Monday, October 19, 2015

ഓലപ്പടക്കം

നാളെ വിഷു ആണ്.  
എല്ലാരും ആഘോഷം തുടങ്ങി. എങ്ങും സന്തോഷവും ആവേശവും. നേരം ഇരുട്ടിയതേയുള്ളൂ. നാല് ദിക്കിൽ നിന്നും പടക്കങ്ങൾ പൊട്ടുന്ന ശബ്ദം വന്ന് തുടങ്ങി. വീട്ടിലും ഇരിപ്പുണ്ട് കുറച്ച്. ഇതൊക്കെ എടുത്തോണ്ട് പോയി കത്തിക്കെടാ എന്ന് അച്ഛനും അമ്മയും പറഞ്ഞു. ഞാൻ അനങ്ങാൻ പോയില്ല. ഒരു മൂഡില്ല. മൊത്തത്തിൽ എനിക്കൊരു സമാധാനമില്ലായ്ക. വീടിന് വാതിൽക്കൽ ചുമ്മാ നിന്നു. ബൈക്കെടുത്ത് ഒന്നൂടെ പോയി വന്നാലോ എന്നാലോചിച്ചു.

  "എല്ലാവരുടെ വീട്ടിലും ആഘോഷിക്കുമ്പോൾ നമ്മുടെ വീട് മാത്രം ഒച്ചയും അനക്കവും ഇല്ലാതെ കിടക്കുന്നു.  നീ മാത്രമെന്താ ഇങ്ങനെ മരോട്ടിക്ക തിന്ന കാക്കയെ പോലെ നിൽക്കുന്നേ ?? അവളുമാര് കാത്ത് നിൽക്കുന്ന്, നീ ഒന്ന് ചെന്ന് അതൊക്കെ ഒന്ന് കത്തിച്ച് കാണിച്ച് കൊടുക്ക് " അമ്മ വഴി വഴക്ക് വന്ന് തുടങ്ങി.അനിയത്തിമാര് രണ്ടും എന്നെ നോക്കി നിൽക്കുന്നു. ഞാൻ ചെന്നിട്ട് വേണം പടക്കം പൊട്ടീര് തുടങ്ങാൻ !!  എന്റെ നെഞ്ചിൽ തീയെരിയുന്നത് മാത്രം ആരും അറിഞ്ഞില്ല.
(Image Courtesy : Wikipedia)
അഞ്ചാറ് ഓലപ്പടക്കം കത്തിച്ചെറിഞ്ഞു. ഒരു കവർ പാളിപ്പടക്കം അത് പോലെ തന്നെ പൊട്ടിച്ചു. ചകിരിച്ചോറ് കത്തിച്ച് അതിലും വാരിയിട്ടു കുറെ പടക്കം. ഒരു ഗുണ്ടിന് തീ വെച്ചേച്ച് നൂറേലോടി !! പെങ്ങന്മാർക്ക് വാങ്ങിയ കമ്പിത്തിരി എടുത്ത് കത്തിച്ച് നോക്കി . എനിക്കത്രക്ക് ചിരി ഒന്നും വന്നില്ല. പഴയ അലൂമിനിയം‌ കുടത്തിനകത്ത് കുറെ പടക്കം ഓരോന്നായി കത്തിച്ചിട്ടു. നല്ല ശബ്ദം . പൂക്കുറ്റി നിലത്തിരുന്ന് പൊട്ടി. ചക്രം കെട്ടിത്തൂക്കി തീ കൊളുത്തി. അത് ഭൂമിക്കും ആകാശത്തിനുമിടയിൽ തൂങ്ങി നിന്ന് കറങ്ങി അവസാനിച്ചു.

എന്നിട്ടും ആ വിഷമം മാറുന്നില്ല. ഒരു മാതിരി എരിപിരി സഞ്ചാരം.  പൊട്ടിക്കിടക്കുന്ന പടക്കങ്ങൾക്കും ബഹളത്തിനും നടുവിലൂടെ ഞാൻ വീടിന് വലത്ത് വെച്ചു. മൊത്തത്തിൽ ഒരു പരവേശം. കുറെ പച്ച വെള്ളം കോരി കുടിച്ചു. എന്നിട്ടും അവസ്ഥ പഴയ പോലെ തന്നെ. ഒരു വ്യത്യാസവും ഇല്ല.

പൂതം സൈക്കിളിൽ പാഞ്ഞ് വന്നു. അവന്റെ രണ്ട് സൈഡിലും പടക്കം പൊട്ടുന്നതിന്റെ വെളിച്ചം. തമിഴ് സിനിമയിൽ നായകൻ വിജയ്‌ വരുന്നത് പോലെയുണ്ട് . എന്റെ ആ സൈക്കിൾ ഞാൻ നാട് വിട്ടപ്പോൾ അവന് കൊടുത്തതാ. അതിന് അന്നേ ബ്രേക്ക് ഇല്ലായിരുന്നു.  അവൻ ചാടിയിറങ്ങി സൈക്കിളിനെ വിട്ടുകൊടുത്തു. പാവം സൈക്കിൾ വേലിയേലോട്ട് പാഞ്ഞ് കയറി അവിടെ തന്നെ അഭയം പ്രാപിച്ചു .

അണ്ണാാ... ചേച്ചി വന്നൊട്ടുണ്ട്... പൂതം അലറി !! 
ഏത് ചേച്ചി ??

അണ്ണന്റെ ലൈൻ !!!

ങേ..അവൾ നിന്റെ കൂടെ പഠിച്ചതല്ലേ .. ?

അതേ... എന്നാലും അണ്ണന്റെ ലൈൻ ആവുമ്പോൾ ബഹുമാനിക്കണമല്ലോ...!!
വന്നിട്ട് കണ്ടില്ലേ ??

"ഇല്ലെടാ... വന്ന കാര്യം ഹംസ എന്നെ അറിയിച്ചാരുന്നു." 
ശാകുന്തളത്തിലെ ഹംസം പോലെ ഒരു ദൂതൻ എനിക്കും ഉണ്ടായിരുന്നു. ആ ഹംസം ലോപിച്ച് ഹംസ ആയതാണ്. 

"ഞാൻ അവളുടെ വീട്ടു വാതിൽക്കൽ കൂടെ കുറെ തെക്ക് വടക്ക് വണ്ടിയോടിച്ചത് മിച്ചം. കാണാനൊത്തില്ല."

ഇനിയെന്ത് ചെയ്യും എന്ന് കുലങ്കുഷമായി ഞങ്ങൾ ചിന്തിക്കുന്ന സമയത്താണ് രാഘവൻ സൈക്കിളിൽ വീട്ടിലേക്ക് എത്തിയത്. ആൾക്കാര് ആവേശത്തോടെ പടക്കം പൊട്ടിക്കുവാൻ തുടങ്ങിയത് കാരണം വിജയ് എഫെക്റ്റ് അല്പം കൂടുതലുണ്ട്. 

എന്തായെടേയ് ?? അവളെ കണ്ടില്ലേ ??

ങേ..നീയെങ്ങനറിഞ്ഞ് അവൾ വന്ന കാര്യം ??

റേഷൻ കടയിൽ പോയപ്പോൾ അവൾ വീടിന്റെ വാതിൽക്കൽ നിൽക്കുന്നത് കണ്ടു. ഉച്ചക്ക് എങ്ങാണ്ട് വന്നതാണെന്ന് തോന്നുന്നു. നീയെവിടെ പോയി കിടക്കുവാരുന്ന് ??

പുല്ല്... ഇതിപ്പോൾ അവളെ കാണാത്തൊരാൾ ഞാൻ മാത്രമേ ഉള്ളെന്ന് മനസ്സിലായി. ഒരു നോക്ക് കാണാതെ ഇന്ന് ഉറങ്ങാനും പറ്റില്ല. എന്ത് ചെയ്യും ?

എന്തുചെയ്യുമളിയാ ??
നമുക്ക് അവളുടെ വീട്ടിലോട്ട് ഫോൺ വിളിച്ചാലോ ?? പൂതം ഐഡിയ പറഞ്ഞു.

ഒവ്വ... ഒന്ന് വിളിച്ചതിന്റെ ക്ഷീണം ഇത് വരെ മാറിയിട്ടില്ല.

അല്ലെങ്കിൽ പിന്നെ... 
പിന്നെ ??

ആ.. എന്തേലുമാവട്ട്...നാളെ കാണാം.

എടാ... എനിക്കിന്ന് കാണണം .. കാണാണ്ട് പറ്റില്ല !!

എങ്ങനെ കാണാനാണ് ?? അവളുടെ വീട്ടിൽ പോയി കാണേണ്ടി വരും .. ഈ രാത്രിയിൽ ..ചുമ്മാ ചെന്ന് കോളിങ് ബെൽ അടിച്ചാ മതി.....ധൈര്യമുണ്ടോ ??? രാഘവൻ ചോദ്യമെറിഞ്ഞു.

നടുമ്പുറത്തിന് അടി കിട്ടുന്ന ഏർപ്പാടാണ്. എന്നെ അവർക്ക് നല്ല പോലെ അറിയുകയും ചെയ്യാം. അതു കൊണ്ട്
ഒരു‌ ദാക്ഷിണ്യവും കാണത്തില്ല.
അടി മേടിച്ച് നിക്കറും കീറി തലയിൽ മുണ്ടിട്ടോണ്ട് ഇടവഴിയിലൂടെ പായുന്ന എന്റെ രൂപത്തെ ഞാൻ സങ്കൽപ്പിച്ച് നോക്കി. ഓ...വല്യ ലുക്കൊന്നും ഇല്ല.

വേണ്ട...അത്രക്ക് വേണ്ടളിയാ...

കുഴപ്പമില്ലെടാ...നിനക്ക് പറ്റും..നിനക്കേ അതിന് പറ്റൂ..
രാഘവൻ എണക്കത്തിൽ എനിക്കിട്ട് എണ്ണയിട്ടു.

പ്രത്യാഘാതങ്ങൾ കനത്തതാവുമെന്ന് മനസ്സിലാക്കിയ സാഹചര്യത്തിൽ 'ഓപ്പറേഷൻ ആക്രാന്തം' എന്ന് പേരിട്ട ആ ആക്റ്റിവിറ്റി വേണ്ടാന്ന് വെച്ചു.

വേറേ എന്താടാ പരിപാടി..??

റോഡിലേക്കിറങ്ങിയാലോ ??

ഓലപ്പടക്കത്തിന്റെ കവർ ഇരിക്കുന്നു. അതിൽ ഇനിയും ബാക്കിയുണ്ട്.

ഒരു കൂറ മുണ്ടും ഷർട്ടും എടുത്തുടുത്തു. കുറെ പടക്കം വാരി പോക്കറ്റിൽ നിറച്ചു.
അപ്പുറത്തെ പറമ്പിൽ നിന്നും ചക്കത്തിരി ഒരെണ്ണം സംഘടിപ്പിച്ചു. കവാസാക്കി ചാമ്പ്യൻ  ഇറക്കി. അതിൽ പൂതത്തിനേയും രാഘവനേയും അട്ടിയിട്ടു.

ഇന്ന് നമ്മ പൊളിക്കും . ചലോ.. അറ്റാക്ക്...!!

പിന്നേ അറ്റാക്ക്....ഒരു പുല്ലും നടക്കാൻ പോണില്ലാന്നറിയാരുന്നു...എന്താ ചെയ്യണ്ടത് എന്നതിനെ പറ്റി അവന്മാർ ആലോചിച്ച് നിൽക്കുന്നതിനിടയിൽ ഈ പോക്കിനെങ്കിലും അവളെ ഒന്ന് കണ്ടാൽ മതി എന്നാരുന്നു എന്റെ മനസ്സിൽ ...

വിഷു ആയത് കാരണം നാട്ടാരെല്ലാം അവരവരുടെ വീട്ടിൽ തന്നെയാണ്. റോഡിലൊന്നും ഒരു പൂച്ചക്കാളി പോലുമില്ല. ഒന്നാം തീയതിയിലെ ബിവറേജസിന്റെ മുൻ വശം പോലെ സർവ്വം വിജനം.

ഞങ്ങൾ വിട്ടുപിടിച്ച് ചെന്ന് പാക്കരന്റെ കടയിൽ നിന്നും ചക്കത്തിരി കത്തിച്ചു. ഒരോലപ്പടക്കം കത്തിച്ച് റോഡിലെറിഞ്ഞു.

....ഠോോ....

വൻ ശബ്ദം...

കൊള്ളാല്ലാ...

ബൈക്കിൽ കേറി അടുത്ത ജങ്ക്ഷനിൽ കൊണ്ട് പടക്കം കത്തിച്ചിട്ടു. ... 
പൊട്ടി.. നല്ല വെട്ടവും ശബ്ദമൊക്കെ ഉണ്ട്.  പക്ഷേ കാണാൻ ഞാനും പൂതവും രാഘവനും മാത്രമെ ഉള്ളൂ... ഒരെണ്ണം കൂടി പൊട്ടിച്ച്... പട്ടി പോലും തിരിഞ്ഞ് നോക്കിയില്ല. കട്ട ഡസ്പ്...
കയ്യടിക്കാൻ ആൾക്കാരില്ലെങ്കിൽ പിന്നെന്തോന്നിനാ ഈ പേക്രാണിത്തരം കാണിക്കുന്നതെന്ന്  കരുതി ഞങ്ങൾ ബൈക്കിൽ കയറി തിരികെ പോവാനൊരുങ്ങി.

ബൈക്ക് ഓടിക്കാൻ ഞാൻ, എന്റെ പുറകിൽ രാഘവൻ, അവസാനം‌ പൂതം...

തിരികെ പോവുന്ന വഴിക്കാണ് കാമുകിയുടെ വീട്.. ബൈക്കിലിരുന്നു ഞാൻ കണ്ടു വാതിൽക്കലെ മുറിയിൽ അവളിരുന്നു എന്തോ വായിക്കുന്നത്. നല്ല സ്പീഡായത് കൊണ്ട് ചവിട്ടിയിട്ടും വണ്ടി വീട് കഴിഞ്ഞ് പോയി. 
വണ്ടി തിരിച്ച് ഒന്നൂടെ അങ്ങോട്ട് ഓടിച്ച്. തിരിച്ചും ഓടിച്ച്. അവൾ അന്നേരവും പുസ്തകത്തിൽ തല പൂഴ്ത്തി ഇരിക്കുകയാണ്. 
അവളുടെ ശ്രദ്ധ ആകർഷിക്കാൻ റോഡിൽ നിന്ന്  ആവുന്നതെല്ലാം ഞാൻ ചെയ്തു. അവളൊന്ന് തല ഉയർത്തിയത് പോലുമില്ല.
പെട്ടെന്ന് അയല്പക്കത്തെ വീട്ടിൽ ആരോ പടക്കം പൊട്ടിച്ചു. അവൾ ആ ശബ്ദം കേട്ടിടത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ ആണ് എനിക്ക് ബുദ്ധിയുണർന്നത്.

ഞാൻ ബൈക്ക് എടുത്തു. രാഘവനെ എന്റെ പുറകിൽ ഇരുത്തി ചക്കത്തിരി അവന്റെ കയ്യിൽ കൊടുത്തു. പടക്കമെല്ലാം പൂതത്തിനെ ഏൽപ്പിച്ച് അവനെ ഏറ്റവും പുറകിൽ ഇരുത്തി .

എടേയ്....വീടിന്റെ വാതിൽക്കൽ കൃത്യം എത്തുമ്പോൾ കത്തിച്ച് ഇട്ടോണം.

ഏറ്റളിയാ....

ഇമ്മാതിരി തിമ്മ പണി കാണിച്ച് കൂട്ടുന്നത് ആദ്യായിട്ടാണ് എന്നത് കൊണ്ട് അവരും വൻ ത്രില്ലിൽ ആയിരുന്നു.

വീടിന് വാതിൽക്കൽ ശബ്ദം കേട്ട് അവളുടെ അപ്പൻ ഇറങ്ങി വന്നാൽ രക്ഷപ്പെടാൻ വേണ്ടിയാണ് ബൈക്ക് ഓടിച്ചോണ്ട് ഇത് ചെയ്യാൻ ഞാൻ തീരുമാനിച്ചത്. സ്വയരക്ഷ ആണല്ലോ നമ്മൾ ആദ്യം കരുതേണ്ടത്.

ബൈക്ക് വീടിന് മുന്നിലൂടെ പാഞ്ഞു. 
ആദ്യത്തെ ഓലപ്പടക്കം കത്തിച്ചെറിഞ്ഞു. പക്ഷേ പൊട്ടിയില്ല. തിരി കുത്തിയാണ് വീണത്. അത് കൊണ്ട് തീ കെട്ടുപോയി.

എരണക്കേടാണല്ലോ ... ഗണപതിക്ക് വെച്ചത് തന്നെ കാക്ക കൊണ്ടുപോയി എന്ന് പറഞ്ഞപോലായി കാര്യം !!

തിരിച്ച് വന്ന് ഒന്നൂടെ പടക്കം കത്തിച്ചെറിഞ്ഞു. അതും പൊട്ടിയില്ല. തീ കത്തുന്നതിന് മുമ്പാണ് വലിച്ചെറിഞ്ഞത് !!!

₹#%₹@!! മര്യാദക്ക് നോക്കിയെറിയെടാ കോപ്പേ... ഞാൻ ചൂടായി..

ബൈക്ക് പിന്നേം ഓടി..ഇത് ഞാൻ പൊട്ടിച്ചിരിക്കും എന്ന് പറഞ്ഞ് പൂതം പടക്കം കത്തിച്ചെറിഞ്ഞു.

പൊട്ടി... നല്ല ശബ്ദത്തിൽ തന്നെ അത് പൊട്ടി. പക്ഷേ പൊട്ടിയത് എന്റേയും രാഘവന്റെയും പൂതത്തിന്റേയും തലക്ക് വലത് ഭാഗത്ത് അരമീറ്റർ ദൂരത്തിലാണ്.

ആ ശബ്ദം അവൾ കേട്ടിരിക്കാം. റോഡിലേക്ക് നോക്കിയിരിക്കാം. പക്ഷേ ഇതൊന്നും ശ്രദ്ധിക്കാൻ ഞങ്ങൾക്ക് പറ്റിയില്ല.

പെട്ടെന്ന് പൊട്ടിയ പടക്കത്തിന്റെ വെളിച്ചത്തിൽ എന്റെ കണ്ണ് മഞ്ഞളിച്ച് പോയി. വലത് ചെവിയിൽ ഒരു ചീവീട് ചിലക്കുന്ന ശ്ബ്ദം മാത്രം. ബൈക്ക് ഭാഗ്യത്തിനാണ് കണ്ട പോസ്റ്റിലൊന്നും കൊണ്ട് ചാർത്താതെ അപ്പുറത്തെ തോടിന് മുകളിലുള്ള കലിങ്കിൽ കൊണ്ട് നിർത്തിയത്.

മൂന്നും ബൈക്കിൽ നിന്നും ഇറങ്ങി കലിങ്കിൽ ഇരുന്നു. മൊത്തത്തിൽ ഒരു പുക മയം. തലക്കകത്ത് അഞ്ചാറ് പട്ടികൾ ഒരുമിച്ചിരുന്ന് ഓരിയിടുന്ന ഫീലിങ്. ഞാൻ രാഘവനെയും പൂതത്തിനെയും നോക്കി. രണ്ടും എന്റേ അതേ അവസ്ഥയിൽ കലിങ്കിൽ കുത്തിയിരിക്കുവാണ്.

അല്പം കഴിഞ്ഞപ്പോൾ പൂതം ഒച്ചത്തിൽ പറഞ്ഞു.

തോറ്റ് കൊടുക്കാൻ പറ്റില്ല. പടക്കം പൊട്ടിച്ച് അവളെ പുറത്തിറക്കാതെ നമ്മളിന്ന് വീട്ടിൽ പോവേല !!!

ഞാൻ രാഘവനെ നോക്കി. അവനും അത് തന്നെ എന്ന് എന്നോട് മുഖം കൊണ്ട് ആംഗ്യം കാട്ടി.

മൂന്നുപേരും കൂടി കയറിയ ബൈക്ക് ഇരമ്പിപാഞ്ഞു. രാഘവൻ പിടിച്ച ചക്കത്തിരിയിൽ നിന്നും തീ പിടിപ്പിച്ച പടക്കം പൂതം കൃത്യമായി ആ വേലിക്കെട്ടിനുള്ളിൽ എറിഞ്ഞിട്ടു.

അത്യാവശ്യം ഒച്ചയിൽ അത് പൊട്ടുന്ന ശബ്ദം പ്രതീക്ഷിച്ച ഞങ്ങൾ കേട്ടത് "ശൂൂൂ...." എന്ന് മാത്രമാണ്.

₹@%#%#@@

ചീറ്റിപ്പോയ പരിശ്രമത്തിനെ ഞങ്ങൾ മൂന്നുപേരും ഒരുപോലെ സംബോധന ചെയ്തു.

അണ്ണാാ... ഒരു ഓലപ്പടക്കം ആണിനി കയ്യിൽ ഉള്ളത്. അവസാനത്തേത്... 
പൂതം പോക്കറ്റിൽ നിന്നും പടക്കമെടുത്ത് കാണിച്ച് പറഞ്ഞു.

ഇത് ശരിയാവുമെടാ... രാഘവൻ എന്നെ ആശ്വസിപ്പിച്ചു.

ബൈക്ക് സ്റ്റാർട്ടായി. വലത്തേ കയ്യിൽ ചക്കത്തിരിയുമായി രാഘവൻ എന്റെ പുറകിൽ ഇരുന്നു. തൊട്ടുപിറകിൽ പൂതം. അവസാനത്തെ ആയുധവുമായി അവൻ റെഡിയായി. പ്രാർത്ഥനയും പ്രതീക്ഷകളുമായി ഞാൻ അധികം സ്പീഡ്  ഇല്ലാതെ ബൈക്ക് എടുത്തു.

അവളുടെ വീടിന് വാതിൽക്കൽ എത്താറായപ്പോൾ തന്നെ രാഘവൻ ചക്കത്തിരി പൂതത്തിന് സൗകര്യമായ രീതിയിൽ കാണിച്ചു കൊടുത്തു. പൂതം കൃത്യമായി തീ പിടിപ്പിച്ച പടക്കം അവളുടെ വീട്ടിലേക്ക് വലിച്ചെറിഞ്ഞു.

ഠോോോോ.....

ഈ തവണയും ചെവിക്ക് പുറകിലാണ് പടക്കം പൊട്ടിയതെന്ന് തോന്നിയതെങ്കിലും ആ ശബ്ദം കേട്ടപ്പോൾ എനിക്ക് സന്തോഷമായി.

പക്ഷേ അടുത്ത സെക്കന്റിൽ വീണ്ടും ചെവിയിൽ അടിക്കുന്ന ചീവീടിന്റെ ഹൈ പിച്ച് സൗണ്ടിനൊപ്പം തൊട്ടുപുറകിൽ 'അയ്യോോോ' എന്ന് വലിയ വായിൽ കരച്ചിൽ കേട്ടപ്പോൾ എങ്ങനെയാണ് എന്റെ കൈ ആക്സിലേറ്ററിൽ മുറുകിയതെന്നും ബൈക്ക് ആ ഏരിയായിൽ നിന്നും പറന്നതെന്നും ഇന്നും അറിയില്ല. നാല് കൈകൾ എന്നെ വരിഞ്ഞ്  പിടിച്ചിരിക്കുന്നത് കൊണ്ട് പൂതവും രാഘവനും വണ്ടിയുടെ പുറകിൽ തന്നെ ഉണ്ടെന്ന് മനസ്സിലായി.

വളവും തിരിവുമെല്ലാം ആരോ നിവർത്തി വെച്ച പോലെയാണ് തോന്നിയത്.  നിമിഷങ്ങൾക്കുള്ളിൽ എന്റെ വീടിന്റെ വാതിൽക്കൽ വണ്ടി എത്തിച്ചു..

രാഘവൻ തലയിൽ കയ്യും വെച്ചോണ്ടാണ് വണ്ടിയിൽ നിന്നും ഇറങ്ങിയത് തന്നെ...

എന്താടാ അവിടെ സംഭവിച്ചത് ??? പേടി കൊണ്ട് വിയർത്ത് നനഞ്ഞ ഷർട്ടും ഇട്ട് വിളറിയ രൂപവുമായി  ഞാൻ ചോദിച്ചു..

ചളിഞ്ഞ മുഖവുമായി പൂതം പറഞ്ഞു...

"അത്... പടക്കം എന്റെ കയ്യിലിരുന്ന് പൊട്ടിയതാ..."

പ്ഫാാാാാാാാാാാ.......

ആവേശം മൂത്ത് തീ പിടിപ്പിച്ച് എറിഞ്ഞതാണ്. പടക്കത്തിന്റെ തിരിക്ക് പെട്ടെന്ന് തീ പിടിച്ച് കേറിയത് കാരണം കയ്യിൽ നിന്നും പുറത്ത് പോവുന്നതിന് മുമ്പ് തന്നെ പൊട്ടി.

പൂതത്തിന്റെ കൈപത്തിക്ക് നല്ല തരിപ്പ് തോന്നി എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല. പക്ഷെ ചെവിക്കരികിൽ പടക്കം പൊട്ടിയത് കാരണം രണ്ട് ദിവസത്തേക്ക് ഞങ്ങൾ മൂന്ന് പേർക്കും ചെവിയിൽ ഒരു മൂളക്കം ആയിരുന്നു. അതൊരുമാതിരി സൈറൻ അടിക്കുന്ന പോലെയായിരുന്നു....ഏത് നേരവും ആ ശബ്ദം കൂടെ ഉണ്ടായിരുന്നു. പരാജയം പൂർണ്ണമായും ഏറ്റ് വാങ്ങി  വിഷണ്ണനായി ഞാൻ

 കിടന്നുറങ്ങി.

ആ വിഷുക്കാലത്ത് അവളെ ഞാൻ കണ്ടില്ല.

ഓണവും കൃസ്തുമസും അടുത്ത വിഷുവും ഇതിനിടയിൽ മഴയും വേനലും മഞ്ഞും എല്ലാം വന്നുപോയി. വസന്തമാവുമെന്ന് കരുതിയ എന്റെ പ്രണയം ഇതിനിടയിൽ തളിർക്കുകയോ പൂക്കുകയോ ചെയ്യാനാവാതെ വീണു പോയിരുന്നു. ഓർമ്മകളിൽ പോലും ഒരു പൂക്കാലം അത് ബാക്കി വെച്ചില്ല. പിന്നീടൊരിക്കലും അത് ഉയിർത്തതുമില്ല. സ്വപ്നങ്ങൾക്കും മോഹങ്ങൾക്കും അപ്പുറം ജീവിതത്തെ യാഥാർത്ഥ്യം കൊണ്ടളന്ന് കാമുകി നടന്നകന്നപ്പോൾ എന്റെ നാട്ടിടവഴികളിൽ ഞാൻ വീണ്ടും ഒറ്റക്കായി !!

പക്ഷേ എന്തൊക്കെ ആയാലും കാമുകിയുടെ വീട്ടിൽ പടക്കം കത്തിച്ചെറിഞ്ഞ ആദ്യ കാമുകൻ ഞാനായിരിക്കും. :)

Pages

Flickr