Tuesday, January 19, 2010

ഒരു പ്രണയത്തിന്റെ ഓര്‍മകള്‍

ഞാന്‍ അവളെ സ്നേഹിച്ചിരുന്നു .... അവളെന്നെ ഇഷ്ടമാണെന്ന് പറയുന്നതിനും ഒരു പാടു നാളുകള്‍ക്ക് മുന്‍പ് തന്നെ....എന്റെ ഏകാന്തമായ രാത്രികളില്‍ ഞാന്‍ എന്റേതെന്നു കരുതി സ്വപനം കണ്ടിരുന്നത് അവളെ ആയിരുന്നു...

ജീവിതത്തിലെ നല്ല നിമിഷങ്ങള്‍ അവളോടൊപ്പം ആയിരിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു....

അവളറിയാതെ അവളെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്തു...

അവളുടെ ഇഷ്ടങ്ങളെയും ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങി...

കാലഗതികള്‍ക്ക് അനുസരണമായി ഉണ്ടായ മാറ്റങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല..... അവളെന്നെ ഇഷ്ടപെടുമോ എന്നുള്ള ഒരു സംശയം എന്നും എന്റേത് മാത്രമായിരുന്നു....

എന്നെയും അവളോടുള്ള എന്റെ പ്രണയത്തെയും അറിയാവുന്ന ഉറ്റ സുഹൃത്ത് പറഞ്ഞത് "നീ അവളെ ഇത്ര അധികം പ്രണയിക്കുന്നെങ്കില്‍ അവളെ നിനക്ക് തന്നെ കിട്ടും " എന്നാണ് ....

ജീവിതത്തില് മരുപ്പച്ചകള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സുഹൃത്ത് .... കൂട്ടത്തില് ഞാനും..നഷ്ട്ടമാകുക എന്നുള്ളത് ചിന്തിച്ചത് കൂടി ഇല്ല.....

ഉള്ളില്‍ ഉണ്ടായിരുന്ന സ്നേഹത്തിനെ പുറത്ത് കാണിക്കുവാന്‍ ധൈര്യം ഇല്ലായിരുന്നു.....

മൂന്ന് കൊല്ലം മനസ്സില്‍ കൊണ്ട് നടന്ന പ്രണയത്തിനെ അവളെ അറിയിച്ചത് ഒരു ചിങ്ങമാസത്തിലാണ് ...

2006 ലെ തിരുവോണപ്പിറ്റേന്ന്  (അവിട്ടം ദിനത്തില്‍ ) .... ഞാന്‍ അറിഞ്ഞു ... അവളെന്നെയും സ്നേഹിക്കുന്നെന്ന് ....

ഞാന്‍ എന്റെ ഹൃദയത്തിലും മനസ്സിലും എഴുതി... ഞാന്‍ എന്നാല്‍ അവളെന്ന് .....


ജീവിതം അതിന്റെ വഴിത്താരകള്‍ പിന്നിട്ടു നീങ്ങിയപ്പോള്‍ ഓണവും ക്രിസ്തുമസും വിഷുവും ബക്രീദും അമ്പലത്തിലെ ഉത്സവങ്ങളും വന്നെത്തുവാന്‍ ഞാന്‍ കാത്തിരുന്നു...കാരണം ആ ദിവസങ്ങളില്‍ മാത്രമാണ് കോളേജില്‍ നിന്നും അവള്‍ വീട്ടില്‍ എത്തിയിരുന്നത് ........

അവളെ കാണാന്‍ സാധിക്കാത്ത വിഷു ആഘോഷമില്ലാതെ കടന്നു പോയി...

സംസാരിക്കാന്‍ കഴിഞ്ഞ ദിവസത്തെ എന്നും ഓര്‍മയില്‍ സൂക്ഷിച്ചു....അവളുടെ വാക്കുകളെയും....

കാണാന്‍ കൊതിച്ച മുഖവും .. കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകളും .....

അതിരില്ലാത്ത സന്തോഷം തോന്നിയ ദിനങ്ങള്‍.....

കണ്ട സ്വപ്‌നങ്ങള്‍ എല്ലാം സത്യമായപ്പോള്‍ വിശ്വസിക്കുവാന്‍ പറ്റിയിരുന്നില്ല....ഒരിക്കല്‍ കണ്ടു അടുത്ത വട്ടം കാണണമെങ്കില്‍ 6 മാസം വരെ കാത്തിരിക്കേണ്ടി വന്നിരുന്നെങ്കിലും കാത്തിരുപ്പ് ഒരു സുഖമുള്ള അനുഭവം ആയിരുന്നു....

ഒരു നോട്ടം , ഒരു പുഞ്ചിരി .... കാത്തിരിക്കുവാന്‍ അത് മാത്രം മതിയായിരുന്നു....

നല്ലൊരു ജോലി എന്നുള്ള സ്വപ്നം ചിറകൊടിഞ്ഞു വീണപ്പോള്‍ ചിന്തിച്ചത് "ജീവിതം ഇവിടെ അവസാനിക്കുന്നില്ലല്ലോ " എന്ന് ആണ് .....

ജോലിക്ക് വേണ്ടിയുള്ള പരക്കം പാച്ചില്‍ രണ്ടു വര്‍ഷത്തോളം നീണ്ടു.... അഭ്യസ്ത വിദ്യന്റെ ഗതികേട് അനുഭവിച്ചറിഞ്ഞു .....


ജോലിയും അതിന്റെ തിരക്കുമായി പിന്നീട് കുറച്ചു നാള്‍..... വലിയൊരു സ്ഥാപനത്തിലെ ഉയര്‍ന്ന ജോലിയില്‍ ഇരിക്കുമ്പോള്‍, ഓര്‍ക്കുവാന്‍ ഉണ്ടായിരുന്നത് അവള്‍ പറഞ്ഞ വാക്കുകള്‍ ആയിരുന്നു....പ്രതീക്ഷകളും......

2009 ലെ തിരുവോണ നാളില്‍ വൈകുന്നേരം അവിചാരിതമായി വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ആദ്യം ചോദിച്ചത് പുതിയൊരു ജീവിതം തീര്‍ക്കാന്‍ കൂടെ വരുന്നോ എന്നാണ് ......

പ്രതീക്ഷിച്ച മറുപടി തന്നെയാണ് കിട്ടിയത് ......

"എന്റെ വിവാഹം അടുത്ത് തന്നെ ഉണ്ടാവും....

എനിക്ക് ഒരു സുഹൃത്തായി മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ ......"


സുഹൃത്തുകള്‍ ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം ഉണ്ടെന്നു അറിയിച്ചു യാത്ര പറഞ്ഞു പോന്നപ്പോള്‍ എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നി ....
 മരിച്ചു പോയ ഒരു പ്രണയത്തിന്റെ ശവത്തിനു കാവലിരുന്നവന്‍.....

എങ്കിലും സഖീ....
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു ....മറ്റെന്തിനേക്കാളും.....
മഴയായി, കാറ്റായി കടന്നു പോയ കാലഭേദങ്ങള്‍ക്കിടയില്‍
എന്റെ സ്നേഹം വിളിച്ചോതുന്ന വാക്കുകള്‍ ചിതറി വീണിരുന്നു.....
പക്ഷെ ഞാന്‍ അറിഞ്ഞിരുന്നില്ല ....
ജീവിത യാത്രയില്‍ നിന്നെ എനിക്കെന്നോ നഷ്ടമായിരുന്നു എന്ന്........

  

Pages

Flickr