Thursday, October 28, 2010

സാത്താന്‍






സ്കൂളില്‍ പഠിക്കുന്ന സമയം തൊട്ടു തന്നെ രജീഷ് തല്ലുകൊള്ളിയാണ്
. വഴിയെ പോകുന്ന അടി അവന്‍ പോയി ഇരന്നു വാങ്ങിക്കും, തലയ്ക്കു മുകളില്‍ കൂടി പോവുന്ന അടി അവന്‍ ഏണി വെച്ച് കയറി നിന്ന് കൊള്ളും,  അവനെ മുന്നില്‍ കണ്ടാല്‍ ആരും തല്ലാതെ പോവില്ല. അതിനുള്ള കാരണങ്ങള്‍ അതിനു മുമ്പ് തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ടാവും.
                               
                            എവിടെയും എന്ത് പ്രശ്നം ഒപ്പിക്കാനും അത് കഴിഞ്ഞു ആരും അറിയാതെ മുങ്ങാനും അവനുള്ള കഴിവ് അഭിനന്ദനീയം ആയിരുന്നു എങ്കിലും അവന്‍ ഒപ്പിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി കുറച്ചു ദിവസം കഴിഞ്ഞാലും അവനെ തേടിയെത്തുമായിരുന്നു  . സ്വന്തം ക്ലാസ്സില്‍ നിന്നും സീനിയേര്‍സില്‍ നിന്നും ജൂനിയെഴ്സില്‍ നിന്നും മാത്രമല്ല രജീഷ് അടി വാങ്ങിയിട്ടുള്ളത് .സ്കൂളിലെ പഠിത്തം കഴിഞ്ഞു പോയവര്‍ പോലും അനുജന്മാരുടെ പരാതി പരിഗണിച്ചു രജീഷിനെ സ്കൂള്‍ ഗ്രൌണ്ടില്‍ ചവിട്ടി കൂട്ടിയിട്ടുണ്ട്.


                                     പക്ഷെ യു.പി സ്കൂള്‍ കാലഘട്ടം കഴിഞ്ഞതോടെ ചൊറിഞ്ഞു നടന്ന അവന്റെ സ്വഭാവത്തിന് കാതലായ മാറ്റം വന്നു.ഇവന്‍ പഠിക്കാന്‍ ചേര്‍ന്ന ഹൈ സ്കൂളില്‍ അവനെക്കളും വലിയ താപ്പാനകള്‍ ഉണ്ടെന്നു മനസ്സിലാക്കിയിട്ടാണോ അതോ അവിടെ ഉണ്ടായിരുന്നവര്‍ എടുത്തിട്ട് ചവിട്ടിയിട്ടാണോ എന്തോ, രജീഷ് സ്കൂളില്‍ തീര്‍ത്തും മാന്യന്‍ ആണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.അതിനു ശേഷം മുതിര്‍ന്നു യുവാവായപ്പോള്‍ രജീഷ് എല്ലാവരെക്കൊണ്ടും ചിരിപ്പിക്കുവാന്‍ ഉതകുന്ന ഒരുവന്‍ ആയി മാറികഴിഞ്ഞിരുന്നു. നാട്ടില്‍ നാലുപാടും സുഹൃത്തുക്കള്‍,എന്നും വെള്ളമടിയും വാളുവെപ്പും. നാടിനും നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഉപദ്രവം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ആരും എടുത്തിട്ടു മെതിച്ചില്ല.
                                         
                                       പക്ഷെ വെള്ളം അടിച്ചു കഴിഞ്ഞാല്‍ ആരും അറിയാതെ കുറെ കലാപരിപാടികള്‍ രജീഷ് ഒപ്പിക്കുമായിരുന്നു. എല്ലാ പരിപാടിയും രാത്രി പതിനൊന്നിനു ശേഷം മാത്രം ആയിരിക്കും ചെയ്യുന്നത്. പകല്‍ സമയത്ത് രജീഷ് പച്ചവെള്ളം ചവച്ചു തിന്നുന്ന കൂട്ടത്തില്‍ ഉള്ള ആള്‍ ആണ് .
                                         
                                          അയല്‍പക്കത്തെ വീട്ടില്‍ അടുക്കള ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ടാങ്കിലെ വെള്ളത്തില്‍ ഇറങ്ങി കുളിക്കുക, അതിനു ശേഷം ആ വെള്ളം ഊറ്റി കളയുക, പശുവിന്റെ കയര്‍ അഴിച്ചു വിടുക, പാതിരാത്രി കോളിംഗ് ബെല്‍ അടിച്ചു വീട്ടുകാരെ ഉണര്‍ത്തുക, പട്ടിക്കൂടിനു അടുത്ത് പോയി നിന്ന് ഓരിയിടുക. വിഷുക്കാലം ആയാല്‍ പരിചയമുള്ള വീടിന്റെ എല്ലാം വാതില്‍ക്കല്‍ പാതിരാത്രി കഴിഞ്ഞാല്‍ പടക്കം പൊട്ടിക്കുക ,കപ്പ (മരച്ചീനി) മാന്തി , അതെടുത്ത് ഉടമസ്ഥന്റെ വീടിനു വാതില്‍ക്കല്‍ കാഴ്ച വെക്കുക, തുടങ്ങിയ നിരുപദ്രവപരമായ ചില തമാശകള്‍ സ്വന്തം സമാധാനത്തിനു വേണ്ടി അദ്ദേഹം ചെയ്തു പോന്നു.  ഈ ചെയ്യുന്നതെല്ലാം ഒറ്റയ്ക്ക് ആണ്. ദൈവംതമ്പുരാനെ പോലും കൂടെ വിളിക്കില്ല , ദൈവം പോലും അറിയുകയും ഇല്ല . പുറത്തു അറിയുന്നത് അവന്‍ തന്നെ അത് പറയുമ്പോള്‍ ആയിരിക്കും . അത്രയ്ക്ക് രഹസ്യ സ്വഭാവം ആയിരുന്നു രജീഷിന്റെ തമാശകള്‍ക്ക് ..
 
                         അച്ഛന്‍ സിഗരറ്റ് വലിക്കുന്നത് രജീഷിനു ഇഷ്ടമല്ല. അത് കൊണ്ട് അച്ഛന്‍ വാങ്ങുന്ന സിഗരറ്റ് അടിച്ചു മാറ്റി വലിക്കും, പക്ഷെ അച്ഛനെ സിഗരറ്റ് വലിക്കാന്‍ സമ്മതിക്കില്ല..അതാണ് രജീഷ്  .


                                                      അങ്ങനെ രജീഷ് നാടടക്കി വാഴുന്ന കാലം.ഒരു ദിവസം വൈകുന്നേരം കൂട്ടുകാരന്‍ ജിസോ വിളിച്ചു ഒരു നാല് പെഗ്ഗ്  കൂടിയ സാധനം  കൊടുത്തു. അത് കഴിച്ചു കഴിഞ്ഞു നേരെ അമ്മവീട്ടില്‍ ചെന്ന് നോക്കുമ്പോള്‍ അവിടെ അമ്മാവന്‍ അടിച്ചിട്ട് ബാക്കി വെച്ചിരിക്കുന്ന മിലിട്ടറി ഇരിക്കുന്നു. അമ്മാവന്‍ വരുന്നതിനു മുമ്പ് കഴിക്കണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നത് കൊണ്ട് വെള്ളം ചേര്‍ക്കാന്‍ പറ്റിയില്ല.അത് കുറെ വലിച്ചു കേറ്റി.. അവിടെ നിന്നും രാത്രിയിലെ അത്താഴവും കഴിച്ചു വീട്ടിലെത്തി. സമയം പത്തു മണി ആവുന്നത്തെ ഉള്ളൂ. ഇപ്പോള്‍ ചെന്നാല്‍ അച്ഛന്‍ പൊക്കും, പ്രശ്നമാകും. അത് കാരണം നേരെ അയല്പക്കത്ത് ബാലന്‍ ചേട്ടന്റെ വീട്ടില്‍ പോയി ടിവി കാണാം എന്ന് തീരുമാനിച്ചു അവിടേക്ക് പോയി . അവിടെ ചെന്നപ്പോള്‍ ബാലന്‍ ചേട്ടന്‍ ഡെയിലി ക്വാട്ടയുടെ അവസാന റൌണ്ടിലേക്ക് കടക്കുന്നു.ഫ്രീ ആയിട്ട് അവിടെ നിന്നും കിട്ടി രണ്ടെണ്ണം.
                        
                                          എല്ലാം കൂടി ആയപ്പോള്‍ "ഭൂമി ഏതാ ? , ആകാശം ഏതാ ?, ഞാന്‍ ആരാണ് ?" തുടങ്ങിയ ചെറിയ സംശയങ്ങള്‍ തോന്നി തുടങ്ങി രജീഷിന്.ടിവിയില്‍ അപ്പോള്‍ കടമറ്റത്ത്‌ കത്തനാര്‍ സീരിയല്‍ നടക്കുകയായിരുന്നു. ആരൊക്കെയോ ഒരു വടിയും കൊണ്ട് തെക്ക് വടക്ക് നടക്കുന്നത് മാത്രം രജീഷ് ടിവിയില്‍ കണ്ടു. ബാക്കി എല്ലാം അജ്ഞാതം അവര്‍ണ്ണനീയം.
                                                          
                                                   ബാലന്‍ ചേട്ടനോട് ഒരു ഗുഡ് നൈറ്റ്‌ പറഞ്ഞു പുറത്തിറങ്ങിയ രജീഷിന്റെ കാലില്‍ ഒരു കമ്പ് തട്ടി. അതെടുത്തു കയ്യില്‍ പിടിച്ചു കൊണ്ട് ഇരുട്ടിലൂടെ വീട്ടിലേക്കു നടന്ന രജീഷിന്റെ മുന്നില്‍ ഒരു കറുത്ത രൂപം പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു. മുഖം വ്യക്തമല്ല , പക്ഷെ മുഖത്തിന്‌ അടുത്ത് തീ ജ്വലിക്കുന്നുണ്ട്. ആ തീ മേലേക്കും താഴേക്കും പോവുന്നു.
                                              
                                                                "രണ്ടു കാലില്‍ മര്യാദക്ക് നടക്കാന്‍ പറ്റുമ്പോള്‍ മാത്രമേ ഓടാന്‍ ശ്രമിക്കാവൂ "എന്നുള്ള ആപ്തവാക്യം മനസ്സില്‍ ഓര്‍മിച്ചു കൊണ്ട് ആ ഭീകര രൂപത്തിന് നേരെ രജീഷ് കയ്യില്‍ ഇരുന്ന വടി ഉയര്‍ത്തി ഉച്ചത്തില്‍ അലറി

"സാത്താനെ ....ദൂരെ പോ "

                                                                  കെട്ടുവള്ളത്തിന്റെ പങ്കായം പോലെ ഒരു കൈ അന്തരീക്ഷത്തില്‍ നിന്നും പറന്നു വന്നു രജീഷിന്റെ ചെവിക്കല്ലിന് വീണു. തനിക്ക് അടി കിട്ടിയെന്നും ഇപ്പോള്‍ കിടക്കുന്നത് താഴെ ആണെന്നും മനസ്സിലാക്കാന്‍ പോലും രജീഷിന്റെ ബോധം നിന്നില്ല. അടി വീണതിനു പുറകെ ബോധം അതിന്റെ പാട്ടിനു പോയി.
                                          
                             പിറ്റേന്ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ ആണ് സാത്താന്‍ എന്ന് വിളിച്ചത് സ്വന്തം അച്ഛനെ ആയിരുന്നു എന്നും തീ ആയിട്ട് തോന്നിയത് പുള്ളിക്കാരന്‍ വലിച്ച സിഗരറ്റ് ആയിരുന്നു എന്നും രജീഷ് മനസ്സിലാക്കിയത്‌.


                                       ഭാഗ്യം !!!! വീട്ടുകാര്‍ മാത്രമേ അറിഞ്ഞുള്ളൂ.വേറെ വല്ലവരും അറിഞ്ഞിരുന്നേല്‍ നാണക്കേട് ആയേനെ എന്ന് കരുതിയ രജീഷിനു തെറ്റി. കാര്യങ്ങള്‍ എല്ലാം രജീഷിന്റെ കൈ വിട്ടു പോയിരുന്നു. രാവിലെ രജീഷിന്റെ വീട്ടില്‍ വന്ന ജിസോ ഈ സംഭവം നാട്ടില്‍ പാട്ടാക്കി.

അന്ന് മുതല്‍ രജീഷിനു പുതിയ പേര് വീണു
സാത്താന്‍   


*********************സാത്താന്‍***********************


സാത്താന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ഉണ്ട്. പ്രവാസികള്‍ സൂക്ഷിക്കുക 












































      
  

Pages

Flickr