വീട്ടിൽ പോയി കാണേണ്ടി വരും .. ഈ രാത്രിയിൽ ..ചുമ്മാ ചെന്ന് കോളിങ് ബെൽ അടിച്ചാ മതി.....ധൈര്യമുണ്ടോ ??? രാഘവൻ ചോദ്യമെറിഞ്ഞു.

നടുമ്പുറത്തിന് അടി കിട്ടുന്ന ഏർപ്പാടാണ്. എന്നെ അവർക്ക് നല്ല പോലെ അറിയുകയും ചെയ്യാം. അതു കൊണ്ട്
ഒരു‌ ദാക്ഷിണ്യവും കാണത്തില്ല.
അടി മേടിച്ച് നിക്കറും കീറി തലയിൽ മുണ്ടിട്ടോണ്ട് ഇടവഴിയിലൂടെ പായുന്ന എന്റെ രൂപത്തെ ഞാൻ സങ്കൽപ്പിച്ച് നോക്കി. ഓ...വല്യ ലുക്കൊന്നും ഇല്ല.

വേണ്ട...അത്രക്ക് വേണ്ടളിയാ...

കുഴപ്പമില്ലെടാ...നിനക്ക് പറ്റും..നിനക്കേ അതിന് പറ്റൂ..
രാഘവൻ എണക്കത്തിൽ എനിക്കിട്ട് എണ്ണയിട്ടു.

പ്രത്യാഘാതങ്ങൾ കനത്തതാവുമെന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ 'ഓപ്പറേഷൻ ആക്രാന്തം' എന്ന് പേരിട്ട ആ ആക്റ്റിവിറ്റി വേണ്ടാന്ന് വെച്ചു.

വേറേ എന്താടാ പരിപാടി..??

റോഡിലേക്കിറങ്ങിയാലോ ??

ഓലപ്പടക്കത്തിന്റെ കവർ ഇരിക്കുന്നു. അതിൽ ഇനിയും ബാക്കിയുണ്ട്.

ഒരു കൂറ മുണ്ടും ഷർട്ടും എടുത്തുടുത്തു. കുറെ പടക്കം വാരി പോക്കറ്റിൽ നിറച്ചു.
അപ്പുറത്തെ പറമ്പിൽ നിന്നും ചക്കത്തിരി ഒരെണ്ണം സംഘടിപ്പിച്ചു. കവാസാക്കി ചാമ്പ്യൻ  ഇറക്കി. അതിൽ പൂതത്തിനേയും രാഘവനേയും അട്ടിയിട്ടു.

ഇന്ന് നമ്മ പൊളിക്കും . ചലോ.. അറ്റാക്ക്...!!

പിന്നേ അറ്റാക്ക്....ഒരു പുല്ലും നടക്കാൻ പോണില്ലാന്നറിയാരുന്നു...എന്താ ചെയ്യണ്ടത് എന്നതിനെ പറ്റി അവന്മാർ ആലോചിച്ച് നിൽക്കുന്നതിനിടയിൽ ഈ പോക്കിനെങ്കിലും അവളെ ഒന്ന് കണ്ടാൽ മതി എന്നാരുന്നു എന്റെ മനസ്സിൽ ...

വിഷു ആയത് കാരണം നാട്ടാരെല്ലാം അവരവരുടെ വീട്ടിൽ തന്നെയാണ്. റോഡിലൊന്നും ഒരു പൂച്ചക്കാളി പോലുമില്ല. ഒന്നാം തീയതിയിലെ ബിവറേജസിന്റെ മുൻ വശം പോലെ സർവ്വം വിജനം.

ഞങ്ങൾ വിട്ടുപിടിച്ച് ചെന്ന് പാക്കരന്റെ കടയിൽ നിന്നും ചക്കത്തിരി കത്തിച്ചു. ഒരോലപ്പടക്കം കത്തിച്ച് റോഡിലെറിഞ്ഞു.

....ഠോോ....

വൻ ശബ്ദം...

കൊള്ളാല്ലാ...

ബൈക്കിൽ കേറി അടുത്ത ജങ്ക്ഷനിൽ കൊണ്ട് പടക്കം കത്തിച്ചിട്ടു. ... 
പൊട്ടി.. നല്ല വെട്ടവും ശബ്ദമൊക്കെ ഉണ്ട്.  പക്ഷേ കാണാൻ ഞാനും പൂതവും രാഘവനും മാത്രമെ ഉള്ളൂ... ഒരെണ്ണം കൂടി പൊട്ടിച്ച്... പട്ടി പോലും തിരിഞ്ഞ് നോക്കിയില്ല. കട്ട ഡസ്പ്...
കയ്യടിക്കാൻ ആൾക്കാരില്ലെങ്കിൽ പിന്നെന്തോന്നിനാ ഈ പേക്രാണിത്തരം കാണിക്കുന്നതെന്ന്  കരുതി ഞങ്ങൾ ബൈക്കിൽ കയറി തിരികെ പോവാനൊരുങ്ങി.

ബൈക്ക് ഓടിക്കാൻ ഞാൻ, എന്റെ പുറകിൽ രാഘവൻ, അവസാനം‌ പൂതം...

തിരികെ പോവുന്ന വഴിക്കാണ് കാമുകിയുടെ വീട്.. ബൈക്കിലിരുന്നു ഞാൻ കണ്ടു വാതിൽക്കലെ മുറിയിൽ അവളിരുന്നു എന്തോ വായിക്കുന്നത്. നല്ല സ്പീഡായത് കൊണ്ട് ചവിട്ടിയിട്ടും വണ്ടി വീട് കഴിഞ്ഞ് പോയി. 
വണ്ടി തിരിച്ച് ഒന്നൂടെ അങ്ങോട്ട് ഓടിച്ച്. തിരിച്ചും ഓടിച്ച്. അവൾ അന്നേരവും പുസ്തകത്തിൽ തല പൂഴ്ത്തി ഇരിക്കുകയാണ്. 
അവളുടെ ശ്രദ്ധ ആകർഷിക്കാൻ റോഡിൽ നിന്ന്  ആവുന്നതെല്ലാം ഞാൻ ചെയ്തു. അവളൊന്ന് തല ഉയർത്തിയത് പോലുമില്ല.
പെട്ടെന്ന് അയല്പക്കത്തെ വീട്ടിൽ ആരോ പടക്കം പൊട്ടിച്ചു. അവൾ ആ ശബ്ദം കേട്ടിടത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ആണ് എനിക്ക് ബുദ്ധിയുണർന്നത്.

ഞാൻ ബൈക്ക് എടുത്തു. രാഘവനെ എന്റെ പുറകിൽ ഇരുത്തി ചക്കത്തിരി അവന്റെ കയ്യിൽ കൊടുത്തു. പടക്കമെല്ലാം പൂതത്തിനെ ഏൽപ്പിച്ച് അവനെ ഏറ്റവും പുറകിൽ ഇരുത്തി .

എടേയ്....വീടിന്റെ വാതിൽക്കൽ കൃത്യം എത്തുമ്പോൾ കത്തിച്ച് ഇട്ടോണം.

ഏറ്റളിയാ....

ഇമ്മാതിരി തിമ്മ പണി കാണിച്ച് കൂട്ടുന്നത് ആദ്യായിട്ടാണ് എന്നത് കൊണ്ട് അവരും വൻ ത്രില്ലിൽ ആയിരുന്നു.

വീടിന് വാതിൽക്കൽ ശബ്ദം കേട്ട് അവളുടെ അപ്പൻ ഇറങ്ങി വന്നാൽ രക്ഷപ്പെടാൻ വേണ്ടിയാണ് ബൈക്ക് ഓടിച്ചോണ്ട് ഇത് ചെയ്യാൻ ഞാൻ തീരുമാനിച്ചത്. സ്വയരക്ഷ ആണല്ലോ നമ്മൾ ആദ്യം കരുതേണ്ടത്.

ബൈക്ക് വീടിന് മുന്നിലൂടെ പാഞ്ഞു. 
ആദ്യത്തെ ഓലപ്പടക്കം കത്തിച്ചെറിഞ്ഞു. പക്ഷേ പൊട്ടിയില്ല. തിരി കുത്തിയാണ് വീണത്. അത് കൊണ്ട് തീ കെട്ടുപോയി.

എരണക്കേടാണല്ലോ ... ഗണപതിക്ക് വെച്ചത് തന്നെ കാക്ക കൊണ്ടുപോയി എന്ന് പറഞ്ഞപോലായി കാര്യം !!

തിരിച്ച് വന്ന് ഒന്നൂടെ പടക്കം കത്തിച്ചെറിഞ്ഞു. അതും പൊട്ടിയില്ല. തീ കത്തുന്നതിന് മുമ്പാണ് വലിച്ചെറിഞ്ഞത് !!!

₹#%₹@!! മര്യാദക്ക് നോക്കിയെറിയെടാ കോപ്പേ... ഞാൻ ചൂടായി..

ബൈക്ക് പിന്നേം ഓടി..ഇത് ഞാൻ പൊട്ടിച്ചിരിക്കും എന്ന് പറഞ്ഞ് പൂതം പടക്കം കത്തിച്ചെറിഞ്ഞു.

പൊട്ടി... നല്ല ശബ്ദത്തിൽ തന്നെ അത് പൊട്ടി. പക്ഷേ പൊട്ടിയത് എന്റേയും രാഘവന്റെയും പൂതത്തിന്റേയും തലക്ക് വലത് ഭാഗത്ത് അരമീറ്റർ ദൂരത്തിലാണ്.

ആ ശബ്ദം അവൾ കേട്ടിരിക്കാം. റോഡിലേക്ക് നോക്കിയിരിക്കാം. പക്ഷേ ഇതൊന്നും ശ്രദ്ധിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല.

പെട്ടെന്ന് പൊട്ടിയ പടക്കത്തിന്റെ വെളിച്ചത്തിൽ എന്റെ കണ്ണ് മഞ്ഞളിച്ച് പോയി. വലത് ചെവിയിൽ ഒരു ചീവീട് ചിലക്കുന്ന ശ്ബ്ദം മാത്രം. ബൈക്ക് ഭാഗ്യത്തിനാണ് കണ്ട പോസ്റ്റിലൊന്നും കൊണ്ട് ചാർത്താതെ അപ്പുറത്തെ തോടിന് മുകളിലുള്ള കലിങ്കിൽ കൊണ്ട് നിർത്തിയത്.

മൂന്നും ബൈക്കിൽ നിന്നും ഇറങ്ങി കലിങ്കിൽ ഇരുന്നു. മൊത്തത്തിൽ ഒരു പുക മയം. തലക്കകത്ത് അഞ്ചാറ് പട്ടികൾ ഒരുമിച്ചിരുന്ന് ഓരിയിടുന്ന ഫീലിങ്. ഞാൻ രാഘവനെയും പൂതത്തിനെയും നോക്കി. രണ്ടും എന്റേ അതേ അവസ്ഥയിൽ കലിങ്കിൽ കുത്തിയിരിക്കുവാണ്.

അല്പം കഴിഞ്ഞപ്പോൾ പൂതം ഒച്ചത്തിൽ പറഞ്ഞു.

തോറ്റ് കൊടുക്കാൻ പറ്റില്ല. പടക്കം പൊട്ടിച്ച് അവളെ പുറത്തിറക്കാതെ നമ്മളിന്ന് വീട്ടിൽ പോവേല !!!

ഞാൻ രാഘവനെ നോക്കി. അവനും അത് തന്നെ എന്ന് എന്നോട് മുഖം കൊണ്ട് ആംഗ്യം കാട്ടി.

മൂന്നുപേരും കൂടി കയറിയ ബൈക്ക് ഇരമ്പിപാഞ്ഞു. രാഘവൻ പിടിച്ച ചക്കത്തിരിയിൽ നിന്നും തീ പിടിപ്പിച്ച പടക്കം പൂതം കൃത്യമായി ആ വേലിക്കെട്ടിനുള്ളിൽ എറിഞ്ഞിട്ടു.

അത്യാവശ്യം ഒച്ചയിൽ അത് പൊട്ടുന്ന ശബ്ദം പ്രതീക്ഷിച്ച ഞങ്ങൾ കേട്ടത് "ശൂൂൂ...." എന്ന് മാത്രമാണ്.

₹@%#%#@@

ചീറ്റിപ്പോയ പരിശ്രമത്തിനെ ഞങ്ങൾ മൂന്നുപേരും ഒരുപോലെ സംബോധന ചെയ്തു.

അണ്ണാാ... ഒരു ഓലപ്പടക്കം ആണിനി കയ്യിൽ ഉള്ളത്. അവസാനത്തേത്... 
പൂതം പോക്കറ്റിൽ നിന്നും പടക്കമെടുത്ത് കാണിച്ച് പറഞ്ഞു.

ഇത് ശരിയാവുമെടാ... രാഘവൻ എന്നെ ആശ്വസിപ്പിച്ചു.

ബൈക്ക് സ്റ്റാർട്ടായി. വലത്തേ കയ്യിൽ ചക്കത്തിരിയുമായി രാഘവൻ എന്റെ പുറകിൽ ഇരുന്നു. തൊട്ടുപിറകിൽ പൂതം. അവസാനത്തെ ആയുധവുമായി അവൻ റെഡിയായി. പ്രാർത്ഥനയും പ്രതീക്ഷകളുമായി ഞാൻ അധികം സ്പീഡ്  ഇല്ലാതെ ബൈക്ക് എടുത്തു.

അവളുടെ വീടിന് വാതിൽക്കൽ എത്താറായപ്പോൾ തന്നെ രാഘവൻ ചക്കത്തിരി പൂതത്തിന് സൗകര്യമായ രീതിയിൽ കാണിച്ചു കൊടുത്തു. പൂതം കൃത്യമായി തീ പിടിപ്പിച്ച പടക്കം അവളുടെ വീട്ടിലേക്ക് വലിച്ചെറിഞ്ഞു.

ഠോോോോ.....

ഈ തവണയും ചെവിക്ക് പുറകിലാണ് പടക്കം പൊട്ടിയതെന്ന് തോന്നിയതെങ്കിലും ആ ശബ്ദം കേട്ടപ്പോൾ എനിക്ക് സന്തോഷമായി.

പക്ഷേ അടുത്ത സെക്കന്റിൽ വീണ്ടും ചെവിയിൽ അടിക്കുന്ന ചീവീടിന്റെ ഹൈ പിച്ച് സൗണ്ടിനൊപ്പം തൊട്ടുപുറകിൽ 'അയ്യോോോ' എന്ന് വലിയ വായിൽ കരച്ചിൽ കേട്ടപ്പോൾ എങ്ങനെയാണ് എന്റെ കൈ ആക്സിലേറ്ററിൽ മുറുകിയതെന്നും ബൈക്ക് ആ ഏരിയായിൽ നിന്നും പറന്നതെന്നും ഇന്നും അറിയില്ല. നാല് കൈകൾ എന്നെ വരിഞ്ഞ്  പിടിച്ചിരിക്കുന്നത് കൊണ്ട് പൂതവും രാഘവനും വണ്ടിയുടെ പുറകിൽ തന്നെ ഉണ്ടെന്ന് മനസ്സിലായി.

വളവും തിരിവുമെല്ലാം ആരോ നിവർത്തി വെച്ച പോലെയാണ് തോന്നിയത്.  നിമിഷങ്ങൾക്കുള്ളിൽ എന്റെ വീടിന്റെ വാതിൽക്കൽ വണ്ടി എത്തിച്ചു..

രാഘവൻ തലയിൽ കയ്യും വെച്ചോണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത് തന്നെ...

എന്താടാ അവിടെ സംഭവിച്ചത് ??? പേടി കൊണ്ട് വിയർത്ത് നനഞ്ഞ ഷർട്ടും ഇട്ട് വിളറിയ രൂപവുമായി  ഞാൻ ചോദിച്ചു..

ചളിഞ്ഞ മുഖവുമായി പൂതം പറഞ്ഞു...

"അത്... പടക്കം എന്റെ കയ്യിലിരുന്ന് പൊട്ടിയതാ..."

പ്ഫാാാാാാാാാാാ.......

ആവേശം മൂത്ത് തീ പിടിപ്പിച്ച് എറിഞ്ഞതാണ്. പടക്കത്തിന്റെ തിരിക്ക് പെട്ടെന്ന് തീ പിടിച്ച് കേറിയത് കാരണം കയ്യിൽ നിന്നും പുറത്ത് പോവുന്നതിന് മുമ്പ് തന്നെ പൊട്ടി.

പൂതത്തിന്റെ കൈപത്തിക്ക് നല്ല തരിപ്പ് തോന്നി എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല. പക്ഷെ ചെവിക്കരികിൽ പടക്കം പൊട്ടിയത് കാരണം രണ്ട് ദിവസത്തേക്ക് ഞങ്ങൾ മൂന്ന് പേർക്കും ചെവിയിൽ ഒരു മൂളക്കം ആയിരുന്നു. അതൊരുമാതിരി സൈറൻ അടിക്കുന്ന പോലെയായിരുന്നു....ഏത് നേരവും ആ ശബ്ദം കൂടെ ഉണ്ടായിരുന്നു. പരാജയം പൂർണ്ണമായും ഏറ്റ് വാങ്ങി  വിഷണ്ണനായി ഞാൻ

 കിടന്നുറങ്ങി.

ആ വിഷുക്കാലത്ത് അവളെ ഞാൻ കണ്ടില്ല.

ഓണവും കൃസ്തുമസും അടുത്ത വിഷുവും ഇതിനിടയിൽ മഴയും വേനലും മഞ്ഞും എല്ലാം വന്നുപോയി. വസന്തമാവുമെന്ന് കരുതിയ എന്റെ പ്രണയം ഇതിനിടയിൽ തളിർക്കുകയോ പൂക്കുകയോ ചെയ്യാനാവാതെ വീണു പോയിരുന്നു. ഓർമ്മകളിൽ പോലും ഒരു പൂക്കാലം അത് ബാക്കി വെച്ചില്ല. പിന്നീടൊരിക്കലും അത് ഉയിർത്തതുമില്ല. സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും അപ്പുറം ജീവിതത്തെ യാഥാർത്ഥ്യം കൊണ്ടളന്ന് കാമുകി നടന്നകന്നപ്പോൾ എന്റെ നാട്ടിടവഴികളിൽ ഞാൻ വീണ്ടും ഒറ്റക്കായി !!

പക്ഷേ എന്തൊക്കെ ആയാലും കാമുകിയുടെ വീട്ടിൽ പടക്കം കത്തിച്ചെറിഞ്ഞ ആദ്യ കാമുകൻ ഞാനായിരിക്കും. :)

Tuesday, December 30, 2014

22150 പൂനെ - എർണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്ര്സ്സ് 

24th August 2014

രണ്ടര വർഷത്തെ പൂനെ ജീവിതം അവസാനിപ്പിച്ച് തിരികെ പോരുകയായിരുന്നു. ബാങ്ക്ലൂരിൽ ജോയിൻ ചെയ്യാൻ കുറച്ച് ദിവസം കൂടി ഉള്ളതിനാൽ അത്രയും ദിവസം വീട്ടിൽ നിൽക്കാൻ പ്ലാൻ ചെയ്തു. വീടിനടുത്തേക്കൊരു സ്ഥലം മാറ്റം എന്നത് സന്തോഷമുള്ളതായിരുന്നെങ്കിലും പൂനെ വിട്ട് പോരിക എന്നത് സങ്കടകരം തന്നെ ആയിരുന്നു. കൂട്ടുകാരായി ഒരുപാടാളുകൾ ഉണ്ട് അവിടെ. ശനിയും ഞായറും ആയി ഉള്ള ഷട്ടിൽ കളിയും സിനിമാ കാണാൻ പോക്കും ഭക്ഷണം ഉണ്ടാക്കി കഴിക്കലും  ബഹളവും വലിയ രസമുള്ള കാര്യങ്ങൾ തന്നെയാണ് .

പെട്ടെന്നുള്ള യാത്രാ തീരുമാനം ആയിരുന്നെങ്കിലും വെള്ളിയാഴ്ച നോക്കിയപ്പോൾ ഞായറാഴ്ചത്തെ  പൂനെ എർണാകുളം സൂപ്പർ ഫാസ്റ്റ്  (22150) ട്രയിനിൽ ടികറ്റ് കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. പെട്ടെന്ന് തന്നെ എല്ലാരോടും പൂനെ യാത്രയെ പറ്റി അനൗൺസ് ചെയ്തു.  ശനിയാഴ്ച വൈകിട്ട് ഒരു പാർട്ടിയും കഴിഞ്ഞ് ക്ഷീണിച്ചവശനായി ഞായറാഴ്ച പെട്ടിയും പെറുക്കി പോവാൻ ഇറങ്ങിയ എന്നോടൊപ്പം യാത്രയയക്കാൻ ഷുക്കൂറും വന്നു.  ബാക്കി ഉള്ളവർ എന്നെ യാത്രയയക്കാൻ തലേന്നത്തെ പാർട്ടിയുടെ ഫലമായി  ഇനിയും ഉയരാത്ത അവരുടെ സ്വന്തം തലകൾ എങ്ങനെയൊ പൊക്കി കഴുത്തിൽ ഉറപ്പിച്ച് അകുർഡി സ്റ്റേഷനിൽ എത്തിയിരുന്നു. എല്ലവരോടും യാത്ര പറഞ്ഞ് ലോക്കലിൽ കയറി പൂനെയിൽ എത്തുമ്പോൾ മണി അഞ്ചായിട്ടില്ല. ആറേ മുക്കാൽ (6.45) കഴിയണം എനിക്ക് പോവണ്ട ട്രയിൻ അനങ്ങണമെങ്കിൽ . മഴക്കാലമായതിനാൽ മൂന്ന് മണിക്കൂർ അധിക സമയം ഉണ്ട് കൊങ്കൺ വഴിയുള്ള വണ്ടികൾക്ക്. ഇപ്പോഴത്തെ സമയക്രമമനുസരിച്ച് പിറ്റെ ദിവസം , അതായത് ആഗസ്റ്റ്‌ 25  രാത്രി പത്തരയോടെ എർണാകുളം സൗത്ത് സ്റ്റേഷനിൽ വണ്ടി എത്തിച്ചേരണം.

പ്ലാറ്റ്ഫോം നോക്കി വെക്കാം എന്ന് കരുതി ഇൻഫർമേഷൻ ബോർഡിൽ നോക്കിയ എന്റെ കണ്ണിൽ ഇരുട്ട് കയറി. പൂനെ - എർണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് എന്നെഴുതിയതിന്റെ വലത് ഭാഗത്ത് 21.40 എന്നെഴുതിയിരിക്കുന്നു. കണക്ക് കൂട്ടി നോക്കി. 12 കഴിഞ്ഞ് എത്രയും കൂടി കൂട്ടിയാൽ ഈ സംഖ്യ എത്തുമെന്ന് കുലങ്കുഷമായി ചിന്തിച്ചു.  ഞാൻ കണ്ണ് തിരുമി ഒന്ന് കൂടി നോക്കി. എന്നിട്ട് ഒന്നൂടെ കണക്ക് കൂട്ടി നോക്കി. എങ്ങനെയെല്ലാം നോക്കിയിട്ടും അത്  ഞാൻ പ്രതീക്ഷിച്ച സമയം അല്ല എന്നുറപ്പായി. അതായത് 9.40 PM നെ വണ്ടി വിടൂ എന്ന്. ഇനിയും നാല് മണിക്കൂർ എങ്കിലും വെയിറ്റ് ചെയ്യേണ്ടി വരുമെന്ന് മനസ്സിലാക്കിയ എന്റെ തലക്ക് മുകളിലൂടെ അഞ്ചാറ് കിളികൾ ഒരുമിച്ച് പറന്ന് പോയി. എങ്ക്വയറിയിൽ പോയി അന്വേഷിച്ചു. കൊങ്കണിൽ എവിടെയോ ഒരു ട്രയിൻ പാളം തെറ്റിയത് കാരണം ആ വഴിയെ പോവുന്ന ബാക്കിയുള്ളവയെല്ലാം ലേറ്റ് ആവുമെന്ന് അറിയിപ്പ് കിട്ടി. സമാധാനമായി !!!

ആദ്യം റയിൽ വേ സ്റ്റേഷന്റെ മുൻഭാഗത്തും പിന്നീട് വെയിറ്റിങ് ഏരിയായിലും ആയി ഞാനും ഷുക്കൂറും കഥ പറഞ്ഞിരുന്നു. ആകെ സന്തോഷം എന്നെ പോലെ തന്നെ പണി കിട്ടിയ ഒരുപാട് മലയാളികൾ എനിക്കൊപ്പം തന്നെ ഇരിക്കുന്നുണ്ട് എന്നതായിരുന്നു . എന്നെ ട്രയിനിനു കയറ്റി വിട്ട് , തൊട്ട് പുറകെ ഉള്ള ലോക്കൽ ട്രയിനിനു കയറി ഫ്ലാറ്റിലേക്ക് പോകാൻ പ്ലാനും ചെയ്ത് വന്ന ഷുക്കൂർ കിട്ടിയ വൻ പണിയുടെ ആഘാതം കാരണം തലയും ചൊറിഞ്ഞിരുന്ന് റയിൽ വേ മന്ത്രി മുതൽ പോർട്ടർമാരുടെ വരെ വക തന്തക്ക് വിളിച്ചു കൊണ്ടിരുന്നു.

പൂനെ റയിൽ വേ സ്റ്റേഷൻ പരിസരം കണ്ടാൽ  അഭയാർഥി ക്യാമ്പ് ആണോ എന്ന് തോന്നും . കെട്ടു കിടക്കയുമായി ലോക്കൽ കമ്പാർട്ട്മെന്റിൽ കയറി നാട് വിട്ട് നഗരം തേടി വന്നവരെയും നഗരമുപേക്ഷിച്ച് പോവുന്നവരും ഇനി എന്ത് ചെയ്യണമെന്നറിയാതെ സ്റ്റേഷൻ പരിസരത്ത് തന്നെ കറങ്ങുന്നവരും കുട്ടികളെ തൊട്ടിൽ കെട്ടി ഉറക്കുന്നവരും ഇവർക്കിടയിൽ ചെറുകച്ചവടം നടത്തുന്നവരെയും ആദ്യമായി ഈ നാട്ടിലെത്തി ഭാഷയറിയാതെ ആരോടെന്ത് ചോദിക്കുമെന്ന് സംശയിച്ച് നിൽക്കുന്നവരുമെല്ലാം കൂടി ജനസമുദ്രമാണ് ഈ സ്റ്റേഷൻ പരിസരം .

കഥകളും പറഞ്ഞിരുന്ന് , എട്ടര കഴിഞ്ഞ് ഇൻഫർമേഷൻ ബോർഡിലേക്ക് നോക്കിയ ഞാനും ഷുക്കൂറും ഒന്നും കൂടി ഞെട്ടി. 21.40 എന്നത് മാറ്റി 22.40 എന്നായി. ഒരു മണിക്കൂർ കൂടി വണ്ടി ലേറ്റ് ആവുമെന്ന് മനസ്സിലായ ഷുക്കൂറിന്റെ റിലേ പോയി. മഴയേയും മഴ ദൈവങ്ങളേയും വരെ അവൻ തെറി വിളിക്കാൻ തുടങ്ങി.  പത്ത് മണി കഴിഞ്ഞാൽ ലോക്കൽ ട്രയിൻ കിട്ടാൻ ബുദ്ധിമുട്ടാണെന്നറിയാവുന്നത് കൊണ്ട് അവനെ ഒമ്പതര കഴിഞ്ഞുള്ള ലോക്കലിനു
കയറ്റി വിട്ടു. ട്രയിൻ കാൻസൽ ആയില്ല എന്നത് തന്നെ എനിക്കാശ്വാസം നൽകുന്നതായിരുന്നു. പത്തര വരെ അടുത്തിരുന്നവരോട് കഥയും പറഞ്ഞിരുന്ന്
വണ്ടി എത്തുമെന്നറിയിച്ച പ്ലാറ്റ്ഫോമിലേക്ക് നടന്നു. പുറത്ത് മഴ നന്നായി പെയ്യുന്നുണ്ടായിരുന്നു.  10.40 നു വരേണ്ട ട്രയിൻ വന്നത് 11 മണി കഴിഞ്ഞ്. ലഗേജായി ആകെ ഉള്ള പെട്ടിയും ബാഗും പെറുക്കി അകത്ത് കയറ്റി, നനഞ്ഞ സീറ്റുകൾ എല്ലാം പ്ലാറ്റ്ഫോമിലെ കടയിൽ നിന്നും വാങ്ങിയ പേപ്പർ ഉപയോഗിച്ച് തുടച്ചുണക്കി കഴിഞ്ഞാണ് ട്രയിൻ നീങ്ങാൻ തുടങ്ങിയത്.

പനവേൽ വഴി പോവണ്ട ട്രയിൻ പോയത് മറ്റൊരു വഴിക്കാണ്. അവസാനം എർണാകുളം എത്തുമെന്നറിയാവുന്നതിനാൽ എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായില്ല. പക്ഷേ പനവേലിൽ നിന്നും യാത്ര തുടങ്ങാൻ ടികറ്റ് ബുക്ക് ചെയ്തവർ എന്ത് ചെയ്യും എന്നാലോചിച്ചപ്പോൾ ചെറിയ സങ്കടവും തോന്നി. ട്രയിൻ സതാര. - കാരട് - ബെൽഗാം - കാസിൽ റോക്ക് വഴി ഗോവയിൽ എത്തി അവിടെ നിന്നും നോർമൽ റൂട്ട് ആയ മംഗലാപുരം കോഴിക്കോട് വഴി എർണാകുളം പിടിക്കും . റെഗുലർ ടൈമിനേക്കാൾ ഒരു മൂന്ന് മണിക്കൂർ വ്യത്യാസം ഉണ്ടാവും ഗോവ വരെ എത്തുമ്പോൾ. ഗോവ വരെ എത്തുന്നതിനിടയിൽ എങ്ങും നിർത്തണ്ട കാര്യവുമില്ല. അത് കൊണ്ട് ഈ ട്രയിൻ നാളെ രാവിലെ 11 മണി കഴിയുന്നതിനു മുമ്പെ ഗോവയിലെത്തുമെന്ന് മുട്ടൻ കണക്ക് കൂട്ടി ഞാൻ സുഖമായി കിടന്നുറങ്ങി.




രാവിലെ എട്ട് മണി കഴിഞ്ഞ് ഏതോ സ്റ്റേഷനിൽ നിർത്തിയിരിക്കുന്ന സമയത്ത് ഞാൻ എണീറ്റു. ഭക്ഷണം അടുത്ത സ്റ്റേഷനിൽ നിന്നും വാങ്ങാം എന്ന് കരുതി. മഴ കുറഞ്ഞിരുന്നു. ഗോവയിലേക്ക് ഈ വഴിയൊന്നും പോവാത്തത് കാരണം സ്റ്റേഷൻ ഒന്നും പരിചയമുണ്ടായില്ല. അല്പസമയത്തിനുള്ളിൽ ട്രയിൻ വീണ്ടുമെടുത്തു. ഓട്ടത്തിൽ തോൽപ്പിക്കുമെന്ന് പറയുന്ന പോലെ മഴ പുറകെ ഓടി ട്രയിനിനു മീതെ ചിതറി വീണു.

ഭക്ഷണം കഴിക്കാതിരുന്നത് മണ്ടത്തരമായി പോയി എന്ന് പിന്നീട് മനസ്സിലായി. പിന്നീട് നിർത്തിയ മറ്റൊരു സ്റ്റേഷനിലും ഒന്നും കിട്ടാനുണ്ടായിരുന്നില്ല. എല്ലാം ലോക്കൽ സ്റ്റേഷനുകൾ ആയിരുന്നു.  ട്രയിനിൽ പാൻട്രി കാബിൻ ഇല്ലാ എന്നത് വേറേ കാര്യം . ഇതിനിടയിൽ മൊബൈൽ ചാർജ്ജിങ്ങിനു പറ്റിയൊരു സീറ്റ് കണ്ടത്തിയ, അധികം ആളുകൾ ആരും ഇല്ലാത്ത അടുത്ത ബോഗിയിലേക്ക് ഞാൻ ഇരിപ്പ് മാറ്റി. പനവേലിൽ നിന്നും ഗോവ വരെ ഉള്ള സ്റ്റേഷനിൽ നിന്നും കയറേണ്ടവർക്കുള്ള സീറ്റുകൾ ഒഴിഞ്ഞ് കിടന്നിരുന്നു.  ഈ യാത്രക്കിടയിലാണ്  Chasing the Monsoon ( Alexander Frater )  കുറെ ഏറെ വായിച്ച് തീർത്തത്. പുറത്ത് പെയ്യുന്ന മഴയെ നോക്കി യാത്രക്കിടയിൽ ആ പുസ്തകത്തിൽ   നിന്നും വായിക്കാൻ    തുടങ്ങിയ അദ്ധ്യായം എഴുത്തുകാരന്റെ  ഗോവയിലേക്കുള്ള യാത്രയെ പറ്റിയും അവിടുത്തെ  മഴയെ പറ്റിയുമായിരുന്നു എന്നത് യാദൃശ്ചികമായിട്ടാവാം .വഴിയിലുടനീളം കാഴ്ചകൾ ഒരുപാടുണ്ടായിരുന്നു. കുറെ അധികം സമയം കാട്ടിലൂടെ ആയിരുന്നു യാത്ര .മഴ പെയ്തൊഴിഞ്ഞു നനഞ്ഞ  കാട്ടുമരങ്ങൾക്ക് നല്ല ഭംഗി തോന്നിയിരുന്നു.


പതിനൊന്ന് മണിയായിട്ടും ഗോവ എത്താതായപ്പോൾ ഒരു മണിക്കൂർ കൂടി എക്സ്ട്രാ ടൈം നൽകി ഞാൻ കാത്തിരുന്നു. പന്ത്രണ്ട് മണിക്കും ഗോവയിലെത്തില്ല എന്നുറപ്പായ ഞാൻ ഇനി മേലാൽ ഞാൻ ട്രയിനിന്റെ വേഗതയും ഗതിയും നോക്കി കണക്ക് കൂട്ടില്ല എന്നുറപ്പിച്ചു. ഈ പണി ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ചെയ്തിരുന്നെങ്കിൽ ചെറിയൊരു ആസ്ട്രൊ ഫിസിസ്റ്റ് എങ്കിലുമാകാരുന്നു എന്ന് സങ്കടപ്പെട്ട്  എന്റെ കണക്കുകൾ ഇന്ത്യൻ റയിൽവേ ക്കു മുന്നിൽ അർപ്പിച്ച് നിരുപാധികം മാപ്പ് പറഞ്ഞു. ഇടക്കെവിടെയൊ ട്രയിൻ പിടിച്ചിട്ടു. ഇപ്പോൾ പോവും വണ്ടി എന്ന് കരുതി കാത്തിരുന്നത് ഒന്നര മണിക്കൂർ. ട്രയിൻ അനങ്ങിയിയിട്ടില്ല , എന്തിന് , ഒന്ന് ഹോൺ പോലും അടിച്ചില്ല. എല്ലാ യാത്രക്കാരും കട്ട ഡസ്പ് !!!



ആഞ്ഞ വെയിലായിരുന്നു ആ സമയത്ത്. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് മഴ വന്ന് വീണു. പുറത്ത് നിന്നവരെല്ലാം നല്ല പോലെ നനഞ്ഞു. വാതിൽക്കൽ നിന്ന എന്നെ പോലെ ഉള്ളവർ ജസ്റ്റ് രക്ഷപെട്ടു.


ഏറ്റവും സുന്ദരമായ കാഴ്ചകൾ തന്നത് നല്ല പോലെ മഴ പെയ്ത സമയത്ത് കടന്ന് പോയ ബെൽഗാം, കാസിൽ റോക്ക് തുടങ്ങിയ സ്ഥലങ്ങളാണ്. പിന്നീട് ദൂധ് സാഗർ വെള്ളച്ചാട്ടവും നല്ലൊരു കാഴ്ചയായിരുന്നു. ഈ വഴിയിലൂടെ മുമ്പൊരിക്കൽ വന്നിട്ടുണ്ട്. അന്ന് വെള്ളച്ചാട്ടം പോയിട്ട് വെള്ളത്തുള്ളി പോലും ഇല്ലായിരുന്നു . പക്ഷെ നിറമഴയത്ത് ദൂധ് സാഗർ മറ്റൊരു കാഴ്ചയാണെന്ന് മനസ്സിലായി. ഇടക്കിടക്ക്  എവിടെയെല്ലാമോ  നിർത്തി അഞ്ച് മണിയോടെ വണ്ടി ഓടിക്കിതച്ച് ഗോവയിലെത്തി. അവിടുന്ന് പ്ലാറ്റ് ഫോമിൽ വിലക്കാൻ കൊണ്ട് വന്ന  പൊറൊട്ടയും വെജിറ്റബിൽ കറിയും വാങ്ങി  കഴിച്ചു. ആ ദിവസത്തെ ആദ്യഭക്ഷണം. വെള്ളം മാത്രമായിരുന്നു ആ ദിവസം ആകെ കഴിച്ചത്.  ഒരു മണിക്കൂർ സമയം അവിടെയും നിർത്തിയിട്ടു.




പെരുമഴയത്താണ് ഗോവയിൽ നിന്നും യാത്ര വീണ്ടും തുടങ്ങിയത്. രാത്രി പതിനന്നോടെ അവസാന യാത്രക്കാരനായി  ആ ബോഗിയിൽ ഉണ്ടായിരുന്നത് ഞാൻ മാത്രം . തണുത്ത് മരവിച്ചൊരു ബിരിയാണി ഇതിനിടയിൽ ആരോ വിൽക്കാൻ കൊണ്ട് വന്നത് വാങ്ങിക്കഴിച്ചിരുന്നു.

മഴ പെയ്ത  വെള്ളം എങ്ങും ഒഴുകി പോയിട്ടില്ലാത്തതിനാൽ ബോഗിക്കുള്ളിലെ നിലം മുഴുവൻ നനഞ്ഞിരുന്നു. ബാഗും പെട്ടിയുമെല്ലാം എടുത്ത് അവകാശികൾ ഇല്ലാത്ത സീറ്റിൽ വെച്ച് ആ രാത്രിയും ഞാൻ സുഖമായി കിടന്നുറങ്ങി.

രാവിലെ നാലിനു മുമ്പായി ഉറക്കം ഉണരുമ്പോൾ ഷൊർണ്ണൂർ സ്റ്റേഷനിലാണ് . ഒരു ചായയും വാങ്ങിക്കുടിച്ച് വീണ്ടും ഉറങ്ങി. അഞ്ചരക്കും ആറിനും ഇടയിൽ എർണാകുളത്ത് എത്തി. പ്രീ പെയ്ഡ് ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിലെത്തി. 25 രൂപ എഴുതി തന്നിട്ട്, ഓട്ടൊക്കാരൻ ചേട്ടൻ 20 രൂപയെ വാങ്ങിയുള്ളൂ. അത്ഭുതം തോന്നിപ്പോയി.

ആഗസ്റ്റ്‌ 26 ന്  രാവിലെ ഏഴോടെ വീട്ടിലെത്തി.
ഒരു യാത്രയുടെ അവസാനം.

വഴി മാറി,  വന്നു, ലേറ്റ് ആയി , സമയത്ത് ഭക്ഷണം  കിട്ടിയില്ല എന്നിങ്ങനെ കുറ്റങ്ങൾ ഒരുപാടുണ്ട്  എങ്കിലും ആ യാത്ര എനിക്ക് ഇഷ്ടപ്പെട്ടു.. കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ , അതായത് രാത്രി 10.30 ന് എത്തിയിരുന്നെങ്കിൽ പാതിരാത്രി കഴിയാതെ വീട്ടിലെത്തില്ല. പകുതി ഉറക്കവും പോവും കണ്ണ് കാണാത്ത സമയത്ത് കുറച്ചെ ഉള്ളൂ എങ്കിലും ലഗേജ് എല്ലാം വാരിക്കെട്ടി  വീട്ടിൽ ചെന്ന് കയറുന്ന ബുദ്ധിമുട്ട് വേറേയും. പക്ഷേ ഇതൊന്നും ഇല്ലാതെ സുഖമായുറങ്ങി ,ഒരു ദിവസത്തിന്റെ തുടക്കത്തിൽ വീട്ടിൽ എത്തിച്ചേരാൻ പറ്റി.കൂടാതെ ഇത് വരെ കാണാത്ത കാഴ്ചകളിലേക്കും എന്നെക്കൊണ്ടെത്തിച്ചത് ഈ വഴിയും സമയവും തെറ്റിയ യാത്രയായിരുന്നു. 

Thursday, August 21, 2014

നടവഴികൾ - തകഴി - പുളിങ്കുന്ന് (പമ്പയിലൂടെ ഒരു യാത്ര )




ഓരോ യാത്രയും ഓരോ തിരിച്ചറിവാണ് !!!

രാവിലെ അഞ്ചരക്ക്  എണീക്കണമെന്ന് കരുതിയാണ് തലേന്ന് കിടന്നത് . പക്ഷെ ഉണർന്ന്  വന്നപ്പോൾ സമയം ആറ് കഴിഞ്ഞിരുന്നു.  ചെറിയ ചാറ്റൽ  മഴയത്താണ് ആലപ്പുഴയിലേക്ക് ബൈക്കിൽ പോയത് . ബസ് സ്ടാന്റിൽ കൊണ്ട് വണ്ടി വെച്ച് തിരുവനന്തപുരം ഫാസ്റ്റിൽ കയറി അമ്പലപ്പുഴക്ക്‌ ടിക്കറ്റ് എടുത്തു . അമ്പലപ്പുഴയിൽ നിന്ന് ബസ്സും ഓട്ടോയും പിടിച്ച് തകഴിയിൽ എത്തി 

തകഴി വഴി ആലപ്പുഴക്ക് ഒരു ബോട്ട് ഉണ്ട്. തകഴിക്കപ്പുറത്ത് എവിടെയോ പോയി തിരികെ വരുന്ന ബോട്ട് രാവിലെ എട്ട് മണിക്ക് മുമ്പായിട്ട്  തകഴി ജെട്ടിയിൽ എത്തും . കൃത്യസമയം അറിയില്ല. ഈ ബോട്ട് പോയിക്കഴിഞ്ഞാൽ അങ്ങോട്ട്‌ പോയ പോലെ തന്നെ തിരികെ ബസ്സിൽ വീട്ടിലേക്ക് പോരേണ്ടി  വരും . തകഴി വഴി പുളിങ്കുന്നിനു രാവിലെ 8.15 കഴിഞ്ഞ്  ഒരു ബോട്ടുണ്ടെന്നു മത്തായി എന്നോട് പറഞ്ഞിരുന്നു .  ഇതിനെ കുറിച്ച് ആലപ്പുഴ ബോട്ട് ജെട്ടിയിൽ അന്വേഷിച്ചപ്പോൾ അവർക്കങ്ങനെ ഒരു സർവീസിനെ കുറിച്ച് അറിയില്ലാ എന്ന് പറഞ്ഞു .  അത് കൊണ്ട്  ഏക സാധ്യത ആയ തകഴി ആലപ്പുഴ ബോട്ട് മിസ്സ്‌ ആവാതിരിക്കാൻ വേണ്ടിയാണ് അത്യാവശ്യം മഴ പെയ്തു , ആ നനഞ്ഞ വെളുപ്പാൻകാലത്ത്  ഞാൻ തകഴിയിലെത്തിയത് . 

തകഴി പാലം തുടങ്ങുന്നതിനു മുമ്പായിട്ട് ഇടത് വശത്ത് കൂടി ഉള്ളിലേക്ക് കിടക്കുന്ന റോഡിലൂടെ പോവുമ്പോൾ ആദ്യത്തെ വളവിനടുത്ത് പാലത്തിനടിയിൽ  തന്നെയാണ് ബോട്ട് ജെട്ടി .  7.30 നോടടുത്താണ് ബോട്ട് വരാറുള്ളത്  എന്ന് അപ്പറത്തെ കടവിൽ നിന്നു പാല്പാത്രം കഴുകുന്ന ഒരു ചേട്ടൻ പറഞ്ഞു !!!

മഴയുടെ ബലം അറിയാനുണ്ട് . പമ്പയാർ മുന്നില്  നിറഞ്ഞൊഴുകുന്നു . പാലത്തിനു കീഴെ ഒരാൾ കൊച്ചുവള്ളത്തിൽ ഉണ്ട് . വലയെടുക്കുന്ന സമയമേ ആയുള്ളൂ !!! 

ബോട്ട് വരാൻ അല്പം കൂടി സമയം ഉള്ളതു കൊണ്ട് അവിടെ തന്നെ ഇരുന്നു . അല്പം കഴിഞ്ഞ് ഒരു പ്രായമായ സ്ത്രീ കൂടി വന്നു .  വരേണ്ട സമയം കഴിഞ്ഞിട്ടും ബോട്ട്  കാണാഞ്ഞപ്പോൾ എനിക്ക് പിന്നെയും സംശയം ആയി . ഞാൻ എത്തുന്നതിനും മുമ്പേ ബോട്ട് അതിന്റെ വഴിയെ പോയോ എന്ന് . 

വള്ളത്തിൽ വലയുമായിട്ടിരിക്കുന്ന ചേട്ടനോട് വിളിച്ച് ചോദിച്ചു  " ആലപ്പുഴക്കുള്ള ബോട്ട് പോയോ ? " എന്ന്. 
"ഇന്നാ ബോട്ട് ആലപ്പുഴയിൽ നിന്നും വന്നില്ലല്ലോ ... " 
മനസ്സിൽ എന്റെ തന്നെ ഫോട്ടൊ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന ചിത്രം തെളിഞ്ഞു. ഫോട്ടൊക്കു താഴെ സ്വർണ്ണലിപികളിൽ എഴുതിയിരിക്കുന്നു "സോമസ്ഥാനം കൈവരിച്ചിരിക്കുന്നു"
 . 
"നേരം വെളുക്കുന്നതിനു മുമ്പു തന്നെ പണി ഏറ്റു വാങ്ങിയല്ലൊ " എന്നു കരുതിയപ്പോൾ ആണ് കൂടെ ഉണ്ടായിരുന്ന പ്രായമായ ചേച്ചി പറഞ്ഞത് , ഒരു ബോട്ട് കൂടി വരാൻ ഉണ്ട് , പുളിങ്കുന്നിലേക്ക് എന്ന്. 8.15 നാണ് ബോട്ടെന്ന് അതിലെ പോയ മറ്റൊരു സ്ത്രീ പറഞ്ഞു. ജെട്ടിക്കടുത്ത വീട്ടിലെ ചേട്ടനോട് , വള്ളവും വലയുമായി വന്ന് , വള്ളത്തിൽ തന്നെ ഇരുന്ന് ചായ കുടിക്കുന്നവരോട്, എല്ലാം ചോദിച്ച് ഉറപ്പാക്കി .

വള്ളത്തിൽ ഇരിക്കുന്നവർ ചായ കുടിക്കുന്നത് കണ്ടപ്പോൾ മാത്രമാണ് അവിടെ ഒരു ചായക്കട ഉള്ള കാര്യം മനസ്സിലായത് തന്നെ .കടയുടെ യാതൊരു ലുക്കും ഇല്ലാത്ത ഒരു ചായക്കട. വീടും കടയും എല്ലാം ഒരുമിച്ചാണ്. വിഭവങ്ങൾ ഒന്നും കാഴ്ച വസ്തുവായി വെച്ചു കണ്ടില്ല.  ഒരു ചായ വാങ്ങി കടയുടെ പുറത്ത് നിന്നും കുടിച്ചു . ചെറിയ മഴ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. വലയുമായി വള്ളത്തിൽ ഇരുന്നവർ യാത്ര പറഞ്ഞ്  പോയി.  ആദ്യം കണ്ട വലക്കാരൻ അപ്പോഴും പാലത്തിനടിയിൽ വള്ളത്തിൽ ഇരിപ്പുണ്ടാായിരുന്നു. 

8.15 ന് എത്തുമെന്ന് പറഞ്ഞ ബോട്ടും വന്നില്ലെങ്കിൽ അടുത്ത പരിപാടി എന്താ എന്നാലോചിച്ച് കൊണ്ട് നിൽക്കുമ്പോൾ ആണ് അവിടെ നിന്ന ആരോ പറഞ്ഞത് ബോട്ട് വരുന്നുണ്ടെന്ന് . ക്യാമറ ഇല്ലാത്തതിന്റെ പേരിൽ നഷ്ട്ടബോധം. നല്ലൊരു ഷോട്ട് നഷ്ട്ടപ്പെട്ടു :(.  നിർത്തിയ ബോട്ടിൽ നിന്ന് ഇറങ്ങുന്ന ആൾക്കാരുടെ കൂടെ  ബോട്ടിലെ ശ്രാങ്ക് പെട്ടെന്ന് മുന്നിലേക്ക് വന്ന് നിന്നപ്പോൾ "ഇതെത്ര മണിക്ക് പുളിങ്കുന്നിലേക്ക് എത്തും ചേട്ടാ " എന്നാണ് ആദ്യം ചോദിച്ചത്. 
"ഡാ ... " എന്ന വിളി കേട്ട് ഞെട്ടിയപ്പോഴാണ് ശ്രാങ്കിനെ ഞാൻ ശ്രദ്ധിച്ചത് . പുളിങ്കുന്നിലെ കണ്ണാണ്ണൻ മുന്നിൽ നിന്ന് ചിരിക്കുന്നു. 
പോയി ..എന്റെ ദിവസം പോയി ... എന്നെ ഇന്ന് കുളിപ്പിച്ച് കിടത്താതെ പുള്ളി വിടുകേലാ എന്നുറപ്പായി . 

വാടാ ചായ കുടിക്കാം .
ഞാൻ കുടിച്ചതാ ...
വാടാ എന്റെ കൂടെ ... (കലിപ്പ് )
ഓ..
നമുക്ക് രണ്ട് ഇഡ്ഡിലി തിന്നാം . എന്താ ..
വേണ്ടാ ..ഞാൻ രാവിലെ കഴിച്ചതാ ...
ശരി..ചേട്ടാ രണ്ട് പ്ലേറ്റ് ഇഡ്ഡലി 
ങേ ...ഞാൻ കഴിച്ചതാ ...
ആയിക്കോട്ടെ..ഇതും കൂടി കഴിക്ക് ..

കഴിച്ച് കഴിഞ്ഞ് നേരെ ബോട്ടിലേക്ക് നടന്നു. 

ഒരു ചുണ്ടൻ വള്ളം ബോട്ട് ജെട്ടിക്കരികിൽ കൊണ്ട് അടുപ്പിച്ച് തുഴക്കാർ എല്ലാം ഇറങ്ങുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത് . "നാളെ ചമ്പക്കുളം വള്ളംകളി ആണ്. പുറകിൽ നിന്ന കണ്ണാണ്ണനാണ് പറഞ്ഞത്. "നീ വരുന്നോ ? ഒരു കെട്ടുവള്ളത്തിൽ ഞങ്ങൾ പോവുന്നുണ്ട് " ഞാൻ വരാൻ നോക്കാം എന്ന് പറഞ്ഞു. കാരിച്ചാൽ ചുണ്ടൻ ആയിരുന്നു എന്നു തോന്നുന്നു . കൂട്ടമായി വിരിഞ്ഞ് നിന്ന വയലറ്റ് നിറമുള്ള ആമ്പലുകൾക്കപ്പുറം ആ ചുണ്ടന്റെ പ്രൗഡമായ കിടപ്പിന് ഒരു സൗന്ദര്യം ഉണ്ടായിരുന്നു . 

 8.40 നു എടുക്കേണ്ട ബോട്ട് എടുത്തപ്പോൾ 8.50 . (യാത്രക്കാരുടെ ശ്രദ്ധക്ക് : 8.40 നു തകഴിയിൽ നിന്നും ചമ്പക്കുളം , നെടുമുടി വഴി പുളിങ്കുന്നിലേക്ക് പോവുന്നൊരു ബോട്ട് ഉണ്ട് ) 
നെടുമുടിയിൽ ഇറങ്ങാമെന്നാണ് കരുതിയത് . അടവിയെ വിളിച്ചപ്പോൾ അവനും  പൊറ്റയും വീട്ടിൽ ഉണ്ടെന്ന് പറഞ്ഞതിനാൽ പുളിങ്കുന്നിലേക്ക് ടിക്കറ്റെടുത്തു. ടിക്കറ്റ് ചാർജ്ജ് 12 രൂപ.

ചമ്പക്കുളം സ്കൂളിൽ പഠിക്കുന്നവർ , ആലപ്പുഴക്ക് പോവാൻ ഉള്ളവർ അങ്ങനെ ആറ്റിങ്കരയിൽ താമസിക്കുന്നവർ ഒരുപാട് പേർ ആ ബോട്ടിൽ ഉണ്ടായിരുന്നു. സീറ്റിൽ ഇരിക്കാൻ ഉള്ള കപ്പാസിറ്റി കഴിഞ്ഞ് നിന്ന് യാത്ര ചെയ്യുന്നവർ. ആകെ ശബ്ദമാനം.  യാത്രകളിൽ ബഹളം ഇഷ്ട്ടപ്പെടത്ത എനിക്ക് അത് കൊണ്ട് തന്നെ അത്രക്ക് സന്തോഷം ഒന്നും തോന്നിയില്ല. പമ്പയാറിന്റെ ഒരു വശത്തെ കാഴ്ചകൾ മാത്രമേ കാണാൻ പറ്റിയുള്ളൂ . മറുവശത്തെ കാഴ്ചകൾ ആൾക്കാർ നിൽക്കുന്നതിനാൽ മറഞ്ഞിട്ടുണ്ട് . ബോട്ടിന്റെ ഏകദേശം മുന്നിലാണെങ്കിലും ഡ്രൈവറുടെ കാബിൻ ഏറ്റവും മുന്നിലായത് കാരണം മുന്നിൽ ഉള്ള കാഴ്ചകളും നന്നായി കാണാൻ പറ്റുന്നില്ല. വൻ ഡസ്പ് !!!  എവിടെയൊക്കെയോ ബോട്ട് നിർത്തി. ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ട്. 

ഈ വഴിയിൽ തകഴി കഴിഞ്ഞ് ആകെ പരിചയം തോന്നിയ ആദ്യത്തെ സ്റ്റോപ് ചമ്പക്കുളം ആണ്. അവിടെ എത്തിയപ്പോൾ ഉണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇറങ്ങി. പിന്നീടുള്ള യാത്രയിൽ അകമ്പടിയായിട്ട് മഴ പെയ്യാൻ തുടങ്ങിയത്  സന്തോഷം ഉണ്ടാക്കുന്ന ഒന്നായിരുന്നു. അടുത്ത വലിയ സ്റ്റോപ്പ് ആയ നെടുമുടിയിൽ എത്തിയപ്പോൾ ബാക്കി ഉണ്ടായിരുന്നവരും ഇറങ്ങിപ്പോയി . ഞാൻ ഇറങ്ങുന്നുണ്ടോ എന്ന് കണ്ണാണ്ണൻ ഇതിനിടയിൽ എന്നോട് വിളിച്ച്  ചോദിച്ചിരുന്നു. നെടുമുടിയിൽ നിന്നും ബോട്ടെടുക്കുമ്പോൾ യാത്രക്കാരായി ഞാനടക്കം പത്ത് പേരിൽ താഴെ ആൾക്കാർ മാത്രം . നെടുമുടിക്ക് ശേഷം സ്ഥലങ്ങൾക്ക് ഒരു പ്രത്യേക ഭംഗി തോന്നി. ഈ വഴി ആദ്യായിട്ടാണ് യാത്ര ചെയ്യുന്നത്. ബോട്ടിന്റെ ഇടത് വശത്ത് സ്വസ്ഥമായിരുന്ന് യാത്ര ചെയ്യുന്നതിനിടയിൽ പിന്നെയും മഴ ആർത്തലച്ച് വന്ന് വീണു. അല്പ സമയത്തിനു ശേഷം തോർന്നെങ്കിലും ആകാശം തെളിയാതെ തന്നെ നിന്നു. ഇരു കരയിലും  കർഷകസംഘങ്ങളുടെ  ഓഫീസ്സുകൾ കാണാം. പിന്നെ പണിതു കൊണ്ടിരിക്കുന്ന റിസോർട്ടുകളും . 

ഇതിനിടയിൽ ഒന്ന് മൂത്രമൊഴിക്കാൻ ബോട്ടിന്റെ ഏറ്റവും പിറകിലേക്ക് ഒന്ന് പോയി. മഴ പെയ്തേക്കും എന്ന് കരുതി കുടയും എടുത്തിരുന്നു. ബാത്രൂമിൽ കയറി വാതിലടച്ച് നിന്നതും മഴ വന്നു തലയിൽ വീണു. അതും നല്ല കല്ല് വാരി എറിയുന്ന കനത്തിൽ ഉള്ള മഴ . കുട തുറക്കാൻ ഉള്ള സാവകാശം പോലും കിട്ടിയില്ല . മൊത്തം നനഞ്ഞു. ഇതിനിടയിൽ എങ്ങനെയോ കുട നിവർത്തി , കാറ്റത്ത് അത് പറന്ന് പോവാതെ പിടിച്ച്  പോയ കാര്യം സാധിച്ച്  നനഞ്ഞ് വിറച്ച് സീറ്റിൽ വന്നിരുന്നു :(


പത്തരയാവുമ്പോൾ പുളിങ്കുന്നിൽ എത്തുമെന്നാണ് കണ്ണാണ്ണൻ പറഞ്ഞത് . പത്ത് മണി കഴിഞ്ഞിട്ടും യാതൊരു പരിചയവും ഇല്ലാത്ത വഴികൾ മാത്രമാണ് ഇപ്പോഴും കണ്മുന്നിൽ. പമ്പയാറിൽ നിന്നും എപ്പോഴോ വേറെ ഏതോ ആറ്റിൽ കയറിയിരുന്നു. ഇരു കരകളിലും കുട്ടനാടിന്റെ സ്ഥിരം കാഴ്ചകൾ കാണാനുണ്ട്. ഉച്ചക്കത്തെ ഊണീനുള്ള മീൻ പിടിക്കാൻ വേൺറ്റി വീടിന്റെ വാതിൽക്കൽ നിന്ന് ആറ്റിലേക്ക്  ചൂണ്ടയിടുന്ന പെണ്ണൂങ്ങളും വലയിടുന്ന  ആണുങ്ങളും പാടത്ത് പണിക്ക് പോവുന്നവരും തെങ്ങ് ചെത്തുന്നവരും അങ്ങനെ കുറെ ഗ്രാമീണ കാഴ്ചകൾ . പഴയൊരു ചുണ്ടൻ വള്ളം ഷെഡ്ഡിൽ കയറ്റി ഇട്ടിരിക്കുന്നത് കണ്ടു. 


അങ്ങകലെ ഒരു പാലവും കൃസ്ത്യൻ പള്ളിയുടെ മുഖപ്പും കണ്ടു. പുളിങ്കുന്ന് എത്താറായി. അത്രയും നേരം ഉണ്ടായിരുന്ന സമാധാനം പോയി. അടവിയുടെയും പൊറ്റയുടെയും കയ്യിൽ നിന്നും എങ്ങനെ രക്ഷപെടും എന്നായി അടുത്ത ചിന്ത. പോയി പെട്ടാൽ ഇന്ന് ഇരുട്ടാതെ വീട്ടിൽ എത്തില്ല. എല്ലാം ആലോചിച്ച് നിന്ന എന്റെ അരികിലേക്ക് കണ്ണാണ്ണൻ വന്ന് പറഞ്ഞു 
" നമ്മളെ വിളിക്കാൻ അടവിയും പൊറ്റയും വരുന്നുണ്ട്  !!!!!" 
പൂർത്തിയായി !!!

പുളിങ്കുന്നിൽ 10.25 ന് തന്നെ ബോട്ട് അടുപ്പിച്ചു. ജെട്ടിയിലേക്ക് ഇറങ്ങിയ എന്നെ സ്വീകരിച്ചത് ചിരിച്ചോണ്ട് നിൽക്കുന്ന അടവിയാണ്. ആദ്യം തന്നെ ഞാൻ പറഞ്ഞ് 
"എടാാ ...എനിക്കിന്ന് കള്ള് കുടിക്കണ്ട ..എന്നെ എങ്ങും കൊണ്ട് പോയി കേറ്റി അലമ്പാക്കരുത് " 
"അതെന്നാ പറ്റി ?"
"ഉച്ചകഴിഞ്ഞ് വലിയമ്മയുടെ വീട്ടിൽ ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്  "

"അത് നന്നായി ...ഉച്ച കഴിഞ്ഞ് ഞാൻ കോട്ടയത്തേക്ക് പോവാൻ കരുതി നിൽക്കുവായിരുന്നു" 
ഇതിനിടയിൽ പൊറ്റയും വന്നു. നേരേ വീട്ടിലേക്ക് . രാവിലത്ത ബ്രേക് ഫാസ്റ്റിന്റെ ബാക്കി പുട്ട്, പഴം , ചായ പിന്നെ സൈഡായിട്ട് കുറച്ച് പൊടിമീൻ വറുത്തതും കഴിച്ചു. 
ചിറ്റൻ വല വീശാൻ പോയിട്ട് ഒന്നും കിട്ടിയില്ല എന്ന് പറഞ്ഞ് വന്നു. അടവി അത് വാങ്ങി വീശിയിട്ട് കിട്ടിയത് എന്തൊക്കെയോ പൊടിൻ മീൻ മാത്രമാണ് . എല്ലാത്തിനേയും വാരി പാടത്തെറിഞ്ഞു. 



സ്ഥിരം കത്തി വെപ്പ്, അവരെ വിളിക്കുന്നില്ല എന്ന് പറഞ്ഞ് രണ്ടവന്മാരുടെയും വക ചെവി പൊട്ടുന്ന തരത്തിൽ ഉള്ള കുറെ തെറി . പൊറ്റയുടെ പുതിയ പ്രണയം അങ്ങനെ കുറെ കാര്യങ്ങൾ എന്തൊക്കെയോ പറഞ്ഞ് ഒരു മണിക്കൂറോളം അവിടെ നിന്നു. പിന്നീട് അതിലെ പോയ ഒരു കാർ തടഞ്ഞ് നിർത്തി ചാടി കയറി കിടങ്ങറയിൽ എത്തി ആദ്യത്തെ ബസ്സിന് ആലപ്പുഴയിലേക്ക് !! 


എനിക്ക് പുറകിൽ അപ്പോൾ മഴ വീണ്ടും ഘനം വെച്ച് തുടങ്ങിയിരുന്നു. 

 നീണ്ട ജലപ്പരപ്പുകളാണ് ഇപ്പോഴും ആവേശം . ഇരു കരകളും അടുത്ത കാണവുന്ന കാഴ്ചകൾക്കും അപ്പുറം കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കായലിന്റെ , കായലിന്റെ അക്കരയിൽ കാണുന്ന ഉയർന്ന തെങ്ങുകളുടെ കാഴ്ചകൾ , അതിനും പുറകിലെ പച്ച പാടങ്ങൾ , കായലിനും പാടത്തിനും മേലെ പെയ്യുന്ന മഴ ഇവയെല്ലാമാണ് കൂടുതലും ഇഷ്ടം.  പക്ഷേ ഈ യാത്രയുടെ അവസാനം, അതു വരെ കണ്ട ഓരോ കാഴ്ചയും ഓരോ ഫ്രെയിമായി മനസ്സിൽ എടുത്ത് നോക്കിയപ്പോൾ ആണ് മനസ്സിലായത്  കായലോളം തന്നെ ഭംഗി ഉണ്ടായിരുന്നു പമ്പയാറിൽ കൂടി ഉള്ള ഈ യാത്രക്കും . പ്രത്യേകിച്ചും മഴ പമ്പയാറിന് നൽകിയ സൗന്ദ ര്യം മറ്റൊന്നായിരുന്നു.  മാത്രമല്ല എന്റെ സ്വന്തം നാട്ടിൽ  ഇനിയും ഒരുപാടു ജലപഥങ്ങൾ കാണാൻ ബാക്കി ഉണ്ട്  എന്ന തിരിച്ചറിവും കൂടിയായിരുന്നു തകഴിയിൽ നിന്നും പുളിങ്കുന്നു വരെ ഉള്ള ഈ ബോട്ട് യാത്ര എനിക്ക് തന്നത്. 

ഇനിയും ഇതേ വഴി വന്ന് പോവാം . അധികം ശബ്ദങ്ങൾ ഒന്നും ഉണ്ടാവില്ല എന്നുറപ്പുള്ള അവധി ദിനങ്ങളിൽ  വെറുതെ ബോട്ടിന്റെ കൈവരിയിൽ തല ചായച്ച് വെച്ച് പമ്പയുടെ ഓളങ്ങൾ കണ്ട് വെറുതെ കാറ്റ് കൊള്ളാൻ വേണ്ടി മാത്രം ഇനിയും ഇതു പോലെ ആരേയും അറിയിക്കാതെ ഒരു യാത്ര പോവണം . 

Tuesday, December 4, 2012

നടവഴികള്‍ - പുളിങ്കുന്ന്


പൂതത്തിനെ  വിളിച്ചു പറഞ്ഞു ആദ്യം കിട്ടുന്ന വണ്ടിക്കു പുളിങ്കുന്നിനു പോരാന്‍ .  പുളിങ്കുന്നില്‍ വന്നാല്‍ ഉള്ള കലാപരിപാടി എന്തൊക്കെ ആണെന്ന് അറിയാവുന്നത് കൊണ്ട് അവന്‍ കുളിക്കാന്‍ പോലും നിന്നില്ല . 
പുളിങ്കുന്ന്  ആറ്റിലെ വള്ളം കളി .
അനിയന്റെ ഫേസ് ബുക്കില്‍ നിന്നും കിട്ടിയത്



പുളിങ്കുന്നിന്റെ പ്രത്യേകത പലതാണ് . കുടുംബ വീടിനു വാതില്‍ക്കലെ തോട്. പരിസരത്തുള്ള നാലോളം ഷാപ്പുകള്‍ ,  ആമ വറുത്തതും കള്ള് ഒഴിച്ചുണ്ടാക്കിയ അപ്പവും  കുരുമുളകിട്ടു മൂപ്പിച്ച താറാവ് റോസ്റ്റും.... ഭക്ഷണ വിഭവങ്ങളുടെ ലിസ്റ്റ് കുറെ ഉണ്ട്  .. ഷാപ്പിലെ കള്ള് വേണ്ടെങ്കില്‍ ഏതേലും  ചെത്തുകാരന്റെ വീട്ടില്‍ പോയി വാങ്ങിക്കുകയും ചെയ്യാം .  അവിടെ ഏതു വീട്ടിലും നല്ല മുളകിട്ട മീന്‍ കറിയുണ്ടാവും....
ഞാനും മത്തായിയും തകഴിയില്‍  നിന്നും കിഴക്കോട്ട് യാത്ര തുടങ്ങി .



തകഴി പാലം ഇറങ്ങിക്കഴിഞ്ഞാലും റോഡിനു ഇരുവശവും പാടങ്ങള്‍  ആണ്. കുറച്ചു മുമ്പോട്ടു ചെന്നാല്‍ ഉള്ള സ്ഥലമാണ് പച്ച .  പച്ച  പച്ചയായ ഒരു ഗ്രാമം തന്നെ ആണ് . റോഡരികിലൂടെ പോവുമ്പോള്‍ രണ്ടു വശത്തും നെല്‍ വയലുകള്‍ കാണാം . ഉള്പ്രദേശങ്ങളെ കുറിച്ച് എനിക്ക് വലിയ അറിവ്  ഇല്ല . ചെറു പ്രായത്തില്‍ അമ്പലപ്പുഴയില്‍ നിന്നും എത്തിപ്പെടാവുന്ന ദൂരത്തിനും അപ്പുറത്തായിരുന്നു ഈ സ്ഥലം .    ഒരു ഗ്രാമ പ്രദേശത്ത് കൂടെ തന്നെ ആണ് റോഡു കടന്നു പോവുന്നത് . പോവുന്ന വഴിയില്‍ ഒരു ഹോസ്പിറ്റലും നഴ്സിംഗ് കോളേജും മാത്രമാണ് ശ്രദ്ധിക്കപ്പെടാന്‍ മാത്രം വലിപ്പമുള്ള കെട്ടിടം എന്ന് തന്നെ പറയാം. നല്ല വീടുകള്‍ ഒരുപാടെണ്ണം പൊങ്ങി വന്നിട്ടുണ്ട് ഈ വഴിക്കിരുവശവും . 
                                                പച്ചക്കും കിഴക്കാണ് എടത്വ . എടത്വ എത്തുന്നതിനു മുമ്പ് തന്നെ എടത്വ കോളേജ് കാണാം . വിശാലമായ ക്യാമ്പസ്‌ ഉണ്ട്  കോളേജിന് . റോഡില്‍ നിന്നും അകലെയായി കോളജിന്റെ  കെട്ടിടങ്ങള്‍ കാണാം . മത്തായിയുടെ പ്രണയിനിയും അയല്‍ക്കാരിയും ഇപ്പോള്‍ ഏതോ പട്ടാളക്കാരന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ പെണ്‍കുട്ടി പഠിച്ചിരുന്നത് ഈ കോളേജില്‍ ആയിരുന്നു . ഞാനും മത്തായിയും കൂടി അവളെ കോളേജില്‍ നിന്നും വരുന്ന വഴിതകഴി പാലത്തില്‍ പിടിച്ചു നിര്‍ത്തിയാണ് മത്തായിയുടെ പ്രണയം വെളിപ്പെടുത്തിയത് . അതൊരു നീണ്ട കഥ ആണ് . പിന്നെ പറയാം .

                                            എടത്വയിലെ പള്ളി പ്രസിദ്ധമാണ് . ഇരുനൂറു കൊല്ലത്തില്‍  കൂടുതല്‍ പഴക്കം ഉണ്ട് ഈ  പള്ളിക്ക് . ബ്ലെസ്സിയുടെ കാഴ്ച എന്ന സിനിമയില്‍ കാണിക്കുന്നത് എടത്വ പള്ളിയാണ് . പള്ളിയുടെ മുറ്റത്തേക്ക് കടക്കുന്നത്‌ ഒരു തടി പാലം കയറി വേണം . ആ പാലത്തിലൂടെ ബസ്സ്‌ വരെ കയറി പോവും എന്നുള്ളതാണ് അമ്പരപ്പിക്കുന്നത് . പള്ളിയുടെ മുറ്റത്ത് തന്നെ ഒരു ഹയര്‍ സെക്കന്ററി സ്കൂള്‍ ഉണ്ട് .

                                                  എടത്വയില്‍ നിന്നും പിന്നെയും മുന്നോട്ട്. കുറച്ചു ദൂരം പോയിക്കഴിഞ്ഞാല്‍ ഒരു പാലമെത്തും . ആ പാലത്തിലൂടെ നേരെ പോവുകയാണെങ്കില്‍ തിരുവല്ലയിലേക്ക് എത്തിച്ചേരാം. ആ പാലത്തിന്റെ ഇടതു വശത്ത് കൂടെ താഴേക്കു പോവുന്ന റോഡിലൂടെ പോയാല്‍ ചക്കുളത്ത് കാവിലെത്താം . ചക്കുളത്ത് കാവില്‍ ഒരിക്കല്‍ മാത്രം പോയിട്ടുണ്ട് . അത് മത്തായിയുടെ കൂടെ തന്നെ ആയിരുന്നു . ഒരു ദിവസം രാവിലെ 5 മണി ആയപ്പോള്‍ അമ്പലപ്പുഴയില്‍ നിന്നും ചക്കുളത്ത് വരെ വന്നു തൊഴുതു .   ഞാന്‍ പെട്ടെന്ന് തൊഴുതിട്ടു ഇറങ്ങി .മത്തായി തൊഴുതു തൊഴുതു ദൈവങ്ങളെ എല്ലാം വെറുപ്പിച്ചിട്ടാണ് ഇറങ്ങിയത്‌ . അവന്‍ പണ്ടേ അങ്ങനെയാണ് . അമ്പലത്തില്‍ പോയാല്‍ ശാന്തിക്കാരനെയും സഹായത്തിനു  നില്‍ക്കുന്നവനെയും കൊണ്ടു മാത്രമല്ല അകത്തു ശ്രീകോവിലിനുള്ളില്‍ ഇരിക്കുന്ന ദേവനെകൊണ്ടും  ഉപദേവന്മാരെ കൊണ്ടു വരെ സ്വന്തം തന്തക്കു വിളിപ്പിക്കും ...അമ്മാതിരി പ്രാര്‍ഥനയാണ് അവന്റെത്‌ .   


ചക്കുളത്ത് നിന്നും നിന്നും പിന്നെയും മുമ്പോട്ട്‌ പോവുമ്പോള്‍ കിടങ്ങറയിലേക്ക് എത്താം . കിടങ്ങറയിലേക്കുള്ള  വഴിക്ക് ഇരു വശവും പാടങ്ങളും തോടുകളും തന്നെയാണ് . കുട്ടനാടിന്റെ ഒരു ഭാഗം തന്നെയാണ് കിടങ്ങറക്കുള്ള വഴികള്‍  . ആ ഭംഗി ആ പ്രദേശങ്ങള്‍ക്ക് ഉണ്ട് താനും . ചെറിയ ഷാപ്പുകളും  തോടും വരമ്പുകളും പാടങ്ങളും കൊറ്റികളും രാത്രി സമയത്ത് പാടങ്ങളില്‍ നിന്നു കേള്‍ക്കുന്ന തവളയുടെ കരച്ചിലും എല്ലാം . ... അനുഭവിക്കാനും രുചിക്കാനും ഒരുപാടുണ്ട് ഇനിയും ഈ ഗ്രാമങ്ങളില്‍...  . ഇതിലെ പോവുന്ന ഓരോ തവണയും ഏതെങ്കിലും വ്യത്യസ്തമായത് കാണുവാനോ രുചിക്കാനോ ശ്രമിക്കാറുണ്ട് .




കിടങ്ങറക്ക്‌ പോവുന്ന വഴി എടുത്ത ഫോട്ടൊ 


കിടങ്ങറയില്‍ എത്തിയ ഞങ്ങള്‍ നേരെ വലത്തേക്ക് തിരിഞ്ഞു പാലം കയറി ഇറങ്ങി . കുട്ടനാട്ടിലെ വലിയ പാലങ്ങളില്‍ ഒന്നാണ് കിടങ്ങറ പാലം . കിടങ്ങറ പാലം ഇറങ്ങി നേരെ പോവുകയാണെങ്കില്‍ ചങ്ങനാശേരിയില്‍ എത്താം . ഞങ്ങള്‍ പാലം ഇറങ്ങി ആദ്യം കാണുന്ന ഇടതു വശത്തേക്കുള്ള റോഡിലൂടെ നേരെ വിട്ടു . വീണ്ടും പാടങ്ങള്‍ ...അതും രണ്ടറ്റവും കാണാന്‍ പോലും പറ്റാത്ത അത്രയും വിസ്താരമുള്ള പാടങ്ങള്‍ക്കു നടുവിലൂടെയാണ്‌ റോഡ്‌ . കുറെ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ റോഡു രണ്ടായി പിരിയും . ഒന്ന് കണ്ണാടിയിലെക്കും മറ്റൊന്ന് ചിങ്ങവനത്തേക്കും പോവുന്നത്. 

ചിങ്ങവനത്തേക്ക് പോവുന്ന റൂട്ടില്‍ ആണ് തട്ടയില്‍ ഷാപ്പ്‌ . ഒരിക്കല്‍ കയറിയിട്ടുണ്ട് കുറെ ഭക്ഷണം  കഴിക്കുകയും ചെയ്തു അന്ന്. , താറാവ്പറവ അങ്ങനെ എന്തൊക്കെയോ...   അവിടുന്ന് കിട്ടുന്ന കള്ളിനെക്കളും ഭക്ഷണത്തേക്കാളും എനിക്കിഷ്ടപ്പെട്ടത് ആ ഷാപ്പ്‌ ഇരിക്കുന്ന സ്ഥലവും അതിന്റെ പരിസരവും എല്ലാം ആണ് . വലിയ ഒരു പാടത്തിനു നടുവിലൂടെ പോവുന്ന റോഡിനരികില്‍ ആണ് ഷാപ്പ്‌ . ഷാപ്പിനെ നിര്‍ത്തിയിരിക്കുന്നത് പാടത്ത് നാട്ടിയ തൂണുകള്‍ക്കു മുകളില്‍ ആയാണ്.  മുമ്പിലും പിന്നിലും പാടശേഖരം . വെള്ളം നിറഞ്ഞു  കിടക്കുന്ന പാടത്ത് ഷാപ്പില്‍ നിന്നോണ്ട്‌ തന്നെ ചൂണ്ട ഇട്ടു മീന്‍ പിടിക്കാം ........





തട്ടയില്‍ ഷാപ്പ്‌ 
                           
ഞങ്ങള്‍ കണ്ണാടിക്കു തിരിച്ചു . കുറച്ചു കൂടി ചെന്നപ്പോള്‍ അങ്ങ് ദൂരെയായി പാടങ്ങള്‍ക്ക് നടുവിലായി  തുരുത്ത് പോലെ , അടവിയുടെയും മട്ടിന്റെയും പൊറ്റയുടെയും വീടുകള്‍ കാണാം .   
                                                    

 

2007 ഡിസംബറില്‍ തകഴിയില്‍ നിന്നും കിടങ്ങറയിലേക്ക് 
പോവുമ്പോള്‍  എടുത്ത ഫോട്ടോ 


 
പുളിങ്കുന്ന് ആറ്റിലെ കടത്ത് വള്ളം 
                                                    ഒരു പത്ത് കൊല്ലം മുമ്പ് വരെ പുളിന്കുന്നിലേക്ക് പോയി തിരികെ എത്തുക എന്ന് പറഞ്ഞാല്‍ എന്തോ വലിയ സംഭവം പോലെ ആയിരുന്നു . 
പുളിങ്കുന്ന് ആറിന്റെ കരയില്‍ വരെ ബസ്സ്‌ കിട്ടും. ഇപ്പോള്‍ ജങ്കാര്‍ സര്‍വ്വീസ് ഉണ്ട് . അതിനോടൊപ്പം തന്നെ കടത്ത് വള്ളവും ഉണ്ട് . ജന്കാര്‍ ഓരോ തവണയും പോയി തിരികെ വരുവാന്‍ ഇരുപതു മിനിട്ട് വരെ സമയം എടുക്കും . കാത്തു നില്ക്കാന്‍ സമയം ഇല്ലാത്തവര്‍ കടത്ത് വള്ളമാണ് ആശ്രയിക്കുക .   അന്ന് ആകെ ഉണ്ടായിരുന്നത് കടത്ത് വള്ളം മാത്രം ആണ് .  കടത്ത് ഇറങ്ങി  അവിടെ നിന്ന് കണ്ണാടിയിലെ  വീട്ടിലേക്ക് ചെല്ലാനും പോരാനും പിന്നെയും വള്ളം കേറി യാത്ര ചെയ്യണം . അല്ലെങ്കില്‍ നാലഞ്ചു കിലോമീറ്റര്‍ ദൂരം തോടിനരികിലൂടെ നടക്കണം. വീട്ടിലെത്തുന്നതിനു മുമ്പ് ഒരിക്കല്‍ എങ്കിലും നമ്മള്‍ ചെളിയില്‍ തെന്നിയിരിക്കും . ഭാഗ്യമുണ്ടെങ്കില്‍ ചെളിയില്‍ തെന്നി തോട്ടിലേക്ക്  വീണെന്നും വരാം. കുറച്ചു വര്‍ഷങ്ങളെ 
ആയുള്ളൂ  കണ്ണാടി വഴി റോഡു വന്നിട്ട് .മുമ്പ് തോട് ആയിരുന്നിടത്ത് ഇപ്പോള്‍  ബസ്സോടുന്ന റോഡാണ് .


പുളിങ്കുന്നിലെ ജങ്കാര്‍ സര്‍വ്വീസ് 

എന്റെ മേല്‍ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്ന  നിയന്ത്രണം ബന്ധു വീടുകളിലേക്കുള്ള  യാത്രകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട് എന്നത് സത്യമാണ്. അത് കൊണ്ടാവാം പുളിങ്കുന്നിലേക്ക് കുട്ടിക്കാലത്ത് വല്ലപ്പോഴുമൊക്കെയേ വന്നിട്ടുള്ളൂ .  അമ്പലപ്പുഴക്ക്‌ പോയിരുന്നത് പോലും അപൂര്‍വ്വമായിരുന്ന സമയത്ത് പുളിങ്കുന്നിലേക്കുള്ള   യാത്രകളെ ഞാന്‍ ആഗ്രഹിച്ചിട്ടു കൂടി ഇല്ല . അവിടെക്കുള്ള  യാത്രകള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളകള്‍ ഉണ്ടായിരുന്നു  . ഒരു ബന്ധുവിന്റെ വിവാഹത്തിന് മാത്രം അവിടെ മൂന്നു രാത്രികള്‍ ഉറങ്ങി . അല്ലാതെ ഒരിക്കലും ഒരു ദിവസത്തില്‍ കൂടുതല്‍ അവിടെ നിന്നിട്ടില്ല . മാത്രമല്ല  പോവുന്നതും വരുന്നതും എല്ലാം മുതിര്‍ന്ന ആരുടെയെങ്കിലും കൂടെ ആയിരിക്കുകയും ചെയ്യും .  ആ സമയത്ത്  അവിടേക്ക് പോവാനും കാണാനും എനിക്ക് അറിയാവുന്നവര്‍ അല്ലെങ്കില്‍ കൂട്ടുകാരായിട്ട് ആരും ഇല്ലായിരുന്നു . അടവിയും കച്ചിയും എന്നും അവിടെ ഉണ്ടായിരുന്നു എങ്കില്‍ കൂടിയും എനിക്ക് മേല്‍ ഉണ്ടായിരുന്ന പെരുമാറ്റ ചട്ടങ്ങള്‍ അവരുടെ വികൃതികള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സമ്മതിച്ചിരുന്നില്ല . വല്ലപ്പോഴും കാണുന്നവനായ എന്നോട് അവര്‍ക്കും അന്ന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു . പക്ഷെ അവിടെ പോയപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍  എല്ലാം രസകരം ആയിരുന്നു .


  ആദ്യമൊക്കെ പുളിങ്കുന്നില്‍ ചെല്ലുന്ന കാലത്ത് എല്ലാവരും കൂടി തൊട്ടരികില്‍ കുടുംബ വീട്ടിലായിരുന്നു താമസം .

                             അടവി ഇന്നത്തെത് പോലെ തന്നെ അന്നും സംഭവം ആയിരുന്നു . അവന്‍ തല്ല് വാങ്ങിച്ചു കൂട്ടാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല  . അവനെ തല്ലാന്‍ ആണെങ്കില്‍ ആര്‍ക്കും ഒരു മടിയും ഇല്ലതാനും . അത്രയ്ക്കുണ്ട് കയ്യിലിരിപ്പിന്റെ ഗുണം . എനിക്കാണേല്‍ വീട്ടില്‍ നിന്നു പോരുമ്പോള്‍ "എന്തേലും അലമ്പുണ്ടാക്കി എന്നറിഞ്ഞാല്‍ തല്ലി കൊന്നു കളയും" എന്നുള്ള അച്ഛന്റെ ഭീഷണി ആയിരുന്നു എന്ത്‌ ചെയ്യാന്‍ ഒരുങ്ങുമ്പോഴും  ഓര്‍മ്മ വന്നിരുന്നത് .                                         

വീടിനു  മുമ്പിലെ  തോട് . ഈ തോട്ടിലൂടെ സര്‍ക്കാരിന്റെ
 വക ബോട്ട് സര്‍വ്വീസ്  ഉണ്ടായിരുന്നു . 
 സര്‍ക്കാര്‍ സര്‍വീസ് ബോട്ട് പോവുന്ന രണ്ടാള്‍ക്ക്‌ മേല്‍ ആഴമുള്ള തോട്ടില്‍ ഒരു വയസ്സിന്റെ ഇളപ്പമുള്ള അനിയന്‍ അടവി ചാടി മറിഞ്ഞു കുളിക്കുന്നത് അന്ന് നീന്തലറിയാത്ത എനിക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളൂ . വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട് അവനോട്  ആ കാര്യത്തിന്. 
ഒരിക്കല്‍ അടവിയുടെ കൂടെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങി നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങിപ്പോയി , കുറെ വെള്ളം കുടിച്ചു , ശ്വാസം എവിടെയോ നഷ്ടപ്പെട്ടത് പോലെ തോന്നി .... എങ്കിലും എങ്ങനെയോ കയ്യും കാലും ഇട്ടടിച്ചു തിരികെ കേറി . അന്ന് നെഞ്ചിലൂടെ ഒരു ഇടിമിന്നല്‍  പാഞ്ഞു പോയ പോലെ തോന്നിയിരുന്നു . മരണം മുന്നിലെത്തിയത് പോലെ... അടുത്ത ദിവസം രാവിലെ  അടവിയും കച്ചിയും തോട്ടില്‍ നീന്തുന്നത് വെറുതെ നോക്കി നിന്ന ഞാന്‍ മറിഞ്ഞടിച്ചു  വെള്ളത്തില്‍ വീണു . അന്നും വെള്ളം കുടിച്ചു . പക്ഷെ ആദ്യം തോന്നിയ അത്രയും ഭയം തോന്നിയില്ല . തലേന്നത്തെ അനുഭവം ധൈര്യം തന്നത് കൊണ്ടാവാം . രണ്ടു തവണയും ആരുടേയും സഹായം കൂടാതെ തന്നെ കരക്ക്‌ കയറി . വീട്ടിലേക്ക് പോരുമ്പോള്‍ എങ്ങനെയും നീന്തല്‍ പഠിക്കണം എന്നുള്ളത് പ്രതിജ്ഞ ആയിരുന്നു .  വീടിനു കിഴക്ക് വശം വിശാലമായ കായല്‍ ഉണ്ടായിരുന്നിട്ടും അഴമുള്ളിടത്ത് നീന്താന്‍ കഴിയില്ല എന്നുള്ളത് ഒരു പോരായ്മ ആയിരുന്നു അന്ന് വരെ.


പുളിങ്കുന്ന് - ഒരു മഴക്കാലത്ത്  




ഒരിക്കല്‍ ഒരു മഴക്കാലത്ത് പുളിങ്കുന്നില്‍ എത്തിയിട്ടുണ്ട് . മുടി മുതല്‍ കാല്‍പാദം വരെ നനഞ്ഞു മഴയുടെ താളത്തിനൊപ്പം നനഞ്ഞു കുതിര്‍ന്നു ഒരു വരവ് . മഴക്കാലത്ത് കുട്ടനാട്ടില്‍ കാണാന്‍ പലതുമുണ്ട് .  പച്ചപ്പിനു മുകളില്‍ വെള്ളം വീഴുന്നതും ആകാശത്ത് നിന്നും ഭൂമിയിലേക്ക്‌ വരച്ച നേര്‍ത്ത വരകള്‍ പോലെ തോടുകളുടെയും കായലിന്റെയും മുകളില്‍ വെള്ളം വന്നു വീഴുന്നതും ചാറ്റ മഴയ്ക്കൊപ്പം ഉള്ള കാറ്റില്‍ നെല്‍ ചെടികള്‍ ചെറുതായി ആടുന്നതും പാടവര‍മ്പുകള്‍ നനയുന്നതും കണ്മുന്നില്‍ വെള്ളം പൊങ്ങുന്നതും എല്ലാം കുട്ടനാട്ടിലെ മഴക്കാല കാഴ്ചകള്‍ ആണ്.

അതെ സമയം ജീവിതം ദുരിതവും . വീടിനു മുമ്പിലും കൃഷിയിടത്തിലുമെല്ലാം വെള്ളം കയറി നിറഞ്ഞു മട വീഴുമോ എന്നുള്ള പേടിയില്‍ , മഴയില്‍ കൃഷി മുങ്ങി പോവുമോ എന്നുള്ള പേടിയില്‍ ഒക്കെ ആണ് കുട്ടനാട്ടുകാരുടെ മഴക്കാല ജീവിതം .



 ഞാനും മത്തായിയും നേരെ ചെന്നു കേറിയത്‌ പൊറ്റയുടെ വീട്ടിലേക്ക്.  അതിന് അപ്പുറത്തായി അടവിയുടെ വീട് . അടവിയുടെ വീട്ടില്‍ നിന്നും ഒരു കള്ളി മുണ്ടും എടുത്തുടുത്തു നേരെ കുടുംബ വീട്ടിലേക്ക് . എല്ലാവരെയും കണ്ടു ഹാജര്‍ വെച്ചു. വന്നിട്ടുണ്ട് എന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി കഴിഞ്ഞപ്പോള്‍ പുറത്തേക്ക് ഇറങ്ങി . തിരികെ റോഡരികില്‍ എത്തി അല്പം കഴിഞ്ഞപ്പോള്‍ പുളിങ്കുന്ന് ജങ്കാറിനരികില്‍  പൂതം  എത്തിയിട്ടുണ്ട് എന്നറിഞ്ഞു  കച്ചി വണ്ടിയുമെടുത്ത് പൂതത്തിനെ വിളിച്ചു കൊണ്ട് തിരികെ വന്നു .



അടവിയോടും കൂട്ടരോടും ഒപ്പമുള്ള ഷാപ്പില്‍ പോക്ക് ,  കുറച്ചു കള്ള് കുറെ അധികം കുട്ടനാടന്‍ ഭക്ഷണംഏതേലും തോട്ടിലൂടെ കുറച്ചു ദൂരം വള്ളം തുഴയല്‍,  തോട്ടരികിലൂടെപാടവരമ്പിലൂടെ ഉള്ള നടത്തം ഇതൊക്കെയാണ് ഇപ്പോള്‍ പുളിങ്കുന്നിലേക്കുള്ള  യാത്രകള്‍ക്ക് ഹരം പകരുന്നത് . 



ഉച്ചക്കുള്ള ഭക്ഷണം ഏതോ വീട്ടില്‍ കേറി തിന്നും ബോട്ട് പുരയില്‍ കിടന്ന ബോട്ടിന്റെ മുകളില്‍ കേറി കിടന്നു മയങ്ങിയും വെറുതെ  അങ്ങോട്ടുമിങ്ങോട്ടും കറങ്ങി  നടന്നും പഴയ ഒറ്റത്തടി പാലത്തില്‍ നിരന്നിരുന്നും  സമയം കളഞ്ഞു . വൈകുന്നേരം ആയപ്പോള്‍ മത്തായി വീട്ടിലേക്കു പോയി.  ഞാനും പൂതവും പിറ്റെന്നത്തെക്ക് പോവാം എന്ന് തീരുമാനിച്ച്  അവിടെ നിന്നു . നേരം ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ എല്ലാ അവന്മാരും വീണ്ടും ഒരുമിച്ചു കൂടി . 


                                  എന്നെയും ബാക്കി ഉള്ളവരെയും കൊണ്ട് പോയത് വ്യാസപുരം ഷാപ്പിലെക്കായിരുന്നു . ഈ ഷാപ്പ്‌ നില്‍ക്കുന്നത് തോടിന്റെ മറുകരയില്‍ ആണ് . ഷാപ്പിന്റെ മറ്റൊരു വശത്ത് കൂടി ചെറിയ ഒരു തോട് കൂടി ഒഴുകുന്നുണ്ട് . മറ്റു രണ്ടു വശങ്ങളും  പാടമാണ്. പാടവരമ്പിലൂടെ നടന്നു വേണം ഷാപ്പിലേക്ക് എത്താന്‍ . നല്ല ഭക്ഷണം .
കള്ളുകുടം...



കുറച്ചു നാളുകള്‍ക്കു മുമ്പ് അടവിക്കു ഒരു കാമുകി ഉണ്ടായിരുന്നു .   തോടിനരികിൽ തന്നെ ആയിരുന്നു ആ പെണ്‍കുട്ടിയുടെ വീട്.  ഈ ഷാപ്പിനു എതിര്‍വശത്ത് തോടിനരികില്‍ എന്നെ നിര്‍ത്തി അല്പം കൂടി മുന്നോട്ടു മാറി തോടിന്റെ കരയില്‍ തന്നെ അവനെ കാത്തു  നിന്ന  കാമുകിയോട് സംസാരിക്കാന്‍ അടവി അങ്ങോട്ട്‌ പോയി .വേറെ ഒന്നും ചെയ്യാനില്ലാത്ത  തോടിന്റെ ഭംഗിയും ആഴവും വെള്ളവും എന്നൊക്കെ ആലോചിച്ചു ഞാൻ കുറെ നേരം തൊട്ടരികില്‍ ഇരുന്നു . വളരെ റൊമാന്റിക് ആയ സ്ഥലവും സമയവും ....  ഏതോ തേങ്ങ വീണു വെള്ളം തെറിച്ച ശബ്ദം ഉണ്ടായതല്ലാതെ ബാക്കി  എല്ലാം നിശബ്ദം ആയിരുന്നു.    കുറച്ചധികം സമയം കഴിഞ്ഞിട്ടും  അവനെ കാണാത്തത് കൊണ്ട്  ചെന്നു നോക്കിയപ്പോള്‍  അവിടെ അവനും ഇല്ല കാമുകിയും ഇല്ല  . തോട്ടരികിലൂടെ തലയും ചൊറിഞ്ഞു തെക്ക് വടക്ക്  നടക്കുന്ന എന്നെ കണ്ടിട്ടാവണം അക്കരെ ഷാപ്പില്‍ നിന്നും അന്ന് രാവിലെ പരിചയപ്പെട്ട ചെത്തുകാരന്‍ ചേട്ടന്‍ "അടവിയെ ആണോ നോക്കുന്നെ ?" എന്ന് വിളിച്ചു ചോദിച്ചത് .



കുട്ടനാട്ടില്‍ എവിടെയോ വെച്ച് എടുത്ത ചിത്രം .
എവിടെ വെച്ച് എന്ന് ഓര്‍ക്കുന്നില്ല 

  
  അതിലെ വള്ളവും കൊണ്ട് പോയ ഒരു ചേട്ടന്‍ തോടിന്റെ മറുകരയില്‍ എത്താന് സഹായിച്ചു . ‍  ഷാപ്പില്‍ ചെന്നപ്പോള്‍ അടവി നനഞ്ഞു കുളിച്ചിരുന്നു കള്ള് കുടിക്കുന്നു .  വെള്ളത്തില്‍ തേങ്ങ വീണതെന്ന് കരുതിയ ശബ്ദം അവന്‍ വെള്ളത്തില്‍ ചാടിയതായിരുന്നു എന്ന് അപ്പോളാണ് മനസ്സിലായത്‌. കാമുകിയോട് സംസാരിക്കാന്‍ പോയവന്‍ എന്തോ പറഞ്ഞു അവളുമായി ഉടക്കി . വഴക്ക് കൂടിയതിന്റെ സങ്കടം തീര്‍ക്കാന്‍ തോട്ടില്‍  ചാടി നീന്തി   ഷാപ്പില്‍ കേറി കടം പറഞ്ഞു കള്ള് കുടിച്ചു കരയുന്ന അടവിയുടെ രൂപം ആണ് ഈ ഷാപ്പ്‌ കാണുമ്പോള്‍ എപ്പോളും ഓര്‍മ്മ വരുന്നത് . വേറെ ഒന്ന് കൂടി ഉണ്ട് . പിന്നൊരിക്കല്‍ ഒരു പോസ്റ്റ്‌ ആയിട്ട് പറയാം )              

                           എല്ലാ പ്രണയങ്ങള്‍ക്കും സംഭവിക്കുന്നത്‌ പോലെ തന്നെ  , അടവിയുടെ പ്രണയവും നിറം മങ്ങി നര  ബാധിച്ചു ഇല്ലാതെയായി . വേറെ ആരെയോ വിവാഹം കഴിച്ചു ആ പെണ്‍കുട്ടി കുടുംബിനി പട്ടം നേടി  . പക്ഷെ തിരിച്ചു കിട്ടാത്ത ഒരു വസന്തം പോലെ അടവി ഇപ്പോളും ആ സമയത്തെ കുറിച്ച് പറയാറുണ്ട്


പഴയ കാമുകിയെ കുറിച്ചുള്ള ഓര്‍മ്മകളും പണ്ടെങ്ങോ സംഭവിച്ച കുറെ തമാശകളും ... രാത്രി ഭക്ഷണം ... ഏതോ സമയത്ത് ഉറക്കം...

നേരം വെളുത്തപ്പോള്‍  കിട്ടിയ ആദ്യത്തെ വണ്ടിക്കു പൂതം  വീട് പിടിച്ചു . തെങ്ങിന്‍ മുകളിലെ മാട്ടത്തിലെ കള്ള്ഷാപ്പിലെ വറ്റ  കറിയും പൊടിമീന്‍ വറുത്തതും എന്നൊക്കെ പറഞ്ഞു പ്രലോഭിപ്പിച്ചു അടവി എന്നെ പിടിച്ചു നിര്‍ത്തി . രാവിലെ തന്നെ തോട്ടിലെ കുളിയും കുടുംബ വീട് മുതല്‍ അടവിയുടെ വീട് വരെ പലയിടത്തു നിന്നുമായി ഫുഡ്‌ അടിയും മുറക്ക്  നടന്നു .
 പത്ത് മണിയായപ്പോള്‍ അമ്മ ഇങ്ങോട്ട് വിളിച്ചു ചൂടായി ...മുട്ടന്‍ കലിപ്പ് ....
   

  ഉച്ചക്ക് മുമ്പ് വീട്ടില്‍ വന്നില്ലേല്‍ ഇനി നീ ഇങ്ങോട്ട് വരണ്ട !!!!!

അമ്മയുടെ പ്രസ്താവന കേട്ട് ഞാന്‍ ഞെട്ടി . 

   
  
അതോടെ എല്ലാ പ്ലാനും മാറ്റി വെച്ച് പോവാന്‍ ഒരുങ്ങി . നേര്‍വഴി (പുളിങ്കുന്നില്‍ നിന്നും ബസ്സിനു പോകുവാണേല്‍ ഒരു മണിക്കൂര്‍ കൊണ്ട് വീട്ടിലെത്താം ) പണ്ടേ താല്പര്യം ഇല്ലാത്തത്  കൊണ്ടു  ആലപ്പുഴ വരെ ബോട്ടില്‍ പോവാം എന്ന് തീരുമാനിച്ചു . തട്ടാശ്ശേരിയില്‍ നിന്നും പന്ത്രണ്ടു മണിക്ക് ബോട്ട് ഉണ്ടെന്നു അറിയാമായിരുന്നു. അടവി കൂടെ വരാന്‍ ഇറങ്ങി .
 ഇനിയെന്നാ വരുന്നേ എന്നാ ചോദ്യത്തിനു എന്റെ ഉള്ളില്‍  ഉത്തരം തിരഞ്ഞു ഞാന്‍ മറുപടി പറയാതെ ഇറങ്ങി ... 


കണ്ണാടി വരെ നടന്നു . അവിടെ നിന്നും തട്ടാശ്ശേരിക്ക് ഷെയര്‍ ഓട്ടോ കിട്ടി . തട്ടശ്ശേരിയില്‍ ചെന്നിറങ്ങിയപ്പോള്‍ ആണ് കൂടെ ഉണ്ടായിരുന്ന ഒരു പ്രായമായ അമ്മൂമ്മ ഇപ്പോള്‍ വീണേക്കും എന്ന പോലെ നടക്കുന്നത്  കണ്ടത് . അടവിയും ഞാനും കൂടെ താങ്ങി പിടിച്ചു ഒരു കടയുടെ മുന്നില്‍ ഇരുത്തി . ആശുപത്രിയില്‍ കൊണ്ട് പോവാം എന്ന് പറഞ്ഞു എങ്കിലും വേണ്ട വെള്ളം മതി എന്നവര്‍ പറഞ്ഞു .  കുടിക്കാന്‍ സോഡാ നാരങ്ങാ വാങ്ങി കൊടുത്തു .  മകന്‍ ഇപ്പോള്‍ വിളിക്കാന്‍ വരും , മക്കള്‍ പൊയ്ക്കോ എന്നൊക്കെ അവര് പറയുന്നുണ്ടായിരുന്നു  എങ്കിലും അയാള്‍ ജങ്കാര്‍ ഇറങ്ങി നടന്നു വരുന്നത് വരെ ഞങ്ങള്‍ കൂടെ നിന്നു .

എല്ലാം കഴിഞ്ഞു ബോട്ട് ജെട്ടിയില്‍ എത്തിയപ്പോള്‍ ആലപ്പുഴക്കുള്ള ബോട്ട് അതാ അകന്ന് അകന്ന് പോവുന്നു .വിളിച്ചു കൂവിയിട്ട് കാര്യമില്ലല്ലോ ...ഓടി കേറാന്‍ ബോട്ട് ഓടുന്നത് റോഡിലും അല്ല.. അടുത്ത ബോട്ട് ഒന്നേകാലിനാണ് എന്ന് ജെട്ടിയിലെ കടക്കാരന്‍ പറഞ്ഞു .


ഡസ്പ് ...പൂര ഡസ്പ് ...

ജങ്കാര്‍  കയറി കാവാലം കടവില്‍ ഇറങ്ങി . ഏ ടി എമില്‍ നിന്നും കാശ് എടുത്തു . കടത്ത് വള്ളം കയറി തിരികെ ഇറങ്ങി  നേരെ തട്ടാശ്ശ്ശേരി ഷാപ്പിലോട്ടു കയറി.


(പുളിന്കുന്നിലെത് പോലെ തട്ടാശ്ശേരിയിലും ജങ്കാര്‍ സര്‍വ്വീസ് ആണ് , ഒരു കരയെ തട്ടാശ്ശേരി എന്നും മരുകരയെ കാവാലം എന്നും പറയും ).

ഒരു ഷാപ്പില്‍ നിന്നും കഴിച്ച  പൊടിമീന്‍ വറുത്തത് . 


നല്ല വറ്റ കറിയും പൊറോട്ടയും ... കറിക്ക് ഒടുക്കത്തെ എരിവ് .  ആ പഞ്ചായത്തിലെ മുഴുവന്‍ മുളകും ആ കറിയില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു .   എരിവ് മാറാന്‍ കള്ള് കുടിച്ചാല്‍ മതിയെന്ന് അടവിയുടെ ഭാഷ്യം .  ഷാപ്പില്‍ വെള്ളവും കിട്ടും , പക്ഷെ എല്ലാവരും കള്ളിനോട്  ആയിരിക്കും ആ സമയത്ത് താല്പര്യം കാണിക്കുക. സംശയം ഉള്ളവര്‍ക്ക് സ്വയം പരീക്ഷിക്കാവുന്നതാണ് !!!!

കാശ് കൊടുത്തു പുറത്തിറങ്ങി ബോട്ട് ജെട്ടിയില്‍ വന്നപ്പോള്‍ അടവിക്കു വിശക്കുന്നു എന്ന് പറഞ്ഞു . അവിടെ ഉള്ള  ഹോട്ടലില്‍ കയറി അവന്‍ ഊണ്  കഴിക്കാന്‍ തുടങ്ങി. നാല്പതു രൂപയ്ക്കു മീന്‍ കറിയും ഒഴിച്ച് കൂട്ടാനും എന്തൊക്കെയോ തോരനും ഒക്കെ ആയിട്ട് നല്ല സ്വയമ്പന്‍ ഊണ് ആയിരുന്നു എന്ന് അടവി പറഞ്ഞു . കണ്ടിട്ടും അങ്ങനെയാണ് തോന്നിയത് . ചില്ലലമാരയില്‍ ഇരുന്ന പഴമ്പൊരിയിലാണ് എനിക്ക് താല്പര്യം തോന്നിയത് . വറ്റക്കറിയുടെ എരിവു പോവാന്‍ വേണ്ടിയാണ് അത് കഴിച്ചത് . പഴത്തിന്റെ മധുരത്തില്‍ എരിവു അല്പം കുറഞ്ഞു എങ്കിലും ആ രുചി നാവിനെ അപ്പോഴും ത്രസിപ്പിച്ചിരുന്നു.

തിരികെ വീട്ടിലേക്കു പോവുന്നവഴി ബോട്ടില്‍
നിന്നും എടുത്ത ഫോട്ടോ 
  ഊണ് കഴിഞ്ഞു ക്ഷീണിച്ചു നേരെ ജെട്ടിയില്‍ വന്നിരുന്നു .   അടവി കരിങ്കല്ലിനു കാറ്റ് പിടിച്ചത് പോലെ എന്റെ കൂടെ ഇരി‍പ്പുണ്ടായിരുന്നു .  ഒരുത്തന്‍ നിന്ന് കരിമീന്‍ ചൂണ്ട ഇടുന്നു . ഒന്ന് രണ്ടെണ്ണം കിട്ടിയാല്‍ അവനിന്ന് കുശാല്‍ ആയി .


ബോട്ട് വന്നു , അടവിയോടു യാത്രയും പറഞ്ഞു ബോട്ടില്‍ കയറി ...... ബോട്ട് അകലുന്നതും നോക്കി അടവി കടവില്‍ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു .


തിരികെ വീട്ടിലേക്കു പോവുന്നവഴി ബോട്ടില്‍
നിന്നും എടുത്ത ഫോട്ടോ 
കായലില്‍ കാറ്റ് ചൂളമടിക്കുന്നത് പോലെ കേള്‍ക്കാം ചില സമയത്ത് ..... ഒരേ സമയം പല ദിശകളില്‍ നിന്നും കാറ്റ് വീശുന്നത് പോലെയും തോന്നാറുണ്ട് കായലിന്റെ മധ്യത്തില്‍ ...

ലിസ്സിയോ പള്ളി, പതിനാറായിരം ( പതിനാറായിരം പറ നെല്ല് വിതച്ചിരുന്നത് കൊണ്ട് ആ പേര് ) , വട്ടക്കായാല്‍ ... ബോട്ട് ആലപ്പുഴയിലേക്ക് ......


മുരിക്കന്‍ ജോസഫ്‌ പണിത പള്ളി. റാണി , ചിത്തിര തുടങ്ങിയ കായല്‍
പാടശേഖരങ്ങളുടെ അരികില്‍ ആണിത് നില്‍ക്കുന്നത്





ബോട്ടില്‍ അധികം ആള്‍ക്കാരൊന്നും ഇല്ലായിരുന്നു .  കാഴ്ചകള്‍ കാണാന്‍ ഉള്ള സൌകര്യത്തിനു  വേണ്ടി ഒരു സൈഡ് സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു . യാത്രക്കാരില്‍ ഭൂരി ഭാഗവും ഉറക്കമാണ് . അല്ലെങ്കില്‍ ഉറങ്ങാന്‍ ഉള്ള ശ്രമത്തിലും . സ്ഥിരം യാത്രക്കാര്‍ക്ക് കാറ്റും കായല്പരപ്പും ഒന്നും വലിയ കാര്യമല്ല .



കായലിനും അപ്പുറം പച്ച വിരിച്ചു പാടശേഖരങ്ങള്‍ . കുട്ടനാട് ഒരുകാലത്ത്  നെല്ലറ ആയിരുന്നു.കായലിനെയും കായലില്‍ നിലം ഉയര്‍ത്തി കൃഷി നടത്തിയിരുന്നവരെയും കുറിച്ച്  കഥകള്‍ ഒരുപാടുണ്ട് . 


 കായല്‍ രാജാവ് മുരിക്കന്‍ ജോസഫിനെ കുറിച്ചെല്ലാം അറിവ് കിട്ടിയിട്ട് അധികം നാളായിട്ടില്ല എങ്കിലും ഓര്‍മ്മ വെച്ച നാള്‍ മുതല്‍ കേള്‍ക്കുന്ന പേരുകള്‍ ആണ് കായല്‍ നിലങ്ങള്‍ ആയ റാണിചിത്തിര ആര്‍ ബ്ളോക്ക്‌ മാര്‍ത്താണ്ഡം എന്നൊക്കെ . ഇന്നും നാട്ടില്‍ നിത്യവും ആര്‍ ബ്ളോക്കില്‍ ജോലിക്ക് പോയി തിരികെ വരുന്നവരെ കാണാം .


 കൃഷി ഇല്ലാതെ നശിച്ച റാണി കായലില്‍ വലയിട്ടു മീന്‍ പിടിക്കുന്നവരില്‍ എന്റെ അയല്‍ക്കാരും ഉള്‍പ്പെടുന്നുണ്ട് . കൃഷി ഇല്ലെങ്കിലും കായല്‍ നിലങ്ങള്‍ അങ്ങനെയും ഇപ്പോഴും അതി ജീവനത്തിനു വഴി ഒരുക്കുന്നുണ്ട് . കായലില്‍ ചെളി കുത്തി പൊക്കി ബണ്ട് കെട്ടി അതിലെ വെള്ളം തേവി കളഞ്ഞു കൃഷി നടത്തി വിജയം കൈവരിച്ച ഒരു ജനതയുടെ ചങ്കുറപ്പാണ് അവിശ്വസനീയം . അവരുടെ അദ്ധ്വാനമാണ് ഇന്ന് ബണ്ട്  തകര്‍ന്നു വെള്ളം കയറി കായലിനേക്കാള്‍ ആഴമുള്ള കായല്‍ നിലം ആയി കിടക്കുന്നത് . 





ഒരു മണിക്കൂര്‍ യാത്ര ഉണ്ട് ആലപ്പുഴയിലേക്ക് .... 

ഇനിയും കാണാത്ത ഒരുപാട് കാഴച്ചകളുമായി വേമ്പനാട് കായല്‍ പരന്നു കിടക്കുന്നു  .  ഓരോ യാത്രയിലും  പുതിയ കാഴ്ചകളുമായി വേമ്പനാട് കായല്‍ എന്നും വരവേല്‍ക്കാരുണ്ട് .  ഇനിയും വരണം എന്നുള്ള നിശ്ചയം ആണ് ഓരോ യാത്രാ അവസാനവും തോന്നാറുള്ളത് . 

ജലപ്പരപ്പിനെ പിന്നില്‍ ഉപേക്ഷിച്ചു ബസ്സില്‍ കയറി വീടെത്തി ...

കിടക്കുന്നതിനു മുമ്പ് മൊബൈലില്‍ തെളിഞ്ഞ കച്ചിയുടെ മെസ്സേജ് കണ്ടു ....
"ഇനിയെന്നാ വരുന്നേ ??? "


                                                      
                                          


    
























Pages

Flickr